മലയാളികൾക്ക് അത്രയേറെ പരിചിതമല്ലാത്ത ഭൂമികയിലൂടെയാണ് ഹരിത സാവിത്രിയുടെ യാത്ര. യൂറോപ്പിലെ വിവിധ രാജ്യങ്ങളും തുർക്കിയും കുർദിസ്ഥാനും അവിടുത്തെ ജനങ്ങളുമൊക്കെ ഇതുവരെയാരും പറയാത്ത കഥകളുമായി കാത്തിരിക്കുന്നു. ദുഷ്കരവും അപകടംപിടിച്ചതുമായ ആ സഞ്ചാരമേറ്റെടുത്ത ഹരിത കണ്ടുമുട്ടുന്നവരുടെയുള്ളിലുള്ളത് അനുഭവങ്ങളുടെ കടലാഴങ്ങളാണ്. മനുഷ്യരുടെ കണ്ണുകളിലൂടെ അവരുടെ ഹൃദയങ്ങളിലേക്കു നോക്കുന്നയാളാണ് എഴുത്തുകാരി. അവരുടെ വേദനകളും സങ്കടങ്ങളും ഒറ്റപ്പെടലും അതിജീവനവും നിശ്ചയദാർഢ്യവും ജീവിതപ്രണയവും തന്റേതു കൂടിയാക്കി മാറ്റുന്നുമുണ്ട് ഹരിത. ‘മുറിവേറ്റവരുടെ പാതകൾ’ എന്ന പുസ്തകത്തിലെ 17 അധ്യായങ്ങളിലൂടെ ഹരിതയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ ഇങ്ങനെയും ഒരു ലോകമുണ്ടോ, ഇതുപോലത്തെ മനുഷ്യരുണ്ടോ എന്നൊരു നിമിഷം ചിന്തിച്ചു പോകും. ചിലപ്പോഴെങ്കിലും അതിയായ സങ്കടത്താലോ സന്തോഷത്താലോ കണ്ണു നിറഞ്ഞേക്കാം. ആ എഴുത്തിന്റെ മാന്ത്രികതയാലാണത്. മാനവികത ഉയർത്തിപ്പിടിക്കുന്ന, സഹജീവി സ്നേഹം നിറഞ്ഞ, അങ്ങേയറ്റത്തെ കരുതലുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം എഴുത്തിലുടനീളം അനുഭവപ്പെടും. അർജന്റീനയിലെ യുദ്ധക്കുറ്റവാളികളുടെ ക്രൂരകൃത്യങ്ങളാൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട ജൂലിയൻ എന്ന യുവാവ് എഴുത്തുകാരിയെ മമ്മാസിത്താ (അമ്മേ) എന്നു കരുണാർദ്രമായി വിളിക്കുമ്പോൾ വായനക്കാരുടെ ഉള്ളിലുമൊരു സ്നേഹനദിയുടെ ഉറവ പൊട്ടും.
HIGHLIGHTS
- മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി.