ADVERTISEMENT

നിനച്ചിരിക്കാതെ കോടിപതിയാകുമ്പോൾ ആരും ഒന്ന് അമ്പരക്കും. ഉറക്കം നഷ്ടപ്പെടാം. കോടികൾ കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് ആലോചിക്കാം. എന്നാൽ സാഹിത്യ നൊബേൽ ജേതാവായിട്ടും അബ്ദുൽ റസാക്ക് ഗുർനയുടെ ഉറക്കം നഷ്ടപ്പെട്ടിട്ടില്ല. എട്ടരക്കോടി രൂപ കൊണ്ട് എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടുമില്ല. പതിവു പോലെ ശാന്തനാണ് അദ്ദേഹം. കുറച്ചു പേർ മാത്രം വായിച്ചിരുന്ന തന്റെ പുസ്തകങ്ങൾ ഇനി ലോകത്തിന്റെ മിക്ക ഭാഗത്തും എത്തുമെന്നതിന്റെ സന്തോഷം മാത്രമാണുള്ളത്. കൂടുതൽ വായനക്കാർ. ആസ്വാദകർ‌. ചർച്ചകൾ. പഠനങ്ങൾ. എന്നാൽ ടാൻസനിയയിൽ സ്വന്തം നാടായ സാൻസിബാറിലെ തെരുവിലൂടെ ആരാലും തിരിച്ചറിയപ്പെടാതെ തനിക്ക് നടക്കാനാകുമെന്നും അദ്ദേഹം പറയുന്നു. പെട്ടെന്നു കൈവന്ന പ്രശസ്തിയെക്കുറിച്ചോ മാധ്യമ ശ്രദ്ധയെക്കുറിച്ചോ ബോധവാനുമല്ല. ഒരേയൊരു മാറ്റം തന്റെ മൊബൈൽ ഫോൺ നിർത്താതെ ചിലയ്ക്കുന്നതു മാത്രമാണെന്നു ഗുർന പറയുന്നു. സനിയയിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറിയിരിക്കുകയാണ് നൊബേൽ നേടിയതിലൂടെ ഗുർന. എന്നാൽ‌, ജീവിതം തന്നെ അപകടത്തിലായപ്പോൾ ജൻമനാട്ടിൽ നിന്ന് അഭയാർഥിയായി പലായനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. 1890 മുതൽ ബ്രിട്ടന്റെ കോളനിയാണ് ടാൻസനിയൻ തീരത്തെ സാൻസിബാർ. 1963 ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഭരണാധികാരി സുൽത്താൻ ജംഷിദ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ആഭ്യന്തര കലാപത്തിന്റെയും വിപ്ലവത്തിന്റെയും നാളുകളായിരുന്നു പിന്നീട്. ആയിരക്കണക്കിനു പേർ തെരുവിൽ കൊല്ലപ്പെട്ടു. പല സമുദായങ്ങളെയും നാടുകടത്തി. നൂറുകണക്കിനു പേർ തടവിലാക്കപ്പെട്ടു. രക്ഷപ്പെടാൻ ഒരു വഴി മാത്രമേ അന്ന് യുവാവായിരുന്ന ഗുർനയ്ക്കു മുന്നിലുണ്ടിയിരുന്നുള്ളൂ. സഹോദരനൊപ്പം തങ്ങളെ അടക്കിഭരിച്ച രാജ്യത്തേക്ക് പലായനം ചെയ്യുക. ബ്രിട്ടനിൽ അഭയം തേടുക. അന്ന് വിട്ടുപോന്ന രാജ്യത്തേക്ക് അദ്ദേഹം മടങ്ങിച്ചെന്നത് നീണ്ട 17 വർഷങ്ങൾക്കു ശേഷമാണ്. ആ മടക്കയാത്ര വ്യത്യസ്തമായ അനുഭവവുമായിരുന്നു. 

 

രണ്ടു പതിറ്റാണ്ടുകൊണ്ട് തന്റെ രാജ്യം അടിമുടി മാറിക്കാണുമെന്നായിരുന്നു വിചാരം. തന്നെ ആരും തിരിച്ചറിയില്ലെന്നു വിചാരിച്ചു. രാജ്യത്തെ വഞ്ചിച്ചവൻ എന്നു വിളിക്കപ്പെടുമോയെന്ന് ഭയപ്പെട്ടു. ബാല്യം, കൗമാരം, യൗവ്വനത്തിന്റെ ആദ്യകാലം ഒക്കെ ഒരുമിച്ചു ചെലവിട്ടവർ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് ആശങ്കപ്പെട്ടു. അവർ അവരിൽ ഒരാളായി കൂട്ടില്ലെന്നു പോലും വിശ്വസിച്ചു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. തൊട്ടു തലേന്നു കണ്ടു പിരിഞ്ഞവരെപ്പോലെ അവരെന്നെ സ്വാഗതം ചെയ്തു. സന്തോഷത്തോടെ. നിഷ്കളങ്കമായ ആഹ്ലാദത്തോടെ– ഗുർന പറയുന്നു. 

 

ഓർമകൾ വേട്ടയാടുന്നുണ്ടോ എന്ന ചോദ്യം പോലും ഗുർന ഇഷ്ടപ്പെടുന്നില്ല. വേട്ടയാടുന്നു എന്ന വാക്ക് തന്നെ ക്ലീഷേ ആയില്ലേ എന്നാണദ്ദേഹത്തിന്റെ മറുചോദ്യം. അതിഭാവുകത്വം നിറഞ്ഞ വാക്ക്. ജനിച്ചു വളർന്ന പ്രദേശത്തു നിന്നകലെ മറ്റൊരു ദേശത്ത്, അപരിചിതമായ ഭൂമിയിൽ ജീവിതം വീണ്ടും തുടങ്ങുക എന്നതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും ദയനീയ കഥ. അതിന് അനേകം മാനങ്ങളുണ്ട്. അനേകം കാഴ്ചപ്പാടുകളും. ഓരോരുത്തരും എന്തൊക്കെ ഓർത്തിരിക്കുന്നു. അഥാവാ ഓർമകൾ തന്നെ അവശേഷിക്കുന്നുണ്ടോ. പുതിയ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു. എന്തു തരം സ്വീകരണമായിരിക്കും ലഭിക്കുക... അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ. വേട്ടയാടുകയല്ല അവയിലൂടെ ജീവിക്കുകയാണ്. 

 

നാട്ടിൽ ഇടവേളയ്ക്ക് തിരിച്ചുചെന്നപ്പോഴേക്കും അദ്ദേഹം എഴുത്തുകാരനായി കുറച്ചൊക്കെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ, താൻ ഒരിക്കലും എഴുതാൻ ആഗ്രഹിച്ച് എഴുത്തുകാരനായ വ്യക്തിയല്ലെന്ന് അദ്ദേഹം പറയുന്നു. മറിച്ച് എഴുതാൻ നിർബന്ധിതനാകുകയായിരുന്നു. സാഹചര്യങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്. ദാരിദ്ര്യം. ഗൃഹാതുരത. ജോലി അറിയില്ലെന്ന സങ്കടം. വിദ്യാഭ്യാസമില്ലെന്ന ദയനീയത. ആ കഷ്ടപ്പാടിൽ എഴുതിപ്പോയി. ആദ്യത്തെ നോവൽ എഴുതുമ്പോഴും ഒരു നോവലാണ് എഴുതുന്നതെന്ന് എനിക്ക് തോന്നിയതേയില്ല. നഷ്ടപ്പെട്ടതും പിന്നിൽ ഉപേക്ഷിച്ചതുമെല്ലാം അക്ഷരങ്ങളിലൂടെ ഞാൻ പുനഃസൃഷ്ടിക്കുകയായിരുന്നു. നേടാനുള്ള ഭാവിയും. 

 

60–കളിൽ ഇന്നത്തെപ്പോലെയായിരുന്നില്ല ബ്രിട്ടനിലെ സാഹചര്യം. വർണ വിവേചനത്തിന്റെ, വംശീയ വിവേചനത്തിന്റെ കയ്പ് ഏറെ കുടിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ന് ആരും ആരോടും പറയാൻ മടിക്കുന്ന വാക്കുകൾ അന്ന് പലരിൽ നിന്നും കേൾക്കേണ്ടിവന്നിട്ടുണ്ട്. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ, ട്രെയിനിലേക്കോ ഹോട്ടലിലേക്കോ കയറുമ്പോൾ അസന്തുഷ്ടി നിറഞ്ഞ മുഖമായിരിക്കും നേരിടേണ്ടിവരിക. ഒട്ടും സൗഹൃദമില്ലാത്ത വാക്കുകളും. അന്നതൊക്കെ പതിവായിരുന്നു. ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. 

 

ഇന്ന്, കറുത്ത കാലം പിന്നിട്ട് ഇംഗ്ലിഷ് ഭാഷയിൽ എഴുതുന്ന ടാൻസനിയൻ എഴുത്തുകാരനായി ലോകം അംഗീകരിക്കുമ്പോൾ ഗുർനയുടെ മനസ്സിൽ പ്രതികാരമില്ല. വലിയൊരു നേട്ടം സ്വന്തമാക്കിയെന്ന അഭിമാനമില്ല. ഞാൻ പറഞ്ഞ കഥ ലോകം കേട്ടുവല്ലോ. ഇനിയും ഒട്ടേറെപ്പേർ എന്നെ വായിക്കുമല്ലോ എന്ന ചിന്ത മാത്രം. 

 

എന്റെ കഥയാണത്. ഈ കാലത്തിന്റെ കഥ. എനിക്കു പറയാനുള്ള ഒരേയൊരു ദുരന്ത കഥ. നിങ്ങൾ ഇപ്പോൾ വായിക്കുന്ന കഥയാണു ഞാൻ.. ഈ അബ്ദുൾ റസാക്ക് ഗുർന. 

 

Content Summary: Abdulrazak Gurnah is Awarded the Nobel Prize in Literature 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com