ADVERTISEMENT

ലോകത്തിനു മുഴുവൻ സുഖം പകരാൻ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനെ നേർവഴിക്കു നയിക്കാൻ കൗമാരപ്രായക്കാരിയായ പെൺകുട്ടിക്കു കഴിയുമോ? അയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. ആദർശവാനാണ്. നീതിയും സമത്വവും പുലരുന്ന ലോകത്തിനു വേണ്ടി സ്വയം ബലി കൊടുക്കാൻ തയാറുമാണ്. വേദന കണ്ടാൽ ആ ഹൃദയം പിടയും; പിന്നീട് ബോധോദയം ലഭിച്ച സിദ്ധാർഥനെപ്പോലെ. എല്ലാം മറന്ന് ആരെയും സഹായിക്കും. അനീതിയും അസമത്വവും ചോദ്യം ചെയ്യും. എന്നിട്ടും അയാൾ ജീവിതം പഠിച്ചത് ഒരു പെൺകുട്ടിയിൽ നിന്നാണ്. റാസ്ക്കൾനിക്കോവ് എന്നാണയാളുടെ പേര്. പെൺകുട്ടി സോണിയയും. ദസ്തയേവ്സ്കി എന്ന അനശ്വര റഷ്യൻ എഴുത്തുകാരന്റെ കുറ്റവും ശിക്ഷയും എന്ന ക്ലാസിക് നോവലിലെ കഥാപാത്രങ്ങൾ. 

ശിശു മനുഷ്യന്റെ പിതാവ് എന്നെഴുതിയിട്ടുണ്ട് കാൽപനിക കവി വില്യം വേഡ്‌സ്‌വർത്ത്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ ദീർഘ ദർശനം ചെയ്യുന്ന ദൈവജ്ഞരാണെന്ന് മലയാളത്തിന്റെ വൈലോപ്പിള്ളിയും എഴുതി. മനുഷ്യ മനസ്സ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയ, മനഃശാസ്ത്രജ്ഞനെപ്പോലെ എഴുതിയ ദസ്തയേവ്‌സ്‌കിയും ഇതേ ദർശനമാണ് സോണിയയിലൂടെ അവതരിപ്പിച്ചത്. ആ പെൺകുട്ടി നൽകുന്ന ജ്ഞാനമാണ് റാസ്‌കൾനിക്കോവിന്റെ ജീവിതത്തിലുടനീളം വെളിച്ചം കാണിക്കുന്നത്. 

 

അവൾ ഉന്നത കുലജാതയല്ല. വിദ്യാഭ്യാസം നേടിയ വ്യക്തിയോ അറിവോ ലോകപരിചയമോ നേടിയ ആളോ അല്ല. ദരിദ്രമായ ചുറ്റുപാടിൽ ജനിച്ച്, തെരുവിൽ ജീവിക്കുന്ന വെറുക്കപ്പെട്ടവളാണ്. എന്നാൽ അവളിൽനിന്നു പ്രസരിക്കുന്ന ദിവ്യപ്രകാശത്തിലാണ് മനസ്സിലെ അധോതലങ്ങൾ റാസ്‌കൾനിക്കോവ് കാണുന്നത്. പ്രായമോ അനുഭവമോ അറിവോ അല്ല ഉന്നതവും ഉദാത്തവുമായ ജ്ഞാനത്തിന്റെ മാനദണ്ഡമെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു ദസ്തയേവ്‌സ്‌കിയെ വായിക്കുമ്പോൾ. അതുപോലെ ഉൾക്കിടിലമുണ്ടാക്കുന്ന എത്രയോ അറിവുകളാണ് അദ്ദേഹം ഇനിയും മരിക്കാത്ത കഥകളിലൂടെ പറഞ്ഞത്. 200 വർഷം മുൻപ് ജനിക്കുകയും ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായ ലോകത്തിൽ ജീവിക്കുകയും ചെയ്തിട്ടും ദസ്തയേവ്സ്കി നൽകിയ വെളിപാട് ഇതാ ഇപ്പോഴും മരുഭൂമിയിലെ മരുപ്പച്ച പോലെ മോഹിപ്പിക്കുന്നു. ദുരിതം നിറഞ്ഞ നീണ്ട രാത്രിക്കു ശേഷം വരുന്ന പ്രഭാതം പോലെ കൊതിപ്പിക്കുന്നു. എല്ലാ പുൽക്കൊടികളെയും ഇല്ലാതാക്കി കോൺക്രീറ്റ് ചെയ്തിട്ടും കല്ലിനിടയിലെ സുഷിരത്തിലൂടെ തല നീട്ടുന്ന പുൽക്കൊടിയിലെ പൂവ് പോലെ ഇളംകാറ്റിൽ ആടിയുലയുന്നു. ദൈവമേ എന്ന് നിരീശ്വരവാദി പോലും വിളിച്ചുപോകും ദസ്തയേവ്സ്‌കിയെ വായിക്കുമ്പോൾ. സാധാരണക്കാരുടെ ജീവിതം പറയുമ്പോൾ പോലും അദ്ദേഹത്തിന്റെ കഥകളിൽ തെളിയുന്ന അന്തർജ്ഞാനവും ഉൾക്കാഴ്ചയും വെളിപാടുകളും അറിയുമ്പോൾ, ഉൾക്കൊള്ളുമ്പോൾ. 

 

റാസ്‌കൾനിക്കോവ് ആദ്യം കാണുമ്പോൾ സോണിയ മദ്യപിച്ചിട്ടെന്ന പോലെ ആടിയുലയുന്നുണ്ടായിരുന്നു. ആരോ ബലമായി അവളെ മദ്യം കുടിപ്പിച്ചു എന്നുവേണം കരുതാൻ. അവളുടെ ഉടുപ്പ് കീറിയിരുന്നു. ആരോ വലിച്ചുകീറിയതാണ്. പാർക്കിലെ ബെഞ്ചിൽ ഞെട്ടറ്റ പൂവ് പോലെ അവൾ വീഴുമ്പോൾ, റാസ്‌കൾനിക്കോവിന്റെ ഹൃദയം പിടയുന്നു. മാംസദാഹിയായ ഒരു പുരുഷൻ അവളെ ശല്യം ചെയ്യാനെത്തുമ്പോൾ അയാൾ ഇടപെടുന്നു. കയ്യിലുള്ള പണം മുഴുവൻ കൊടുത്ത് പൊലീസുകാരനെ സ്വാധീനിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ കേണപേക്ഷിക്കുന്നു. ഇതേ സോണിയയാണ് പിന്നീട് റാസ്‌കൾനിക്കോവിന്റെ മനസ്സും മനഃസാക്ഷിയുമാകുന്നത്. കാമുകിയാകുന്നു എന്നല്ല പറയേണ്ടത്. പ്രണിയിനി എന്നോ ജീവിത പങ്കാളി എന്നുമല്ല പറയേണ്ടത്. യഥാർഥ പ്രണയികൾ പരസ്പരം മനസ്സും മനഃസാക്ഷിയുമാണ്. അങ്ങനെയല്ലാത്ത പ്രണയം എത്രയോ ദുർബലം. കടലിൽ നിന്നുള്ള ആദ്യത്തെ കാറ്റിൽത്തന്നെ ആ വിളക്കുമരം കെട്ടുപോകും. ആദ്യത്തെ കാർമേഘം തന്നെ ആ നക്ഷത്രത്തെ മായ്ച്ചുകളയും. ഒരു മഴയ്ക്കും മണ്ണിനുള്ളിൽ ഒളിച്ച ആ പുൽക്കൊടിയെ പുറത്തുകൊണ്ടുവരാൻ ആവില്ല. 

 

താൻ കൊലപാതകിയാണെന്നു പറയുമ്പോൾ മറ്റേത് കാമുകിയാണെങ്കിലും സത്യം മറച്ചുവയ്ക്കാനായിരിക്കും ഉപദേശിക്കുക. എങ്ങോട്ടെങ്കിലും രക്ഷപ്പെടാം എന്നായിരിക്കും പറയുക. ഒരാളു പോലും അറിഞ്ഞിട്ടില്ലാത്ത സത്യം അങ്ങനെതന്നെയിരിക്കട്ടെ എന്നു മാത്രമേ പറയാൻ സാധ്യതയുള്ളൂ. എന്നാൽ, 16 വയസ്സ് മാത്രം തോന്നിക്കുന്ന, തെരുവിന്റെ ഭാഗമായ പെൺകുട്ടി പെരുമാറിയത് ഏതു മനഃശാസ്ത്രജ്ഞനെയും അതിശയിപ്പിക്കുന്ന രീതിയിലാണ്. 

 

ഒരു നിമിഷം കുത്തേറ്റതുപോലെ പിടഞ്ഞുവെങ്കിലും കരഞ്ഞുകൊണ്ട് അവൾ അയാളുടെ മുന്നിൽ മുട്ടുകുത്തുന്നു. ആ ഒറ്റ പ്രവൃത്തിമാത്രം റാസ്ക്കൾനിക്കോവിന് എത്രമാത്രം ആശ്വാസം നൽകിയിട്ടുണ്ടാകും. ദൈവദൂതന്റെ മുന്നിൽ മുട്ടു കുത്തുന്നതു മനസ്സിലാക്കാം. പാപിയുടെ മുന്നിൽ ആരെങ്കിലും മുട്ടുകുത്തുമോ? നോക്കാൻ മടിക്കുന്ന മുഖത്തേക്ക് നോക്കി ദൈവ സാന്നിധ്യത്തിലെന്നപോലെ കൈ കൂപ്പുമോ? അഗാധമായ മനുഷ്യഹൃദയ ജ്ഞാനമുള്ള വ്യക്തികൾക്കു കഴിഞ്ഞേക്കാം; ദസ്തയേവ്‌സ്കിയെപ്പോലെ. അതിനദ്ദേഹം  16 വയസ്സുകാരിയെ തിരഞ്ഞെടുത്തതും മനഃപൂർവം തന്നെയായിരിക്കും; മനുഷ്യന്റെ കാലാകാലങ്ങളായുള്ള അബദ്ധ ധാരണകളെ തിരുത്താൻ കൂടി. 

 

നീ നിന്നോട് എന്താണ് ചെയ്തത് എന്നാണു സോണിയ അടുത്ത നിമിഷം ചോദിക്കുന്നത്. എന്തിന് കൊന്നു എന്നല്ല. രണ്ടു സ്ത്രീകളോട് എന്തു ക്രൂരതയാണ് കാട്ടിയത് എന്നല്ല. ലോകം നിന്നെ എങ്ങനെ ശിക്ഷിക്കും എന്നു ഭയപ്പെടുത്തുന്നുമില്ല. നീ നിന്നോട് എന്തിനത് ചെയ്തു എന്നാണ്. അയാളുടെ മനസ്സിനെ അവളെപ്പോലെ മനസ്സിലാക്കിയ മറ്റാരും ലോകത്തില്ലെന്ന് ആ നിമിഷത്തിൽ വെളിപ്പെടുന്നു. മറ്റൊരാളായി നിന്നല്ല, അയാളുടെ മനഃസാക്ഷിയായി നിന്നാണ് അവൾ അയാളെ മനസ്സിലാക്കിയത്. അതുകൊണ്ടാണ് അവർ തമ്മിലുള്ള പ്രണയത്തെ വീണ്ടും വീണ്ടും നാം പ്രണയിച്ചുപോകുന്നത്. പ്രണയത്തിൽ അകപ്പെടാൻ കൊതിക്കുന്നത്. വിഫല പ്രണയത്തിന്റെ പോലും കുരിശ് ഏറ്റുവാങ്ങാൻ കൊതിക്കുന്നത്. . 

 

മുട്ടുകാലിൽനിന്ന് എഴുന്നേറ്റ് രണ്ടു കൈ കൊണ്ടും അവൾ അയാളുടെ കഴുത്തിൽ ചുറ്റുന്നു. ചരിത്രത്തിൽ എന്നെങ്കിലും മറ്റേതെങ്കിലും പ്രണയികൾ ഇങ്ങനെ ആദ്യത്തെ ആലിംഗനം അനുഭവിച്ചിട്ടുണ്ടാകുമോ? ശരീരത്തെ പൂർണമായി അവഗണിച്ച് കഴുത്തിൽ മാത്രം കൈ ചേർത്തിരിക്കുമോ? പിന്നെ, അയാളെ ചുറ്റിപ്പിടിച്ച് തന്നോടു ചേർത്തുനിർത്തുന്നു. 

സോണിയാ, നീ വിചിത്ര ജീവി തന്നെ എന്നാണയാൾ പ്രതികരിക്കുന്നത്. നീ എന്തേ എന്നിൽനിന്ന് അകന്നുമാറുന്നില്ല എന്നയാൾ അതിശയിക്കുന്നു. 

അതിന് സോണിയയ്ക്ക് മറുപടിയുണ്ട്. ഈ നിമിഷത്തിൽ നിന്നെപ്പോലെ അസന്തുഷ്ടനായ മറ്റൊരു വ്യക്തിയും ഈ ലോകത്ത് കാണില്ല എന്നാണവൾ പറയുന്നത്. കൊലപാതകത്തിന്റെ രക്തം ഇരകളെയോ ബന്ധുക്കളയോ അല്ല അതു ചെയ്ത വ്യക്തിയെത്തന്നെയാണ് വേട്ടയാടുന്നതെന്ന് ആ പെൺകുട്ടി തിരിച്ചറിഞ്ഞു. ‘നിന്നെ കൊന്നവർ കൊന്നു പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ’ എന്ന് അക്കിത്തം. 

‘നീ എന്നെ ഉപേക്ഷിക്കില്ല അല്ലേ’ എന്ന് പ്രാർഥന പോലെ അയാൾ ചോദിക്കുന്നു. 

‘ഇല്ല, ഇല്ല, ഒരിക്കലുമില്ല.’ സോണിയ പറയുന്നു. ‘ഞാൻ നിന്റെ കൂടെയുണ്ടാകും. എവിടെയും എല്ലായ്‌പ്പോഴും.’ 

‘നീ എന്തേ എന്റെ ജീവിതത്തിൽ നേരത്തേയെത്തിയില്ല’ എന്ന അയാളുടെ സംശയത്തിൽ എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ള നായികയാവുകയാണ് സോണിയ. അതിലും വലിയ വിഷാദം ഒരു കാമുകന് സഹിക്കാനില്ല. ഇത്രയും നാളത്തെ പ്രണയം ആയിരുന്നില്ല ഏറ്റവും യാഥാർഥ്യമായത് എന്ന തിരിച്ചറിവിനേക്കാൾ മാരകമായ അറിവില്ല. പാഴായിപ്പോയ ജൻമവർഷങ്ങൾ ഇനി എത്ര നാൾ അയാളെ വേട്ടയാടാതിരിക്കില്ല! 

 

ഇതാ ഞാൻ എത്തിയിരിക്കുന്നു എന്നാണു സോണിയ പറയുന്നത്. സമയമായില്ല എന്നല്ല, ഇതാ സമയമായിരിക്കുന്നു എന്ന്. അന്തമറ്റ സുകൃതഹാരങ്ങൾ അന്തരാത്മാവിൽ അർപ്പിക്കുന്നത് ശ്മശാനത്തിൽ ചിതയ്ക്കു മുന്നിൽ വച്ചല്ല, ജീവിതത്തിൽ തന്നെയാണ്. ഇതുകൊണ്ടുകൂടിയാണ് ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നതും. 

 

സ്വന്തം കഴുത്തിലെ കുരിശ് സോണിയ റാസ്‌ക്കൾനിക്കോവിന് കൊടുക്കുന്നു. അയാൾ കൊലപ്പെടുത്തിയ വ്യക്തിയുടെ കുരിശ് അവൾ സ്വയം അണിയുന്നു. 

‘ഇതാ ഈ കുരിശ് എടുക്കൂ. ഇത് എന്റേതാണ്. എന്റേതാണ്. ഇത് നിനക്കുള്ളതാണ്. ഇനി എല്ലാ കഷ്ടപ്പാടുകളിലും നമ്മൾ ഒരുമിച്ചാണ്. ഇനിയീ കുരിശ് ചുമക്കുന്നത് നമ്മൾ ഒരുമിച്ചാണ്’– സോണിയ പറയുന്നു. ‘ഈ നിമിഷം തന്നെ തെരുവിലേക്ക് പോകൂ. ആൾക്കൂട്ട മധ്യത്തിൽ മുട്ടി കുത്തി മണ്ണിനെ ചുംബിക്കൂ. ലോകത്തെ മുഴുവൻ വണങ്ങിയിട്ട് ഉറക്കെ പറയൂ... ഞാനാണ് കൊലപാതകി.’ മനഃസാക്ഷിയുടെ വാക്കുകൾ അനുസരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല അയാൾക്ക്. 

 

ആ പെൺകുട്ടി കോടതിയാണ്. പരാതിയും എതിർപ്പും കേട്ട് വിധി പറയുന്ന ന്യായാധിപനാണ്. കണ്ണു കെട്ടാത്ത നീതിദേവതയാണ്. യഥാർഥ കാമുകിയാണ്. പ്രണയം എല്ലാ തെറ്റുകളെയും ഒളിപ്പിക്കുന്നു എന്നു പറഞ്ഞയാൾ എന്തൊരു വിഡ്ഢി ആയിരിക്കും. പ്രണയത്തിന്റെ നിറം വെളുപ്പാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ. 

കറുപ്പാണു പ്രണയം. പാപം ചെയ്യാത്തവർ പ്രണയിക്കുന്നതെങ്ങനെ. ഒരു തെറ്റും ഏറ്റുപറയാനില്ലെങ്കിൽ കാമുകി മുട്ടുകുത്തുമോ... സ്വന്തം കുരിശ് പിന്നെ എങ്ങനെ സമ്മാനിക്കും. 

എന്നെന്നും ഞാൻ നിന്നോടൊത്ത് ഉണ്ടാകും എന്നു പറയും. ദൈവമേ... പാപത്തിലൂടെ പ്രണയം പൂക്കട്ടെ. പാപികളിലൂടെ പ്രണയം പുനർജനിക്കട്ടെ. അവർ മനസ്സും മനഃസാക്ഷിയും ആകട്ടെ. ഒരേ കുരിശ് ചുമക്കട്ടെ. ഏകാന്തത്തടവിന്റെ നാളുകളിലും അവൾ അവന് കൂട്ടായിരിക്കട്ടെ. സൈബീരിയയിൽ റാസ്ക്കൾനിക്കോവ് തടവിൽ കിടന്നപ്പോൾ പുറത്ത് സോണിയ കാത്തിരുന്നപോലെ. 

 

ഒരിക്കൽ, കാരാഗൃഹത്തിന്റെ ഇരുമ്പു വാതിൽ അയാൾക്കു മുന്നിൽ തുറക്കും. കണ്ണീർ കഴുകിയുണക്കി, കളങ്ക രഹിതമായ ഹൃദയവുമായി അയാൾ പുറത്തുവരുമ്പോൾ അൾത്താരയിൽ കണ്ണുകൾ മെഴുകുതിരികളായി ഉരുകിയൊലിക്കും. ഒരു മെഴുകുതിരി പോലെ അവിടെ സോണിയ കാണും. അയാൾ മുട്ടുകുത്തും. ദൈവമേ...ദൈവമേ എന്നു വിളിക്കും. ആടിയുലയുന്ന നാളം അയാൾക്കു സ്‌നേഹം വാഗ്ദാനം ചെയ്യും. സ്നേഹമേ, സ്‌നേഹമേ, എന്നെ തനിച്ചാക്കരുതേ....!

 

Content Summary: 200th birth anniversary of Russian writer Fyodor Dostoevsky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com