ADVERTISEMENT

വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്‌ലോയും അദ്ദേഹത്തിന്റെ ‘ദി ആൽക്കെമിസ്റ്റ്’ നോവലും മലയാളി വായനക്കാർക്ക് സുപരിചിതമാണ്. അറുപത്തേഴ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ‘ദി ആൽക്കെമിസ്റ്റ്’ മലയാള ഭാഷയിലേക്ക് എഴുതപ്പെട്ട സാഹചര്യമാകട്ടെ തികച്ചും യാദൃച്ഛികവും. അവിടെയാണ് പൗലോ കൊയ്‌ലോയും രമാ മേനോനും തമ്മിലുള്ള, സാഹിത്യാരാധനയുടെ ഇഴചേർന്ന ബന്ധം കൗതുകകരമാകുന്നത്. മികച്ച ചെറുകഥാകൃത്തിനുള്ള ആദ്യത്തെ കുങ്കുമം അവാർഡിന് അർഹയായ രമാ മേനോന്റെ കഥയെഴുത്ത് ജീവിതത്തിന്റെ അവസാനവും വിവർത്തന രചനാജീവിതത്തിന്റെ തുടക്കവും കുറിച്ച ‘ദി ആൽക്കെമിസ്റ്റ്’ലൂടെയുള്ള നാൾവഴികളെ ഓർത്തെടുക്കുകയാണ് അറുപതിലേറെ പുസ്തകങ്ങളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ 77 കാരിയായ രമാ മേനോൻ.

 

rema-menon-s-family-with-paulo-coelho
മകൻ മധുവും ഭാര്യ സബീനും പൗലോ കൊയ്‌ലോയ്ക്കൊപ്പം

1997 ൽ മകൻ മധുവും ഭാര്യ സബീനും സ്പെയിനിൽ ജോലി ചെയ്തിരുന്ന സമയത്താണ് അവർ പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിന്റെ സ്പാനിഷ് പരിഭാഷ വായിച്ചത്. ഇടയബാലനായ സാന്റിയാഗോ താൻ സ്വപ്നത്തിൽ ദർശിച്ച നിധി തേടി സ്പെയിനിൽനിന്ന് ഈജിപ്റ്റിലേക്ക് പോകുന്ന യാത്രയും ആ യാത്രയ്ക്കിടെ അയാൾക്കുണ്ടാകുന്ന ജീവിത വീക്ഷണങ്ങളും മാനസിക പരിവർത്തനങ്ങളുമൊക്കെ വളരെ രസകരമായി എഴുതിയിരിക്കുന്ന ആ നോവലിനെക്കുറിച്ച് മകൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതു കേട്ട രമാ മേനോൻ, പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഒരെണ്ണം കിട്ടിയാൽ അയച്ചു തരണമെന്ന് മകനോട് പറഞ്ഞുവച്ചു. അപ്രകാരം കിട്ടിയ ആൽക്കെമിസ്റ്റ് വായിച്ചു തീർത്തപ്പോൾ ഇത് ഏതു വായനക്കാർക്കും പ്രചോദനാത്മകമാവുന്ന ഗ്രന്ഥമാണല്ലോ എന്ന തോന്നിയ രമാ മേനോൻ ഒരു നേരമ്പോക്കെന്ന മട്ടിൽ അതിലെ ഓരോ വരിയുമെടുത്ത് മലയാളത്തിലാക്കി എഴുതിവച്ചു. മരുമകൾ സബീൻ അതേക്കുറിച്ചു പറഞ്ഞ് പൗലോ കൊയ്‌ലോക്ക് ഒരു ഇ–മെയിൽ സന്ദേശവുമയച്ചു, തുടർന്ന് പൗലോ കൊയ്‌ലോ അവരെ ഫോണിൽ വിളിച്ച് സംസാരിച്ചു.

 

paulo-coelho-signed-book

ആ സമയത്താണ് തൃശൂരിൽ കേരള സാഹിത്യ അക്കാദമിയുടെ ഒരു പരിപാടി കാണാനായി രമാ മേനോൻ പോയത്. അവിടെവച്ച് ഡിസി ബുക്സിന്റെ എഡിറ്ററായ രവി ഡിസിയെ കണ്ടപ്പോൾ മുഖവുരയൊന്നും കൂടാതെ അവർ ചോദിച്ചു.‘‘ഞാനൊരു പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടാൽ ഈ പ്രപഞ്ചം പോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിൽ ഊന്നി വികസിക്കുന്ന നോവലാണത്’’. എന്നാല്‍ പൗലൊ കൊയ്‌ലൊ എന്ന സാഹിത്യകാരന്റെ പുസ്തകങ്ങളൊന്നും കേരളത്തിൽ പ്രചാരത്തിൽ ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നാൽ ഇതിവൃത്തത്തിനോട് താൽപര്യം തോന്നിയ രവി ഡിസി ആ പുസ്തകം പ്രസിദ്ധപ്പെടുത്താൻ തയാറാവുകയും തുടർന്ന് ‘ദി ആൽക്കെമിസ്റ്റി’ന്റെ പകർപ്പവകാശം വാങ്ങുകയും 2000 ൽ പുസ്തകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

 

ഫോർഡ് മോട്ടഴ്സിൽ ജോലി ചെയ്തിരുന്ന മകന് ജോലിമാറ്റം കിട്ടി ലണ്ടനിൽ താമസിക്കുന്ന കാലത്താണ്, തന്റെ ഒരു പുസ്തകപ്രകാശനച്ചടങ്ങ് ലണ്ടനിൽ നടക്കുന്നുണ്ട്, നിങ്ങൾ വരണമെന്ന് പറഞ്ഞുകൊണ്ട് പൗലോ കൊയ്‌ലോയുടെ സന്ദേശം മധുവിനു ലഭിക്കുന്നത്. ആ ചടങ്ങിൽ വച്ച് ‘ഈ കുട്ടിയുടെ അമ്മയാണ് എന്റെ ‘ദി ആൽക്കെമിസ്റ്റി’നെ ഇന്ത്യൻ ഭാഷയായ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ’ എന്നു പറഞ്ഞുകൊണ്ട് പൗലോ കൊയ്‌ലോ മകനെയും ഭാര്യയെയും സദസ്സിനു പരിചയപ്പെടുത്തിത്തു. തന്റെ ‘ഫിഫ്ത്ത് മൗണ്ടൻ’, ‘മിസ് പ്രിം ആന്റ് ഡെവിൾ’ എന്നീ നോവലുകൾ ‘അമ്മയ്ക്കുള്ള എന്റെ സമ്മാനമാണ്’ എന്നു പറഞ്ഞു കൈയൊപ്പിട്ട് മകന് നൽകുകയും ചെയ്തു. ആൽക്കെമിസ്റ്റ് മലയാള പരിഭാഷയുടെ ഒരു കോപ്പി മധു പൗലോ കൊയ്‌ലോയ്ക്ക് നൽകുകയും അമ്മയ്ക്കു വേണ്ടി ഒരു കോപ്പിയിൽ കൈയൊപ്പിട്ടു തിരിച്ചു വാങ്ങുകയും ചെയ്തു.

Transalated-books

 

ആ രണ്ടു നോവലുകളും വായിച്ചു കഴിഞ്ഞപ്പോൾ, അതും മലയാളത്തിലാക്കിയാൽ രസകരമായ വായനയായിരിക്കും എന്നു തോന്നിയപ്പോൾ അതും പരിഭാഷപ്പെടുത്തി.‘ഫിഫ്ത്ത് മൗണ്ടൻ’,‘ചെകുത്താനും പെൺകിടാവും’ എന്നിങ്ങനെ ആ പുസ്തകങ്ങളും ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. അതോടെ കേരളത്തിൽ പൗലോ കൊയ്‌ലോയുടെ ആരാധകർ കൂടിയപ്പോൾ രണ്ട് നോവലുകൾ കൂടി പരിഭാഷപ്പെടുത്താൻ ഡിസി രമാമേനോനെ ഏൽപിച്ചു. അങ്ങനെ അക്രായിലെ ലിഖിതങ്ങളും അലീഫും പുറത്തിറങ്ങി. ആദ്യമാദ്യം വായിച്ച പുസ്തകങ്ങളുെട അകക്കാമ്പൊന്നും പിന്നീട് വന്ന കൃതികൾക്കില്ലായെന്ന് തോന്നിയപ്പോൾ പിന്നീട് നൽകിയ പുസ്തകങ്ങളൊന്നും പരിഭാഷപ്പെടുത്താനായി ഏറ്റെടുത്തില്ല. എന്നാൽ അതോടെ നിരവധി പ്രസാധകർ പുസ്തകവിവർത്തനം ചെയ്യാനായി നൽകുകയും അതൊരു ദിനചര്യയായി മാറുകയും ചെയ്തു. അങ്ങനെ രണ്ടു പതിറ്റാണ്ടിലേറെയായി വിവർത്തന മേഖലയിലേക്ക് നിവരധി സംഭാവനകൾ നൽകാൻ രമാ മേനോന് കഴിഞ്ഞു.

rema-menon
രമാ മേനോൻ

 

transaleted-books

പരിഭാഷ ചെയ്ത പുസ്തകങ്ങളിൽ ഏറെ ഇഷ്ടം തോന്നിയ മറ്റു രണ്ട് പുസ്തകങ്ങൾ അഫ്ഗാന്‍‍ എഴുത്തുകാരനായ ഖലീദ് ഹുസൈനിയുടെ ‘കൈറ്റ് റണ്ണേഴ്സും’(പട്ടം പറത്തുന്നവർ) ‘എ തൗസണ്ട് സ്പ്ലെൻഡിഡ് സൺസുെ’(തിളക്കാമർന്ന ആയിരം സൂര്യൻമാർ) ആണ്. അഫ്ഗാനിസ്ഥാനിൽ ഇന്ന് താലിബാന്‍ ചെയ്തുകൂട്ടുന്ന ക്രൂരതകളെക്കുറിച്ചും അമേരിക്കയുടെ പിൻവാങ്ങൽ വ്യവസ്ഥയെക്കുറിച്ചുമൊക്കെ എത്രയോ വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട പട്ടം പറത്തുന്നവരിൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അതിനാൽ ആ പുസ്തകത്തിന്റെ കാലിക പ്രസക്തമായ ചർച്ചകളിലേക്ക് രമാ മേനോനും ക്ഷണിക്കപ്പെടുന്നുണ്ട്.

 

റഷ്യൻ, ടിബറ്റൻ, കൊറിയൻ, ഫ്രഞ്ച്, ബ്രിട്ടിഷ് കൃതികളെയടക്കം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത രമാ മേനോന് 2017–ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച വിവര്‍‍ത്തനത്തിനുള്ള അവാർഡ് നേടിക്കൊടുത്ത കൃതിയാണ് ഖലീദ് ഹുസൈനിയുടെ ‘പർവതങ്ങളും മാറ്റൊലികോള്ളുന്നു’ (ആന്റ് ദി മൗണ്ടൻസ് എക്കോഡ്). സ്വന്തം താൽപര്യപ്രകാരം പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളാണ് ചൈനീസ് എഴുത്തുകാരനായ ലീ ചിൻ ഷിന്നിന്റെ മാവോയുടെ അവസാനത്തെ നർത്തകൻ, ടിബറ്റൻ കൃതിയായ പോളോമൗണ്ടൻ (അലയ്) തുടങ്ങിയവ.

 

2018 ൽ നൊബേൽ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടോകർചുക്കിന്റെ ഫ്ലൈറ്റ്, റണ്ണേഴ്സ് തുടങ്ങിയ കൃതികൾ വിവർത്തനം ചെയ്തതും രമാ മേനോനാണ്. ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’, ദലൈലാമ, സ്വാമിരാമ, ജഗ്ഗി വാസുദേവ് തുടങ്ങി നിരവധി പേരുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ, റഷ്യൻ നാടോടിക്കഥകൾ തുടങ്ങി ഇരുപതു വർഷം കൊണ്ട് ചെയ്തു തീർത്ത വിവർത്തന രചനകൾ നിരവധിയാണ്.

ഇത്രയേറെ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സ്ഥിതിയ്ക്ക് മലയാളത്തിൽനിന്നു നല്ല കൃതികളെ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തു കൂടേ എന്ന ചോദ്യത്തിന് ‘ ഞാൻ ഇംഗ്ലിഷ് പഠിച്ചിട്ടില്ല  കുട്ടീ ’ എന്നായിരുന്നു മറുപടി. ‘പത്താം ക്ലാസ് വിദ്യാഭ്യാസമേ എനിക്കുള്ളൂ. അപ്പോൾ ഒരു വിഷയമായി ഇംഗ്ലിഷ് പഠിച്ചു എന്നേയുള്ളു. പിന്നെ വീട്ടിൽ എല്ലാവരും വായനയിൽ ഒക്കെ താൽപര്യമുള്ളവരായിരുന്നതു കൊണ്ട് ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. അതിൽ ചെറിയ ഇംഗ്ലിഷ് പുസ്തകങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞ്, ടെക്സ്റ്റൈൽ എൻജിനീയറായ ഭർത്താവ് ഐ.വി. നാരായണ മേനോനോടൊപ്പം അഹമ്മദാബാദിലേക്ക് പോയി. അവിടുത്തെ സ്കൂളിൽ അപ്പർ പ്രൈമറി ക്ലാസുകളിൽ ഇംഗ്ലിഷും സോഷ്യൽ സ്റ്റ‍ഡീസും പഠിപ്പിക്കാനുള്ള അവസരവും അന്നാളിൽ കിട്ടി. അപ്പോൾ ഔദ്യോഗികമായ ഒരു ഡിഗ്രിക്കു വേണ്ടി, മോണ്ടിസോറി കോഴ്സിനു ചേർന്നിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലിഷിൽ എഴുതാനുള്ള ആത്മവിശ്വാസമൊന്നും ഇല്ല. ഞാൻ കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതുമെല്ലാം മലയാളത്തിലല്ലേ, അതുകൊണ്ട് തന്നെ ശ്രമിച്ചാൽ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ പുതിയതൊന്നും കൈയെത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നുമില്ല’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

 

അഹമ്മദാബാദിൽ താമസിച്ചിരുന്ന കാലഘട്ടത്തിൽ സ്ഥിരമായി ചെറുകഥകൾ എഴുതി മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. പൈതൃകം, സ്മാരകം എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ വിവർത്തന രംഗത്തേക്ക് കടന്നതോടെ, കഥയെഴുത്തു ശീലം നഷ്ടമായെന്ന പരിഭവമാണ് ഈ എഴുപത്തേഴാം വയസിലും പങ്കുവയ്ക്കുന്നത്.

 

രണ്ട് പതിറ്റാണ്ടിന്റെ വിവർത്തനരചനാ അനുഭവങ്ങളെ ചേർത്തു പിടിക്കുമ്പോൾ രമാമേനോന് പറയാനുള്ളത് പരിഭാഷയിൽ ഏര്‍പ്പെടുന്നവർ വിവർത്തനയന്ത്രമാകരുതെന്നാണ്. വാക്കുകളെ മുറുകെ പിടിച്ചുകൊണ്ട് പരിഭാഷപ്പെടുത്തേണ്ടതില്ല. വായനക്കാർക്ക് സുഖവും രസവും കിട്ടാൻ വേണ്ടി ആശയങ്ങളെയും അർഥങ്ങളെയുമാണ് ഞാൻ പരിഭാഷപ്പെടുത്തുന്നത്. കഥാ പശ്ചാത്തലം അറിഞ്ഞുകൊണ്ടാകണം എഴുതേണ്ടത്. എഴുത്ത് സ്വാഭാവികമാകണം. ഓരോ വാക്കിനും അതിന്റേതായ സംഗീതമുണ്ട്, അതനുസരിച്ച് പ്രയോഗിച്ചാൽ മാത്രമേ ആളുകളുടെ മനസിലേക്ക് അർഥം കിനിഞ്ഞ് ചെല്ലുകയുള്ളു. പരിഭാഷപ്പെടുത്തിയ കൃതികൾ നിരവധി പതിപ്പുകൾ അച്ചടിച്ചിറക്കുമ്പോഴും പരിഭാഷകർക്ക് അതിന്റേതായ പരിഗണന കിട്ടുന്നില്ലെന്നതും വിഷമിപ്പിക്കുന്നതാണ്.

 

മലയാള വിവർത്തന സാഹിത്യമേഖലയ്ക്ക് ഇത്രയേറെ സംഭാവനകൾ നൽകിയ രമാ മേനോനെ വിവർത്തനത്തിന്റേതായ ഭാഷയിലൂടെ തന്നെ വിശേഷിപ്പിക്കുകയാണെങ്കിൽ ദി ഓൾഡ് വുമൺ ട്രാൻസ്‌ലേറ്റർ ഓഫ് മലയാളം – മലയാളത്തിലെ വിവർത്തക മുത്തശ്ശി എന്നു തന്നെ വിളിക്കാം.

 

Content Summary: Rema Menon opens up on translating works of Paulo Coelho to Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com