ADVERTISEMENT

‘‘മഴക്കാലം കഴിഞ്ഞപ്പോൾ തെക്കേപ്പറമ്പിലെ വാഴക്കന്നുകൾ തഴച്ചുവളർന്നു. പകൽ പുണ്യാളച്ചനായും രാത്രി പാമ്പായും ഞാൻ ഉപദേശീടെ വീട്ടിലോട്ട് ഇഴഞ്ഞുകൊണ്ടിരുന്നു. സന്ധ്യയ്ക്ക് കാറ്റിലാടുന്ന വാഴക്കൂട്ടം ചൂണ്ടി ഞാൻ ഉപദേശീടെ ഭാര്യയോട് പറഞ്ഞു-

എനിക്കിനീം.... ഇതൊക്കെ മനസീക്കൊണ്ടു നടക്കാമ്മേല.... ഞാനെല്ലാം ഉപദേശീടടുത്ത് ഏറ്റുപറഞ്ഞ് സ്‌നാനപ്പെടാൻ പോണ്.

അവരെന്റെ വായ പൊത്തിപ്പിടിച്ചു.

ന്റെ ജീവിതം....

അവരുടെ നേർത്ത രോമക്കെട്ട് നെറഞ്ഞ കൈത്തണ്ടുമ്മേലൂടെ ഇഴഞ്ഞ്, വിലക്കപ്പെട്ടതും കൊതിച്ചതുമായ കനി അനായാസേന തിന്നതിന്റെ സന്തോഷത്തില് സാക്ഷ നീക്കുമ്പ പിന്നിലവരുടെ കരച്ചിൽ.

പണ്ടാരടങ്ങാൻ എന്തിനാ ഈ കരച്ചില്... 

പട്ടാള റമ്മേ വീണ ബീഡിച്ചാരം പോലെ, അവരുടെ കരച്ചില് മടുപ്പായപ്പ ഞാനാ വീട് ഉപേക്ഷിച്ചു. പഞ്ഞിമരക്കടവില് കഞ്ചാവ് പൊകയ്ക്കാൻ കൂടി... ഈർക്കിലിപാപ്പിക്ക് സന്തോഷം. കൊമ്പനും സന്തോഷം.’’

francis-noronha
ഫ്രാൻസിസ് നൊറോണ

                              

*************     **********    ***********

 

‘‘തോറാനപ്പെയ്ത്തിന്റെ പിറ്റേന്ന് കഞ്ചാവ് മൂത്തപ്പോൾ പാപ്പീടെ ചെവിയില് ഞാനാ രസച്ചരട് പൊട്ടിച്ചു. കൊച്ചിനെ ഇല്ലാണ്ടാക്കിയതൊഴിച്ച് ബാക്കിയെല്ലാം പറയണകേട്ട് പെരുത്തുതൊടങ്ങിയപ്പ അവന് നിർബന്ധബുദ്ധി... ഉപദേശീടെ വീട്ടിപ്പോണം. 

ഗോതുരുത്തില് വചനം പറയാൻ ഉപദേശി പോയ രാത്രി....

ഞാനും അവനും കൂടി മുഞ്ഞവേലി നൂണ്ടു. 

അവനെ തമരിന്റെ ഓട്ടക്കാഴ്ചയ്ക്ക് നിർത്തി ഇടയ്ക്ക് കയറിവരണമെന്ന് ചട്ടം കെട്ടീട്ട് ഞാൻ അകത്താട്ട് കയറി.

ഇനിയിതൊന്നും പറ്റൂല്ലെന്നും പറഞ്ഞ് അവര് വാതിലിനു പുറത്താട്ട് എന്നെ തള്ളുമ്പ ഈർക്കിലിപ്പാപ്പി കയറി വന്ന് അവരെ വട്ടം പിടിച്ചു. നേരം പരപരാന്ന് വെളുത്ത് ഞങ്ങ ഉടുതുണി തപ്പുമ്പ.... പാപ്പീടെ കൈലിമുണ്ടുമ്മേ അവര് തൂങ്ങിയാടണ കണ്ട്.... പാപ്പി മുള്ളിപ്പോയി.. ഞങ്ങ മുള്ളുവേലി ചാടി... ’’

 

ഫ്രാൻസിസ് നൊറോണയുടെ ആദമിന്റെ മുഴ എന്ന കഥ വായിക്കുമ്പോൾ നമ്മളും പല പല മുള്ളുവേലികൾ ചാടിയെന്നിരിക്കും, മനസ്സുകൊണ്ട്. മനസ്സുകൊണ്ട് വ്യഭിചരിക്കാത്തവർ ആരാണ്? മനസ്സുകൊണ്ട് വ്യഭിചരിക്കുന്നതിൽ പാപമില്ലെങ്കിൽ പിന്നെ യഥാർഥത്തിൽ വ്യഭിചരിക്കുന്നതിൽ പാപമുണ്ടാകുന്നതെങ്ങനെ? പുരുഷനും സ്ത്രീയും ഇണചേരുന്നത് പ്രകൃതിനിയമത്തിന്റെ നടപ്പിലാക്കൽ മാത്രമാണെങ്കിൽ ഇണചേരലിൽ പാപമിരിക്കുന്നതെവിടെ?  പാപവും പുണ്യവും മനസ്സിലാക്കാതെയാവുമോ പ്രകൃതി അതിന്റെ ജീവിതനിയമങ്ങൾ ഉണ്ടാക്കുന്നത്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കൂമ്പാരമാണ് മനുഷ്യജീവിതം. ചോദ്യങ്ങൾ നിരന്തരം ചോദിക്കാനും ഉത്തരത്തിനു വേണ്ടി അന്വേഷണം നടത്താനും നമ്മെ പ്രേരിപ്പിക്കുന്നവയാണ് മികച്ച സാഹിത്യ സൃഷ്ടികൾ. നൊറോണയുടെ പല കഥകളിലുമെന്നപോലെ ഈ കഥയിലും, ദുരൂഹതകൾ കെട്ടുപിണഞ്ഞുകിടക്കുന്ന ജീവിതസമസ്യയുടെ കുരുക്കുകളഴിക്കാനുള്ള വിശ്രമമില്ലാത്ത ശ്രമമാണ് നമുക്കു മനസ്സിലാവുക. 

 

കൊച്ചിയിലെ ഒരു കടലോര കായൽ ദ്വീപിൽ നടക്കുന്ന സംഭവം. നീലച്ചിത്രവും കള്ളും കഞ്ചാവും വ്യഭിചാരവും കൊലപാതകവും ബലാൽസംഗവും ആത്മഹത്യയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ദ്വീപിലെ ജീവിതം ചിത്രീകരിക്കുന്നതുവഴി പുണ്യപാപങ്ങളുടെ ദുരൂഹസമസ്യകളെക്കുറിച്ച് ചിന്തിക്കാൻ നാമും പ്രേരിപ്പിക്കപ്പെടുന്നു. 

 

മനുഷ്യരെല്ലാവരും നല്ലവരാണ്. എല്ലാ മനുഷ്യരും ചീത്തയുമാണ്. ചീത്തത്തം ഏറ്റവും കൂടുതലുള്ളയാളിനു പോലും നന്മ ചാരത്തിൽ പൊതിഞ്ഞുകിടക്കുന്ന ഒരു മനസ്സുണ്ടാവും. ആ നന്മയുടെ ഉയിർപ്പ് പാപബോധമായും കുമ്പസാരമായും തെറ്റുതിരുത്തലായും അവനെ പരിവർത്തിപ്പിക്കും. ഈ പരിവർത്തനം തീർത്തും ഇല്ലായിരുന്നെങ്കിൽ പണ്ടേ ഭൂമി ജീവിക്കാൻ കൊള്ളാത്ത നരകമായേനേ. 

 

thottappan

‘‘നെടുമ്പാശ്ശേരീന്ന് ഫ്‌ളാറ്റിലേക്ക് രണ്ടു കിളുന്തിനേം കൂട്ടിവന്ന കാറ് കളമശ്ശേരീന്ന് കണ്ടെയ്‌നർ റോഡിലാട്ട് തിരിയുമ്പ എന്റെ കൊച്ചുമോന്റെ തോളുമ്മേ ചാഞ്ഞുകെടക്കണവളുടെ കയ്യില്ലാത്ത വയലറ്റ് ബെനിയത്തിന്റെ ഉള്ളീന്ന് പുറത്തേക്കു തുളുമ്പണത് കൊച്ചു കണ്ണാടിമ്മേക്കൂടി കാറോടിക്കുന്നവൻ നോക്കണ കണ്ടിട്ട്... എന്റെ ചങ്കു പിടഞ്ഞു. ’’

 

ആ പിടച്ചിൽ തെമ്മാടിയുടെ ഉള്ളിലെ തുടുപ്പിൽ കൂടി നന്മ ചുരത്തുന്നതിന്റെയാണ്. അതിനെ നിഷേധിക്കാൻ ആർക്കുമാവില്ല. അപ്പോൾ തെമ്മാടിക്കും രക്തസാക്ഷിമണ്ഡപമാവാമെന്ന് നമുക്കു തോന്നിപ്പോകും. നന്മ തിന്മകളുടെയും പുണ്യപാപങ്ങളുടെയും അനന്തപ്രഹേളികകളിലേക്ക് വായനക്കാരെ വലിച്ചിടുന്ന കഥയാണ് ആദമിന്റെ മുഴ. 

 

മലയാള ചെറുകഥയിൽ എല്ലാക്കാലത്തും പ്രമേയപരമായും ഭാഷാപരമായുമുള്ള ഞെട്ടിക്കലുകൾ ഉണ്ടായിട്ടുണ്ട്. കഥയെ അതിന്റെ നടപ്പു വഴിയിൽനിന്നു പിടിച്ചുമാറ്റി പുതിയ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരാണ് ആ ഞെട്ടിക്കലുകളുടെ പ്രഭവകേന്ദ്രം. അത്തരത്തിലൊരു ഞെട്ടിക്കൽ പ്രഭവകേന്ദ്രമായി ഏതാനും വർഷത്തിനിടെ മലയാള ചെറുകഥയിലേക്ക് പൊട്ടിവീണ ആളാണ് ഫ്രാൻസിസ് നൊറോണ. തൊട്ടപ്പൻ, കക്കുകളി തുടങ്ങി ഒരുപിടി കഥകളിലൂടെ നാം വിസ്മയം നിറഞ്ഞ ആ ഞെട്ടൽ ആവർത്തിച്ചു ഞെട്ടിയിട്ടുണ്ട്. ഈയിടെയായി, കഥയെഴുത്തിലേക്കു കടക്കുന്ന കുട്ടികൾ  നൊറോണയെപ്പോലെയെഴുതാൻ മൽസരിക്കുന്നതും നാം കാണുന്നു. അനുകർത്താക്കളെ സൃഷ്ടിക്കാനും ആരാധന പിടിച്ചുപറ്റാനും കെൽപുള്ള വശ്യഭാഷയും ആഖ്യാനവും.

francis-noronha-writer

 

ആലപ്പുഴയുടെയും കൊച്ചിയുടെയും കടലോരത്തെ മീൻപിടിത്തക്കാരുടെയും അവർക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെയും അരികുജീവിതങ്ങളും സഭയും വിശ്വാസവും സദാചാരങ്ങളുടെ സൃഷ്ടികേന്ദ്രങ്ങളായി വാഴ്ത്തപ്പെടുന്നതിനിടയിൽ കൂടി,  പ്രസ്ഥാനവൽക്കരിക്കപ്പെട്ട വിശ്വാസങ്ങളുടെ പ്രഹരമേൽക്കുന്ന സാധാരണക്കാരുടെ അസ്വസ്ഥജീവിതങ്ങളുമാണ് നൊറോണക്കഥകളിൽ പലപ്പോഴും പ്രമേയപ്പെട്ടുവരുന്നത്. തീരമണ്ണിന്റെയും കടലുപ്പിന്റെയും മീൻചെതുമ്പലിന്റെയുമൊക്കെ മണമുള്ള ഭാഷ കൊണ്ടാണ് നൊറോണ നമ്മെ സ്‌നാനപ്പെടുത്തുന്നത്. ഇതേ ഭാഷയിൽ മുമ്പും മലയാളത്തിൽ കഥകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭാഷയുടെ ചടുലതയും വ്യംഗ്യവശ്യതയുമാണ്  നൊറോണ കഥകളുടെ  സൗന്ദര്യം. ആ കഥകളുടെ പൊതുസ്വഭാവമെല്ലാം തുടിച്ചുനിൽക്കുന്നൊരു കഥയാണ് ആദമിന്റെ മുഴ. തൊട്ടപ്പൻ എന്ന സമാഹാരത്തിൽ ഈ കഥയുണ്ട്. 

നൊറോണക്കഥയെക്കുറിച്ച് എത്ര വേണമെങ്കിലും  പറയാം. പക്ഷേ, ആ കഥ അനുഭവിക്കണമെങ്കിൽ വായിച്ചേ കഴിയൂ. പറഞ്ഞുകേട്ടാൽ പോരാ.

അശരണരുടെ സുവിശേഷം  (നോവൽ), മുണ്ടൻ പറുങ്കി  (അനുഭവക്കുറിപ്പുകൾ),  കാതുസൂത്രം (കഥകൾ) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ജനിച്ച്, അവിടെ പഠിച്ചു വളർന്ന നൊറോണ ഇപ്പോൾ താമസം കൊച്ചിയിലാണ്. മാവേലിക്കരയിൽ സർക്കാരുദ്യോഗസ്ഥൻ. 

 

ആദമിന്റെ മുഴയെക്കുറിച്ച് കഥാകൃത്ത്-

 

എന്റെ ആദ്യ കഥയാണ് ആദമിന്റെ മുഴ. കുട്ടിക്കാലത്ത് മോസ്‌കോയിൽ താമസിക്കുമ്പോൾ അമ്മൂമ്മയിൽനിന്നു കേട്ടറിഞ്ഞ ചില കാര്യങ്ങളും എന്റെ കൗമാരകാലത്ത് നാട്ടിലുണ്ടായ ചില സംഭവങ്ങളുമെല്ലാം ചേർത്തുവച്ചായിരുന്നു പ്രഥമ കഥയെഴുത്ത്... മോസ്‌കോയിലാണ് താമസം എന്നു കേൾക്കുമ്പോൾ അതങ്ങ് റഷ്യയിലാണെന്ന് പലരും കരുതും. കല്ലേലിക്കാരിൽനിന്നു കുടികിടപ്പുകാർക്ക് കിട്ടിയ ആലപ്പുഴയിലെ ഒരു ഇട്ടാവട്ടമായിരുന്നു മോസ്‌കോ.. പട്ടാണിയിടുക്കായിരുന്നു അതിന്റെ കോട്ടവാതിൽ.. ലത്തീൻ പള്ളിയിലെ തെക്കേപ്പാലയ്ക്കലച്ചനാണ് മോസ്കോയെന്ന കമ്യൂണിസ്റ്റ് പേരിനാൽ ഞങ്ങളുടെ ദേശത്തെ സ്‌നാനപ്പെടുത്തിയത്. അതിന്റെ പിന്നിലെ കഥകളൊക്കെ മനോരമ പ്രസിദ്ധീകരിച്ച മുണ്ടൻപറുങ്കി എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

 

ആദമിന്റെ മുഴയിലെ  കഥാപാത്രങ്ങളെ മോസ്‌കോയിലെ പഴമക്കാർ തിരിച്ചറിയുമോ എന്ന ആശങ്കയിലാണ് കഥയുടെ ഭൂമിക എറണാകുളത്തെ ദ്വീപിലേക്ക് മാറ്റിയത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ മാത്രമല്ല, കഥ പറയുന്നതിനും കൊച്ചിയിലെ പ്രാദേശിക ഭാഷയാണ്  ഉപയോഗിച്ചത്.  ദ്വീപിലെ ജനങ്ങൾ ഭക്തരും നിഷ്‌ക്കളങ്കരുമായ ഗ്രാമീണരായതിനാൽ ആദമിന്റെ മുഴയിലെ ദുഷ്ടകഥാപാത്രങ്ങളെ എറണാകുളത്തെ ദ്വീപിലേക്ക് കൂട്ടിക്കൊണ്ടു വന്ന് കഥ പറയുന്നതിൽ എനിക്കൊരു മനക്കുത്തുമുണ്ടായിരുന്നു.. 

 

ആലപ്പുഴയിലെ ഞങ്ങളുടെ പുരയിടം എന്റെ അമ്മാമ്മയ്ക്ക് കുടികിടപ്പു കിട്ടിയ ഭൂമിയായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നല്ലോ. ആ പരിസരത്തുള്ള മിക്കവരും അതുപോലെ കിട്ടിയ രണ്ടും മൂന്നും സെന്റിൽ ഓലപ്പുര കെട്ടി താമസിക്കുന്നവരായിരുന്നു. മുട്ടിയുരുമ്മി നിൽക്കുന്ന വീടുകൾ.. അടുപ്പിച്ചുള്ള മറപ്പുരകൾ.. പിടിച്ചുപറിക്കാരായ റൗഡികൾ. ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകൾ, പട്ടിണിയും രോഗവും നിറഞ്ഞ കൂരകൾ. പ്രാർഥനയും രോഗശാന്തിയുമായി തമ്പേറും കൊട്ടി വീടുതോറുമെത്തുന്ന സുവിശേഷകർ. സർവരാജ്യത്തൊഴിലാളികളുടെ വിപ്ലവഗാനങ്ങൾ പാടി നടന്ന പാർട്ടിക്കാർ.. ഖദർധാരികളായ ഇന്ദിരാ കോൺഗ്രസുകാർ.. വിയറ്റ്‌നാം കോളനിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള, മരവേരും ചേറും നിറഞ്ഞ വഴികളുള്ള ഒരിടം. രാത്രി ഓട്ടം വിളിച്ചാൽ ഒരൊറ്റ ഓട്ടോറിക്ഷാക്കാരനും പട്ടാണിയിടുക്ക് കടന്ന് അതുവഴി വരാറില്ലായിരുന്നു.. 

 

ഞങ്ങളുടെ കുട്ടിക്കാല ഓർമകളിൽ ആലപ്പുഴയിലെ രാഷ്ട്രീയക്കാരുടെ റൗഡികൾ താമസിച്ചിരുന്ന ദേശമാണ് മോസ്‌കോ. എന്തെങ്കിലും കുഴപ്പം കാണിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയാൽ അന്തിയാകുന്നതിനു മുന്നേ സ്റ്റേഷനിൽനിന്ന് ഇറക്കികൊണ്ടുവരാൻ നേതാക്കൻമാർ സഹായിക്കുമെന്നൊരു വിശ്വാസം മോസ്‌കോയിൽ താമസിച്ചിരുന്നവർക്കുണ്ടായിരുന്നു.. തൃശൂരിൽ നിന്നെത്തിയ ഒരു കഥകളിനടനെ കുത്തി മുറിവേൽപിച്ച് മോസ്‌കോയിലെ പിടിച്ചു പറിക്കാർ പണം കവർന്നതൊക്കെ അന്ന് പത്രങ്ങളിലെ എരിവുള്ള വാർത്തകളായിരുന്നു. ആർ.എൻ. രവിയെന്ന പൊലീസ് സൂപ്രണ്ട് എത്തിയതോടെയാണ് ഞങ്ങളുടെ പ്രദേശത്തെ ഗുണ്ടാ പ്രവർത്തനങ്ങൾക്കും അരാഷ്ട്രീയ ജീവിതങ്ങൾക്കുമെല്ലാം ഒരു ശമനമുണ്ടായത്..

 

മോസ്‌കോയിലെ അടിപിടിക്കേസിൽ പ്രതിയായ ഒരു ചെറുപ്പക്കാരൻ കള്ളും കഞ്ചാവുമൊക്കെ അടിച്ച് കാൻസർ വന്ന് മെഡിക്കൽ കോളേജിൽ കിടന്നു മരിച്ചിരുന്നു. അവന്റെ മരണത്തിനുശേഷം രണ്ടു മൂന്നാഴ്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കവലയിൽ മരിച്ചവന്റെ പേരും ഫോട്ടോയും വച്ച ഒരു ഫലകം സ്ഥാപിക്കുകയുണ്ടായി.. പിന്നീട് അവന്റെ പേരിൽ ആ ജംക്‌ഷൻ അറിയപ്പെടാനും തുടങ്ങി. ചത്തുപോയവൻ, കൈയും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകി ഒരു ചെറുപ്പക്കാരനെ തല്ലിച്ചതച്ച് മൃതപ്രായനാക്കിയതും ഇതേ ജംക്‌ഷനിലിട്ടായിരുന്നു. അക്രമിയായ ഒരുത്തന്റെ പേരിൽ ഞങ്ങളുടെ കവല അറിയപ്പെടുക... അതിലും ഭേദം മോസ്‌കോ ജംക്‌ഷനെന്ന കമ്യൂണിസ്റ്റ് പേരായിരുന്നുവെന്ന് കോൺഗ്രസ്സുകാർക്കുപോലും തോന്നി.. ആദമിന്റെ മുഴയിലെ ക്ലൈമാക്‌സ് എഴുതുമ്പോൾ ഇതൊക്കെ ആയിരുന്നു എന്റെ മനസ്സിൽ..

 

മോസ്‌കോയിൽ അക്കാലത്ത് നടന്ന സംഭവങ്ങളെല്ലാം  കറിക്കത്തിക്ക് വരഞ്ഞിട്ടപോലെ മനസ്സിൽ മുറിപ്പെട്ടു കിടന്നിരുന്നു.. ഒട്ടുമിക്കതും എന്റെ അമ്മൂമ്മ പറഞ്ഞു തന്നവയായിരുന്നു.. അമ്മൂമ്മപ്പറച്ചിലിന്റെ ഓർമ്മകളിൽനിന്നാണ് ആദമിന്റെ മുഴയിലെ കഥാപരിസരങ്ങൾ വികസിക്കുന്നത്. കഥ എഴുതുന്ന സമയത്ത് ഞാൻ ആലപ്പുഴ അരമനയുടെ ചാരിറ്റബിൾ സൊസൈറ്റിയിൽ ജോലി ചെയ്യുന്നു. അവരുടെ മാസികയ്ക്കുവേണ്ടിയാണ് രചന. നല്ല കഥയാണെന്നു പറഞ്ഞെങ്കിലും സെക്‌സും വയലൻസുമുള്ളതിനാൽ പള്ളീലച്ചനത് പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. കുറേ വർഷം എന്റെ കാൽപ്പെട്ടിയിലത് പൊടി പിടിച്ചു കിടന്നു. രണ്ടായിരത്തി പതിനാലിലാണ് ആശാൻ ജുബിറ്റ് വഴി ഡിസി ബുക്‌സിലെ അരവിന്ദൻ സാറിന് ഈ കഥ വായിക്കാൻ കൊടുക്കുന്നത്. അദ്ദേഹമാണ് രവികുമാർ സാറുമായി ബന്ധപ്പെട്ട് കലാകൗമുദിയിലൂടെ ഇതു വെളിച്ചം കാണാനുള്ള സാഹചര്യമൊരുക്കിയത്.

 

കഥ വായിച്ചിട്ട് എന്നെ ആദ്യം വിളിക്കുന്നത് ഗോപാലകൃഷ്ണ റാവു എന്ന മരടു സ്വദേശിയാണ്. എന്റെ അപ്പന്റെ പ്രായമുള്ളൊരു മനുഷ്യൻ. കഥയെക്കുറിച്ച് ദീർഘമായി എന്നോടു സംസാരിച്ചതിനു ശേഷം ‘നിങ്ങള് രാത്രി ഏതെങ്കിലും വീട്ടിൽ ഒളിഞ്ഞു നോക്കാൻ പോയിട്ടുണ്ടോയെന്ന്’ അദ്ദേഹം എന്നോടു ചോദിച്ചു. ഞാനങ്ങ് വല്ലാണ്ടായിപ്പോയി. ഒരു ഒളിഞ്ഞു നോട്ടക്കാരൻ നിങ്ങളുടെ എഴുത്തിലുടനീളമുണ്ടെന്നും, ഇനിയും മനുഷ്യ ജീവിതങ്ങളിലേക്ക് എത്തി നോക്കി മികച്ച കഥകളെഴുതണമെന്നും പറഞ്ഞ് അദ്ദേഹം അത് വിശദമാക്കിയപ്പോഴാണ് എനിക്ക് സമാധാനമായത്. ആദമിന്റെ മുഴ വായിച്ച ചിലർക്കെല്ലാം കഥയെഴുതിയ ഞാനും അതിലെ ഇരുണ്ട കഥാപാത്രങ്ങളെപ്പോലെയുള്ള ഒരുവനാണെന്നായിരുന്നു വിചാരം. കഥയെക്കുറിച്ചുള്ള സംസാരത്തിനിടയിലെ വായനക്കാരുടെ വ്യക്തിപരമായ ചോദ്യങ്ങളിൽ നിന്നാണ് എനിക്കത് മനസ്സിലായത്.  പെണ്ണാച്ചിയും ഇരുൾരതിയുമൊക്കെ എഴുതിക്കഴിഞ്ഞപ്പോഴേക്കും അതിനൊരു ആക്കം കൂടി വന്നു ചേർന്നു. കോഴിക്കോടു ലിറ്റററി ഫെസ്റ്റു നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന കഥാകൃത്തിന് എന്റെ റൂമിലേക്കു വരാൻ പേടിയായിരുന്നു. തനിച്ചു കിട്ടിയാൽ ഞാനെന്തെങ്കിലും പരാക്രമം കാട്ടിയാലോ എന്ന് അയാൾ ഇടയ്ക്കിടെ തമാശ പറയുകയും ചെയ്തിരുന്നു.

 

കഥ വന്നതിനു ശേഷം സംവിധായകൻ ജയരാജ് സാറ് ആദമിന്റെ മുഴ സിനിമയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. വൈപ്പിൻ ദ്വീപിൽ ഏതോ സിനിമയുടെ ഷൂട്ടിങ്ങിനായി താമസിച്ചിരുന്ന കാലത്തെ ചില സമാന അനുഭവങ്ങൾ എന്നോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സാഹിത്യലോകത്തിൽനിന്ന് ആദ്യമെന്നെ വിളിക്കുന്നത് വി.ആർ. സുധീഷ് മാഷാണ്. കഥയുടെ ക്രാഫ്റ്റ് ഗംഭീരമാണെന്ന് പറഞ്ഞെങ്കിലും അതിലെ വയലൻസിനോടുള്ള വിയോജിപ്പ് അദ്ദേഹം സൂചിപ്പിച്ചിരുന്നു.. മാധ്യമം വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് സേതു സാറും എന്നോടു ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു... 

 

കഥയുടെ അവസാന ഭാഗത്തെ പൊളിറ്റിക്കൽ പ്രൊപ്പഗൻഡ ഒഴിവാക്കാമായിരുന്നു എന്ന് സൂചിപ്പിച്ച കൊല്ലത്തെ പാർട്ടി പ്രവർത്തകൻ, കോട്ടയം താഴത്തങ്ങാടിയിൽനിന്നു വിളിച്ച് രാത്രി വൈകുംവരെ കഥയെക്കുറിച്ച് വാചാലനായ ഓട്ടോ ഡ്രൈവർ, തൃശൂരിലെ പലചരക്കു കടക്കാരൻ.. സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളിൽനിന്നും സാധാരണ ജനങ്ങളിൽനിന്നും ആദമിന്റെ മുഴയ്ക്ക് ലഭിച്ച പരാമർശങ്ങളും പ്രോത്സാഹനങ്ങളും തുടർന്നുള്ള എഴുത്തിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. 

 

ചെറുപ്പം മുതൽ വായിച്ചറിഞ്ഞ കഥകളിലെ എലൈറ്റഡായ വ്യക്തികളുടെയും കുടുംബങ്ങളുടെയും പശ്ചാത്തലങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, മനുഷ്യരുടെ ദൗർബല്യങ്ങളെയും അവന്റെ രതികാമനകളെയും ജീവിത വ്യഗ്രതകളെയുമൊക്കെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതസാഹചര്യത്തിൽ പറയുക എന്ന ഉദ്ദേശ്യത്തോടെയാണ് ആദമിന്റെ മുഴ എഴുതുന്നത്. ആറേഴു മാസത്തെ എന്റെ അദ്ധ്വാനമാണ് ആദമിന്റെ മുഴ. മോസ്‌കോയെന്ന പേര് ആളുകൾ മറന്നുപോയിരുന്നു. അവിടെ താമസിച്ചിരുന്ന ഒട്ടുമിക്കവരും ആ ദേശം വിട്ടുപോയി.. അക്കാലത്ത് അവിടെയുണ്ടായിരുന്ന ചിലരിൽനിന്ന് പഴയ കാര്യങ്ങളൊക്കെ ഒരാവൃത്തികൂടി കേട്ടാണ് കഥ എഴുതിയത്. കഥയിൽ ഉപയോഗിച്ചിട്ടുള്ള കൊച്ചി സ്ലാങ് കിട്ടുവാൻ ഞാൻ ഫോർട്ടുകൊച്ചിയിലെ ബന്ധുക്കളുമായി ദീർഘനേരം സംസാരിക്കുമായിരുന്നു. 

 

ആദമിന്റെ മുഴയ്ക്കുശേഷം അതേ ഭൂമികയുമായി ബന്ധമുള്ള ഒട്ടനവധി സിനിമകളും കഥകളും മലയാളത്തിലുണ്ടായി എന്നത് സന്തോഷമുള്ള കാര്യമാണ്. പ്രാദേശിക ഭാഷയുടെയും അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെയും വഴിയേ പുതുതലമുറയിലെ എഴുത്തുകാരും സഞ്ചരിക്കുന്നതു കാണുമ്പോൾ, അത്തരം ഒരു എഴുത്തിനും ഭാഷയ്ക്കും തുടക്കമിടാൻ കഴിഞ്ഞതിന്റെ ആനന്ദവുമുണ്ട്. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സക്കറിയ പറഞ്ഞതുപോലെ സ്വന്തം കഥയുടെ അനുകരണമായി മറ്റൊന്നു വരാതിരിക്കാനുള്ള കഠിനശ്രമം എന്റെ ഓരോ എഴുത്തിനെയും ജാഗരൂകമാക്കുന്നുണ്ട്. കൂടത്തിനു തലയിലിടിക്കുന്നതുപോലെയുള്ള കഥകളാണ് ഇപ്പോഴത്തെ തലമുറ എഴുതുന്നതെന്നുള്ള ടി. പത്മനാഭൻ സാറിന്റെ പരാമർശങ്ങളെയും യമയേയും നൊറോണയേയും പോലെയാവും വരും തലമുറ എഴുതുക എന്ന് ഗ്രന്ഥാലോകം മാസികയിൽ വന്ന എം.മുകുന്ദൻ സാറിന്റെ വാക്കുകളെയും ഒരുപോലെ സ്വീകരിച്ചുകൊണ്ട് എഴുത്തിന്റെ വഴിയിലൂടെ മുന്നോട്ടു നീങ്ങുന്നു.. ആദമിന്റെ മുഴയെ നെഞ്ചോടു ചേർത്ത പ്രിയ വായനക്കാർക്ക് എന്റെ സ്‌നേഹം.. 

 

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Francis Noronha

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com