ADVERTISEMENT

എസ്. ഗുപ്തൻനായർ അച്ഛനെപ്പോലെ ആയുർവേദ വൈദ്യനായില്ല. പകരം  സാഹിത്യകാരനും  അധ്യാപകനും  പ്രഭാഷകനുമായി. വിമർശകൻ, വിവർത്തകൻ, പത്രപ്രവർത്തകൻ എന്നീ മേഖലകളിലും വ്യാപരിച്ചു. വളഞ്ഞും പുളഞ്ഞും ഗതിമാറിയും ഒഴുകുന്ന നദിപോലെ  ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നടനാകണോ നിരൂപകനാകണോ പത്രപ്രവർത്തകനാകണോ അധ്യാപകനാകണോ സന്യാസിയാകണോ ഗൃഹസ്ഥാശ്രമിയാകണോ എന്നെല്ലാമുള്ള ആത്മസംഘർഷങ്ങൾ‌ തരണം ചെയ്തതും ആ പ്രവാഹഗതിയിലാണ്. വീടെന്ന വിടാക്കുരുക്കിൽ മുഴുകാതെ നീന്തിപ്പോയതെന്തിനെന്നു അദ്ദേഹത്തോടു പലരും ചോദിച്ചിരുന്നു. 

 

എൺപത്തിയഞ്ചാം വയസ്സിലാണ് ഗുപ്തൻനായർ ആത്മകഥ എഴുതുന്നത്. ‘മനസാ സ്മരാമി’ എന്നു പേരിട്ട ആ കൃതിയിൽ ഒരിടത്ത് അദ്ദേഹം സ്വയം ചോദിക്കുന്നുണ്ട് ഭാണ്ഡം മുറുക്കാൻ സമയമായില്ലേ എന്ന്. എന്തൊക്കെയുണ്ട് ഭാണ്ഡത്തിലിടാൻ?പത്തിരുപതു പുസ്തകങ്ങൾ, കുറേ സൗഹൃദ സ്മരണകൾ,ഗുരു കടാക്ഷം, ശിഷ്യരുടെ സ്നേഹം...  പിന്നെ ആയുർവേദ വൈദ്യനായ  അച്ഛന്റെ നിർബന്ധം കൊണ്ട് കഷായം  പോലെ  കുടിച്ച അമരവും സിദ്ധരൂപവും... 

literaure-channel-podcast-athmakathayanam-series-s-guptan-nair-illustration

 

കൃഷ്ണപുരം ഗവ. പ്രൈമറി സ്കൂൾ,  പ്രയാർ യുപി സ്കൂൾ, കായംകുളം  ഗവ. സ്കൂൾ,തിരുവനന്തപുരം സയൻസ് കോളജ്,  തിരുവനന്തപുരം  ആർട്സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഗുപ്തൻനായർ കുറച്ചുകാലം ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരുന്നു. ഗവേഷണ പഠനത്തിനു ചേർന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തന്നെ അധ്യാപകനായി നിയമനം ലഭിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജ്. എറണാകുളം മഹാരാജാസ് കോളജ്,പാലക്കാട് വിക്ടോറിയ കോളജ്,കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിലും അധ്യാപകനായി. ഒ.എൻ.വി. കുറുപ്പും തിരുനല്ലൂർ കരുണാകരനും എം.കെ. സാനുവും ജി. ശങ്കരപ്പിള്ളയും ആറ്റൂർ രവിവർമയും പുതുശ്ശേരി രാമചന്ദ്രനുമടക്കമുള്ള സാഹിത്യപ്രതിഭകളും എ.കെ. ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാരും  ഗുപ്തൻ നായരുടെ ശിഷ്യനിരയിലുണ്ട്.   എസ്.ജി.നായർ, ബിഎ ഓണേഴ്സ് എന്ന പേരിലായിരുന്നു ആദ്യരചനകൾ. ആദ്യ പുസ്തകം ആധുനിക സാഹിത്യം. ഒട്ടേറെ റേഡിയോ പ്രഭാഷണങ്ങളും നാടകാവതരണവും നടത്തി. 

 

കേരള സാഹിത്യ അക്കാദമി,സാഹിത്യപ്രവർത്തക സഹകരണസംഘം, കേരള സാഹിത്യ സമിതി, വിദ്യാഭ്യാസ സുരക്ഷാ സമിതി എന്നിവയുടെ പ്രസിഡന്റ്, കേരള സർക്കാരിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, എ.ആർ.രാജരാജവർമ സ്മാരകം എന്നിവയുടെ ചെയർമാൻ, മലയാളി, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, സന്നിധാനം എന്നിവയുടെ എഡിറ്റർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദേശീയവാദിയായിരുന്ന ഗുപ്തൻ നായർ കോൺഗ്രസ് ഫോർ കൾചറൽ ഫ്രീഡം എന്ന സംഘടനയുടെ കേരള കൺവീനറായിരുന്നു. കോൺഗ്രസിനു കീഴിലുള്ള ഇന്ത്യൻ റൈറ്റേഴ്സ് യൂണിയന്റെ ദേശീയ പ്രസിഡന്റുമായി. 

 

എസ്. ഗുപ്തൻ നായർ

ജനനം: 1919 ഓഗസ്റ്റ് 22 ന് കൊല്ലത്തെ ഓച്ചിറയിൽ

പിതാവ് : ഒളശ്ശ ശങ്കരപ്പിള്ള

literaure-channel-podcast-athmakathayanam-series-s-guptan-nair-article-image-podcast

മാതാവ് : ശങ്കരി അമ്മ

ഭാര്യ : ഭാഗീരഥിയമ്മ

മക്കൾ : ലക്ഷ്മി, എം.ജി.ശശിഭൂഷൺ, സുധ ഹരികുമാർ

മരണം : 2006 ഫെബ്രുവരി 6

 

പ്രധാന കൃതികൾ: 

ആധുനിക സാഹിത്യം, ഇസങ്ങൾക്കപ്പുറം, അസ്ഥിയുടെ പൂക്കൾ, ചങ്ങമ്പുഴ കവിയും കവിതയും, സമാലോചന, ക്രാന്തദർശികൾ, കാവ്യസ്വരൂപം, തിരയും ചുഴിയും, സൃഷ്ടിയും സൃഷ്ടാവും. പ്രധാന ബഹുമതികൾ :കേന്ദ്ര–കേരള സാഹിത്യഅക്കാദമി അവാർ‌ഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം,ജി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ശങ്കരനാരായണൻ തമ്പി അവാർഡ്, സി.വി.രാമൻപിള്ള അവാർഡ്, പി.എൻ. പണിക്കർ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്.

 

Content Summary : Athmakathayanam Column by Dr. M. K. Santhoshkumar on S Guptan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com