ADVERTISEMENT

തഹസിൽദാരായി വിരമിച്ച ശേഷം എഴുത്തിൽ സജീവമായ ആളാണ് രമേശൻ മുല്ലശ്ശേരി. അത്രയും കാലം എഴുതാതെ മനസ്സിൽ സൂക്ഷിച്ചതെല്ലാം ഒന്നിച്ചു കുടഞ്ഞിട്ടിട്ടെന്നതുപോലെ പിന്നീടദ്ദേഹം എഴുത്തോടെഴുത്താണ്. മൂന്നുവർഷം കൊണ്ട് നാലു നോവലുകൾ, 11 കഥകൾ. ഇൻജുറിടൈം, ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ നോവലുകൾ അച്ചടിക്കപ്പെട്ടു. നാലാം നോവൽ ഷൂട്ടൗട്ട് അച്ചടിയിലാണ്. നോവലെഴുതി പേരെടുത്ത ശേഷമാണ് കഥയെഴുതാൻ തുടങ്ങിയത്. ആദ്യമെഴുതിയ കഥ ചാർവാകന്മാർ ഉണ്ടാകുന്നത്. തുടർന്ന് പത്തു കഥകൾ കൂടിയെഴുതി. എല്ലാം ആനുകാലികങ്ങളിൽ അച്ചടിച്ചുവന്നു. ആദ്യകഥാസമാഹാരത്തിനു വേണ്ടി ധൃതിവയ്ക്കാതെ, കുറച്ചു നല്ല കഥകൾ കൂടി എഴുതാനുള്ള സമർപ്പണത്തിലാണ് അദ്ദേഹമിപ്പോൾ. പിറവത്തിനടുത്ത കളമ്പൂരിലാണ് താമസം.

 

ചാർവാകന്മാർ ഉണ്ടാകുന്നത് എന്ന കഥ ഔദ്യോഗികാനുഭവങ്ങളിൽ നിന്നു സ്വാംശീകരിച്ചതാണെന്നു പറയാം. കഥയിലെ നായകൻ ഉന്നതകുലജാതനായ വില്ലേജ് ഓഫിസർ ആണ്. കൂടെ പഠിച്ച പുലയസമുദായക്കാരനായ രാജനെയും മകൻ ഡാർവിനെയും അയാളുടെ മകൻ ചാർവാകൻ എന്നു പേരുള്ള കുട്ടിയെയും അവതരിപ്പിക്കുന്നതുവഴി പുലയസമുദായത്തിൽ പെട്ട ആളുകൾ അനുഭവിക്കുന്ന ദുരിതത്തിലേക്കു കൂടിയാണ് കഥാകൃത്ത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. 

നാട്ടിൽ പണിയില്ലാതെ വന്നപ്പോൾ രാജന്റെ അച്ഛൻ വെണ്ണി കിഴക്കൻമലയിലെ എസ്റ്റേറ്റിൽ പണിക്കുപോയി. എസ്റ്റേറ്റുകളെല്ലാം ക്രിസ്ത്യാനികളുടേതാണ്. അവിടത്തെ മൂത്താനാര് കുഞ്ഞൂഞ്ഞ്, വെണ്ണിയെ ബെന്നിയാക്കി. വെണ്ണി ഏതെങ്കിലും പള്ളിയിൽ പോയി ക്രിസ്ത്യാനിയായതായി രേഖയില്ല. പക്ഷേ, പേര് ബെന്നി എന്നായതുകൊണ്ട് പട്ടികജാതിക്കാരനെന്ന സാക്ഷ്യപത്രം കിട്ടാൻ പ്രയാസമായി. 

 

ramesan-mullassery-malayalam-writer
രമേശൻ മുല്ലശ്ശേരി

മകന് പരിഷ്‌കാരമുള്ളൊരു പേര് കിടക്കട്ടെ എന്നു കരുതിയാണ് രാജൻ അവന് ഡാർവിൻ എന്ന് പേരിട്ടത്. അതും പിന്നീട് പുലിവാലായി. രാജന്റെ ആഗ്രഹമായിരുന്നു വാർക്കവീട്ടിൽ കിടന്ന് ചാകണമെന്ന്. ഡാർവിന് ജാതി സർട്ടിഫിക്കറ്റ് കിട്ടി വീടുപണി തുടങ്ങും മുമ്പ് രാജൻ മരിച്ചു. അത് ഡാർവിന് വലിയ നൊമ്പരമായി. അങ്ങനെയാണ് മകന് ചാർവാകൻ എന്നു പേരിട്ടത്. 

 

ജാതിവിവേചനം  ഇല്ലെന്നു കരുതപ്പെടുന്ന കാലത്തും ജാതിസർട്ടിഫിക്കറ്റിനു വേണ്ടി പട്ടികജാതിക്കാരനായ ഒരാൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെ കഥയാണിത്. 

 

കഥയിൽ നിന്ന്

 

കുറച്ചുകാലം കഴിഞ്ഞ് കോളജിലെത്തിയപ്പോൾ മനസ്സിലായി നമ്മളോരോരുത്തരും ഓരോ സ്വയംഭരണപ്രദേശങ്ങളാണെന്ന്. അതങ്ങനെയല്ലെങ്കിലും ആണെന്ന് വശ്വസിക്കാനാണ് നമുക്കിഷ്ടം. ആവർത്തിച്ചാവർത്തിച്ച് ശരിയാക്കുന്ന തെറ്റുകളാണ് ചില ജീവിതങ്ങളു പോലും. കളമ്പൂർ കര പോലെ, ഒറ്റപ്പെട്ട തുരുത്തുപോലുള്ള  ജീവിതങ്ങൾ. അതറിയാതിരിക്കാനാണ് നമ്മൾ മറ്റൊരു ഭാവം പുറത്തുകാട്ടുന്നത്. വല്ലാതെ ഒറ്റപ്പെട്ടുപോയവരാണ് ഏറെയും. വിഷാദങ്ങളുടെ, സങ്കടങ്ങളുടെ, വേദനകളുടെ തുരുത്തിൽ ഒറ്റപ്പെട്ടുപോയവർ.

 

കഥയെക്കുറിച്ച് രമേശൻ മുല്ലശ്ശേരി

 

ramesan-mullassery-writer
രമേശൻ മുല്ലശ്ശേരി

സിസർകട്ട് ആണ് എന്റേതായി പ്രസിദ്ധീകരിച്ചു വന്ന ആദ്യ കഥയെങ്കിലും, ആദ്യമെഴുതിയത് ചാർവാകൻമാർ ഉണ്ടാകുന്നത്  ആണ്. അക്കാരണം കൊണ്ടു മാത്രമല്ലെങ്കിലും എന്റെ പ്രിയപ്പെട്ട കഥകളിലൊന്ന്.

 

ഏതാണ്ട് മൂന്നു പതിറ്റാണ്ടിനടുത്ത് റവന്യു ഓഫിസുകളിൽ ജോലി ചെയ്ത എനിക്ക് സമൂഹത്തിന്റെ ഏതാണ്ടെല്ലാ മേഖലയിലും പെട്ട ആളുകളുമായി അടുത്തിടപഴകാൻ അവസരമുണ്ടായിട്ടുണ്ട്. താൽപര്യപ്പെട്ടില്ലെങ്കിലും, നിവൃത്തികേടുകൊണ്ട് ജീവിതത്തിൽ ഒരു വട്ടമെങ്കിലും നിങ്ങൾക്ക് വില്ലേജ് ഓഫിസിൽ പോയേ തീരൂ. പരേതനായ ആർ.സുഗതൻ സെക്രട്ടേറിയറ്റിനെക്കുറിച്ച് പറഞ്ഞതുപോലെ, മരണവും പ്രസവവും ഒഴികെയുള്ള സകല സംഗതികളും നടക്കുന്ന രാവണൻ കോട്ടയാണവിടം.

 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അഭയാർഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സി.വി.ശ്രീരാമൻ എഴുതിയ വാസ്തുഹാര എന്ന കഥയുടെ സൃഷ്ടിക്ക് സമാനമാണ് ചാർവാകൻമാർ ഉണ്ടാകുന്നത് എന്ന കഥയെഴുതാനുണ്ടായ സാഹചര്യവും.

 

എന്റെ നാട്ടിൽ ഏതാണ്ട് ഹിന്ദു പുലയർക്കൊപ്പം തന്നെ ജനസംഖ്യയുള്ളവരാണ് ഹിന്ദു പുലയ സമുദായത്തിൽ നിന്നു ക്രിസ്തുമതത്തിലേക്ക്  പരിവർത്തനം ചെയ്യപ്പെട്ടവർ. പൊതുവെ അവശ ക്രൈസ്തവർ എന്ന് മറ്റുള്ളവർ പരിഹാസത്തോടെ വിളിക്കുന്നവർ. രണ്ടു വിഭാഗത്തിലും പെട്ട പലരും എന്റെ ഉത്തമ സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു.

അടുത്തിടപഴകുമ്പോൾ അവരിൽ പലരും വല്ലാത്തൊരു  സ്വത്വ പ്രതിസന്ധിയിൽപ്പെട്ട് ഉഴറുന്നതായി തോന്നിയിട്ടുണ്ട്. പലരും സാമൂഹിക ക്രമത്തിൽ തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി തിട്ടമില്ലാത്തവരാണ്.

 

സവർണ പാരമ്പര്യമുള്ള ക്രിസ്ത്യൻ സഭകളിൽ അവർ പിന്തള്ളപ്പെട്ടു പോകുന്നു. പരിവർത്തിത സമുദായമെന്ന നിലയിൽ മുഖ്യധാരക്ക് പുറത്താണ് സ്ഥാനം. കൂടാതെ ഒരേ സമുദായത്തിൽ ജനിച്ച ചിലർ പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ ഇവർക്ക് അത്തരമൊരു ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. മുൻപ് പലരും ഈ ഒരു അവസ്ഥയെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും, അടുത്ത കാലത്ത് വിനിൽ പോൾ എഴുതിയ ലേഖനങ്ങളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രിൻസ് അയ്മനത്തിന്റെ പൊതിച്ചോറ് എന്ന കഥ ഈ വിഭാഗം അനുഭവിക്കുന്ന അന്യതാ ബോധത്തിന്റെ നേർസാക്ഷ്യമാണ്.

 

എന്റെ നാട്ടിൽ നിന്ന് ക്രിസ്ത്യാനിയായ ജൻമിക്കൊപ്പം ഹൈറേഞ്ചിൽ പണിക്കു പോയ ഹിന്ദു പുലയരായ പലരും അവിടെയുള്ള എസ്റ്റേറ്റുകളിൽ ജോലി ലഭിക്കാൻ ക്രിസ്തീയ നാമം സ്വീകരിച്ചു. ഉണ്യാലൻ എന്നയാൾ അബ്രഹാം എന്ന പേര് സ്വീകരിച്ചു. തിരിച്ചു നാട്ടിൽ വന്നപ്പോൾ അവറാനെന്നും ഉണ്യാലൻ എന്നും ഒരേ സമയം വിളിക്കപ്പെട്ടു. 

മക്കളിൽ ഒരാളുടെ പേരിന്റെ ഇനിഷ്യലിൽ ഉണ്യാലന്റെ ചുരുക്കെഴുത്തായ യു എന്ന അക്ഷരവും മറ്റൊരാൾക്ക് അബ്രഹാമിന്റെ ചുരുക്കെഴുത്തായ എ എന്ന അക്ഷരവും ചേർത്തു. പിന്നീട് ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്വേഷണ ഉദ്യോഗസ്ഥരായ വില്ലേജ് ഓഫിസർമാർ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തുമ്പോഴേക്കും കാലതാമസമുണ്ടാവുന്നു. ഏതു മതാചാരപ്രകാരം ജീവിക്കുന്നുവെന്നറിയാൻ പ്രാദേശിക അന്വേഷണം നടത്തുക, മാമോദീസ റജിസ്റ്ററുകളിൽ പേര് ചേർത്തിട്ടുണ്ടോ എന്ന് തിരക്കുക എന്നതൊക്കെ വില്ലേജ് ഓഫിസർമാരുടെ ബാധ്യതയായി വരുന്നു.

 

ഒരേ വീട്ടിൽ തന്നെ രണ്ടു സമുദായത്തിൽപ്പെട്ടവർ ഉണ്ടാവുന്ന അവസരങ്ങളുമുണ്ട്. ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന കാലയളവിൽ മാത്രം ഹിന്ദു സമുദായാംഗമായി നടിക്കുകയും, ഇരു സമുദായങ്ങളും പൊതുവായി ഉപയോഗിക്കുന്ന ബിജു, രാജു, രാജൻ തുടങ്ങിയ പേര് ഉപയോഗിക്കുകയും ചെയ്യുന്ന സമർഥരുമുണ്ട്. വ്യാജ ജാതിസർട്ടിഫിക്കറ്റ് വാങ്ങി ജോലിയിൽ കയറിയ ചിലരെങ്കിലും പിരിച്ചുവിടപ്പെട്ടിട്ടുമുണ്ട്. തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതിന് കാരണം മറ്റവനാണെന്ന് ധരിച്ച് ഒരേ സമുദായത്തിൽപ്പെട്ടവർ തമ്മിലുള്ള സ്പർദ്ധ വർദ്ധിക്കുന്നതാണ് കണ്ടു വരുന്ന മറ്റൊരു കാര്യം. 

 

കാലങ്ങളായി മനസിനെ മഥിച്ചിരുന്ന ഒരു ചിന്തയുണ്ട്. അംബേദ്ക്കറും, ഗാന്ധിജിയും തമ്മിലുള്ള പുണെ കരാർ പ്രാബല്യത്തിൽ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു പട്ടികജാതിയിൽ ഉൾപ്പെട്ടു വരുന്നവരുടെ സ്ഥിതി? എന്നു മുതലാണ് അവരിൽ പലരും ഹിന്ദുക്കളായത്? ഹിന്ദു എന്ന വാക്കിന്റെ നിർവചനമെന്ത്? ഏതെങ്കിലും മതാചാരപ്രകാരം ജീവിക്കാത്ത ഈ വിഭാഗത്തിൽ ജനിച്ചവർക്ക് സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ച് ആനുകൂല്യങ്ങൾ തുല്യമായി നൽകേണ്ടതല്ലേ?

 

ആയിടക്കാണ് യാതൊരു മതാചാരപ്രകാരവും ജീവിച്ചു വരുന്നില്ലെന്ന റിപ്പോർട്ടിൻമേൽ അപേക്ഷകന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട സംഭവമുണ്ടാകുന്നതും പിന്നാലെ ഇക്കാര്യത്തിൽ കോടതി വിധിയുണ്ടാകുന്നതും. മറ്റു മതാചാരങ്ങൾ പ്രകാരം ജീവിക്കാത്തവരായ ഇന്ത്യക്കാരെ ഹിന്ദുവായി കണക്കാക്കാമെന്ന വിധി പലർക്കും ഒരു ആശ്വാസമായിരുന്നു താനും.

കഥയിലെ രാജൻ ഒന്നിലേറെ വ്യക്തികളുടെ സ്വഭാവ വിശേഷങ്ങളുടെ ആകെത്തുകയാണ്. എന്റെ സ്‌കൂൾ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ  നേർക്കാഴ്ചയാണ് കഥയിൽ ആവിഷ്‌ക്കരിക്കുന്ന സ്‌കൂൾ കാലഘട്ടം.

അക്കാലത്ത് അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളുടെ  ജീവിതം മാറി നിന്ന് കാണാനാണ് ശ്രമിച്ചത്.

ഞങ്ങടെ അസ്ഥി പൊട്ടിച്ചു നോക്കിയാലും കാണും കറുപ്പ്. അതങ്ങനെ വെക്കന്നൊന്നും പോവൂല്ലടാ എന്ന് രാജൻ പറയുന്ന വാചകം വായിച്ച് മെസഞ്ചറിൽ വന്ന് ഇത്തരം അനുഭവത്തിലൂടെ കടന്നുപോയ വായനക്കാരൻ പകർന്നു തന്നത് അളവില്ലാത്ത ആനന്ദത്തേക്കാൾ ഇനിയുമെഴുതാം എന്ന ധൈര്യമാണ്. റിട്ടയർ ചെയ്തിട്ട് എഴുത്തിലേക്ക് വൈകി വന്നവന് ഇതിലേറെയെന്ത് കിട്ടാൻ.?

 

ജീവിതവും സർവീസ് അനുഭവങ്ങളും യാഥാർഥ്യവും സങ്കൽപവുമെല്ലാം കൂട്ടിക്കലർത്തിയ എഴുത്ത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന സംശയത്തെ ദൂരീകരിച്ച കഥയാണ് ചാർവാകൻമാർ ഉണ്ടാകുന്നത്. പ്രസിദ്ധീകരിച്ചു വന്ന് ഏതാണ്ട് ഒരു വർഷമെത്തുന്ന കാലയളവിൽ ഇക്കഥ ഓർത്തെടുക്കുന്നതിൽ അനുപമമായ ആനന്ദമുണ്ട്. വിശ്വാസിക്കും നാസ്തികനും ഭരണഘടനാവകാശങ്ങൾ ഒരു പോലെയാണ്. അങ്ങനെയേ ആകാവൂ എന്ന ധാർമിക നിലപാടിന് അടിവരയിടാനാണ് ഈ കഥയിലൂടെ ഞാൻ ശ്രമിച്ചിട്ടുള്ളത്.

 

Content Summary: Kadhayude Vazhi, column by Ravivarma Thampuran on writer Ramesan Mullassery

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com