തടവറയും കഴുമരവുമായ വായനശാല

ov-vijayan
ഒ.വി. വിജയൻ
SHARE

‘ദുഃഖിക്കാനുള്ള ജന്മവാസന കൊണ്ടു മാത്രം മനുഷ്യൻ വെറുതെ വെറുതെ പിന്നെയും പിന്നെയും ഓർമിക്കുന്നു’ എന്ന് ഒ.വി. വിജയൻ എഴുതി. ജന്മവാസനയുടെ പടർപ്പുകൾക്കിടയിലൂടെ നൂണ്ടുനൂണ്ട് ഓർമകളിലെ വെളിച്ചമോ നിഴലോ കണ്ടുപിടിക്കുന്നു. വല്ലുപ്പ എന്റെ ഓർമയിൽ ഉള്ളിടത്തോളം വല്ലുമ്മ ഉണ്ടായിട്ടില്ല. എങ്കിലും ഇടയ്ക്കെല്ലാം ഓർമയിൽ ഉയരാറുള്ള ഒരു സംഭവം വീട്ടിലെ പൂച്ചയെ കാണാതെ പോയതാണ്. ഉടലാകെ തവിട്ടുനിറമുള്ള അവളുടെ മുഖവും വാലും പാൽ നിറമായിരുന്നു. വല്ലുമ്മ രാവിലെ മുതൽ അവളെ തിരഞ്ഞുനടന്നു. ഉച്ചയായപ്പോഴേക്കും ആ തിരച്ചിലിന് അവസാനമായി. പറമ്പിന്റെ അതിരിനോടു ചേർന്ന ആഞ്ഞിലിക്കു സമീപം കാപ്പിച്ചെടികൾക്കിടയിൽ പൂച്ച ചത്തു നിവർന്നുകിടന്നിരുന്നു. ‘അവളെ പാമ്പു കൊത്തിയതാണ്’, വല്ലുമ്മ പറഞ്ഞു. കുട്ടികളിലൊരാൾ പോയി ഒരു തൂമ്പ കൊണ്ടുവന്നു. അവിടെ കരിയിലകൾക്കടിയിൽ വെട്ടിത്തുറന്ന ഈർപ്പമുള്ള മണ്ണിൽ അവളെ അടക്കം ചെയ്തു. ആ അതിര് ഒരു ചെരുവിലായിരുന്നു. വേനലിൽ പൊടിപാറുന്ന ഒരു നടവഴി അതിന് അടുത്ത്. താഴെ തോട്ടിൽ കുളിക്കാൻ പെണ്ണുങ്ങൾ അതുവഴിയാണു പോയിരുന്നത്. മഴക്കാലത്ത് അവിടെ നല്ല വഴുക്കലുണ്ടാകും. അവിടെനിന്നു നിരപ്പിലേക്കു കയറിയാൽ പൊതുവഴിയായി. കുറച്ചുവർഷം മുൻപ് ഞാനും അനുജനും കൂടി ഒരു കല്യാണം കൂടീട്ടു വരുമ്പോൾ നിരപ്പിലെ വഴിയിൽ വണ്ടിനിർത്തി, അതുവഴി ഒന്നു നടന്നുവരാമെന്നു പറഞ്ഞു. താഴേക്കിറങ്ങുമ്പോൾ അവിടെ പഴയ വഴിയില്ല. കുരുമുളകുചെടികൾ പടർന്ന മുരിക്കിൻതോട്ടത്തിലൂടെ തപ്പിത്തടഞ്ഞു ചെല്ലുമ്പോൾ വഴിയടയാളമായ ആഞ്ഞിലിയും ഇല്ല. താഴെ ഞങ്ങളുടെ പഴയ വീടു കണ്ടു, പക്ഷേ വഴി അടച്ച് അതിരിൽ വേലി ഉയർന്നിരിക്കുന്നു. പൂച്ചയെ കാണാതായ ദിവസം വല്ലുമ്മയുടെ മുഖത്തെ കദനം ഞാൻ ഓർത്തു. ‘എനിക്കറിയാർന്നു അവൾക്ക് എന്തോ പറ്റീന്ന്’ പൂച്ചയെ ഓർത്ത് തുടർന്നുള്ള ദിവസങ്ങളിലും വല്ലുമ്മ പലവട്ടം പറഞ്ഞു. പൂച്ചയുടെ മരണം മാത്രമല്ല എല്ലാ മരണവും അതു സംഭവിക്കുന്നതിനു മുൻപേ നാം സങ്കല്പിച്ചുനോക്കുന്നു.

2004ലെ സൂനാമിക്കു ശേഷമുള്ള പുനരധിവാസപ്രവർത്തനങ്ങൾക്കു കോഴിക്കോട്ടെത്തിയപ്പോൾ കൂട്ടുകാരൻ എന്നെ വിളിച്ചു. ഞാൻ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ അവൻ കൂട്ടുകാരിയെ പരിചയപ്പെടുത്തി. ഞാൻ അവനു കുറച്ചു പുസ്തകങ്ങൾ കൊണ്ടുപോയിരുന്നു. കൂട്ടുകാരി അതെല്ലാം മറിച്ചുനോക്കുന്നതിനിടെ എന്നോടു പറഞ്ഞു, ‘എനിക്ക് ഇതുപോലെ എഴുതാൻ വലിയ ആഗ്രഹമാണ്. പക്ഷേ സ്വന്തമായി ഒരു കഥ പറയാൻ എനിക്ക് അറിയില്ല’. പുസ്തകങ്ങൾ കയ്യിൽപിടിച്ചു കുറച്ചുനേരം ഇരുന്നിട്ട് അവൾ തുടർന്നു- ‘എഴുതുകയാണ് ഏറ്റവും നല്ല പ്രവൃത്തി എന്ന് എനിക്കു തോന്നും. പക്ഷേ എഴുതാൻ എനിക്കൊന്നുമില്ല. അതിനാൽ ഞാൻ വായിച്ച കഥകളിൽ ചിലതെല്ലാം പകർത്തിയെഴുതും. അപ്പോൾ ആ പുസ്തകം ഞാനാണ് എഴുതിയതെന്നു തോന്നും’. ഞാൻ ചിരിച്ചെങ്കിലും കൂട്ടുകാരൻ അവൾ പറയുന്നതു കേൾക്കാത്തപോലെ ഇരുന്നു. ‘എത്രയെണ്ണം ഇങ്ങനെ പകർത്തി?’, ഞാൻ ചോദിച്ചു. ‘കുറെയെണ്ണം, ഒടുവിൽ പകർത്തിയെഴുതിയതു പട്ടത്തുവിള കരുണാകരന്റെ കഥകളാണ്’, അവൾ പറഞ്ഞു. ബാഗിൽനിന്ന് ഒരു ഡയറി എടുത്തുകാണിച്ചു. ഞാൻ അതു വാങ്ങി. പട്ടത്തുവിളയുടെ പ്രശസ്തമായ കഥകൾ അതിൽ നല്ല വെടിപ്പോടെ പകർത്തിയെഴുതിയിരുന്നു. ഞാൻ താളുകൾ മറിക്കുമ്പോൾ, ‘ഇതാണ് ഇതുവരെ എഴുതിയതിൽ എനിക്കു പ്രിയ പുസ്തകം!’, അവൾ പറഞ്ഞു. അപ്പോഴും ഞാൻ ചിരിച്ചു. കുറേ നാളുകൾക്കുശേഷം ഞാനും കൂട്ടുകാരനും വീണ്ടും കണ്ടപ്പോൾ എനിക്ക് അവളുടെ കാര്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് അവൻ ചോദിച്ചത്, ‘അവൾ എഴുതിയതു നീ വായിച്ചിരുന്നോ..?’ ‘ഇല്ല, ഞാനതു മറിച്ചുനോക്കിയെന്നു മാത്രം’, ഞാൻ പറഞ്ഞു. ‘സത്യത്തിൽ അതു ചുമ്മാ പകർത്തിയെഴുത്ത് ആയിരുന്നില്ല’, അവൻ പെട്ടെന്നു പറഞ്ഞു, ‘പട്ടത്തുവിളയുടെ ആ കഥകൾ അവൾ ആകെപ്പാടെ മാറ്റിയെഴുതിയതാണ്. ഒറ്റനോട്ടത്തിൽ ഒരു വ്യത്യാസം തോന്നില്ല. പക്ഷേ മൊത്തം മാറ്റിപ്പുതുക്കി  മറ്റൊന്നാക്കിയതാണ്!.’

എനിക്കു ഞെട്ടലും ദേഷ്യവും വന്നു. ‘എന്താണിത്! വിവരക്കേടോ?’, ഞാൻ ചോദിച്ചു. ‘അത് അവൾ പറഞ്ഞല്ലോ, അവൾക്ക് എഴുതാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ എഴുതാനാവുന്നില്ല. അപ്പോൾ മറ്റൊരാളുടെ കഥ പകർത്തുന്നു. അതിനിടയിലൂടെ തനിക്കു തോന്നിയതും എഴുതുന്നു.!’

സെർവാന്റസിന്റെ Don Quixote ഇരുപതാം നൂറ്റാണ്ടിലിരുന്നു പുനർരചന നടത്തുന്ന ഒരാളെപ്പറ്റി ബോർഹെസിന്റെ ഒരു കഥയുണ്ട്. പുനർരചന എന്നാൽ അത് സെർവാന്റസിന്റെ നോവൽ മുന്നിൽ വച്ചു നോക്കിയെഴുതുന്നതല്ല. ഓർമയിൽനിന്ന് ആ കഥ അതേപടി, മാറ്റങ്ങളൊന്നും വരുത്താതെ വീണ്ടുമെഴുതുകയാണ്. Pierre  Menard എന്ന ഈ എഴുത്തുകാരൻ എഴുതിയത് സെർവന്റസ് എഴുതിയതിനെക്കാൾ സമൃദ്ധമായിരുന്നുവെന്നും ബോർഹെസ് പറയുന്നു.  മുൻ നൂറ്റാണ്ടുകളിലെ എല്ലാ വലിയ കൃതികളെയും  ഇരുപതാം നൂറ്റാണ്ടിലെ വായനക്കാർ സ്വയമറിയാതെ തന്നെ ഇപ്രകാരം പുനർരചന നടത്തിയിട്ടുണ്ടെന്നാണു ബോർഹെസിന്റെ വാദം.  

2

ഒ.വി. വിജയന്റെ കഥയായ ‘പരീക്ഷ’യ്ക്കു രണ്ടു ഭാഗങ്ങളാണുള്ളത്. 1916 ൽ  പാലക്കാട്ടെ പ്ലേഗു ബാധയുടെ കാലമാണു വിവരിക്കുന്നത്. പ്ലേഗ് നിർമാർജന പദ്ധതിയുമായി പാലക്കാട്ടു വന്ന് ഓഫിസ് തുറന്ന അനന്തൻപിള്ളയിൽനിന്നു തുടങ്ങുന്ന കഥയാണത്. പകർച്ചവ്യാധിയുടെ ജീർണതകൾക്കുമേൽ, നാട്ടുകഥകൾക്കും നാടോടി ഭയങ്ങൾക്കുംമേൽ രാഷ്ട്രാധികാരത്തിന്റെ ഏക വ്യാഖ്യാനവും ഏകഭയവും  ഉയരുന്നതിന്റെ അനുഭവം നാം വായിക്കുന്നു. പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങുമ്പോൾ വിജയൻ എഴുതുന്നു: ‘ഇനി പറയുന്ന കാര്യങ്ങളും ഇവിടംവരെ വിവരിക്കപ്പെട്ടവയും തമ്മിൽ യാതൊരു ബന്ധവുമില്ല. 

oru-neenda-rathriyude-ormakku

പിന്നെ എന്തിനു പറയുന്നുവെന്നു ചോദിച്ചാൽ, ബന്ധമില്ലായ്മയുടെ ശാശ്വതസത്യത്തെ വാഴ്ത്താൻ എന്നേ ഉത്തരമുള്ളു. അതുകൊണ്ടു കഥ തുടരട്ടെ.’

ദശകങ്ങൾ കടന്നുപോയിരിക്കുന്നു. പ്ലേഗിന്റെ സ്മരണ ഉള്ളവർ പോലും ഇല്ലാതായി. വയസ്സുചെന്ന വേണുഗോപാലൻ പേരക്കുട്ടിയുടെ ഏഴു വയസ്സുള്ള മകന്റെ പിറന്നാളിൽ കടുക്കൻ വാങ്ങാൻ പോകുന്നിടത്തു രണ്ടാം കഥ തുടങ്ങുന്നു. കടയിലേക്കുള്ള യാത്രാമധ്യേ അയാളെ പൊലീസ് പിടികൂടുന്നു. പൊലീസുകാരൻ അയാളുടെ പഴയ പരിചയക്കാരനാണ്. എന്നാൽ ഒരു ഇളവും ആ പേരിൽ കിട്ടുന്നില്ല. അറസ്റ്റിലായ വേണുഗോപാലനെ നടത്തിക്കൊണ്ടുപോകുമ്പോൾ വഴിയിൽ വേറെയും ആളുകളെ കണ്ടു. അറസ്റ്റിലായ ഒരു ജനസഞ്ചയം അയാളുടെ ഒപ്പം നടക്കുകയാണ്. മുൻപു പകർച്ചവ്യാധിയുടെ കാലത്തു രോഗം സംശയിച്ചു മനുഷ്യരെ തിരഞ്ഞുപിടിച്ച് തടവിലാക്കിയ അതേ പൊലീസ് തെരുവിൽ വീണ്ടും. ‘.... പിന്നെയും നിരത്തുകൾ, കവലകൾ. നിശബ്ദരായി നടന്ന മനുഷ്യന്മാർ. ആ നടത്തം ഒരു നൃത്തത്തെപ്പോലെ വെടിപ്പുള്ളതായിരുന്നു. ദാഹവും ക്ഷീണവും വ്യസനവും അനുഭവപ്പെട്ടെങ്കിലും നൃത്തത്തിൽ വേണുഗോപാലനു കൗതുകവും തോന്നി.  കയ്യും കാലും പേരാത്ത പാലക്കാടന്മാർ ഇത്രയും വടിവോടെ നടക്കാൻ പഠിച്ചല്ലോ..’

ഒരു വായനശാലയിലേക്കാണു വേണുഗോപാലനെ കൊണ്ടുപോയത്. ഈ വായനശാല തുടങ്ങിയ കാലത്ത് അതിനുവേണ്ടി ചെറുപ്പക്കാരനായ വേണുഗോപാലനും പണം പിരിച്ചിട്ടുണ്ട്. അവിടെ അയാൾക്ക് അറിയാവുന്ന ഒരു നമ്പൂതിരിയുടെ മകളായ സാവിത്രി അന്തർജനം അയാളെ സ്നേഹത്തോടെ സ്വീകരിക്കുന്നു. കുടിക്കാൻ വെള്ളം കൊടുക്കുന്നു. പക്ഷേ, വീട്ടിലേക്കു മടങ്ങാൻ അനുവദിക്കാതെ േവണുഗോപാലനെ വായനശാലയിൽ അടച്ചുപൂട്ടുന്നു. അവിടെവച്ചിരിക്കുന്ന പുസ്തകങ്ങൾ മുഴുവനും വായിക്കണമെന്ന് അവൾ ആജ്ഞാപിക്കുന്നു. പിറ്റേന്ന് ഉച്ചവരെ സമയമുണ്ട്. അതിനുശേഷം പരീക്ഷ ഉണ്ടാവുമെന്നും അവൾ അറിയിക്കുന്നു.

...എണ്ണമറ്റ പുസ്തകങ്ങൾ അടുക്കിവച്ച ചില്ലലമാരകളിൽ അയാളുടെ കണ്ണുകൾ പതറിനടന്നു.

‘പന്ത്രണ്ടുമണി കഴിഞ്ഞാൽ വിശ്രമിക്കാം’, അവൾ പറഞ്ഞു, ‘ഒരു മണിക്ക് ഊണ്. രണ്ടുമണിക്കു പരീക്ഷ.’

‘പരീക്ഷയോ!’

‘അതെ, ഈ പുസ്തകങ്ങളീന്നൊക്കെ ചോദ്യം വര്ം’

ആ വായനശാലയിൽനിന്നു രക്ഷപ്പെടാൻ വൃദ്ധൻ ശ്രമിക്കുന്നുണ്ട്. പിൻവാതിലിലെ ജാലകം വഴി പുറത്തിറങ്ങിയ അയാൾ ചെല്ലുന്നത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ വളപ്പിലേക്കാണ്. അവിടെ ചെറിയ കുട്ടികൾ സംഘം ചേർന്ന് അയാളെ അടിച്ചോടിക്കുന്നു. ഗതികെട്ട് ആ മനുഷ്യൻ തിരിച്ചു വായനശാലയിലേക്ക് എത്തുന്നു. അവിടെ കാത്തുനിന്ന സാവിത്രി അയാളുടെ കഴുത്തിനു പിടിച്ചശേഷം മുട്ടുമടക്കി വൃഷണത്തിൽ ഇടിക്കുന്നു. അയാളെ ഒരു അലമാരയുടെ കീഴിലേക്കു തള്ളിയിട്ടശേഷം മനയ്ക്കലെ സാവിത്രി അലറുന്നു. ‘മുണ്ട്റാമകനേ.. വായിക്കെടാ..’

പിറ്റേന്ന് ഉച്ചയ്ക്കുശേഷം പരീക്ഷ. പരീക്ഷയ്ക്കുശേഷം ശിക്ഷാവിധി. വേണുഗോപാലനെ തൂക്കിക്കൊല്ലാനാണു വിധിക്കുന്നത്. അയാളെ തൂക്കാൻ വരുന്നതാകട്ടെ ഒരു പഴയകാല സ്നേഹിതനും. അയാളും ചെറുപ്പത്തിൽ ആ വായനശാലയ്ക്കുവേണ്ടി പണം പിരിക്കാനിറങ്ങിയ സംഘത്തിലുണ്ടായിരുന്നു. പുരുഷാരം നോക്കിനിൽക്കേ കൊലമരത്തിലേക്കുള്ള പടികൾ എൺപതുകാരനായ വേണുഗോപാലൻ നടന്നുകയറുന്നു.

അസംബന്ധമായ സ്വേച്ഛാധികാരങ്ങളുടെ ഓർമ ഉയർത്തുന്ന ഈ കഥ അടങ്ങിയ വിജയന്റെ പുസ്തകത്തിന്റെ പേര് ‘ഒരു നീണ്ടരാത്രിയുടെ ഓർമയ്ക്കായി’ എന്നാണ്. ഈ കഥയിൽ തടവറയും വിചാരണയും ശിക്ഷാവിധിയും ഒരേ സ്ഥലത്താണ്- ഒരു വായനശാലയിൽ. എന്തുകൊണ്ടാണു സ്വേച്ഛാധികാരത്തിന്റെ എടുപ്പുകളിലൊന്നായി വായനശാല മാറിയത്..? ഒരാൾ തന്റെ ഏറ്റവും ഹീനവും ഹതാശവുമായ ദിവസങ്ങൾ പുസ്തകങ്ങൾക്കു താഴെ, അതിന്റെ നിർജ്ജീവമായ നോട്ടങ്ങൾക്കു താഴെ, ഒരു സെമിത്തേരിയിലെ കല്ലറകൾക്കു നടുവിൽ എന്ന പോലെ ചെലവഴിക്കുന്ന സ്ഥലമാണത്. തന്റെ വിധി നിശ്ചയിക്കുന്ന പരീക്ഷ വേണുഗോപാലൻ തനിച്ചിരുന്ന് എഴുതുന്ന രംഗം വിജയൻ ഇങ്ങനെ വിവരിക്കുന്നു: ‘വാക്കുകൾ ഏതോ വിജനതയിലൂടെ അപ്പൂപ്പൻതാടി പോലെ പാറിക്കടന്നുപോയി. അവയുടെ പുറകേ അയാൾ ഇടറിത്തടഞ്ഞു. ചേർത്തുനിർത്തിയ വാക്കുകൾക്കകത്തു ഞൊടിനേരം അർഥത്തിന്റെ പ്രകാശം പരന്നെങ്കിലും അടുത്തക്ഷണം അവ നിരർഥങ്ങളായി വീണ്ടും ചിതറാൻ തുടങ്ങി. ചിതറിപ്പറന്ന് അകന്നു നഷ്ടപ്പെടാൻ തുടങ്ങി. വീണ്ടും അവയുടെ പുറകെയുള്ള പാച്ചിൽ. ദാഹത്തിന്റെ തരിശിലൂടെ അയാൾ ഓടുകയും ഇടറിവീഴുകയും ചെയ്യുകയാണ്. ഈശ്വരാ, ഈശ്വരാ ഉത്തരം കാണിച്ചുതരിക.’

വായനശാല തടവറയും കഴുമരവുമാകുന്ന ‘പരീക്ഷ’യിലെ ഭയാനകമായ അന്തരീക്ഷം, ഉടലിന്റെയും ആത്മാവിന്റെയും ജീർണത നിർദയം വിളംബരം ചെയ്ത ‘അരിമ്പാറ’യിലേക്കാണു സഞ്ചരിക്കുന്നത്. ഈ രണ്ടു കഥകളും ഇപ്പോൾ വായിക്കുമ്പോൾ, നാം നമ്മുടെ കാലത്തിലേക്കു നാമറിയാതെ പുനർരചന നടത്തുന്നതു കാണാം. വിജയൻ എഴുതിയ കാലത്തിന്റെ ആധിയെ കുടഞ്ഞുകളഞ്ഞ് നാം  ജീവിക്കുന്ന ലോകത്തിന്റെ ഭയങ്കരമായ ആധികളെ പേറാനായി ആ വാക്കുകളെ നാം വീണ്ടുമെഴുതുന്നു. മറ്റൊരു വേദനയിൽനിന്ന് വന്ന വാക്കുകൾ, പിന്നാലെ വരുന്ന വേദനകളുടെയും കൂടി ബലിഷ്ഠമായ ആഖ്യാനമാകുന്നത് ഒ.വി. വിജയനിലാണ് എന്നതു കൂടി തിരിച്ചറിയുന്നു. 

Content Summary: Ezhuthumesha column on OV Vijayan's short story pareeksha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA
;