ADVERTISEMENT

ലൈംഗിക അപവാദത്തിലെ ഇരയ്ക്കൊപ്പം നിൽക്കാൻ നീതിയെക്കുറിച്ചുള്ള ബോധം മാത്രം പോരാ. ധൈര്യവും സാഹസികതയും വേണം. മനുഷ്യത്വം ധാരാളമായി വേണം. ലോകത്തെക്കുറിച്ചുള്ള വിചാരവും വിവേകവും വേണം. എന്നാൽ, സ്വയം ഇരയാകുമ്പോൾ വേണ്ടത് പിടിച്ചുനിൽക്കാനുള്ള ധൈര്യമാണ്. തളരില്ല എന്ന ആത്മവിശ്വാസമാണ്. മുന്നോട്ടുപോകുമെന്ന ഉറപ്പാണ്. മറ്റാരെയും പോലെ ഇരയാകാൻ ആഗ്രഹിച്ചിട്ടില്ല ഹുമ അബെദിനും. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ക്ലിന്റന്റെ കാലത്തു ജീവിച്ചിട്ടും വിവാഹ ജീവിതത്തെക്കുറിച്ച് പ്രതീക്ഷകൾ മാത്രമായിരുന്നു മനസ്സിൽ. എന്നാൽ, സാംസ്കാരികമായി ഒറ്റപ്പെട്ട പോലെ ജീവിതത്തിലും തകർന്നപ്പോൾ അക്ഷരങ്ങളെ കൂട്ടുപിടിക്കേണ്ടിവന്നു. അതിന്റെ ഫലമാണ് ബോത് / ആൻഡ് എന്ന പുസ്തകം. പല ലോകങ്ങളിലെ ജീവിതം. 

 

ഹുമ അബെദിൻ പ്രശസ്തയല്ല; അമേരിക്കയിൽപ്പോലും. എന്നാൽ അവരുടെ ബോസ് പ്രശസ്തയാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തി. ഹിലറി ക്ലിന്റൻ. മോണിക്ക ലെവിൻസ്കി വിവാദം ലോകത്തിലെ ഏറ്റവും കുപ്രശസ്ത ലൈംഗിക അപവാദമായി കത്തിപ്പടർന്നപ്പോൾ ഹിലറിക്ക് താങ്ങും തണലുമായി ഹുമ. പിന്നീട്, അവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വലം കൈയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പരാജയപ്പെടാനായിരുന്നു ഹുമയുടെ വിധി. അതിനെക്കുറിച്ചോർത്ത് അവർ വിഷാദിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങളുമായി ഇന്നും പൊരുത്തപ്പെടാനായിട്ടില്ല എന്നു മാത്രം. 

പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ വഴി വിട്ട ജീവിതം ലോകത്തോടു തുറന്നുപറഞ്ഞപ്പോഴും അതു സത്യമാകാൻ വഴിയില്ലെന്നാണ് ഹുമ വിശ്വസിച്ചത്. പിന്നീട് ഭർത്താവ് മറ്റു സ്ത്രീകൾക്ക് തുടർച്ചയായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതും അബദ്ധത്തിൽ സംഭവിച്ചതെന്നാണ് വിശ്വസിച്ചതും. രണ്ടു വിശ്വാസങ്ങളും തെറ്റാണെന്നു തെളിഞ്ഞപ്പോൾ തകർന്നത് ലോകം മാത്രമല്ല, ജീവിതം കൂടിയാണ്. ബോത് / ആൻഡ് എന്ന പുസ്തകത്തിൽ അമേരിക്കയുടെ കഥയും സ്വന്തം കഥയുമാണ് ഹുമ പറയുന്നത്. 

 

മോണിക്ക ലെവിൻസ്‌കി വിവാദം കത്തിപ്പടരുമ്പോൾ, ഹുമ വൈറ്റ് ഹൗസിൽ ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളുകളായിരുന്നില്ല. എന്നാൽ, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ബിൽ ക്ലിന്റന്റെയും ഹിലറിയുടെയും സ്‌നേഹഭാജനമായി മാറിയിരുന്നു ഹുമ. അപ്പോഴാണു വിവാദത്തിന്റെ വരവ്. ഇരുവരും തന്നോട് സ്‌നേഹത്തോടെ പെരുമാറിയെന്നു പറയാൻ ഹുമ മടിക്കുന്നില്ല. മകളൈപ്പോലെയായിരുന്നു. ആദ്യം ഒരു അപവാദം എന്നേ കരുതിയുള്ളൂ. അപവാദവും ചൂഷണവും വ്യക്തിയുടെ ഏറ്റവും മാരകമായ ദൗർബല്യങ്ങളാണെന്നു പഠിച്ച ഹുമ ആ വഴിയിലേക്കു മനസ്സർപ്പിച്ചില്ല. എന്നാൽ കുറ്റസമ്മതം ഞെട്ടൽ തന്നെയായിരുന്നു. ഹിലറിക്കൊപ്പം ഉറച്ചു നിൽക്കാൻ ഹുമ തീരുമാനിച്ചു. അവരോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും ആസ്വാദ്യകരമായിരുന്നു. ഹിലറി ലാൻഡ് എന്നാണ് ഓഫിസിനെ ജീവനക്കാർ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. സമ്മർദം കൂടുമ്പോഴോ മറ്റോ കടുത്ത വാക്കുകൾ പറഞ്ഞാൽ തന്നെ വേഗം ക്ഷമാപണം നടത്തുമായിരുന്നു ഹിലറി. ജീവനക്കാർക്ക് ഒരിക്കലും സമ്മർദം അനുഭവപ്പെട്ടില്ല. എല്ലാവരും കൂടി ആഹ്ലാദത്തോടെ ജീവിച്ച, ആവേശത്തോടെ ജോലിയെടുത്ത കാലം. ഒരിക്കൽ ഹിലറി മുൻ പ്രസിഡന്റ് ക്ലിന്റനു ഫോൺ ചെയ്യുന്നത് ഹുമ വ്യക്തമായി കേട്ടു. മുറി വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ ഏതു ഭാഗത്താണു വച്ചിരിക്കുന്നതെന്ന്. അത്രമാത്രം ലാളിത്യത്തോടെയാണ് അവർ ജീവിച്ചത്. പരസ്പര വിശ്വാസത്തോടെയും. രാഷ്ട്രീയക്കാർക്കൊപ്പമുള്ള ജീവിതത്തിൽ സംശയവും നിരാശയും സ്വാഭാവികമാണ്. എന്നാൽ ഹിലറിക്കൊപ്പം ജോലി ചെയ്ത കാലത്ത് നിരാശയ്ക്ക് അടിമയാകേണ്ടിവന്നിട്ടില്ല ഹുമയ്ക്ക്. അടിമുടി മനുഷ്യരായിരുന്നു അവർ- ബിൽ ക്ലിന്റനും ഹിലറിയും. പറയാൻ, ഓർമിക്കാൻ നല്ലതു മാത്രം സമ്മാനിച്ച രണ്ടുപേർ. 

 

രണ്ടു ലോകങ്ങളിലായിരുന്നു എന്നും ഹുമയുടെ ജീവിതം. പ്രഫസർമാരുടെ മകളായാണു ജനിക്കുന്നത്. പിതാവ് ഇന്ത്യൻ വംശജനാണ്. മാതാവ് ഇന്ത്യയിൽ ജനിച്ച് വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് ജീവിതം പറിച്ചുനട്ടിരുന്നു.. രണ്ടു പേരും ഉന്നത സ്‌കോളർഷിപ് നേടി അമേരിക്കയിലേക്കു കുടിയേറി. മിഷിഗണിൽ വച്ചാണ് കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒരുമിച്ചു ജീവിതം തുടങ്ങുന്നതും. ഹുമയുടെ കുട്ടിക്കാലത്ത് കുടുംബം സൗദി അറേബ്യയിലും തങ്ങിയിരുന്നു. മുസ്ലിം പശ്ചാത്തലത്തിലായിരുന്നു കുട്ടിക്കാലം. പിന്നീട് വീണ്ടും അമേരിക്കയിൽ. ന്യൂയോർക്കിൽ കോളജ് വിദ്യാഭ്യാസം. നാട് ഏതെന്ന് ചോദിച്ചാൽ ഹുമ ഒരു നിമിഷം ആലോചിക്കും. ഏതു രാജ്യത്തിന്റെ പേര് പറയണം. ഇന്ത്യ, പാക്കിസ്ഥാൻ. സൗദി. അമേരിക്ക. പല ലോകങ്ങൾ. പല സംസ്‌കാരങ്ങൾ. പല ജീവിത സാഹചര്യങ്ങൾ. എന്നാൽ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോൾ, അമേരിക്കക്കാരിയെന്നു പറയാൻ സംശയിച്ചിട്ടില്ല. പല ലോകങ്ങൾക്കൊടുവിൽ കണ്ടെത്തിയ ലോകമാണത്. ഇന്നും ആശ്രയത്തിനായി പിടിച്ചുനിൽക്കുന്ന നാട്. 

 

അപവാദങ്ങളെ പിന്നിലാക്കി ഹിലറി പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ ലോകം ചുറ്റിയ സംഘത്തിൽ ഹുമയും ഉണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ. ഉയരങ്ങളിലേക്കു കുതിക്കുന്ന സ്ത്രീക്കൊപ്പം നടത്തിയ യാത്രകൾ. ഇതിനൊപ്പം സ്വന്തം ജീവിതവും ഹുമ പറയുന്നുണ്ട്. ആന്തണി വെയ്‌നർ ജീവിതത്തിലേക്കു കടന്നുവന്നതിനെക്കുറിച്ച്. 10 വയസ്സിനു മൂത്തതായിരുന്നു ആന്തണി. ഹുമയാകട്ടെ എല്ലാറ്റിലും എല്ലാവരിലും നൻമ മാത്രം കാണാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത യുവതി. വിവാഹം വരെ ഒരു പ്രണയ ബന്ധത്തിലും മനസ്സർപ്പിക്കാത്ത ജീവിതത്തിന്റെ ഉടമ. ഹുമ-ആന്തണി പ്രണയത്തെക്കുറിച്ച് വായിക്കുന്നത് കുറ്റാന്വേഷണ നോവലിലൂടെ കടന്നുപോകുന്നതുപോലെയാണ്. വിലക്കപ്പെട്ട വീട്ടിലേക്ക് നായിക നടക്കുന്നു. വായനക്കാർ വിളിച്ചുപറയണം എന്നാഗ്രഹിക്കും. ആ വീട്ടിലേക്കു പോകരുതേ എന്ന്. എന്നാൽ നായിക ആ വീട്ടിലേക്കു തന്നെ നടന്നുകയറും. അനിവാര്യമായ ദുരന്തം സംഭവിക്കും. അലറി വിളിക്കാൻ മാത്രം വായനക്കാർക്കു വിധി. 

 

ആന്തണിയുടെ ഫോണിൽ സംശയകരമായ സന്ദേശങ്ങൾ കണ്ടതായിരുന്നു തുടക്കം. എല്ലാറ്റിനും അയാൾക്കു മറുപടിയുണ്ടായിരുന്നു. ഹുമ വിശ്വസിച്ചു. പിന്നീട് ആന്തണി നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. സമൂഹ മാധ്യമത്തിൽ മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതു കണ്ടു. എന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നു വിശ്വസിക്കാനായിരുന്നു താൽപര്യം. അക്കാലത്ത് അവർ ഗർഭിണിയായിരുന്നു. താൻ പ്രസവിക്കുന്ന കുട്ടിക്ക് അച്ഛനില്ലാതെയാകരുത് എന്നും തീവ്രമായി ആഗ്രഹിച്ചു. പിതാവ് ചെറുപ്പത്തിലേ മരിച്ചതിന്റെ ഏകാന്തത അറിഞ്ഞാണു ഹുമ വളർന്നുവന്നത്. എല്ലാം സഹിക്കാനും പൊറുക്കാനും മറക്കാനും നൻമയിൽ വിശ്വസിക്കാനും ആത്മാർഥമായി ആഗ്രഹിച്ചു. എന്നാൽ ആ ചിന്താഗതിയാണ് കുടുംബജീവിതം വഷളാക്കിയത്. 

 

വഴി തെറ്റിയ ഭർത്താവിന് മാപ്പു കൊടുത്ത ഹിലറിക്ക് കുടുംബജീവിതം തിരികെ കിട്ടി. എന്നാൽ വ്യക്തിജീവിതത്തിൽ ബോസിനെ അനുകരിച്ച ഹുമയെ കാത്തിരുന്നത് ദുരന്തങ്ങൾ മാത്രം. ആന്തണിയായിരുന്നു ഹുമയുടെ ആദ്യത്തെ കാമുകൻ. അയാൾക്കു മാറാൻ കഴിയുമെന്നും കുടുംബജീവിതത്തിലേക്കു തിരിച്ചുവരുമെന്നും എപ്പോഴും വിശ്വസിച്ചു. ഓരോ തവണ വിശ്വാസം ലംഘിക്കപ്പെട്ടപ്പോഴും ഒരവസരം കൂടി കൊടുക്കാൻ തയാറായി. എന്നാൽ, അയാൾ മാറില്ല എന്നു മനസ്സിലായപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. രാഷ്ടീയത്തിലും സജീവമായിരുന്ന ആന്തണിയുടെ ഭാവി ഏതാണ്ട് അവസാനിച്ചിരുന്നു. ജോലി കൂടി നഷ്ടപ്പെട്ടതോടെ അയാൾ വീട്ടിൽ തന്നെയായി മുഴുവൻ സമയവും. അപ്പോഴേക്കും കുട്ടിയും ജനിച്ചിരുന്നു. എന്നാൽ, ആന്തണി അപ്പോഴേക്കും എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചിരുന്നു. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപം നിന്നുള്ള അയാളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സഹിക്കാവുന്നതിന്റെ പരിധി എത്തിയതോടെ, ഹുമ വിവാഹമോചനത്തിന് അപേക്ഷിച്ചു. 

 

ഹിലറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ ജീവിതത്തിൽ വിജയിച്ചു. ഹുമയുടെ ഭർത്താവ് അപ്പോഴേക്കും ജയിലിലായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതിന്റെ പേരിൽ. 

 

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു തന്നെ ഹുമയിൽ സംശയങ്ങളുണ്ടായിരുന്നു. എല്ലാ വോട്ടർമാരും ഒരേ ഊഷ്മളതയോടെയല്ല ഹിലറിയെ വരവേറ്റത്. ട്രംപ് ഉയർത്തിയ ചില വിവാദങ്ങൾ  ക്ഷീണമാകുന്നുണ്ടെന്നും മനസ്സിലായിരുന്നു. എന്നാലും എന്തുകൊണ്ടും ട്രംപിനേക്കാൾ യോഗ്യയായ ഹിലറി വിജയിക്കും എന്ന് ഹുമ വിശ്വസിച്ചു. സംഭവിച്ചത് പ്രതീക്ഷയ്ക്കു വിരുദ്ധമായിരുന്നു. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും. പല ലോകങ്ങളിലാണ് ഇപ്പോഴും ഹുമയുടെ ജീവിതം. നഷ്ടലോകങ്ങളും വീണ്ടെടുക്കുന്ന ലോകങ്ങളും. ഉറച്ചുനിൽക്കാൻ ഒരു ലോകം. അതാണ് ഇപ്പോഴും ആഗ്രഹം. അതു ഹുമയുടെ മാത്രം ആഗ്രഹമല്ല, എല്ലാ മനുഷ്യരുടെയും ആത്യന്തിക മോഹമാണ്. കൊതിയോടെ കാത്തിരിക്കുന്ന സന്തോഷത്തിന്റെ ലോകം. പ്രണയത്തിന്റെ കുടീരം. സമാധാനത്തിന്റെ സ്വർഗം. അകലുമ്പോഴും അടുത്തെത്തുമെന്ന് വിശ്വസിക്കുന്ന മരുപ്പച്ച. എന്നാൽ അറ്റം കാണാതെ നീളുകയാണ് മരുഭൂമി.

 

Content Summary: Both/And: A Life in Many Worlds Book by Huma Abedin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com