ADVERTISEMENT

ഇടപ്പോൺ അജികുമാറിന്റെ കൂട് എന്ന ചെറുകഥ ആരംഭിക്കുന്നത് ഖലീൽ ജിബ്രാന്റെ പ്രവാചകനിൽ നിന്നുള്ള ഉദ്ധരണിയോടെയാണ്. അതിപ്രകാരമാണ്–

നിങ്ങൾ നഗരമതിലുകൾക്കുള്ളിൽ ഒരു വീടു നിർമിക്കുന്നതിനു മുമ്പായി വന്യതയിൽ നിങ്ങളുടെ സാങ്കൽപികതയ്ക്ക് ഒരു വള്ളിക്കുടിൽ നിർമിക്കുക. കാരണം നിങ്ങളുടെ മൂവന്തിയിൽ നിങ്ങൾ വീട്ടിലേക്കു മടങ്ങിവരുന്നതുപോലെ തന്നെയാണ് എന്നും വിദൂരവും ഏകനുമായി നിങ്ങളിലെ നാടോടിയും. നിങ്ങളുടെ വീട് നിങ്ങളുടെ വലുപ്പമേറിയ ശരീരമാണ്. അത് സൂര്യനിൽ വളരുകയും രാത്രിയുടെ നിശ്ശബ്ദതയിൽ ഉറങ്ങുകയും ചെയ്യുന്നു. അത് സ്വപ്നരഹിതമല്ല. നിങ്ങളുടെ വീട് സ്വപ്നം കാണുന്നില്ലേ? അത് കിനാവിൽ ചെറുവനങ്ങൾക്കും കുന്നിൻ പുറങ്ങൾക്കും വേണ്ടി നഗരത്തെ ഉപേക്ഷിക്കുന്നില്ലേ? 

 

വീട് അതിന്റെ ഉടമയുടെ ശരീരം തന്നെയാണ് എന്ന മനോഹരമായ ജിബ്രാൻ ഭാവനയോട് ഏറെ അടുത്തു നിൽക്കുന്ന കഥയാണ് കൂട്. എന്റെ കഥ നിങ്ങളെ അറിയിക്കണമെന്ന് കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു എന്ന ആരംഭവാചകം ഒരു സാങ്കൽപിക ലോകത്തേക്കു വായനക്കാരനു നൽകുന്ന ക്ഷണക്കത്താണ്. ഈ സാങ്കൽപിക ലോകത്ത് കള്ളുകുടിയുണ്ട്, വ്യഭിചാരമുണ്ട്, മോഷണമുണ്ട്, തെറിവർഷങ്ങളുണ്ട്, നിരന്തരം ബലാൽസംഗം ചെയ്യപ്പെടുന്നവളും കാമുകനാൽ അവഗണിക്കപ്പെടുന്നവളുമായ ഒരു സ്ത്രീയുണ്ട്. ഒരുവട്ടം വായിച്ചുകഴിയുമ്പോൾ ആത്മകഥ പറയുന്ന സ്ത്രീയുടെ ദുരിതജീവിതത്തിൽ തൊട്ടു കൈപൊള്ളിയതിന്റെ നീറ്റലായിരിക്കും മനസ്സിൽ. 

edappon-ajikumar-book

 

അവ്യക്തരൂപമായി നിൽക്കുന്ന ആ സ്ത്രീ ആര് എന്നറിയാനായിരിക്കും രണ്ടാം വായന. കഥയുടെ ഗുപ്തസൗന്ദര്യം ഒന്നൊന്നായി തെളിഞ്ഞുവരുന്ന ഈ രണ്ടാം വായനയിലും നാമറിയണമെന്നില്ല, പരാമർശിക്കപ്പെടുന്ന സ്ത്രീ ആരെന്ന്? പലവട്ടം വായിച്ചാൽ മാത്രം വെളിവാകുന്ന പലതരം ഭംഗികൾ ഒളിഞ്ഞിരിക്കുന്ന കൂട് അച്ചടിച്ചു വന്നത് കലാകൗമുദിയുടെ മേയ് 9- 16 ലക്കത്തിലാണ്. ഉടൻ പുറത്തിറങ്ങുന്ന സന്യാസിയോട എൽസിയിലെ സ്വാമിമാർ എന്ന സമാഹാരത്തിൽ കൂട് ഉണ്ട് –ഒരു വീടിന്റെ ആത്മകഥ.

 

എഴുത്തുകൂട്ടം എന്ന സാഹിത്യകൂട്ടായ്മയുടെ കേന്ദ്രസഭാ പ്രസിഡന്റും നെടുങ്കണ്ടം പഞ്ചായത്തു സെക്രട്ടറിയുമായ അജികുമാർ ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ സ്വദേശിയാണ്. 

ദൂത്‌സാഗറിലെ ദുൾപോട്ട് എന്ന കഥാസമാഹാരം മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയെഴുതാറുണ്ട്.

 

edappon-ajikumar-malayalam-writer

കൂട് എഴുതാനുണ്ടായ പശ്ചാത്തലത്തെക്കുറിച്ച് അജികുമാർ: 

 

ഞാനെഴുതിയ മിക്കവാറും എല്ലാ കഥകളും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ എഴുതി പ്രസിദ്ധീകരിച്ചതിന്റെ അഞ്ചിരട്ടിയിലധികം എഴുതാത്തതോ, എഴുതി ഉപേക്ഷിച്ചതോ ആണ്. പിരിയൻകോണി എന്ന കഥയുടെ എക്സ്റ്റൻഷനായി എഴുതി തുടങ്ങിയ നോവലും ഏതാണ്ട് ഉപേക്ഷിച്ച പോലായിരിക്കുന്നു. രവിവർമ തമ്പുരാന്റെ മുടിപ്പേച്ച്, സജിൽ ശ്രീധറിന്റെ അവർണൻ എന്നീ നോവലുകൾ ഞാൻ പ്രതിപാദിക്കാൻ ഉദ്ദേശിച്ച ചരിത്ര മേഖലകളെ മികച്ചരീതീയിൽ, മനോഹരമായി അനാവരണം ചെയ്തതാണ് കാരണം. ഈ രണ്ടു കൃതികളുടെയും ഇതിവൃത്തമല്ല എന്റെ നോവലിന്റേത് എന്നതിനാൽ ചിലപ്പോൾ റീത്തയും രജനിയും (എന്റെ കഥാപാത്രങ്ങൾ ) നിർബന്ധിക്കുകയാണെങ്കിൽ ഞാൻ ആ നോവൽ പൂർത്തീകരിച്ചേക്കാം. 

 

ഒരു കഥാതന്തു മനസ്സിൽ കുടിയേറുന്നത് പല കാരണങ്ങളാലുമാവാം. സമൂഹത്തിലേക്ക് തുറന്നു വയ്ക്കപ്പെട്ട കാതുകളും കണ്ണുകളും വഴിയോ, വായനയുടെ ഏതോ ഘട്ടത്തിൽ കുരുങ്ങി പോകുന്ന വാക്കുകളോ വാചകങ്ങളോ വഴിയോ, വായ്‌മൊഴി വഴക്കങ്ങളിലൂടെയോ ഒക്കെ അവ നമ്മളിലേക്ക് പ്രവേശിക്കും. ചിലതൊക്കെ വളർന്ന് കഥയാകും. ചിലവ വളർച്ചയുടെ ഘട്ടത്തിൽ ഛിദ്രമായേക്കാം. മറ്റു ചിലതൊക്കെ ഘനീഭവിച്ചിരിക്കും. അതിനു യോജിച്ച സമയത്ത് അവയും വീണ്ടും ഗർഭാശയത്തിലെത്തുകയും പൂർണവളർച്ചയെത്തി പുറത്തിറങ്ങുകയും ചെയ്യും. അങ്ങനെയാണ് കൂട് എന്ന ഈ കഥയുടെ ഉത്ഭവവും.

 

 

നാലു ദശാബ്ദത്തിനപ്പുറം എന്റെ നാട്ടിൽ കെട്ടിയുയർത്തിയ മണിമാളികയുടെ കഥയാണ് കൂട്. അയ്യത്തുതൂറികളുണ്ടായിരുന്ന നാട്ടിൽ, ചുരുക്കം വീടുകളിൽ മാത്രം വീടിനു പുറത്ത് കക്കൂസ് ഉണ്ടായിരുന്ന നാട്ടിൽ യൂറോപ്യൻ ക്ലോസറ്റും മൊസൈക്കും ബാൽക്കണിയുമുള്ള ഇരുനില ഭവനം നാട്ടിലെല്ലാവർക്കും കൗതുകം ഉണർത്തിയ ഒന്നായിരുന്നു. ചെറുപ്രായത്തിൽ പ്രസ്തുത കെട്ടിടത്തിന്റെ ഭംഗികാണാൻ ഞാനടക്കമുള്ളവർ പോയിരുന്നു. അമേരിക്കയിൽ കുടിയേറിയ നാട്ടുകാരൻ പണികഴിപ്പിച്ചതായിരുന്നു അത്. പക്ഷേ, അതു പണികഴിപ്പിച്ചയാൾ കേവലം ഒരു മാസത്തിൽ താഴെയാണ് അവിടെ പാർത്തത്. അമേരിക്കൻ മലയാളിയുടെ സമ്പത്തിന്റെ പ്രതിരൂപമായി അത് നിലകൊണ്ടു. കുറെക്കാലം അതിന് നോട്ടക്കാരൻ ഉണ്ടായിരുന്നു. ഉടമസ്ഥനും നോട്ടക്കാരനുമൊക്കെ കാലയവനികയിൽ മറഞ്ഞപ്പോൾ ആ വീട് അനാഥമായി. പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന പരസ്യ വാചകം എന്റെ മനസ്സിൽ കഥയുടെ വിത്തു പാകി.

 

ഖലീൻ ജിബ്രാന്റെ പ്രവാചകൻ എന്ന കാവ്യ സാന്ദ്രമായ രചനയിലെ വാക്യങ്ങൾ കഥയുടെ ഊടും പാവും നെയ്തു. കഥ വളർന്നു. ജീവിതത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളിലെപ്പോഴോ കഥയുടെ വളർച്ച നിന്നു പോയി. പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും ജോലി നോക്കുമ്പോൾ സമാനമായ നിരവധി വീടുകൾ അനാഥമായി കിടക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ നാട്ടിലെ അനാഥമായ മണിമാളികയുടെ കട്ടിളയും ജനലും എന്തിന് യൂറോപ്യൻ ക്ലോസറ്റു വരെ ആരൊക്കെയോ കടത്തിക്കൊണ്ടു പോയി. നാഥനില്ലാതായ അവളുടെ സൗമ്യദീപ്തമായ സ്ഥലങ്ങളെല്ലാം എല്ലാവിധ അനാശാസ്യങ്ങളുടേയും കേളീരംഗമായി. അവളുടെ മുന്നിലെ പാതയിലൂടെയുള്ള യാത്രകളിൽ അവളുടെ വേദന എന്നിൽ പടരുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം അവളുടെ നാഥന്റെ അനന്തരാവകാശിയുടെ നിർദ്ദേശ പ്രകാരം ചിലർ അവളെ നിർദ്ദയം പൊളിച്ചുമാറ്റി. എനിക്ക് എഴുതാതിരിക്കുവാൻ കഴിഞ്ഞില്ല. പതിറ്റാണ്ടുകൾക്കുമുമ്പ് എന്നിൽ ഘനീഭവിച്ച വീടങ്ങനെ കൂട് എന്ന കഥയായി പുറത്തു വന്നു.

 

Content Summary: Kadhayude Vazhi, Column by Ravivarma Thampuran on Edappon Ajikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com