ADVERTISEMENT

ആ ചെറുപ്പക്കാരന്റെ പേര് നീലകണ്ഠൻ എന്നാണ്. നീലൻ എന്നു വിളിക്കും. നീലന്റെ സഹജീവിയുടെ പേര് നീലിമ എന്ന്. നീലി എന്നു വിളിക്കും. സഹജീവി എന്നാൽ കൂടെ ജീവിക്കുന്ന ആൾ തന്നെ. പരിഷ്‌കാരം ഇതായിട്ട് കുറച്ചുകാലമായല്ലോ. ചടങ്ങുകളിൽ ഒന്നും ആർക്കും വിശ്വാസമില്ല എന്നാണ് വയ്പ്. വിവാഹം ഒരു ചടങ്ങ് ആണല്ലോ. അതൊന്നും ഇല്ലാതെയും ജീവിക്കാം എന്നു തീർച്ചപ്പെടുത്തിയവരുടെ കൂട്ടത്തിലാണ് ഇവർ. 

 

ഭാഷാപോഷിണി പുതുവർഷപതിപ്പിൽ വന്ന ബ്ലൂടൂത്ത് എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ശാസ്ത്രജ്ഞനായി ജോലിചെയ്യുകയും ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ജീവിക്കുകയും ചെയ്തിട്ടുള്ള സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥയാണിത്. സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തിലുണ്ടാക്കുന്ന വിസ്‌ഫോടനത്തിൽ പകപ്പോ ഭയമോ ഉൽക്കണ്ഠയോ ഒക്കെ അനുഭവപ്പെട്ടു തുടങ്ങിയ ഒരാളുടെ വിചാരങ്ങളായി ഈ കഥയെ വായിക്കാം. സാങ്കേതിക വിദ്യ മനുഷ്യജീവിതത്തിൽ സൃഷ്ടിച്ച പരിണാമങ്ങളുടെ പകർത്തിയെഴുത്തായി കണ്ടാലും കുഴപ്പമില്ല. 

 

കടുത്ത പ്രണയത്തിൽ പെട്ടുപോവുകയും വീട്ടുകാരുടെയോ കൂട്ടുകാരുടെയോ അറിവോടെ വിവാഹം ചെയ്യാൻ കാത്തുനിൽക്കാതെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്ന നീലകണ്ഠനും നീലിയും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എംടെക്കുകാരാണ്. കംപ്യൂട്ടർ സുരക്ഷയാണ് നീലിയുടെ ഇഷ്ടവിഷയം. എന്നുവച്ചാൽ കടന്നാക്രമണങ്ങളിൽ നിന്നു കംപ്യൂട്ടറിലെ വിവരങ്ങളെ (ഡേറ്റ) രക്ഷിക്കുക. നീലന്റെ ഐച്ഛികവിഷയം കടകവിരുദ്ധമാണ്. ഡേറ്റ എവിടെ സൂക്ഷിച്ചാലും അതു ചോർത്തിയെടുക്കുക. 

writer-c-radhakrishnan

 

ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ ഇരുവരും പരസ്പരവിരുദ്ധമായ ജോലി ചെയ്യുമ്പോഴും ചക്കയും ഈച്ചയും പോലെ എന്നു തോന്നിപ്പിക്കും വിധം സ്‌നേഹത്തോടെയും ഒരുമയോടെയും കഴിഞ്ഞുപോയി. ഇരുവർക്കും ബന്ധുക്കളുണ്ടോ എന്നൊന്നും ആരും അന്വേഷിച്ചില്ല. അവരുടെ താമസസ്ഥലത്തേക്ക് ആരും വന്നുകണ്ടുമില്ല. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ നാലു വയസ്സുള്ള ഒരാൺകുട്ടിയെയും മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയെയും അവരുടെ കൂടെ കാണാൻ തുടങ്ങി. അപ്പോൾ ആളുകൾക്കെല്ലാം ജിജ്ഞാസയായി. ഈ കുട്ടികൾ എവിടന്നു വന്നു.?

 

ഓഫിസിലെല്ലാവർക്കും ആകാംക്ഷ വളർന്നെങ്കിലും അവരിരുവരും ആരോടും ഒന്നും പറഞ്ഞില്ല. അപ്പോഴാണ് ഓഫിസിലെ നവീൻ എന്ന സഹപ്രവർത്തകൻ നീലിമയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി വിവരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ചത്. പരാജയമായിരുന്നു ഫലം. പക്ഷേ, നീലന്റെ കംപ്യൂട്ടറിലേക്ക് അയാൾക്ക് അനായാസം പ്രവേശിക്കാൻ കഴിഞ്ഞു. നീലിമ അതീവ രഹസ്യമായി സൂക്ഷിച്ചുവച്ച രഹസ്യങ്ങൾ നീലൻ നേരത്തെ ചോർത്തിയെടുത്തിരുന്നു. അതുൾപ്പെടെയാണ് നവീൻ ചോർത്തിയത്. അപ്പോഴാണ് അയാൾ ഒരു രഹസ്യം മനസ്സിലാക്കിയത്, ബ്ലൂ ടൂത്ത് ഉപയോഗിച്ച് നീലൻ നീലിയുടെ വിവരങ്ങൾ ചോർത്തുന്നതു മനസ്സിലാക്കിയ നീലി അതേ വിദ്യയുപയോഗിച്ച് നീലന്റെ വിവരങ്ങളും ചേർത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം ചോർത്തുന്നതു വഴി, രണ്ടുപേരും മറച്ചുവച്ച തങ്ങളുടെ രഹസ്യങ്ങൾ ഇരുവർക്കും മനസ്സിലാകുന്നു. പരസ്പരം അറിയാതെ അവരിരുവരും വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുന്നതറിഞ്ഞ നവീന്റെ ഇടപെടലിൽ രണ്ടുപേർക്കും സൂക്ഷിച്ചുവയ്ക്കാൻ രഹസ്യങ്ങളൊന്നുമില്ലാതാകുന്നു. 

പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു സംഭവിച്ച മറ്റൊരു സഹജീവനത്തിൽ നീലന് ഉണ്ടായ കുഞ്ഞാണ് ആദ്യത്തേത്. മോഡലിങ് തൊഴിലാക്കിയ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നതോടെ അമേരിക്കയിൽ നിന്ന് നീലന്റെ അച്ഛനമ്മമാർ വന്ന് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. 

 

c-radhakrishnan-story

എൻജിനീയറിങ് കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നീലി യുവ അധ്യാപകനാൽ ബലാൽസംഗം ചെയ്യപ്പെട്ടു. ആ വഴിക്കാണ് രണ്ടാമത്തെ കുഞ്ഞിന്റെ  ജനനം. കുഞ്ഞിനെ തങ്ങളോടൊപ്പം കൂട്ടി നീലിയുടെ രക്ഷിതാക്കൾ അവളെ എം.ടെക്കിനു പഠിക്കാൻ വിട്ടു. 

 

പരസ്പരം അറിയാതെ വളർന്ന കുട്ടികൾ എങ്ങനെ ഒരു സുപ്രഭാതത്തിൽ നീലനും നീലിയും ഒരുമിച്ചു താമസിക്കുന്ന ഫ്‌ളാറ്റിൽ പ്രത്യക്ഷമായി എന്ന ദുരൂഹത അപ്പോഴും അവശേഷിച്ചു. അതു കണ്ടുപിടിക്കാനുള്ള ജിജ്ഞാസയിലായി നവീൻ പിന്നീട്. മറ്റു വഴികൾ കാണാതെ നവീൻ നീലനോടും നീലിയോടുമായി തന്നെ അതങ്ങു ചോദിച്ചു.

ഈ കുട്ടികളിൽ ഒരാൾക്കു പോലും നീലപ്പല്ലുകൾ ഇല്ലല്ലോ.

നീലിമ പറഞ്ഞു

ഈ കുട്ടികൾ സ്‌കൈഡ്രോപ് വഴി വന്നവരുമല്ല.

 

ആഖ്യാനം  വായനക്കാരനെക്കൊണ്ടെത്തിക്കുന്ന ചില ദുരൂഹതകളുണ്ട്, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്. അതു തന്നെയാണ് കഥയുടെ ഭംഗി. പരസ്പരം മനസ്സിലാകാത്തവരുടെ ലോകം, വെർച്വൽ ജീവിതം അടിച്ചേൽപിക്കുന്ന രഹസ്യങ്ങളില്ലായ്മ, ഇവ തമ്മിലുള്ള സംഘർഷത്തിൽ പെട്ടുഴലുന്ന മനുഷ്യരുടെ ജീവിതവ്യഥകൾ.... ഇവയൊക്കെ അനാവരണം ചെയ്തുകൊണ്ട് കഥ അവസാനിക്കുന്നതിങ്ങനെ.

 

പാൽപ്പല്ലു കൊഴിഞ്ഞാൽ ഇപ്പോഴത്തെ കുട്ടികളുടെ വായിൽ കിളിർക്കുന്നത് ബ്ലൂ ടൂത്ത് ആണ്!

 

കഥയുടെ പശ്ചാത്തലം സംബന്ധിച്ച് സി. രാധാകൃഷ്ണൻ:

 

എന്റെ പരിചയക്കാരിൽ ഒരുപാടുപേരുടെ മക്കളും പേരക്കുട്ടികളും ഐടി രംഗത്ത് പ്രവർത്തിച്ചുവരുന്നു. അവരെ കാണുമ്പോഴും അവരുടെ സംഭാഷണം കേൾക്കുമ്പോഴുമൊക്കെ എനിക്ക് ഒരുപാടൊരുപാട് വെപ്രാളമുണ്ടാകാറുണ്ട്. ഒന്നാമത് അവർ പറയുന്ന ഭാഷ നമുക്കു മനസ്സിലാവില്ല. രണ്ടാമത്, അവർക്കുണ്ടാകുന്ന ഭാവങ്ങൾ, നമുക്കൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഭാവങ്ങളാണ്. ഒരു സംഭാഷണശകലം കേൾക്കൂ. 

c-radhakrishnan-writer

 

ഡാ, എനിക്കൊരു ഡ്രോപ് കിട്ടി. ഞാൻ അതു ഷെയർ ചെയ്യാമെന്നു വിചാരിച്ചു. പക്ഷേ, നീയെന്നെ ക്വാറന്റീനിൽ ഇട്ടു കളഞ്ഞല്ലോടാ.

 

വിലപിടിച്ച വിദേശമദ്യം കിട്ടിയെന്നോ പാൽപായസം കിട്ടിയെന്നോ ഒന്നുമല്ല, ഈ പറയുന്നതിന്റെ അർഥം എന്ന് നമുക്ക് പെട്ടെന്ന് അറിയില്ല. പക്ഷേ, അവർക്ക് അതുമാത്രമേ അറിയൂ. 

 

ജീവിതശൈലിയിലും ജീവിതമൂല്യങ്ങളിലും ഭാഷ ചെലുത്തുന്ന സ്വാധീനം വലുതാണ് എന്ന് നമുക്കറിയാം. പക്ഷേ, കുട്ടികൾക്ക് അവരുടെ ഭാവങ്ങൾ പങ്കുവയ്ക്കാൻ ഇപ്പോൾ ഭാഷയില്ല. അതിനു ചില പദങ്ങളും മുദ്രകളും ചില ഇമോജികളും മാത്രമേയുള്ളൂ. അങ്ങനെ വരുമ്പോൾ ഉള്ള ഒരു സങ്കടം, അവർക്കു തങ്ങളോടു തന്നെ സംസാരിക്കാൻ ഒരു ഭാഷയില്ലാതാവുന്നു എന്നുള്ളതാണ്. 

തങ്ങളുടെ ഭാവിയെക്കുറിച്ച് അവർ വളരെയേറെ വിഷമിക്കുന്നു. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ജോലി. ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും പിന്നെ വീണ്ടുകിട്ടാത്ത ജോലി. കാരണം, അവരെക്കാൾ പ്രാഗത്ഭ്യമുള്ളവരെ, അവരെക്കാൾ പ്രായം കുറഞ്ഞവരെ, അവർക്കു കൊടുക്കുന്നതിനെക്കാൾ കുറഞ്ഞ ശമ്പളത്തിന് ഇപ്പോൾ ലഭ്യമാണെന്നതിനാൽ ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല. 

 

പണം കൊടുത്താൽ കിട്ടാവുന്നത് വാങ്ങി അനുഭവിക്കുകയാണ് ഇവരുടെ ആനന്ദം.  മനുഷ്യബന്ധങ്ങളിൽ ആനന്ദം കാണുന്ന ഒരു പരിചയം ഇവർക്കില്ല. മനുഷ്യബന്ധങ്ങൾ എന്നു പറയുന്നത് വളരെ പരിമിതമായ ചില സൗഹൃദങ്ങളും  ലൈംഗികാസക്തി തൃപ്തിപ്പെടുത്താനാവശ്യമായ ബന്ധങ്ങളും മാത്രമാണ്. ഇതിന്റെയൊക്കെ അനന്തരഫലങ്ങൾ എന്താണെന്നോ, എന്തൊക്കെയാണ് നാളെ തങ്ങൾക്ക് നേരിടേണ്ടിവരിക എന്നോ ഒന്നും ആലോചിക്കാനുള്ള ഒരു തയാറെടുപ്പും ഇവരിൽ ഇല്ല. ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നോ എന്താണ് തങ്ങൾക്ക് ആവശ്യം എന്നോ നിതാന്തമായ ആനന്ദാനുഭൂതി എന്നാൽ എന്താണെന്നോ കാവ്യസാഹിത്യാദികളിൽ ഉള്ള ലയം കൊണ്ട് കിട്ടാവുന്ന നിർവൃതി എന്താണെന്നോ മറ്റു കലകളിൽ ഉള്ള അഭിരുചി എന്താണെന്നോ ഒന്നും ഇവർക്കറിഞ്ഞുകൂടാ. അത്രയുമല്ല, ഈ ലോകം എങ്ങനെയാണ് നടക്കുന്നതെന്നോ ചുറ്റുവട്ടത്തുള്ള യാഥാർഥ്യങ്ങൾ എന്താണെന്നോ എന്നുപോലും ഇവർക്ക് അറിയില്ല.

 

സുഹൃത്ബന്ധങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും ഒക്കെ വളരെ നൈമിഷികമാണ് എന്നു തന്നെ പറയാം. ഇപ്പോൾ ഉണ്ട്. നാളെ ഉണ്ടാകുമോ എന്നറിയില്ല. വീണ്ടും ഇതുതന്നെ തുടരുമോ എന്നറിയില്ല. വേറെയാരെങ്കിലുമാണോ ജീവിതത്തിലേക്കു കടന്നുവരിക എന്നറിയില്ല എന്ന അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. ജീവിതത്തിന് അടിസ്ഥാനപരമായ ഒരു ബന്ധമോ  ബന്ധനമോ ഇല്ല എന്നർഥം. 

 

കുടുംബം എന്ന ഒരു ആശയം തന്നെയില്ല. ഒരാള്, മറ്റൊരാൾ. പിന്നെ അവർക്കുണ്ടാകാവുന്ന കുട്ടികൾ. ആ കുട്ടികളെക്കുറിച്ചുപോലും അവർ ആലോചിക്കാറില്ല. ഉണ്ടായിക്കഴിയുമ്പോഴാണ് അങ്ങനെ ചിലതുണ്ടായല്ലോ എന്ന ബോധം അവർക്കുണ്ടാകുന്നത്. അപ്പോഴേക്കും, ആരാണ് അത് ഭാരമായി ഏൽക്കേണ്ടുന്നത് എന്നു പോലും തർക്കം വരുന്നു. അതോടുകൂടി ബന്ധം ശിഥിലമാവുന്നു. അങ്ങനെ ശിഥിലമായിപ്പോകുന്ന ഒരു ബന്ധം, എന്തോ ഒരു പുണ്യം കൊണ്ട് വീണ്ടും ഒരുമിക്കുന്ന, ജീവിതം തിരിച്ചുകിട്ടുന്ന ഒരു കഥ എഴുതണമെന്ന് എനിക്കു തോന്നി. 

 

ഏത് അവസ്ഥയിലും മനുഷ്യരായ നമുക്ക് നർമബോധമുണ്ടാകാമെന്നും ആ നർമബോധം നമ്മളെ  കൈയൊഴിയുയില്ലെന്നുമുള്ള എന്റെ ഉത്തമവിശ്വാസം  ഈ കഥയിൽ പ്രകടിപ്പിച്ചിരിക്കുകയാണ്. 

 

നാളെ ചിലപ്പോൾ ഇന്നുള്ളതിലേറെ ദുർഘടമാവാം ഇവരുടെ ജീവിതം. കാരണം, കംപ്യൂട്ടർ ഇനിയും പുരോഗമിച്ചുകഴിയുമ്പോൾ വക്കീൽ വേണ്ടാ, കോടതി വേണ്ടാ, എല്ലാം കംപ്യൂട്ടർ മതി എന്നാവാം. ഡോക്ടർ വേണ്ടാ, നഴ്‌സ് വേണ്ടാ, എല്ലാം ഹ്യുമനോയിഡ് മതി എന്നാവാം. അങ്ങനെയങ്ങനെ ലോകത്ത് ഒരുപാട് ജോലികൾ ഇല്ലാതാവുകയും മനുഷ്യൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ, പുലരാൻ കഴിയാതെ വിഷമിക്കുന്ന ഒരവസ്ഥ സംജാതമായേക്കാം. 

 

ഒരതിരു കഴിഞ്ഞാൽ, ആവശ്യമുള്ള സോഫറ്റ്‌വെയറുകളും ഹുമനോയിഡുകളും സർക്യൂട്ടുകളും ഒക്കെ പണിതു കഴിയുമ്പോൾ, പിന്നെ എന്താണ് ചെയ്യാനുള്ളത്? ഒന്നുമില്ല എന്ന അവസ്ഥയിലെത്തുകയും അങ്ങനെ ഐടി പ്രഫഷനലുകൾക്ക് ജോലി പോലുമില്ലാതാവുകയും ചെയ്യാവുന്ന കാലം വരാം.

 

പല്ലുകൾ മഞ്ഞയോ വെളുപ്പോ ഒക്കെയാവാം., മുറുക്കിച്ചുവപ്പിച്ച് വളരെ കഴിയുമ്പോൾ ചിലപ്പോൾ ചുവപ്പും ആവാം. പക്ഷേ, അത് ഒരിക്കലും നീലയാകാറില്ലല്ലോ. അങ്ങനെ നീലപ്പല്ല് എന്നുള്ളത്, ഒരർഥത്തിൽ നാളെ വരാൻ പോകുന്ന വളരെ വിചിത്രമായ ഒരവസ്ഥയുടെ ചിത്രമാണ്. ആ ചിത്രമാണ് ഞാൻ ഈ കഥയിൽ അവതരിപ്പിക്കുന്നത്.

 

ഭാഗ്യത്തിന് ഇന്നുള്ള ഐടി തലമുറയ്ക്ക്, അവരുടെ സ്‌നേഹധീരരായ രക്ഷാകർത്താക്കളും ചുറ്റുപാടുകളുമൊക്കെയുണ്ട്. 

നാളെയുള്ള തലമുറയ്ക്ക് ഇതുകൂടിയില്ലാതാവുമ്പോൾ അവർക്ക് ഒരു താങ്ങായി ആരുണ്ടാകുമെന്നോ ആരാണ് അവർക്ക് കൂടെയുണ്ടാവുന്നതെന്നോ അവർക്കുണ്ടാവുന്ന കുട്ടികൾ എങ്ങനെ പുലരുമെന്നോ ഒരു നിശ്ചയവുമില്ല. സമുദായം ഒരു വലിയ വെപ്രാളാവസ്ഥയിലേക്ക് കടന്നു പോകുന്നു. ഇങ്ങനെയുള്ള ഒരു പ്രതിസന്ധിയിൽ സ്‌നേഹം മാത്രമാണ് മനുഷ്യന് ശാശ്വതമായ ഒന്ന് എന്നും അത് ഏതവസ്ഥയിലും നമുക്ക് വീണ്ടെടുക്കാനും വളർത്തിക്കൊണ്ടുവരാനും കഴിയും എന്നുമൊക്കെയുള്ള വിശ്വാസം ഒരു ചെറുചിരിയോടെ നമ്മളിൽ ഉണ്ടായിക്കിട്ടാൻ വേണ്ടിയാണ് ഞാൻ ഈ കഥ രചിച്ചിരിക്കുന്നത്. അത് അൽപമെങ്കിലും നിറവേറി എങ്കിൽ ഞാൻ ചരിതാർഥനാണ്. അതു നിങ്ങൾക്ക് അൽപമെങ്കിലും ആനന്ദവും വെളിപാടും തിരിച്ചറിവും നൽകി എങ്കിൽ ഞാൻ സംതൃപ്തനും ആണ്. എല്ലാവർക്കും നന്ദി. നമസ്‌കാരം.

 

വാലറ്റം - ബഹിരാകാശ സഞ്ചാരവും മരണാനന്തര സംസ്‌കാരവുമൊക്കെ ഓൺലൈനായി ബുക് ചെയ്യാനുള്ള ഏർപ്പാടുകൾ ഇപ്പോൾ തന്നെ ഉണ്ടല്ലോ. കുട്ടികളെ പോറ്റാനുള്ള സംവിധാനം കൂടി ഓൺലൈനായി സാധിച്ചു കിട്ടിയാൽ പിന്നെ ഏത് പ്രഫഷനലുകൾക്കും ഈ കുട്ടികളെ നോക്കി വിഷമിക്കാതെ തന്നെ അവർക്കിഷ്ടമുള്ള  ചേഷ്ടകളിൽ വ്യാപരിക്കാം. 

 

( പ്രിയപ്പെട്ടവരേ, മനോരമ ഓൺലൈനിലെ എന്റെ കോളമെഴുത്ത് ഒരു വർഷം പൂർത്തിയാക്കുകയാണ്. പ്രത്യേക സാഹചര്യങ്ങളിൽ ചില ആഴ്ചകഴിൽ മുടങ്ങിയതൊഴിച്ചാൽ പതിവായി  നിങ്ങളുമായി ഈ കോളത്തിലൂടെ സംവദിക്കുന്നത് രസകരമായ അനുഭവം ആയിരുന്നു. 51 എഴുത്തുകാരെയും അവരുടെ രചനകളെയും  കോളത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു. നന്ദി. നമ്മുടെ യാത്ര തുടരാം.)

 

Content Summary: Kadhayude Vazhi, column by Ravivarma Thampuran on writer C. Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com