ADVERTISEMENT

‘ഏയ് ഓട്ടോ’ എന്ന ചിരിസിനിമ എഴുതി സംവിധാനം ചെയ്തത് വേണു നാഗവള്ളിയാണ്. അഭിനേതാവും സംവിധായകനുമായി പേരെടുത്ത പ്രതിഭാശാലി. എന്നാൽ, ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത റോളുകളിൽ അഭിനയിച്ചെങ്കിലും വേണു നാഗവള്ളി മലയാളത്തിലെ എന്നത്തെയും വിഷാദ നായകനാണ്. പ്രണയത്തിന്റെ ചിത എരിയുന്ന മനസ്സുമായി, വിഷാദം ഘനീഭവിച്ച കണ്ണുകളുമായി എവിടെ നിന്ന് എങ്ങോട്ടോ അലസനായി നടക്കുന്ന ചെറുപ്പക്കാരന്റെ രൂപം. ഈ രൂപവും ഭാവവും അദ്ദേഹത്തിനു നൽകിയതിൽ ‘ഉൾക്കടൽ’ എന്ന സിനിമയ്ക്ക് വലിയ പങ്കുണ്ട്. ആ സിനിമയിലെ രാഹുലൻ എന്ന കഥാപാത്രത്തിനും. കെ.ജി. ജോർജ് സംവിധാനം ചെയ്ത സിനിമയുടെ കഥ ജോർജ് ഓണക്കൂറിന്റെതാണ്. 

 

പ്രശസ്തമായ നോവലിനെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം. ‘ചെമ്മീൻ’ ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവെ സാഹിത്യ കൃതികളുടെ സിനിമാ ആവിഷ്‌കാരം പലപ്പോഴും കൃതികൾക്കു താഴെ മാത്രമാണു നിൽക്കുന്നത്. അക്ഷരങ്ങൾ സൃഷ്ടിക്കുന്ന അതേ അനുഭൂതി പലപ്പോഴും ദൃശ്യങ്ങളുടെ ആനുകൂല്യം ഉണ്ടെങ്കിലും ചലച്ചിത്രങ്ങൾക്കു സൃഷ്ടിക്കാനാവാറില്ല. ജോർജ് ഓണക്കൂർ എന്ന എഴുത്തുകാരനെ ആദ്യമായി മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നത് ‘ഉൾക്കടൽ’ എന്ന നോവലാണ്. 

 

സിനിമയായപ്പോൾ കെ.ജി.ജോർജ് എന്ന സംവിധായകനെ മലയാളികൾ കുറേക്കൂടി ഇഷ്ടപ്പെട്ടു. വേണു നാഗവള്ളി എന്ന നടനെ. അകാലത്തിൽ അസ്തമിച്ച ശോഭ എന്ന നടിയെ. നടനും നടിക്കും പിന്നീട് ഒരിക്കലും ഉൾക്കടൽ സമ്മാനിച്ച ഇമേജിൽ നിന്നു പുറത്തു കടക്കാനുമായില്ല. അത്രയ്ക്കു ശക്തവും തീവ്രവുമായിരുന്നു ആ കഥാപാത്രങ്ങളുടെ മാനസിക ലോകങ്ങളുടെ ചിത്രീകരണം. ഇന്നും ലക്ഷണമൊത്ത മലയാളത്തിലെ ക്യാംപസ് ലവ് സ്റ്റോറിയായി ഉൾക്കടൽ പഴയ തലമുറയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിനു കാരണം ജോർജ് ഓണക്കൂർ എന്ന എഴുത്തുകാരന്റെ പ്രതിഭ തന്നെയാണ്.

 

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഓണക്കൂറിന്റെ ആത്മകഥയാണ് ഹൃദയരാഗങ്ങൾ എന്ന പുസ്തകം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൃതി. ജയപരാജയങ്ങളുടെ, ഭാഗ്യ നിർഭാഗ്യങ്ങളുടെ, ഉയർച്ച താഴ്ചകളുടെ നേരനുഭവങ്ങൾ. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അവയെയെല്ലാം അതിജീവിച്ച് ഒരാൾ അവ ഓർത്തെടുക്കുമ്പോൾ നിറയുന്നത് കാലുഷ്യവും വിദ്വേഷവുമല്ല, പ്രസാദാത്മകതയാണ്. ജോർജ് ഓണക്കൂർ എന്ന എഴുത്തുകാരന്റെ വിശാലമായ സാഹിത്യ പ്രപഞ്ചം മനസ്സിൽ അവശേഷിപ്പിക്കുന്നതും പ്രസാദാത്മകത തന്നെ. മറ്റ് എഴുത്തുകാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതും ഈ പ്രത്യേകത തന്നെയാണ്. ജീവിതത്തിനോടും എഴുത്തിനോടും അനുഭവങ്ങളോടും പുലർത്തുന്ന സത്യസന്ധതയും ആത്മാർഥതയും വിഷാദത്തിൽ നിന്നു പോലും കടഞ്ഞെടുക്കുന്ന നൈർമല്യവും വിശുദ്ധിയും.

 

നൻമ നിറഞ്ഞ അമ്മ എന്ന പേരാണ് ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ ആദ്യത്തെ അധ്യായത്തിന് അദ്ദേഹം നൽകിയിരിക്കുന്നത്. ആകാശ നീലമിയിൽ എന്ന് അവസാനത്തെ അധ്യായത്തിനും പേരു നൽകിയ അദ്ദേഹം ആത്മകഥ സമർപ്പിക്കുന്നത് അമ്മയ്ക്കാണ്, എല്ലാ അമ്മമാർക്കും. ഹൃദയരാഗങ്ങൾ എന്നെ സാന്ത്വനിപ്പിക്കുന്നു. ഓരോ പ്രഭാതവും പുനർജ്ജനിയാണ്. സ്വപ് നങ്ങൾ നൽകുന്നതാണ്. അതാണ് എന്റെ ജീവനരഹസ്യം എന്നു പറയുന്ന ഓണക്കൂർ ഹൃദയരാഗങ്ങൾ താൻ ശ്രബുദ്ധനിൽ നിന്നാണ് സ്വാംശീകരിച്ചതെന്നു പറയുന്നുണ്ട്. ആത്മരാഗങ്ങൾ ശ്രയേശുവിൽ നിന്നും.

 

ആർദ്രതയാണ് ജോർജ് ഓണ്ക്കൂർ എന്ന എഴുത്തുകാരന്റെ കരുത്ത്. ആർദ്രതയോടെ എന്നും മലയാളി മനസ്സിൽ ഓർക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്. നോവൽ പോലെ വായിച്ചുപോകാവുന്ന ഹൃദയരാഗങ്ങൾ എന്ന ആത്മകഥ ഒരിക്കൽക്കൂടി അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നു. ഓണക്കൂറിന്റെ കാമന എന്ന നോവലാണ് പിന്നീട് യമനം എന്ന ചലച്ചിത്രമായത്. കവി അയ്യപ്പപ്പണിക്കറുടെ ഒരു കവിത ഈ സിനിമയിൽ ഉപയോഗിച്ചിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരൊറ്റ സിനിമയ്ക്കു മാത്രം അവകാശപ്പെടാനാവുന്ന അപൂർവത. ജി. ദേവരാജൻ സംഗീതം നൽകിയ ഗാനം ഒരിക്കൽ കേൾക്കുന്നവരെ പിൻവിളി വിളിച്ചുകൊണ്ട് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.

 

തിരകൾക്കു കടലൊരു തടവറ                തീരം കടലിനു തടവറ

ദിശകൾ പകലിനു തടവറ                    പകലോ രാവിനു തടവറ

നിൻ കരവലയമെനിക്കു തടവറ

ഇക്കരവലയമഴിച്ചു തുറന്നീപ്പക്ഷിയെയകലേക്കയയ്ക്കരുതേ

അയക്കരുതേ അയക്കരുതേ

കടൽമാല വിഴുങ്ങും കാറ്റിൻ ചിറകു മുറിക്കാനിടയാക്കരുതേ

നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ

അനാഥത പേറിയലഞ്ഞു നടക്കാനെന്നെ വിടാതെ പിടിച്ചു നിർത്തുക

നിൻ വിരൽ കോർത്ത കരങ്ങളയയ്ക്കരുതേ

അയയ്‌ക്കരുതേ അയയ്‌ക്കരുതേ

 

Content Summary : George Onakkoor has won the Sahitya Akademi Award for his autobiography Hrudayaragangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com