വന്ദേ ഭാരത്: ‘ഇരുമ്പുപാട്ടകൾ’ മാറി രാജ്യത്തിന്റെ അഭിമാനമായ ട്രെയിൻ കോച്ചുകൾ വന്ന കഥ

train-18
വന്ദേഭാരത് ട്രെയിൻ
SHARE

കാലഹരണപ്പെട്ട ഡിസൈനായിരുന്നു എക്കാലവും ഇന്ത്യൻ ട്രെയിനുകളുടെ മുഖമുദ്ര. മറ്റു രാജ്യങ്ങൾ കോച്ചുകളും ട്രെയിനുകളും പരിഷ്കരിച്ചു അവയുടെ വേഗം കൂട്ടി ആധുനിക ലോകത്തിനൊപ്പം ഒാടിയപ്പോൾ നൂറ്റാണ്ടുകളുടെ പഴമ നിറച്ച ഇരുമ്പു പാട്ടകളായിരുന്നു നമ്മുടെ കോച്ചുകൾ. ഇതിന്റെ പൊളിച്ചെഴുത്തായിരുന്നു ഇന്ത്യ 2018ൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18 (ട്രെയിൻ എയ്റ്റീൻ). മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിൻ. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമിച്ച ട്രെയിൻ 18, വന്ദേഭാരത് എന്ന പേരിലാണു സർവീസ് നടത്തുന്നത്. 2 ട്രെയിനുകളാണു ഇപ്പോഴുള്ളത്. 

നമ്മുടെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണു വന്ദേ ഭാരത് ട്രെയിനുകൾ. മേക്ക് ഇൻ ഇന്ത്യ പരിശ്രമങ്ങൾക്കുള്ള വലിയ പ്രചോദനവും. ഐസിഎഫ് ജനറൽ മാനേജരായിരുന്ന ഇന്ത്യൻ റെയിൽവേ മെക്കാനിക്കൽ സർവീസ് ഉദ്യോഗസ്ഥൻ സുധാംശു മണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ  നിശ്ചയദാർഢ്യവും സമർപ്പണവുമായിരുന്നു ഈ മുന്നേറ്റത്തിനു പിന്നിൽ. എന്തിനേയും കണ്ണടച്ച് എതിർക്കുന്ന, ഒരു മാറ്റത്തിനും തയാറാകാത്ത, ഇപ്പോഴും ബ്രീട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകളിൽ അഭിരമിക്കുന്ന റെയിൽവേ സംവിധാനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടു ആധുനിക ട്രെയിൻ നിർമിച്ച സംഭവ ബഹുലമായ ദിനങ്ങളാണു സുധാംശു മണി എഴുതിയ ‘മൈ ട്രെയിൻ 18 സ്റ്റോറി’ എന്ന പുസ്തകം അനാവരണം ചെയ്യുന്നത്. 

my-train-18-story

‘പദ്ധതിക്കായി കാലു പിടിക്കാനും തയാറായ കാലം’

ഒരു ഫയലിലും തീരുമാനമെടുക്കാതെ ചോദ്യങ്ങൾ മാത്രം എഴുതി മടക്കുന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കിടയിലൂടെ പദ്ധതിക്ക് അനുമതി നേടിയെടുത്തതു മുതലുള്ള വെല്ലുവിളികളുടെ കഥകളാണു പുസ്തകം പറയുന്നത്. വിദേശത്തുനിന്നു കോച്ചുകൾ ഇറക്കുമതി ചെയ്യാൻ മാത്രം ഉൽസാഹിക്കുന്ന ഉദ്യോഗസ്ഥരെ ഇവിടെ ലോക നിലവാരത്തിലുള്ള ട്രെയിൻ നിർമിക്കാമെന്നു  ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുമതി വാങ്ങുക എന്നതായിരുന്നു മണി നേരിട്ട ആദ്യ െവല്ലുവിളി. ഐസിഎഫിന്റെ ജനറൽ മാനേജർ സ്ഥാനം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ 2016ലാണു മണി പുതിയ ഡിസൈനിൽ വേഗം കൂടിയ ട്രെയിൻ എന്ന ആശയവുമായി റെയിൽവേ ബോർഡിനെ സമീപിക്കുന്നത്. ഒരു ഫയൽ നീങ്ങാൻ മാസങ്ങൾ എടുക്കുന്ന ബോർഡിൽ, വിവിധ വകുപ്പുകൾ തമ്മിലുള്ള വടംവലിയ്ക്കൊടുവിൽ  2017 ഏപ്രിലിലാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുമതി ലഭിക്കുന്നത്.      

പുസ്തകത്തിൽ ഒരിടത്തു പദ്ധതിക്കു റെയിൽവേ ബോർഡ് അനുമതി ഇല്ലെന്നറിഞ്ഞ ഘട്ടത്തെ കുറിച്ചു മണി പറയുന്നുണ്ട്. ഡൽഹിയിൽ പോയി അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ.മിത്തലിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ട ശേഷം ഈ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട മണി അതിനു വേണ്ടി അദ്ദേഹത്തിന്റെ കാലു പിടിക്കാൻ പോലും മടിക്കില്ലെന്നു പറഞ്ഞു. തിരികെ ചെന്നൈയിൽ വിമാനമിറങ്ങുമ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഉത്തരവ് ഐസിഎഫിൽ എത്തിയിരുന്നു. 

ലാഭിച്ചത് കോടികൾ

കഴിവുള്ള, പുത്തൻ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തയാറായ ഒരു ഉദ്യോഗസ്ഥ സംഘത്തെ നയിച്ച കഥയും അത് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുണ്ടാക്കിയ മാറ്റങ്ങളും സുധാംശു മണി വരച്ചു കാട്ടുന്നു. വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത സീറ്റുകളൊഴികെ ബാക്കിയെല്ലാം ഘടകങ്ങളും ഇന്ത്യയിൽനിന്നു തന്നെ ലഭ്യമാക്കിയാണു ട്രെയിൻ 18 നിർമിച്ചത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ചില്ലറയായിരുന്നില്ല. ഡിസൈനിൽ സഹായിക്കാൻ വിദേശത്തു നിന്നുള്ള 2 കൺസൾട്ടന്റുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു. ഇറക്കുമതി ചെയ്താൽ 180 കോടി രൂപയോളം ചെലവു വരുന്ന ട്രെയിനാണു 97 കോടി രൂപയ്ക്കു സുധാംശു മണിയും സംഘവും റെക്കോർഡ് സമയമായ 18 മാസം കൊണ്ടു ചെന്നൈയിൽ നിർമിച്ചത്. വന്ദേ ഭാരത് ട്രെയിനുകളുടെ പേറ്റന്റ് ഐസിഎഫിനു സ്വന്തമാണ്.

പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർ ശുഭ്രാംശു, ചീഫ് ഡിസൈൻ എൻജിനീയർ (മെക്കാനിക്കൽ) എസ്.ശ്രീനിവാസ്, ചീഫ് ഡിസൈൻ എൻജിനീയർ (ഇലക്ട്രിക്കൽ) ഡി.പി.ഡാഷ്, ചീഫ് വർക്‌ഷോപ് എൻജിനീയർ മനീഷ് പ്രധാൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ പങ്കും അദ്ദേഹം എടുത്തു പറയുന്നു. പദ്ധതി നേരിട്ട ഒരോ പ്രതിസന്ധികളും അവ തരണം ചെയ്യുന്നതുമായ സംഭവങ്ങളും വിശദീകരിക്കുന്ന മണി, പദ്ധതി റെയിൽവേയ്ക്കുള്ളിൽ നിന്നു നേരിട്ട പ്രശ്നങ്ങളും സൂചിപ്പിക്കുന്നുണ്ട്. ടെസ്റ്റ് സ്പീഡായ 180ൽ ട്രെയിൻ കുതിച്ചപ്പോളും വന്ദേഭാരത് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച ദിവസത്തെ സന്തോഷവും വായനക്കാരനു കൂടി മണി പകർന്നു നൽകുന്നു. 

sudhanshu-mani
ടീം ഐസിഎഫിനൊപ്പം സുധാംശു മണി (വലത്തു നിന്ന് ഏഴാമത്)

പിന്നാലെ കേസും!

പദ്ധതിയിലുൾപ്പെട്ട ഉദ്യോഗസ്ഥരെ വിജിലൻസ് കേസിൽ കുടുക്കാൻ വരെ നീക്കം നടന്ന ഘട്ടത്തിലാണു പാതിയിൽ നിർത്തിയ പുസ്തകമെഴുത്തു മണി വീണ്ടും തുടങ്ങിയത്. ആദ്യ 2 ട്രെയിനുകൾക്കു ശേഷം പദ്ധതി റെയിൽവേ ബോർഡ് നിർത്തി വച്ചിരുന്നു. റെയിൽവേയിൽ നിന്നു വിരമിച്ച സുധാംശു മണി ഇപ്പോൾ ലക്നൗവിലാണു താമസം. പല കോണുകളിൽ നിന്നു പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണു പുസ്തകം പുറത്തു വന്നത്. ഒരു ലോബി എല്ലാ കാലത്തും വന്ദേഭാരതിന് എതിരേ പ്രവർത്തിച്ചിരുന്നു. എന്നാൽ അത്തരം ശ്രമങ്ങളെയെല്ലാം വന്ദേഭാരത് അതിജീവിക്കുമെന്നു തന്നെയാണു സുധാംശു മണി വിശ്വസിക്കുന്നത്. 

വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ, അസൂയ, സ്വാർത്ഥത എന്നിവ അൽപം കൂടി മുന്നോട്ടു പോകും എന്നാൽ ഒരു നല്ല കാര്യത്തെ അവയ്ക്കൊന്നും ഇല്ലാതാക്കാൻ കഴിയില്ലെന്നു മണി എഴുതുന്നു. ഒട്ടേറെ സാങ്കേതിക കാര്യങ്ങൾ  കടന്നു വരുന്നുണ്ടെങ്കിലും സാധാരണ വായനക്കാരനു മനസ്സിലാക്കാൻ കഴിയുന്നവയാണ് ഏറെയും.  

പുസ്തകത്തിനു പുറത്ത്:

രണ്ടു വർഷമായി നിർത്തി വച്ചിരുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണം റെയിൽവേ പിന്നീട് പുനഃരാരംഭിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 2023 ഒാഗസ്റ്റ് 15നു 75 വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തൊട്ടുപിന്നാലെ ഐസിഎഫിനു പുറമേ യുപിയിലേയും കപൂർത്തലയിലേയും കോച്ച് ഫാക്ടറികളിൽ വന്ദേഭാരത് ട്രെയിനുകളുടെ ഉൽപാദനം ആരംഭിക്കാൻ റെയിൽവേ നിർദേശം നൽകി. വിജിലൻസ് കേസിന്റെ പേരിൽ ദ്രോഹിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരികെ ഐസിഎഫിൽ നിയമിച്ച റെയിൽവേ കേസുകൾ പിൻവലിക്കുകയും ചെയ്തു. 

മൈ ട്രെയിൻ 18 സ്റ്റോറി, 

സുധാംശു മണി, 

കിവ പ്രകാശൻ, ലക്നൗ,

വില: 395 രൂപ 

ആമസോണിലും ലഭ്യം. 

Content Summary: My Train 18 Story book by Sudhanshu Mani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;