ADVERTISEMENT

കുട്ടികളുടെ സ്വന്തം ‘യുറീക്ക മാമന്’  ബാലസാഹിത്യത്തിലെ വലിയ അവാർഡ്. രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ ടാറ്റ ട്രസ്റ്റിന്റെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് (ബിഎൽബിഎ) ഇത്തവണ പ്രഫ.എസ്. ശിവദാസിനാണ്. എഴുത്തിന്റെ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു...

 

‘എഴുതാനുള്ള വിവരമില്ല’

 

1962ൽ കോട്ടയം സിഎംഎസ് കോളജിൽ രസതന്ത്ര അധ്യാപകനായി ജോലി കിട്ടി. കുട്ടികളിൽനിന്നും എന്റെ ക്ലാസിനെക്കുറിച്ച് അറിഞ്ഞ പി.ടി.ഭാസ്ക്കരപണിക്കർ ഒരു ദിവസം എനിക്ക് കത്ത് എഴുതി. ശാസ്ത്ര ലേഖനം എഴുതണമെന്നായിരുന്നു ആവശ്യം. ലേഖനം എഴുതാനുള്ള വിവരം  എനിക്കില്ലെന്നു മറുപടി അയച്ചു. ഉള്ള വിവരം വച്ച് എഴുതണമെന്നായി അടുത്ത കത്ത്. സാധാരണകാർക്കു വേണ്ടി എഴുതിയാൽ മതിയെന്നും നിർദേശിച്ചു. അങ്ങനെ ചെറുതായി എഴുതി തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടനയുണ്ടെന്നും ജില്ലയിൽ തുടങ്ങണമെന്നുമായി നിർദേശം. കോട്ടയം ജില്ലയിൽ ആദ്യമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ആരംഭിക്കുവാൻ തീരുമാനിച്ചു. 

 

ശാസ്ത്രം എടുത്ത് സാഹിത്യമാക്കിയ ഈ മിടുക്കൻ സയൻസിലും സാഹിത്യമുണ്ടെന്ന് തെളിയിച്ചു

1967ലാണ് സംഭവം. കുറച്ച് ആളുകളെ വിളിച്ചു കൂട്ടി യോഗം ചേരാൻ മാത്രമായിരുന്നു നിർദേശം. ഡോ.ജി.കെ വാരിയരെ പോലെയുള്ള പ്രഗദ്ഭർ യോഗത്തിലുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് എന്റെ പേര് ഉയർന്നു വന്നു. സ്നേഹത്തോടെ ഞാൻ അത് നിരസിക്കാൻ തീരുമാനിച്ചു. എന്നാൽ ആരും സമ്മതിച്ചില്ല. അവസാനം കരഞ്ഞുകൊണ്ടാണ് സ്ഥാനം ഏറ്റെടുത്തത്. ഞാൻ അന്ന് കോട്ടയത്ത് സ്ഥിര താമസമായിരുന്നു. അച്ഛൻ മരിച്ചതിനാൽ വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ശനിയും ഞായറും വൈക്കത്ത് വീട്ടിലെത്തി കൃഷി കാര്യങ്ങൾ നോക്കണം. സഹോദരങ്ങളുടെ കാര്യം നോക്കണം. ഇതിനിടെ മറ്റ് ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ എനിക്ക് സമയമില്ലായിരുന്നു.

 

സയൻസ് ക്ലബ് രൂപീകരണവും കുട്ടികളെ ‘പാട്ടിലാക്കലും’

prof-s-sivadas-wins-big-little-book-award-for-contribution-to-children-s-literature-article
മധുരപ്പാതി...ടാറ്റ ട്രസ്റ്റിന്റെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് നേടിയ പ്രഫ.എസ്.ശിവദാസിന് ഭാര്യ സുമ ശിവദാസ് അണ്ണാൻകുന്നിലെ പ്രശാന്ത് വീട്ടിൽ മധുരം നൽകുന്നു. ചിത്രം : ഗിബി സാം ∙ മനോരമ

 

പരിഷത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ സയൻസ് ക്ലബ് തുടങ്ങാൻ തീരുമാനിച്ചു. കോട്ടയത്തെ സ്കൂളുകളിലെ അധ്യാപകരെ വിളിച്ച് ഞാൻ ആവശ്യം അറിയിച്ചു. എല്ലാ അധ്യാപകരും ഒരേ സ്വരത്തിൽ മറുപടി നൽകി. അതിനെന്താ സാർ സ്കൂളിലേക്ക് പോര്. പത്തോ ഇരുപതോ കുട്ടികളെ കണ്ടെത്തി തരുമെന്നാണ് വിചാരിച്ചത്. എന്നാൽ സ്കൂളിൽ എത്തിയപ്പോൾ അസംബ്ലിയിൽ പ്രസംഗിക്കണം. രണ്ടായിരത്തോളം കുട്ടികളാണ് എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നത്. എന്ത് പറയണമെന്ന് അറിയില്ല. ഞാൻ നന്നായി ഒന്നു ചിരിച്ചു. അവരും കൂടെ ചിരിച്ചു. ചിരിയിലൂടെ കൂട്ടികളെ പാട്ടിലാക്കി. 

 

പിന്നെ ചെറിയ തമാശകൾ പറഞ്ഞ് വിഷയം അവതരിപ്പിച്ചു. കുട്ടികൾക്ക് ആവേശമായി. ഇതേ വഴി എല്ലാ സ്കൂളുകളിലും തുടർന്നു. കുട്ടികൾക്കൊപ്പം മുതിർന്നവരും എന്റെ പ്രസംഗം ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ പ്രസംഗിച്ച് പ്രസംഗിച്ച് ഞാൻ എഴുതാൻ പഠിച്ചു. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നു എന്റെ പ്രസംഗവും എഴുത്തും. കുട്ടികൾക്ക് ശാസ്ത്രം മനസ്സിലാവാൻ ചെറിയ കഥകൾ പറഞ്ഞു നൽകി.

 

രണ്ടാം കിട സാഹിത്യം

 

ബാലസാഹിത്യം എഴുതി തുടങ്ങിയ കാലത്ത് അതിനെ രണ്ടാംകിട സാഹിത്യമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത്. ബാല സാഹിത്യകാരൻമാർ കുറവായിരുന്നു. ഉള്ളവർ രണ്ടു വർഷം കഴിഞ്ഞ് നോവൽ രചനയിലേക്ക് മാറും. ബാലസാഹിത്യകാരൻമാർക്ക് അവാർഡ് ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാ കാലത്തും ആസ്വദിച്ച് കുട്ടികൾക്ക് വേണ്ടി പുസ്തകം എഴുതാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

 

‘അവാർഡോ എനിക്കോ?’

 

1973ൽ സാഹിത്യ അക്കാദമി അവാർഡ് എനിക്കാണെന്ന് അറിഞ്ഞു. ശിവദാസ് എന്ന പേരിൽ വേറെ എഴുത്തുകാരുണ്ടോ എന്നായി എന്റെ അന്വേഷണം. എന്റെ ചെറിയ കഥകൾക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാനുള്ള മികവ് ഉണ്ടെന്ന് കരുതിയില്ല. എന്റെ ആദ്യ ഗ്രന്ഥമായ രസതന്ത്രത്തിനാണ് അവാർഡ് ലഭിച്ചത്. അന്ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ എസ്.കെ പൊറ്റക്കാട് പറഞ്ഞത് ‘ശാസ്ത്രം എടുത്ത് സാഹിത്യമാക്കിയ ഈ മിടുക്കൻ സയൻസിലും സാഹിത്യമുണ്ടെന്ന് തെളിയിച്ചു’ എന്നാണ്. അന്നു മുതൽ എഴുത്തിനെ ഗൗരവമായി കണ്ടു തുടങ്ങി. പിന്നീട് എഴുത്ത് ഒരു തപസ്സായി. അതിനായി ധാരാളം വായിച്ചു. പരീക്ഷണങ്ങൾ നടത്തി.  എന്റെ കയ്യക്ഷരം മോശമായതിനാൽ സുമ ടീച്ചറാണ് (ഭാര്യ) മിക്ക എഴുത്തുകളും പകർത്തി എഴുതി നൽകിയിരുന്നത്.

 

‘നീർക്കോലി കടിച്ച കുട്ടി ഞാൻ തന്നെ’

 

കുട്ടികളിൽ പ്രകൃതി ബോധം സൃഷ്ടിക്കുന്നതിനായി എഴുതിയ പുസ്തകമാണ് വായിച്ചാലും ‘വായിച്ചാലും തീരാത്ത പുസ്തകം’ എന്ന കൃതി. പ്രകൃതി സംരക്ഷണ ക്ലബിൽ ഒരു കുട്ടി വരാതിരുന്നതുമായി ബന്ധപ്പെട്ട് എന്റെ ഒരു കഥയുണ്ട്. നീർക്കോലിപ്പാമ്പ് കടിച്ചതുകൊണ്ടാണ് കുട്ടി വരാത്തതെന്ന് അറിഞ്ഞ അധ്യാപകർ സ്കൂളിലെ കുട്ടികളുമായി കഥാ നായകനെ കാണാൻ എത്തി. എന്നാൽ ഇട്ടിരിക്കുന്ന ട്രൗസർ പൊക്കിയിട്ടും പൊക്കിയിട്ടും പാമ്പ് കടിച്ച സ്ഥലം  നമ്മുടെ കഥാനായകന് കാണിച്ച് കൊടുക്കാൻ കഴിഞ്ഞില്ല. ഈ കഥ വായിച്ച പലരും എന്നോട് ചോദിച്ചിട്ടുണ്ട് സാർ ഇതൊക്കെ നടന്നതാണോ എന്ന്? സത്യത്തിൽ നീർക്കോലിയുടെ  കടിയേറ്റ് കിടന്ന പയ്യന്‍ ഞാൻ തന്നെയാണ്. പ്രകൃതിയുമായി ഇടപഴകി ജീവിച്ചതുകൊണ്ട് എന്റെ കഥകളിൽ സാങ്കൽപിക ലോകം കുറവാണ്. പ്രകൃതിയെ അറക്കരുത്  കറക്കാം. അത് കാമധേനുവാണ്. പ്രകൃതി ഒരു പുസ്തകമാണ്. അതങ്ങനെ തുറന്നു കിടക്കുകയാണ്.

 

യുറീക്കാമാമൻ

 

കുട്ടികൾ എന്നെ സ്നേഹത്തോടെ വിളിക്കുന്നത് യുറീക്കാമാമൻ എന്നാണ്. യുറീക്ക, ശാസ്ത്ര കേരളം എന്നിവയുടെ പത്രാധിപർ ആയി പ്രവർത്തിച്ചു. കുട്ടികളുമായി കൂടുതൽ അടുക്കുന്നതും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതുന്നതിനും കഴിഞ്ഞിട്ടുണ്ട്.

 

പ്രകൃതിയും മനുഷ്യനും ഒന്നായ കാലം

 

വൈക്കം സത്യാഗ്രഹ സമര ഭടനായിരുന്ന അച്ഛൻ തികഞ്ഞ  ഗാന്ധിയനും കർഷകനുമായിരുന്നു. അച്ഛനൊപ്പം ചെറുപ്പം മുതൽ ‍പാടത്തും പറമ്പിലും പോകുമായിരുന്നു. തോട്ടിൽ ചാടുന്നതും നീർക്കോലിയുടെ കടിയേൽക്കുന്നതും ഒക്കെ സ്ഥിരം സംഭവങ്ങളായിരുന്നു. ഈ അനുഭവങ്ങൾ ഒക്കെ ‍ഞാൻ എന്റെ പുസ്തകങ്ങളിൽ എഴുതി. പ്രകൃതിയും മനുഷ്യരും  ഒന്നായി ആയിരുന്നു അന്ന് ജീവിച്ചിരുന്നത്. 

 

വീടിനു മുന്നിലെ തൊഴുത്തിൽ മൂന്നു നാലു വെച്ചൂർ പശുക്കളുണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ അവർക്ക് വെള്ളം നൽകാൻ അമ്മ താമസിച്ചാൽ അവ കിടന്ന് കരയും. അപ്പോൾ അടുക്കളയിൽ നിന്നും അമ്മ വിളിച്ചു പറയും ‘കരയേണ്ട പെണ്ണുങ്ങളേ, എന്റെ കൈയൊന്ന്‌ ഒഴിയട്ടെ.’ അമ്മയുടെ ശബ്ദം കേട്ടാൽ അവർ കരച്ചിൽ നിർത്തും. മൃഗങ്ങളോടും പക്ഷികളോടും ചെടികളോടും സംസാരിച്ചും പ്രകൃതിയുടെ അദ്ഭുതങ്ങൾ മനസ്സിലാക്കിയുമായിരുന്നു ഞാൻ വളർന്നു വന്നത്. ഇന്നത്തെ കുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ അന്യമാകുന്നു. പ്രകൃതിയിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിച്ചു എഴുതി. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം.

 

‘മോൾ ഇവിടെയില്ല’

 

കോട്ടയം സിഎംഎസ് കോളജിന് പുറകിലുള്ള അണ്ണാൻ കുന്നിലാണ് ഞങ്ങളുടെ വീട്. വീടും സ്ഥലവും മക്കളായ ദിപുവും അപുവും മോളും തുടങ്ങി അണ്ണാറക്കണ്ണനും കിളികളെയും വരെ കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമാണ്. മക്കളെക്കുറിച്ച് തിരക്കുമ്പോൾ മോളുടെ കാര്യം എല്ലാവരും അന്വേഷിക്കും. ദിപുവും അപുവും നടത്തുന്ന പരീക്ഷണങ്ങൾക്ക് പുറകെ നടക്കുന്ന മോൾ എന്ന കഥാപാത്രം എന്റെ ഭാവനാ സൃഷ്ടിയാണ്. എനിക്ക് രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഇപ്പോഴും ഞങ്ങളെ കാണുന്നവർ ഞങ്ങളുടെ മോൾ എവിടെയാണെന്ന് തിരക്കാറുണ്ട്.

 

‘പേരന്റിങ് ക്ലാസും പുസ്തകമായി’

 

ഒരിക്കൽ രക്ഷിതാക്കളുടെ യോഗത്തിൽ കുട്ടികളെ എങ്ങനെ നന്നായി വളർത്തണമെന്ന് ക്ലാസ് എടുക്കേണ്ടി വന്നു. ക്ലാസ് കഴിഞ്ഞപ്പോൾ ഒരാൾ ആവശ്യപ്പെട്ടതനുസരിച്ച് ക്ലാസിനെ പുസ്‌തക രൂപത്തിലാക്കി. ‘നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം’ എന്ന പേരിൽ. പുസ്തകം പുറത്തിറക്കി. പഠിക്കാൻ പഠിക്കാം, ഗണിതവും ശാസ്‌ത്രവും പഠിക്കേണ്ടത് എങ്ങനെ, ജയിക്കാൻ പഠിക്കാം, പഠന പ്രോജക്ടുകൾക്ക് ഒരു വഴികാട്ടി, വിജയമന്ത്രങ്ങൾ കുട്ടികൾക്ക് എന്നിങ്ങനെ കുട്ടികളെയും രക്ഷിതാക്കളെയും പ്രചോദനത്തിന്റെ പുതുവഴിയിലൂടെ നടത്തിയ പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്.

 

‘ടാറ്റാ ട്രസ്റ്റിന്റെ അവാർഡ് വിലമതിക്കൻ ആവാത്തത്’

 

ശാസ്ത്രത്തെ വളർത്തുന്നതിനും ഇന്ത്യയുടെ വികസനത്തിനും വലിയ പങ്ക് വഹിച്ച ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യറ്റീവ്ി ബിഗ് ലിറ്റിൽ ബുക്ക്  അവാർഡ് ലഭിച്ചതിൽ രസതന്ത്ര അധ്യാപകൻ എന്ന നിലയിൽ സന്തോഷമുണ്ട്. മലയാള ഭാഷയിലേക്ക് പ്രഥമ അവാർഡ് എന്നിലൂടെ എത്തിയതിൽ ഒരുപാട് സന്തോഷം. 50 വർഷമായുള്ള എന്റെ എഴുത്ത് അവാർഡിന് പഠന വിധേയമാക്കിയിട്ടുണ്ട്. രണ്ട് വട്ടം ഇന്റർവ്യൂ നടത്തി. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാര തുക.  ആദ്യമായിട്ടാണ് മലയാള രചയിതാവിന് ലഭിക്കുന്നത്.

 

‘കിളിക്കുഞ്ഞുങ്ങളെ കാണാനില്ല’

 

മുറ്റത്തെ മുല്ലയിൽ കൂടു വച്ച കിളിയെയും കുഞ്ഞുങ്ങളെയും നിരീക്ഷിച്ചെഴുതിയതാണ് കിയോ കിയോ, ഫ്രൻസിസ് അസീസിയുടെ ജീവചരിത്രമാണ് കിളികളുടെ പുണ്യാളൻ എന്ന പുസ്തകം. അവാർഡ് കിട്ടിയ സന്തോഷത്തിൽ സ്വന്തമായി ഉണ്ടാക്കിയ മധുരവുമായി എത്തിയ സുമ ടീച്ചറാണ് ബാക്കി പറഞ്ഞത്. ശിവദാസ് സാർ കിയോ കിയോ എഴുതുന്ന സമയം. സ്കൂളിൽനിന്ന് വീട്ടിലേക്ക് എത്തിയപ്പോൾ വീടിനു ചുറ്റും വിഷമിച്ച് നടക്കുന്ന സാറിനെയാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ നമ്മുടെ കിളിക്കുഞ്ഞുങ്ങളെ പൂച്ച പിടിച്ചെന്ന് സാർ വിങ്ങിപ്പൊട്ടി പറഞ്ഞു. സാറിനെ ആശ്വസിപ്പിച്ച് ഞാനും സാറും കിളിക്കുഞ്ഞുങ്ങളെ തിരഞ്ഞു. 

 

വീടിനു പിന്നിലെ കാട്ടിൽ തള്ളക്കിളി കുഞ്ഞുങ്ങളെ പറക്കാൻ  പഠിപ്പിക്കുന്നത് കണ്ടതോടെ ശിവദാസ് സാറിന്റെ മുഖം ചന്ദ്രനെപോലെ തിളങ്ങി. രണ്ടു പേരും പൊട്ടിച്ചിരിച്ച് മധുരം പങ്കുവച്ച്  സന്തോഷം പങ്കിട്ടു. ‘ടീച്ചർ വലിയ പാചക വിദഗ്ധയാണ്. സ്വന്തമായി യുട്യൂബ് ചാനൽ ഒക്കെ ഉണ്ട്. എന്റെ പുസ്തകങ്ങളേക്കാൾ കൂടുതൽ ആരാധകർ ടീച്ചർക്കുണ്ടന്നേ..’ ശിവദാസ് സാർ പറഞ്ഞു. അണ്ണാൻ കുന്നിലെ വീട്ടിൽ അണ്ണാറക്കണ്ണൻമാർക്കും കിളികൾക്കും ഒപ്പും റിട്ടയർമെന്റ് ലൈഫും ആഘോഷമാക്കി മാറ്റിയിരുക്കുകയാണിവർ.

 

Content Summary : Prof S Prof S Sivadas wins Big Little Book Award for contribution to children's literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com