ADVERTISEMENT

കാക്ക ഒരു ഭീകരജീവിയാണോ? ആണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷേ, ചില സമയത്ത് ചിലരെ സംബന്ധിച്ചിടത്തോളം കാക്ക മൂലം ചില ഭീകരാവസ്ഥകളുണ്ടാകാറുണ്ട്. നമ്മുടെ വീട്ടുപരിസരവും നാടും മുഴുവൻ വൃത്തിയാക്കുന്ന പ്രകൃതിയുടെ സ്വന്തം തോട്ടിപ്പണിക്കാരാണ് കാക്കകൾ. വിളിയിൽ ബഹുമാനക്കുറവ് തോന്നുന്നവർക്ക് ശുചീകരണപ്പോരാളികൾ എന്നും വിളിക്കാം. നാട്ടിൽ കാക്കകൾ കുറഞ്ഞതുകൊണ്ട് ശുചീകരണത്തിനു വേഗം കുറഞ്ഞെങ്കിലും എങ്ങനെയെങ്കിലുമൊക്കെ അതങ്ങു നടന്നു പോകും. കഴുത്തിൽ വെള്ളി വളയവുമായി പിറന്നുവീഴുന്ന കാക്കകൾക്ക് ശുചീകരണം കഴിഞ്ഞാൽ എവിടെയങ്കിലുമിരുന്നു വിശ്രമിക്കാം. പക്ഷേ, ശുചീകരണം നടത്തിയാലും ഇല്ലെങ്കിലും ഇരുന്നു വിശ്രമിക്കാൻ പോലുമാകാത്തവിധം തിരക്കേറിയ മറ്റൊരു കൂട്ടരുണ്ട്. ആകെമൊത്തം കരിപുരട്ടി നടക്കുന്ന കാക്കക്കാർന്നോന്മാർ. കഴുത്തുകൂടി കറുത്തുപോയ ഈ വന്ദ്യഖഗങ്ങളെ ബലിക്കാക്ക എന്നാണ് വിളിക്കാറ്. 

 

പിതൃമോക്ഷത്തിനും സ്വന്തം മനഃശാന്തിക്കും വേണ്ടി  നാട്ടുകാർ ബലിയിടും. എന്നാൽ, ബലിക്കാക്ക വന്നു പിണ്ഡം കൊത്തിത്തിന്നാലേ ബലികർമം സഫലമായതായി കരുതാനാവൂ. മുമ്പേ കടന്നുപോയ പ്രിയപ്പെട്ടവരുടെ പ്രതിനിധികളോ പ്രതീകങ്ങളോ ഒക്കെ ആയിട്ടാണ് ബലിക്കാക്കകളെ മാനിച്ചു പോരുന്നത്. ബലിക്കുപയോഗിച്ച പിണ്ഡം കാക്ക കഴിച്ചാൽ, അനുസ്മരിക്കപ്പെട്ട പിതൃ, ശ്രാദ്ധം സ്വീകരിച്ചുവെന്ന് ആശ്വസിക്കാം. നാട്ടിൻപുറങ്ങളിൽ പോലും അതിവേഗ നഗരവൽക്കരണം നടക്കുന്ന ഇക്കാലത്ത് ബലിക്കാക്കകളെ പൊതുവെ കാണാറില്ല എന്നതൊരു യാഥാർഥ്യം. അഥവാ വല്ലപ്പോഴുമെങ്ങാൻ കണ്ടാൽപോലും ഒരു കാര്യം ഉറപ്പാണ്. നമുക്കാവശ്യം വരുന്ന സമയത്ത് കണ്ടുകിട്ടുമെന്ന് ഉറപ്പില്ല. അപ്പോൾ പിന്നെ എന്തു ചെയ്യും?

kadhayude-vazhi-santhosh-echikkanam
സന്തോഷ് ഏച്ചിക്കാനം

ഈ ചോദ്യത്തിനുള്ള ഉത്തരമായി കൂടി വായിക്കാവുന്ന കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ സിംഗപ്പൂർ.

 

മംഗളൂരിലെ ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കാസർകോട്ടുകാരാണ് ശ്രീനിവാസയും ഭാര്യ വരലക്ഷ്മിയും. രുദ്രാചാര്യ എന്ന ജ്യോൽസ്യനാണ് പിതൃക്കളുടെ അതൃപ്തിയെക്കുറിച്ചു ശ്രീനിവാസയോട് പറഞ്ഞത്. പിതൃക്കൾ ആകെ പിണങ്ങിയിരിക്കുകയാണ്. അതാണ് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാത്തത്. രണ്ടുവർഷം മുമ്പ് രുദ്രാചാര്യ കവിടി നിരത്തി കണ്ടെത്തിയ തെറ്റുകുറ്റങ്ങൾക്ക് മഥൂരിലും കുമ്പളയിലുമുള്ള ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ സകുടുംബം പോയി പരിഹാരക്രിയകൾ ചെയ്തതാണ്. അത് മനസ്സിലൂതിക്കത്തിച്ച ഉണർവിനും സന്തോഷത്തിനും മുകളിൽ ഉണക്കലരി കഴുകിയിട്ട് വേവിച്ച് കഴിഞ്ഞവർഷം നാക്കിലയിൽ ദർഭയോടൊപ്പം ഉരുട്ടിവയ്ക്കുകയും ചെയ്തു. അണ്ണനും തങ്കിയും കുടുംബസമേതം സിംഗപ്പൂരിൽ നിന്നും ശൃംഗേരിയിൽ നിന്നുമൊക്കെ വാവിനു രണ്ടു ദിവസം മുമ്പേ എത്തി വീട്ടിൽ താമസിച്ച് വിശദമായാണ് ബലിയിട്ടത്. എന്നിട്ടും പിതൃക്കൾക്ക് തൃപ്തിയായില്ലത്രേ. ബലിക്കാക്ക വന്നു പിണ്ഡം കൊത്തിത്തിന്നാതിരുന്നപ്പോഴേ പിതൃക്കൾക്ക് തൃപ്തിയായിട്ടില്ലെന്ന് വരലക്ഷ്മിക്കു തോന്നിയിരുന്നു. രുദ്രാചാര്യ അക്കാര്യം ഉറപ്പിച്ചു പറഞ്ഞു എന്നു മാത്രം. 

 

കഴിഞ്ഞ കർക്കിടകത്തിൽ അപ്പനും അമ്മയ്ക്കും അജ്ജയ്ക്കും അജ്ജിക്കു സോദരമാവയ്ക്കും ഗുരുകാരണവന്മാർക്കും എല്ലാവർക്കും വേണ്ടി തർപ്പണം ചെയ്ത് ദർഭമോതിരം ഊരി ഇലയിൽ വച്ച് കൈക്കുമ്പിളിൽ വെള്ളമെടുത്ത് തെക്കോട്ടു തിരിഞ്ഞ് കൈകൊട്ടിവിളിച്ചപ്പോൾ കാക്ക പോയിട്ട് ഒരു ഈച്ചപോലും ആ വഴി വന്നില്ല.

 

ഒടുവിൽ വിളിച്ചുവിളിച്ച് തൊണ്ടയിലെ വെള്ളം വറ്റിത്തുടങ്ങിയപ്പോൾ തങ്കിയും അണ്ണനും കൂടി സ്ഥലം വിട്ടു. ശ്രീനിവാസ ഒറ്റയ്ക്കായി. ഒച്ച പുറത്തുകേൾപ്പിക്കാതെ അയാൾ ഉള്ളിൽ കരഞ്ഞു. 

എന്റെ അജ്ജേ... ഞാനെത്ര കഷ്ടപ്പെട്ടതാണ്. ഒന്നു വന്ന് ഒരു വറ്റെങ്കിൽ ഒരു വറ്റ് കൊത്തിത്തിന്നിട്ട് പൊയ്ക്കൂടേ? 

kadhayudevazhi-santhosh-echikkanam
സന്തോഷ് ഏച്ചിക്കാനം

 

എന്തായാലും കാക്കവന്ന് പിണ്ഡം എടുക്കാതെ ബലികൊണ്ടു ഫലമില്ലെന്ന നിഗമനത്തിലെത്തി ശ്രീനിവാസ. രുദ്രാചാര്യ അതു ശരിവച്ചു. കാക്കയില്ലാത്ത നാട്ടിൽ കാക്കയെ എവിടെ നിന്നു കിട്ടും?  

അപ്പോഴാണ് സിംഗപ്പൂരിൽ നിന്ന് തങ്കിയുടെ മകൾ അർപ്പിത വിളിച്ചത്. 

ഹലോഅങ്കിൾ, ഞാനൊരു നമ്പർ തരാം. അതൊന്നു നോട്ട് ചെയ്യാമോ?

ഉപ്പളക്കാരനായ രവിന്ദ്രപൂജാരി കാപ്പുവിന്റെ നമ്പരാണ് അവൾ പറഞ്ഞുകൊടുത്തത്. ഗളേയരബളഗ എന്ന സുഹൃദ്‌സംഘത്തിന്റെ ഗ്രൂപ്പിൽ നിന്നാണ് അർപ്പിതയ്ക്കു നമ്പർ കിട്ടിയത്. 

രവീന്ദ്ര പൂജാരി കാപ്പു മാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. ജോലിയിലെ ടെൻഷൻ കാരണം വട്ടുപിടുക്കുമെന്നായപ്പോൾ ഒരു ദിവസം രാജിവച്ച് ഉപ്പളയിലെ വീട്ടിലേക്കു പോന്നു. കൃഷിയിൽ അച്ഛനെ സഹായിച്ച് സ്വസ്ഥമായി കഴിഞ്ഞുപോകുന്നതിനിടയിൽ ഒരു ദിവസം പറമ്പിലെ പീറ്റത്തെങ്ങിൽ നിന്ന് ഒരു കാക്കക്കൂട് താഴെവീണു. അതിൽ നിന്നു കിട്ടിയ രണ്ടു ചെറിയ കാക്കക്കുഞ്ഞുങ്ങളെ കാപ്പു വീട്ടിൽ വളർത്തി. കാക്ക ഇണങ്ങുകയില്ലെന്നാണ് പറയുന്നതെങ്കിലും ഈ കാക്കകൾ കാപ്പു പറയുന്നത് അതുപടി അനുസരിച്ച് കൂടെ വളർന്നു. കാക്ക കൂട്ടുകാരെ പോലെ ഇണങ്ങിയപ്പോൾ കാപ്പു അവയെ പിണ്ഡമെടുക്കാൻ പരിശീലിപ്പിച്ചു. 

 

ബലികർമം ഒന്നിന് 3000 രൂപയും ടാക്‌സുമാണ് കാപ്പു ഈടാക്കുന്നത്. വണ്ടിക്കൂലി വേറെ. ആവശ്യക്കാർ  നേരത്തേ ബുക്ക് ചെയ്യണം. ബുക്ക് ചെയ്ത വിലാസത്തിലേക്ക് കുളിപ്പിച്ച് ശുദ്ധി വരുത്തിയ കാക്കയുമായി കാപ്പു നേരത്തേ എത്തും. തലേന്നു രാത്രിമുതൽ പിണ്ഡസമർപ്പണം കഴിയും വരെ കാക്കയ്ക്ക് ആഹാരമൊന്നും കൊടുക്കില്ല. വിശക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ പണി പാളും. വീട്ടുകാർ ബലികർമങ്ങൾ പൂർത്തിയാക്കി പിണ്ഡസമർപ്പണം നടത്തിക്കഴിഞ്ഞാൽ കാപ്പു കാക്കയുടെ തലമുതൽ വാലുവരെ നീളത്തിൽ ഒന്നുഴിഞ്ഞ് പത്തൻപതുവാര അകലെ നിന്ന് ഒറ്റവിടലാണ്. പിന്നെ ഇല നക്കിത്തുടച്ച് ആത്മാക്കളെ മോക്ഷത്തിന്റെ പരകോടിയിൽ എത്തിച്ചിട്ടേ അതു തിരിച്ചുവരൂ. 

santhosh-echikkanam
സന്തോഷ് ഏച്ചിക്കാനം

 

kavana-book

ശ്രീനിവാസയുടെ വീട്ടിലും കാപ്പു നേരത്തെ എത്തി. പക്ഷേ, പിണ്ഡമെടുക്കാൻ കാക്കയെ പറത്താൻ സമയം നോക്കി കാപ്പു  നിൽക്കുമ്പോൾ വീട്ടുമുറ്റത്തൊരു ജീപ്പു വന്നുനിന്നു. അതിൽ നിന്ന് മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി. അവർ നേരെ നടന്നുവന്ന് കാപ്പുവിന്റെ അരികിൽ നിന്നു. പ്രായം ചെന്നയാൾ ചോദിച്ചു. 

രവീന്ദ്രപൂജാരി കാപ്പു?

അതെ.

പെട്ടെന്ന് ചെറുപ്പക്കാരായ രണ്ട് ഉദ്യോഗസ്ഥർ രണ്ടുവശങ്ങളിൽ നിന്നായി അയാളെ പൂട്ടി. 

കാക്കയെ വളർത്താൻ പാടില്ലെന്ന നിയമം ലംഘിച്ചതിന് കാപ്പുവിനെയും കാക്കകളെയും കസ്റ്റഡിയിലെടുത്ത് അവർ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. ശ്രീനിവാസയും അണ്ണനും തങ്കിയുമെല്ലാം ഒരിക്കൽ കൂടി പിതൃപ്രീതി നിഷേധിക്കപ്പെട്ട് അനാഥരായി. 

 

santhosh-echikkanam-writer
സന്തോഷ് ഏച്ചിക്കാനം

കാൽനൂറ്റാണ്ടോളമായി മലയാളത്തിൽ നല്ല ഒന്നാന്തരം കഥകളും തിരക്കഥകളുമൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന സന്തോഷ് ഏച്ചിക്കാനം ആഖ്യാനമികവും ഭാഷാഭംഗിയും പ്രമേയവൈവിധ്യവും കൊണ്ട് നമുക്കൊരു ശാന്തസാന്ത്വനമാണ്, വായനാസൗഭാഗ്യമാണ്, പത്തരമാറ്റാണ്. കഥയെഴുത്തിന്റെ, ഷട്ട്ഡൗണില്ലാത്തൊരു പവർഹൗസാണ് അദ്ദേഹം.ഓരോ കഥയിൽ നിന്നും പ്രവഹിക്കുന്നത് ഊർജത്തിന്റെ നിറപുഴകളാണ്. റോഡിൽ പാലിക്കേണ്ട ചില നിയമങ്ങൾ, ചിത്രകഥയിലെ നായാട്ടുകാർ, പന്തിഭോജനം, കീറ്, കലാതിലകം, കൊമാല, ബിരിയാണി, ശ്വാസം, ജംഗിൾബുക്ക്  തുടങ്ങി ഒട്ടേറെ മികച്ച ചെറുകഥകൾ ആ പവർഹൗസിൽ നിന്നു പുറത്തുവന്നിട്ടുണ്ട്.  

 

സന്തോഷിന്റെ കഥകളിൽ ശക്തമായ സാമൂഹികവിമർശനം കടന്നുവരാറുണ്ട്. പക്ഷേ, വിമർശിക്കപ്പെടുന്നവർക്കു പോലും സ്വീകാര്യമാംവിധം മര്യാദ നിറഞ്ഞ ഭാഷയിലാണ് അവ എഴുതപ്പെടുക. ആചാരങ്ങൾ അന്ധവിശ്വാസങ്ങളാക്കുന്നവർക്കുള്ള താക്കീതാണ് സിംഗപ്പൂർ എന്ന് ചിലർ വിലയിരുത്തിക്കണ്ടു. ആ വാദം അംഗീകരിക്കാം. പക്ഷേ, ആചാരങ്ങളെയും വിശ്വാസങ്ങളെയും പവിത്രമായി കരുതി ജീവിക്കുന്നവർക്ക് കഥയിലൊരിടത്തും തങ്ങൾ ആക്ഷേപിക്കപ്പെടുന്നതായി തോന്നുന്നുമില്ല. അക്കൂട്ടരുടെ വികാരത്തെയും എഴുത്തുകാരൻ ബഹുമാനിക്കുന്നുവെന്നർഥം. ബലികർമം പൂർത്തിയാക്കാനനുവദിക്കാതെ കാപ്പുവിനെയും കാക്കകളെയും അധികാരികൾ പിടികൂടുമ്പോൾ കഥ മറ്റൊരു തരത്തിൽ വായിക്കാനുള്ള സാധ്യത കൂടി ഉരുത്തിരിയുന്നു. ആചാരങ്ങൾ അനുഷ്ഠിക്കുന്നവർക്കു നേരെയുള്ള ഭരണകൂടഭീകരതയുടെ ചിത്രീകരണം. വായനക്കാരൻ അവന്റെ ഇഷ്ടം പോലെ വായിക്കുമെങ്കിലും എഴുത്തുകാരന് അയാളുടേതായ നിലപാടുമുണ്ടല്ലോ. 

 

സിംഗപ്പൂർ എന്ന കഥ എഴുതാനിടയായ പശ്ചാത്തലം സന്തോഷ് ഏച്ചിക്കാനം വിവരിക്കുന്നതിങ്ങനെ.

 

ഒരു ദിവസം എന്റെ പ്രിയ സുഹൃത്ത് രാധാകൃഷ്ണൻ ഫോണിൽ കന്നട പത്രത്തിൽ വന്ന ഒരു വാർത്തയെപ്പറ്റി എന്നോട് പറഞ്ഞു. അവൻ കാസർകോട് ടൗണിൽ ഐഡിയൽ എന്ന മെഡിക്കൽ ലാബ് നടത്തുകയാണ്. അവിടെ ജോലി ചെയ്യുന്നവർ ഒട്ടുമുക്കാലും കന്നഡക്കാർ ആയതു കൊണ്ട് മലയാള പത്രങ്ങളോടൊപ്പം ഒന്നുരണ്ട് കന്നട പത്രങ്ങളും വരുത്തുന്നുണ്ട്. അതിലൊന്നിന്റെ താളിലാണ് പുത്തൂരിനടുത്തുള്ള രവീന്ദ്ര പൂജാരി കാപ്പു എന്ന യുവാവിനെക്കുറിച്ചുള്ള വാർത്ത വരുന്നത്.

 

രാധാകൃഷ്ണൻ, ‘നിനക്ക് കഥ യെഴുതാൻ ഒരു സ്‌കോപ്പ് ഉണ്ടെ’ ന്നും പറഞ്ഞ് അതിന്റെ ഫോട്ടോ എടുത്ത് വാട്‌സാപ്പിൽ വിട്ടു. ഞാൻ നോക്കി. ജീൻസും ടീഷർട്ടും സൺ ഗ്ലാസുമൊക്കെ ഇട്ട് ഒരു ചെറുപ്പക്കാരൻ. പക്കാ തഗ്ഗ് പാർട്ടി. കയ്യിൽ രണ്ട് ബലിക്കാക്കകൾ.

 

വാർത്ത വായിച്ചപ്പോൾ ചിരിച്ച് എന്റെ ഊപ്പാട് ഇളകി. സംഭവം ഇങ്ങനെയാണ്; ബിസിനസ് നടത്തി പൊട്ടി കടം കേറി ജീവിക്കാൻ ഗതിയില്ലാതായപ്പോൾ രക്ഷപ്പെടാൻ ഒടുവിൽ മൂപ്പര് തന്നെകണ്ടെത്തിയ ഒരപൂർവ മാർക്കറ്റിങ് മേഖലയാണ്. ഇവിടെ വിപണി ജനങ്ങളുടെ വിശ്വാസമാണ്. 

പ്രളയം വന്നാലും മഹാമാരി പടർന്നാലും വിശ്വാസങ്ങൾക്ക് ഒരു മിനിമം മാർക്കറ്റുണ്ട്. സൂചി അത്രയൊന്നും താഴോട്ട് പോവില്ല. കാപ്പു അതിൽ തന്നെ കേറിപ്പിടിച്ചു.

 

മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മാറിയതോടെ പ്രകൃതി നേരിട്ടു നിയമിച്ച ശുചീകരണ തൊഴിലാളികളായ കാക്കകളെയൊന്നും ഇന്ന് കാണാനില്ല. വീടും വൃത്തിഹീനമായ അടുക്കളപ്പുറവുമൊക്കെ വമ്പൻ ഫ്‌ളാറ്റുകൾക്ക് വഴിമാറി. ഫാസ്റ്റ് ഫുഡും സുഗിയും സുമാറ്റോവും വന്നതോടെ വീടുകളിലെ പാചകം വെറും സങ്കല്പം മാത്രമായി. എല്ലായിടത്തും വെയ്സ്റ്റ് ബിൻ വന്നു. അതോടെ കാക്കകളൊക്കെ അപ്രത്യക്ഷമായി. പ്രത്യേകിച്ചും ബലിക്കാക്കകൾ. മരിച്ചു പോയ ആത്മാക്കളുടെ പുനർജന്മങ്ങളായതുകൊണ്ട് കാഴ്ചയിൽ തന്നെ അവർക്കതിന്റെ ഒരു ഗരിമയുണ്ട് താനും.

 

നാടിങ്ങനെ വലിയ രീതിയിൽ പുരോഗമിച്ചുവെങ്കിലും വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ പൊതു ജനത്തിന്റെ മനസ്സ് ഇപ്പോഴും റിവേഴ്‌സ് ഗിയറിൽ തന്നെയാണ്. ബലിതർപ്പണം വരുമ്പോൾ ഓരോരുത്തരും മരിച്ചു പോയ അവരുടെ വേണ്ടപ്പെട്ടവരെ കാണുന്നത് കാക്കയുടെ രൂപത്തിലാണ്. നാക്കിലയിൽ ഉരുട്ടി വെച്ച ബലിച്ചോറിൽ നിന്ന് അവർ വന്ന് ഇത്തിരി കൊത്തിത്തിന്നില്ലെങ്കിൽ ജീവിക്കുന്നവർക്ക് ഇരിക്കപ്പൊറുതിയില്ലാതാവും. 

മോക്ഷം കിട്ടാത്ത ആത്മാക്കൾ ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും ഉറക്കത്തിന്റെ പടിവാതിലിൽ വന്ന് മുട്ടി വിളിക്കും.

പിന്നെ പൂജയായി .... കവിടി നിരത്തലായി ......ജാതകം നോക്കലായി ..... പരിഹാര ക്രിയ നടത്തലായി.

 

ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്ന നിലയിലാണ് കാപ്പുവിന്റെ ബിസിനസ് ബുദ്ധി രംഗപ്രവേശനം ചെയ്യുന്നത്. ഏതോ കാക്കക്കൂട്ടിൽ നിന്ന് കിഡ്‌നാപ്പു ചെയ്ത രണ്ട് കൊച്ചുങ്ങളെ രവീന്ദ്ര പൂജാരി വീട്ടിൽ കൊണ്ടുവന്ന് വളർത്തി വലുതാക്കി പിതൃപൂജാവിധികൾ പഠിപ്പിച്ച് പൂണൂലിട്ടു കൊടുത്തു ബലിച്ചോറുണ്ണുവാൻ പ്രാപ്തരാക്കി. സംഭവം യൂട്യൂബിലെത്തിയതും വൈറലായി. വിളി വന്നു. വിളിയോടു വിളി. ആവശ്യക്കാരിൽ നിന്ന് ബലിതർപ്പണത്തിന് കാപ്പു 2500 രൂപ ഈടാക്കി. ടാക്‌സിക്കാശും റൂംറെന്റും വേറെ.

 

ബലിതർപ്പണ സമയത്ത് അന്നം വിളമ്പിക്കഴിഞ്ഞാൽ 50 മീറ്റർ ദൂരെ നിന്നു കാക്കയെ വിടും. കാക്ക വന്ന് ബലിച്ചോറുണ്ണും. കാക്കയും ഹാപ്പി, കാപ്പുവും ഹാപ്പി, വിശ്വാസികളും ഹാപ്പി. കാക്കയെടുക്കാത്തതിന്റെ പേരിൽ മോക്ഷം ലഭിക്കാതെ അലഞ്ഞുതിരിയേണ്ടി വന്ന സ്വന്തംഅപ്പനമ്മമാർ ഉണ്ടാക്കുന്ന പലതരം പ്രശ്‌നങ്ങൾക്കിടയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്ന ശ്രീനിവാസയാണ് സിംഗപ്പൂർ എന്ന കഥയിലെ പ്രധാന കഥാപാത്രം.

 

ഒടുവിൽ ‘ഗളയര ബഗളു’ എന്ന ഫെയ്‌സ്ബുക് പേജിൽ നിന്ന് സിംഗപ്പൂരുകാരിയായ മരുമകളാണ് രവീന്ദ്ര പൂജാരിയുടെ വിവരങ്ങൾ ശേഖരിച്ച് അമ്മാവന് അയച്ചു കൊടുക്കുന്നത്. ശ്രീനിവാസ പുത്തൂരിലേക്ക് വിളിക്കുന്നു. കച്ചവടമുറപ്പിക്കുന്നു. അങ്ങനെ കാക്കയുമായി സാക്ഷാൽ കാപ്പു ശ്രീനിവാസയുടെ വീട്ടിൽ എത്തുന്നു.

ബാക്കിയൊക്കെ കഥയിലുണ്ട്. വിശ്വാസത്തെ കച്ചവടവൽക്കരിക്കുന്നതിന്റെ ഉദാഹരണമായി പറയാവുന്ന ഈ കഥയെഴുതാൻ നിമിത്തമായ  രവീന്ദ്ര പൂജാരിക്കും ആ വാർത്ത അയച്ചു തന്ന എന്റെ പ്രിയ സ്‌നേഹിതൻ രാധാകൃഷണനും നന്ദി.

 

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Santhosh Echikkanam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com