ADVERTISEMENT

പ്രണയിനിക്കു വേണ്ടി ദശകങ്ങളോളം കാത്തിരിക്കുമ്പോൾ ഫ്ലോറന്റിനോ അരിസയുടെ ഒരേയൊരു സമ്പാദ്യം ഓർമകൾ മാത്രമായിരുന്നു. തന്നെ ഉലയ്ക്കുന്ന ഓർമകൾ ഫെർമനിന ഡാസയുടെ ഹൃദയത്തിൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. വിവാഹിതയായാലും ഓർമകളിൽ നിന്ന് ഫെർമിനിയ്ക്ക് മോചനമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അയാൾ കാത്തിരുന്നത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ദീർഘവർഷങ്ങൾ. ഫെർമിനയുടെ ഭർത്താവ് മരിച്ചപ്പോൾ ശോകഗാനങ്ങൾ മതിയാക്കി അയാൾ അവളെ സമീപിച്ചു. വാർധക്യത്തിലാണു തങ്ങൾ എന്നത് പരിഗണിക്കാതെ. തന്നെ ജീവിപ്പിച്ച ഓർമകൾ അവളിലും സജീവമാണോ എന്ന ഉറപ്പു പോലുമില്ലാതെ. അന്ന് ഫെർമിന അയാളെ തള്ളിക്കളഞ്ഞിരുന്നെങ്കിൽ ലോകം ഓർമകളെ വിശ്വസിക്കുന്നതു നിർത്തുമായിരുന്നു. ഓർമകൾ സൃഷ്ടിക്കുന്ന ശവക്കുഴിയെ വെറുക്കുമായിരുന്നു. അങ്ങനെ സംഭവിക്കരുതെന്ന് കൂടി ഉറപ്പിക്കാൻ വേണ്ടിയാകണം മാർക്കേസ് കോളറക്കാലത്തെ പ്രണയം എഴുതിയത്. പുരോഹിതന്റെ മനസ്സു പോലും കീഴടക്കുന്ന പ്രണയപ്പിശാചുകളെക്കുറിച്ച് എഴുതിയത്. ഓർമകളുടെ കരുത്ത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സൃഷ്ടിക്കാനും സംഹരിക്കാനുമുള്ള അവയുടെ കഴിയും. അതുകൊണ്ടുകൂടിയാകും, ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരേയൊരു വഴി ഓർമകൾക്കു പിടി കൊടുക്കാതിരിക്കുകയാണെന്ന് അദ്ദേഹം എഴുതിയത്. എന്നാൽ ലോകത്തിന് ഇന്നും പ്രിയപ്പെട്ടതാണ് മാർക്കേസിന്റെ ഓർമകൾ. അദ്ദേഹത്തെ ഓർമിപ്പിക്കുന്നതെല്ലാം. അതിനു തെളിവാണ് എഴുത്തുകാരനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലത്തിൽ അനുഭവപ്പെടുന്ന തിരക്ക്. മാർക്കേസിന്റെ സ്വകാര്യശേഖരം സ്വന്തമാക്കാനുള്ള സുവർണ്ണാവസരം പൂർണമായും പ്രയോജനപ്പെടുത്തണം എന്ന വാശിയിലാണ് ആരാധകർ. 

 

മാർക്കേസിന്റെ വസ്ത്രങ്ങളും മറ്റ് ശേഖരങ്ങളുമടങ്ങുന്ന നാനൂറ് അമൂല്യവസ്തുക്കളാണു മെക്സിക്കോയിൽ ലേലത്തിനു വച്ചിരിക്കുന്നത്. എഴുത്തുകാരന്റെ വീടിനോടു ചേർന്ന് ആരംഭിച്ച സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്. ഈ മാസം 20 ന് തുടങ്ങിയ ലേലം സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ കുടുംബം തന്നെ. മുൻനിരയിൽ കഥാകൃത്തിന്റെ ചെറുമകളുണ്ട്. എമിലിയ ഗാർസിയ എലിസോണ്ടോ. സ്വകാര്യ സമ്പാദ്യങ്ങളിൽ നിന്ന് ലേലത്തിനുള്ളവ തെരഞ്ഞെടുത്തതും എമിലിയയാണ്.

 

ഏകാന്തതയുടെ നൂറുവർഷങ്ങളുടെയും കോളറക്കാലത്തെ പ്രണയത്തിന്റെയും ചൂടും ചൂരുമറിഞ്ഞ തുണിത്തരങ്ങളാണു കൂടുതലും. എല്ലാം എഴുത്തുകാരന് ഏറെ പ്രിയപ്പെട്ടവ. കാഴ്ചയ്ക്ക് ഇന്നും പുതു പുത്തനായ ഷർട്ടുകൾ, കോട്ടുകൾ, ജാക്കറ്റുകൾ, ഡിസൈനർ ടൈകൾ, ഹാൻഡ് കർച്ചീഫുകൾ... കറുപ്പും കാപ്പിപ്പൊടിയും ചാരയും നിറങ്ങളിലുള്ള ബൂട്ടുകൾ, ബെൽറ്റുകൾ, ഷൂസുകൾ, ബാഗുകൾ, ഫോട്ടോഗ്രഫുകൾ... കേണൽ അറീലിയാനോയെ സൃഷ്ടിച്ച, ഉർസുലയെ സൃഷ്ടിച്ച എഴുത്തുകാരന്റെ സ്വകാര്യസ്വത്തുക്കളുടെ നിര നീളുകയാണ്.

 

ആരാധകർക്കു കൈയൊപ്പു നൽകാൻ കൂടെക്കൂട്ടിയിരുന്ന പേന പോക്കറ്റിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന കോട്ട്, ഇന്നും മഷിപ്പാടു മായാത്ത കമ്പിളി ജാക്കറ്റ്, മൂന്നു പതിറ്റാണ്ടു മുൻപ് സാഹിത്യനോബൽ ഏറ്റുവാങ്ങിയ നിമിഷം പകർത്തിയ ഫോട്ടോ ഫ്രെയിം... അപൂർവ ശേഖരങ്ങൾ സ്വന്തമാക്കുന്ന ഭാഗ്യശാലികളെ വരും ദിവസങ്ങളിലറിയാം.

 

മാർക്കേസിന്റെ എഴുത്തു വഴികളിൽ കരുത്തും കാവലുമായ ജീവിതപ്പാതി മേഴ്‌സിഡസിന്റെ വസ്ത്രങ്ങളിൽ ചിലതും വിൽപ്പനയ്ക്കുണ്ട്. ഡ്രസ്സുകളും ഫ്രോക്കുകളും സ്കേർട്ടുകളും. പ്രദർശനത്തിനു മാത്രമായി അനുവദിച്ചിരിക്കുന്ന ഒരു അമൂല്യ നിധിയുണ്ട് കൂട്ടത്തിൽ. പ്രിയതമന്റെ നൊബേൽ പുരസ്കാരദാന ചടങ്ങിനു മേഴ്‌സിഡസ് ധരിച്ചിരുന്ന കടും പച്ചയിൽ കറുപ്പുകലർന്ന ഗൗൺ. ഒരു കൈയിൽ മാർക്കേസിനെയും മറുകൈയിൽ മകൻ ഗൊൻസാലോയെയും ചേർത്തു പിടിച്ചു ചിരിച്ചു നിൽക്കുന്ന മേഴ്‌സിഡസിന്റെ ചിത്രം ഇന്നും മറക്കാത്തവരുണ്ട്. 

 

ലേലത്തിൽ നിന്നു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കാനാണു തീരുമാനം. മഹാനായ എഴുത്തുകാരന്റെ ഓർമ്മകളുടെ സമ്പാദ്യം ഇനി മെക്സിക്കോയിലെ അശരണരിലും എത്തും. പിന്നെയും പിന്നെയും കിനാവിന്റെ പടി കടന്നെത്തട്ടെ ആ ഓർമകൾ. 

 

സ്നേഹിച്ചിട്ടും വേർപിരിയേണ്ടിവന്നവരുടെ കണ്ണീര് ലോകം അർഹിക്കുന്നില്ല എന്നെഴുതിയിട്ടുണ്ട് മാർക്കേസ്. അഥവാ ആ കണ്ണീര് അർഹിക്കുന്നവർ പ്രിയപ്പെട്ടവരെ കരയിക്കില്ല എന്നും. മാർ‌ക്കേസിന്റെ വേർപാടിൽ ലോകം കരഞ്ഞില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരം സ്വന്തമാക്കുമ്പോഴും ആരും കരയുന്നില്ല. അദ്ദേഹം മുന്നറിയിപ്പ് തന്നിട്ടുണ്ടെങ്കിലും ഓർമകളെ നെഞ്ചോടടുക്കി, വിതുമ്പാതെ, വിറയ്ക്കാതെ ഏകാന്തതയുടെ നൂറു നൂറ് വർഷങ്ങളിലേക്ക് കടക്കുന്നു. നന്ദി, പ്രിയപ്പെട്ട ഗാബോ, ഓർമകൾക്ക് മരണമില്ലല്ലോ !

 

Content Summary: Gabriel Garcia Marquez's clothes to be auctioned in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com