ADVERTISEMENT

ട്രാൻസ്‌ജെൻഡർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ. റൗളിങ് വീണ്ടും വിവാദത്തിൽ. മുൻപും ഇത്തരം പരാമർശത്തിന്റെ പേരിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവന്നെങ്കിലും ഇത്തവണയും ഒട്ടും മടിക്കാതെയാണ് റൗളിങ് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഒരു പത്രത്തിൽ വന്ന ലേഖനം പങ്കുവച്ചുകൊണ്ടാണ് അവർ സ്ത്രീകളെക്കുറിച്ചും ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുമുള്ള അഭിപ്രായം തുറന്നടിച്ചത്. സ്ത്രീ വിമോചന പ്രവർത്തകർ ഉൾപ്പെടെ ചിലർ റൗളിങ്ങിന് പിന്തുണയുമായി വന്നപ്പോൾ പല ഭാഗത്തുനിന്നും കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു.

 

അസംബന്ധം എന്ന പേരിലുള്ള ലേഖനമാണ് റൗളിങ് പങ്കുവച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനുശേഷവും പീഡനക്കേസിൽ പ്രതികളായാൽ അവരെ പൊലീസ് സ്ത്രീകളായിതന്നെ കാണുന്നതിനെയാണ് ലേഖനം വിമർശിക്കുന്നത്. സ്‌കോട്‌ലൻഡിൽ നടന്ന സംഭവത്തിന്റെ പേരിൽ സ്‌കോട്ടിഷ് പൊലീസിന്റെ നടപടിയെയാണ് റൗളിങ് അസംബന്ധം എന്നു വിശേഷിപ്പിക്കുന്നതും അശാസ്ത്രീയമായ രീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്നതും. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി നിയമപരമായി പുരുഷൻമാരായാലും ഇല്ലെങ്കിലും ജനിച്ചത് സ്ത്രീകളായിട്ടാണെങ്കിൽ അവർ കേസിൽ പ്രതികളായാൽ സ്ത്രീകുറ്റവാളികളായിത്തന്നെ പരിഗണിക്കും എന്ന പൊലീസ് നയം ക്രൂരതയാണെന്നും ലേഖനത്തിൽ പറയുന്നു. ഇത് അസംബന്ധമാണെന്നു വ്യക്തമാക്കുന്ന ലേഖനം പങ്കുവച്ചുകൊണ്ട് റോളിങ് എഴുതുന്നു- യുദ്ധം സമാധാനമാണ്. സ്വാതന്ത്ര്യം അടിമത്വമാണ്. അജ്ഞത ശക്തിയാണ്. പുരുഷ ലൈംഗികാവയവമുള്ള വ്യക്തിയാണെങ്കിൽപ്പോലും ജനിച്ചത് സ്ത്രീയായിട്ടാണെങ്കിൽ പീഡനക്കേസിലെ പ്രതിയായാൽ സ്ത്രീതന്നെയാണ്.

 

ജോർജ് ഓർവെലിന്റെ പ്രശസ്ത നോവൽ 1984 ലെ പരാമർശം കടമെടുത്തുകൊണ്ടാണ് റൗളിങ് വിമർശനത്തിന് മൂർച്ച കൂട്ടിയിരിക്കുന്നത്. തെറ്റ് ആവർത്തിച്ചു പറഞ്ഞ് ശരിയാണെന്നു സ്ഥാപിക്കുന്ന സ്വേച്ഛാധിപത്യ ഭരണ ശൈലിയെയും തന്ത്രങ്ങളെയും മസ്തിഷ്‌ക പ്രക്ഷാളനത്തെയും അനാവരണം ചെയ്യുന്ന നോവലാണ് 1984. യഥാർഥത്തിൽ യുദ്ധമാണു നടക്കുന്നതെങ്കിലും ആവർത്തിച്ചു പറഞ്ഞ് യുദ്ധകാലത്തെ സമാധാനമാക്കുന്ന രീതി. അടിമത്തം നിലനിൽക്കുമ്പോഴും ആവർത്തിച്ചു പറഞ്ഞ് അതിനെ സ്വാതന്ത്ര്യമായി ചിത്രീകരിക്കുന്ന രിതിയുണ്ട് ചില ഭരണകൂടങ്ങൾക്കെങ്കിലും. ടാൻസ്‌ജെൻഡർ വ്യക്തികൾ കുറ്റം ചെയ്താൽപ്പോലും കുറ്റവാളികൾ സ്ത്രീകളാണെന്നു പൊലീസ് പറയുന്നത് ഇരുട്ട് വെളിച്ചമാണെന്നു പറയുന്നതുപോലെയാണെന്നാണ് റൗളിങ് പറയുന്നത്. 

 

എന്നാൽ, ട്രാൻസ്‌ജെൻഡർ വിമർശനം കടുപ്പിച്ചതിനുപിന്നാലെ സമൂഹ മാധ്യമത്തിൽ റൗളിങ്ങിനെ പിന്തുടരുന്നവരുടെ എണ്ണം പെട്ടെന്നു കൂടിയതായി ചിലർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. 13 ദശലക്ഷത്തിൽ അധികം പേരായിരുന്നു മുമ്പ്  റൗളിങ്ങിന്റെ ഫോളവേഴ്‌സ്. എന്നാൽ ഇപ്പോഴത് 14 ദശലക്ഷത്തിൽ അധികമായിരിക്കുന്നു.

 

2020 ജൂണിലും റൗളിങ് വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. അന്നും ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കടുത്ത വിമർശനമാണ് എഴുത്തുകാരി നടത്തിയത്. ആർത്തവമുള്ള വ്യക്തികൾ എന്ന പരാമർശമാണ് അന്ന് റൗളിങ്ങിനെ കുടുക്കിയത്. അത്തരക്കാരെ സ്ത്രീകൾ എന്നു പറയാൻ എന്തിനു മടിക്കുന്നു എന്നും അവർ ചോദിച്ചിരുന്നു. വിമർശനം കടുത്തതിനു പിന്നാലെ റൗളിങ്ങിന് ക്ഷമാപണം നടത്തേണ്ടിവന്നു.

 

Content Summary: Author J. K. Rowling's ‘ Transphobic ’ Tweet Stirs Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com