ADVERTISEMENT

ടോക്കിയോയിൽ പി.ആർ. ശ്രീജേഷ് എന്ന മലയാളി, ഹോക്കിസ്റ്റിക്കുകൊണ്ട് എഴുതിയത് ചരിത്രമായിരുന്നു. നാലു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ ഹോക്കി ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട ചരിത്രം. മെഡൽ പ്രതീക്ഷയുമായി ടോക്കിയോയിലേക്കു തിരിക്കുമ്പോൾ ശ്രീജേഷിന്റെ ബാഗിൽ മൂന്നു പുസ്തകങ്ങളുമുണ്ടായിരുന്നു. മനസ്സിന്റെ കരുത്തിനുള്ള എറ്റവും നല്ല വ്യായാമം വായനയാണെന്ന് ശ്രീജേഷിന് ഉറപ്പുണ്ടായിരുന്നു. വായനയെക്കുറിച്ചും ഇഷ്ട പുസ്തകങ്ങളെ കുറിച്ചും പി.ആർ. ശ്രീജേഷ് മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു.

 

സമ്മാനം കിട്ടിയ പുസ്തകം, വായനയിലേയ്ക്കുള്ള ആദ്യ ചുവട്

one-night-at-call-center

 

സ്കൂൾ കാലം മുതൽ കായികമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശ്രീജേഷ് യാദൃച്ഛികമായാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. അതിനു നിമിത്തമായത് കൂട്ടുകാരൻ സമ്മാനമായി നൽകിയ ചേതൻ ഭഗത്തിന്റെ ‘വൺ നൈറ്റ് അറ്റ് ദ് കോൾ സെന്റർ’ എന്ന ബുക്കാണ്. അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കുന്നത് ശീലമില്ലാതിരുന്ന ഒരാളെ സംബന്ധിച്ച് അത്ര എളുപ്പം വഴുങ്ങുന്നതായിരുന്നില്ല വായന. നാളുകൾ എടുത്താണ്  ‘വൺ നൈറ്റ് അറ്റ് ദ് കോൾ സെന്റർ’ വായിച്ചു തീർത്തത്. ആ പുസ്തകം വായിച്ചു തീർന്നപ്പോഴേയ്ക്കും അടുത്ത പുസ്തകം കയ്യിലെത്തി. അങ്ങനെ പതിയെപ്പതിയെ വായനയും നിത്യജീവിതത്തിന്റെ ഭാഗമായി. രാവിലെയും വൈകിട്ടും വായനയ്ക്കായി സമയം കണ്ടെത്തി. ഏതു തിരക്കിനിടയിലും എന്തെങ്കിലും വായിക്കാത്ത ദിവസം ഇപ്പോൾ ശ്രീജേഷിന്റെ ജീവിതത്തിലില്ല.

 

വായന, ഏറ്റവും നല്ല നിക്ഷേപം

psychology-of-success-and-the-five-people-you-meet-in-heaven

 

വായനയെ ഏറ്റവും നല്ല ഒരു നിക്ഷേപമായാണ് ശ്രീജേഷ് കാണുന്നത്. ‘വായനയ്ക്കായി ചെലവഴിച്ച സമയം ഒരിക്കലും പാഴാവുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അനുകൂലമായ സാഹചര്യം വരുമ്പോൾ വായിച്ചു നേടിയ അറിവുകൾ നമ്മുക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പ്. നമ്മുടെ ചിന്തകളെ, പ്രവൃത്തികളെ, തീരുമാനമെടുക്കാനുള്ള കഴിവിനെ ഒക്കെ സ്വാധീനിക്കാൻ വായനയ്ക്ക് കഴിയും. ഓരോ ബുക്കും വായിക്കുന്നതിനു മുൻപുള്ള ആളാവില്ല വായിച്ചതിനു ശേഷം. നമ്മൾ അറിയുന്നില്ലെങ്കിൽ പോലും എന്തെങ്കിലും ഒന്ന് ഓരോ പുസ്തകവും നമ്മിൽ അവശേഷിപ്പിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലും ഒന്നു ചിന്തിച്ച് പെരുമാറുവാനും ആളുകളെ കൂടുതൽ മനസ്സിലാക്കാനും ഒക്കെ എന്നെ പ്രാപ്തനാക്കിയത് വായനയാണ്.’

 

ഒളിംപിക്സിനു പോയ പുസ്തകങ്ങൾ

pr-sreejesh-1-

 

മൂന്നു പുസ്തകങ്ങളെയാണ് ടോക്കിയോ ഒളിംപിക്സിനായി പുറപ്പെടുമ്പോൾ ശ്രീജേഷ് ഒപ്പം കൂട്ടിയത്. മിച്ച് ആൽബം എഴുതിയ നോവൽ ‘ദ് ഫൈവ് പീപ്പിൾ യു മെറ്റ് ഇൻ ഹെവൻ’ (The Five People You Meet in Heaven, Mitch Albom), ഡെനിസ് വൈറ്റ്‌ലേയുടെ ‘സൈക്കോളജി ഓഫ് സക്സസ്’ (Psychology of Success, Denis Waitley), സൈമൺ സൈനക്കിന്റെ ‘ലീഡേഴ്സ് ഈറ്റ് ലാസ്റ്റ്’ (Leaders Eat Last, Simon Sinek). 

 

ലോക്ഡൗൺ വളർത്തിയ വായന

 

കോവിഡ് കാലത്ത് ലോകം മുഴുവൻ ലോക്ഡൗണിലായപ്പോൾ ശ്രീജേഷിന്റെ വായനയുടെ ലോകം കൂടുതൽ വിശാലമായി. ലോക്ഡൗൺ കാലത്തു മാത്രം വായിച്ചു തീർത്തത് 130 ഓളം പുസ്തകങ്ങൾ... അടച്ചുപൂട്ടലിനെ മനസ്സുമടുക്കാതെ മറികടക്കാൻ ഈ പുസ്തകങ്ങൾ സഹായിച്ചു. 

 

ഇഷ്ട പുസ്തകം

 

‘പുസ്തകവും ആഹാരവും ഒരുപോലെയാണ്. എന്റെ ഇഷ്ട രുചിയാവണമെന്നില്ല മറ്റൊരാൾക്ക്. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. റോബിൻ ശർമയുടെ ‘ദ് 5 എഎം ക്ലബ്’ എന്ന പുസ്തകം എനിക്ക് ഇഷ്ടപ്പെട്ട ബുക്കുകളിൽ ഒന്നാണ്. നമ്മുടെ ജീവിതശൈലികളെ ക്രമപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണിത്. ഡോ ജോസഫ് മര്‍ഫിയുടെ ‘ദ് പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്’ എന്ന പുസ്തകം എന്നെ സ്വാധീനിച്ചിട്ടുണ്ട്.’

 

പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ്

 

‘സെക്കൻഡ് ഹാൻഡ് ബുക്കുകളാണ് കൂടുതലും വാങ്ങാറ്. സ്കിൽ ഡവലപ്മെന്റ് ബുക്ക്, സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ടവരുടെ ജീവചരിത്രങ്ങൾ, ആത്മകഥകൾ, ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് കൂടുതലിഷ്ടം. സെക്കൻഡ് ഹാൻഡ് ബുക്ക്സൈറ്റുകളിൽ പുസ്തകങ്ങളുടെ റേറ്റിങ്ങും അഭിപ്രായങ്ങളും ഒക്കെ നോക്കും.’

 

വായിക്കാൻ സമയമില്ലെന്നു പറയുന്നവരോട്...

 

‘നമ്മുടെ സമയം നമ്മൾ തീരുമാനിക്കുന്നതാണ്. എന്തിനു മുൻഗണന കൊടുക്കണം എന്നതും നമ്മുടെ തീരുമാനമാണ്. നമ്മൾ കണ്ടെത്തുന്ന പല നേരംപോക്കുകളും അപ്പോഴത്തേക്കു മാത്രം ഉള്ളതാണ്. എന്നാൽ വായന അങ്ങനെയല്ല. നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കാൻ വായനയ്ക്കു കഴിയും. വായന നമ്മളെ കൂടുതൽ നല്ല മനുഷ്യനാക്കുന്നു.’

 

 

Content Summary: Indian hockey player PR Sreejesh on his reading habit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com