ADVERTISEMENT

ഓരോ മനുഷ്യരുടെയും ഉള്ളിൽ അവനവനെ തിരിച്ചറിയാത്ത ഒരു അജ്ഞാതൻ ഇരിക്കുന്നുണ്ടാവുമോ? നമ്മുടെ പ്രവൃത്തികൾ, അവ ചെയ്തതിനു തൊട്ടുപിന്നാലെ, അല്ലെങ്കിൽ വേറൊരവസരത്തിൽ വീണ്ടുമൊരു വിചാരത്തിനെടുക്കുമ്പോൾ പലപ്പോഴും നമുക്കുണ്ടാവുന്ന ഉത്തരം കിട്ടാത്തൊരു ചോദ്യമുണ്ട്, എന്തുകൊണ്ട് അപ്പോൾ ഞാനങ്ങനെ ചെയ്തു. അല്ലെങ്കിൽ, എന്തിന് ഞാനങ്ങനെ ചെയ്തു. എന്തുകൊണ്ടു ചെയ്തു എന്നോ എങ്ങനെ ചെയ്തു എന്നോ തനിക്കു തന്നെ തിരിച്ചറിയാത്ത പ്രവൃത്തികൾ എപ്പോഴെങ്കിലും ചെയ്യാത്തവരായി സാധാരണ മനുഷ്യരിൽപെട്ട ആരുമുണ്ടാകില്ല. നമ്മൾക്കു ന്യായീകരിക്കാനോ കാര്യകാരണങ്ങൾ കണ്ടെത്താനോ കഴിയാത്ത ആ പ്രവൃത്തികൾ നമ്മെക്കൊണ്ടു ചെയ്യിക്കുന്ന ആ അജ്ഞാതൻ ആരായിരിക്കാം. ഉള്ളിലേക്കുള്ളിലേക്കിറങ്ങിച്ചെന്ന് അയാളെ കണ്ടെത്താമെന്നു കരുതിയാൽ, പലപ്പോഴും നടന്നുവെന്നു വരുകയില്ല. ഒന്നുകിൽ അങ്ങനെയൊരാളേ ഇല്ലെന്നായിരിക്കും നമ്മൾ കണ്ടെത്തുക. അഥവാ ഉണ്ടെന്നു തോന്നിയാലോ, ആ അജ്ഞാതൻ ഉടനടി പറയും, എനിക്കു നിന്നെ എത്രകാലമായി അറിയാമെന്നോ? നിന്നെക്കുറിച്ച് ഇത്രയേറെ അറിയുന്ന മറ്റൊരാളും ഈ ലോകത്തുണ്ടാവില്ല. ഒന്നു പകച്ച്, ഇതാരപ്പോ എന്ന് തലയ്ക്ക് കൊടുംകൈ കൊടുത്തിരിക്കുകയല്ലാതെ വേറെ മാർഗമുണ്ടാവില്ല. 

 

നമ്മളെ നന്നായി അറിയാമെന്നു പറയുകയും, ആ പറച്ചിലിന് ഉപോത്ബലകമായി കൃത്യമായ തെളിവുകൾ ഹാജരാക്കുകയും ചെയ്യുന്ന അജ്ഞാതൻ എപ്പോഴാണ് നമ്മെ സഹായിക്കുക എന്നു പറയാനാവില്ല. എപ്പോഴാണ് ഒരു കുഴപ്പത്തിൽ കൊണ്ടു ചാടിക്കുകയെന്നും പറയാനാവില്ല. എന്തായാലും ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു അയാളെ. 

 

വളരെ വിചിത്രമായ ഇത്തരമൊരു സന്ദർഭത്തെ അടയാളപ്പെടുത്തുകയാണ് കോട എന്ന കഥയിലൂടെ വിനു ഏബ്രഹാം. നഗരത്തിൽ നിന്ന് ഒരുപാടു ദൂരെ മാറി, വനസദൃശമായൊരു മലഞ്ചെരുവിൽ ചെന്നുപെട്ട കൊച്ചുമോന്റെ കഥയാണ് കോട. മുമ്പൊരിക്കൽ കുറച്ചേറെ പണം തന്നിൽ നിന്നു കടം വാങ്ങുകയും പിന്നീട് വെളിച്ചപ്പെടാതെ നടക്കുകയും ചെയ്ത ശിവരാമൻ എന്നയാളെ കാണാനാണ് അയാൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റിലേക്ക് കൊച്ചുമോൻ എത്തുന്നത്. പക്ഷേ, ഒരുപാട് അലഞ്ഞ് അവിടെയെത്തിയ കൊച്ചുമോന് ശിവരാമനെ കാണാൻ കഴിഞ്ഞില്ല. ഏറെ നാൾ മുമ്പ് എസ്റ്റേറ്റ് ജീവിതം അവസാനിപ്പിച്ച് അയാൾ എങ്ങോട്ടോ പോയി എന്നാണ് അവിടെയുള്ളവരെല്ലാം അച്ചൻകുഞ്ഞിനോട് പറഞ്ഞത്. നിരാശനായി തിരിച്ചുപോകാൻ തുടങ്ങുന്ന  കൊച്ചുമോനെ, എടാ കൊച്ചുമോനെ എന്നു പേരു പറഞ്ഞു വിളിച്ചുകൊണ്ട് ഒരു അപരിചിതൻ അഭിവാദ്യം ചെയ്യുന്നു.  മൂന്നാം ക്ലാസിലും നാലാം ക്ലാസിലും കൂടെ പഠിച്ചിരുന്ന അച്ചൻകുഞ്ഞാണെന്നു പറഞ്ഞുകൊണ്ട് അയാൾ സംസാരിക്കുന്നു. കൊച്ചുമോനെക്കുറിച്ച് അയാൾക്കറിയാത്തതായി ഒന്നുമില്ല. പക്ഷേ, കൊച്ചുമോന് അച്ചൻകുഞ്ഞിനെ ഓർമ വരുന്നില്ല. 

 

42 വർഷം മുമ്പ് കൊച്ചുമോന്റെ കയ്യബദ്ധം മൂലം ഒരു തമിഴ്ബാലൻ തോട്ടിൽ വീണു മരിക്കുന്നതിന്റെ വിവരണമടക്കം കൊച്ചിലത്തെ പല കാര്യങ്ങളും അച്ചൻകുഞ്ഞ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും കൊച്ചുമോന് ആളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അയാൾ പറഞ്ഞുകൊണ്ടിരുന്നതെല്ലാം സത്യമാണെങ്കിലും അയാളെ ഒട്ടും ഓർമവരാതെ കൊച്ചുമോൻ നിന്നു വിഷമിച്ചു. 

 

നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ കൊച്ചുമോന് ഭയമായി. ഇയാൾ എന്തിന് ഈ കഥയെല്ലാം അന്വേഷിച്ചു കണ്ടുപിടിച്ചു. ഇയാൾ എന്തിന് ഇതെല്ലാം ഓർത്തുവയ്ക്കുന്നു. അത്രയുമായപ്പോൾ കൊച്ചുമോന് ഭയം കനത്തു.  അവിടെ നിന്ന് എത്രയും നേരത്തേ സ്ഥലം വിടാനുള്ള വെപ്രാളത്തിലായി പിന്നെ അയാൾ.

 

കഥ എഴുതാനുണ്ടായ പശ്ചാത്തലം വിനു ഏബ്രഹാം വിവരിക്കുന്നു.

 

ആദ്യം മനസ്സിന്റെ തിരശ്ശീലയിലേക്ക് എത്തിയത് കൊടിയ വിഷാദഛവി കലർന്ന കോടമഞ്ഞ് പുതഞ്ഞ ഒരു മലയോര ഒറ്റയടിപ്പാതയിലൂടെ ഏകനായി, വ്യഥിതനായി നടക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്. ജീവിതത്തിൽ എന്തിൽ നിന്നൊക്കെയോ കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങി, എങ്ങോട്ടോ ഒരു ലക്ഷ്യത്തിലേക്ക് നടക്കുന്ന മനുഷ്യൻ. രണ്ടോ മൂന്നോ വർഷങ്ങൾക്കിടയിൽ ഈ ദൃശ്യം മനസ്സിലേക്ക് ഇടയ്ക്കിടെ തള്ളിക്കയറി വന്നു. പോകെ പോകെ എനിക്ക് ഉറപ്പായി, ഇത് ഒരു കഥ സംഭവിക്കാനുള്ള നിക്ഷേപമാണ്. പിന്നെ, അതിലേക്ക് മറ്റ് പലതും പലപ്പോഴായി വന്നു ചേരുകയായിരുന്നു. എന്റെ തന്നെ ചില ചിന്തകൾ, ആത്മാംശം കലർന്ന ചില സംഭവങ്ങൾ, സ്വഭാവസവിശേഷതകൾ ഒക്കെ ചേർന്ന് അതിന് തിടംവച്ചു. അത് കോട എന്ന കഥയായി. കഥയുടെ തുടക്കത്തിൽ, നഗരവീഥികളിലൂടെ ചീറിപ്പായുന്ന ആഡംബര വാഹനങ്ങളിൽ വെട്ടിത്തിളങ്ങി കാണപ്പെടുന്ന

മനുഷ്യരിൽ പലരും കൊടിയ തിന്മകളുടെ നിഴൽപ്പാടുകൾ പേറുന്നവരാകാം, പുറമേയ്ക്കുള്ള മാന്യതയുടെ ഉള്ളിൽ അസ്വസ്ഥ, ഭീകര സ്വത്വങ്ങൾ ഉള്ളവരാകാം എന്ന ഒരു ചിന്തയുണ്ട്. കോടമഞ്ഞിലൂടെ മലയോരപാതയിൽ നടക്കുന്ന മനുഷ്യന്റെ ചിന്തയാണത്. സത്യത്തിൽ, പലപ്പോഴും നഗരവീഥികളിൽ എനിക്ക് തന്നെ അനുഭവപ്പെടുന്ന തോന്നലിനെ ഇവിടേക്ക് എടുത്ത് വച്ചു എന്ന് മാത്രം. 

നെടുങ്ങാടപ്പള്ളി സ്വദേശിയായ കൊച്ചുമോൻ എന്ന മധ്യവയസ്‌കന്റെ പ്രഥമപുരുഷ ആഖ്യാനമാണ് കോടയിലുള്ളത്. ആ മലയോരപാതയിൽ, കൊച്ചുമോൻ നെടുങ്ങാടപ്പള്ളിയിലെ തന്റെ പ്രൈമറി വിദ്യാഭ്യാസകാലത്ത് സഹപാഠിയായിരുന്നു എന്ന് അവകാശപ്പെടുന്ന അച്ചൻകുഞ്ഞ് എന്ന മനുഷ്യനെ കണ്ടുമുട്ടുന്നതാണല്ലോ കഥയുടെ കാതൽഭാഗം. തുടർന്നങ്ങോട്ട് ഓർമകളും മറവിയുമെല്ലാം ഉൺമയേത്, പൊയ് ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം കൊച്ചുമോന് മുന്നിൽ കെട്ട് പിണയുകയാണ്. ഇവിടെയൊക്കെ, പത്തനംതിട്ട ജില്ലയിലെ നെടുങ്ങാടപ്പള്ളി എന്ന ഗ്രാമത്തിലെ എന്റെ ബാല്യകാലത്തിന്റെ പല അടരുകളും കഥയിൽ നിറയുന്നുണ്ട്. എഴുപതുകളിൽ, ഗ്രാമത്തിലെ സാമാന്യം സമ്പന്നമായ എന്റെ കുടുംബപശ്ചാത്തലവും അതിന്റെ ചില സവിശേഷതകളും വേഷം മാറി കഥയിൽ വരുന്നുണ്ട്.

പിന്നെ, ഞാൻ പഠിച്ചിരുന്ന സെന്റ് ഫിലോമിനാസ് സ്‌കൂൾ, ഗ്രാമത്തിന്റെ കൂട്ടുകാരിയായ പനയമ്പാലതോട്, പള്ളിവക മിസം പറമ്പ് എന്ന മിഷൻ കോളനിതോട്ടം, അങ്ങനെ പലതും.

 

സത്യത്തിൽ, ഓർമ എന്ന പ്രതിഭാസത്തിന്റെ ഒരാഖ്യാനമായാണ് കോട എന്റെ മനസ്സിൽ വികസിച്ചു വന്നത്. ഇവിടെ, അച്ചൻകുഞ്ഞ്, കൊച്ചുമോൻ തന്നെ. എന്നോ മറന്നിരുന്ന തന്റെ പല ബാല്യകാല നിമിഷങ്ങളും അനുഭവങ്ങളും പുറത്തെടുത്ത് വയ്ക്കുന്നു. ഇതും എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുള്ള കാര്യമാണ്. ഗ്രാമത്തിൽ എന്റെ കൂടെ പഠിച്ചിരുന്നവരോ, എന്നെ അറിഞ്ഞിരുന്നവരോ അന്നത്തെ എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഓർത്തെടുത്ത് പറയുമ്പോഴാണ്, ഓ ഇങ്ങനെയൊക്കെ അന്ന് ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുന്നത്. അതിനൊപ്പം മറ്റൊരു ചിന്തയും ഉണരുകയായി. ഒരാളുടെ ജീവിതം അവതരിപ്പിക്കണമെങ്കിൽ, അല്ലെങ്കിൽ അയാളുടെ ജീവിതകഥ പറയണമെങ്കിൽ, അയാൾ മാത്രമല്ല,  മറ്റ് പലരും കൂടി ഒപ്പം ചേരേണ്ടതുണ്ട് എന്ന ചിന്തയാണത്. മറ്റ് പലരുടെയും ഓർമകൾ കൂടി കൈകോർക്കുമ്പോഴാണ്, ഒരാളുടെ ജീവിതാഖ്യാനം പൂർണമാകുന്നത്. കഥയിൽ, ഒരിടം എത്തുമ്പോൾ, അച്ചൻകുഞ്ഞ് പറയുന്ന ഓർമകൾ കൊച്ചുമോനെ സംബന്ധിച്ചിടത്തോളം അത്യന്തം ഭീതിദവുമാകുന്നുണ്ടല്ലോ. കുട്ടിക്കാലത്ത് കൈയ്യബദ്ധത്തിൽ കൊച്ചുമോൻ നിമിത്തമാകുന്ന ഒരു കൊലപാതകം. ഇങ്ങനെയൊന്ന് സത്യമോ മിഥ്യയോ എന്ന ഉൽക്കടാവസ്ഥയിലേക്ക് കൊച്ചുമോൻ എത്തിച്ചേരുന്നു. ഇതേപോലെ ചില ഭ്രമാത്മക അവസ്ഥകൾ ഞാൻ തന്നെ അനുഭവിച്ചിട്ടുള്ളതാണ്. ഓർമയും ഓർമക്കേടുമെല്ലാം കോടമഞ്ഞ് പോലെ കുഴയുക യാണ്, അവ്യക്തമാകുകയാണ്. ജീവിതത്തിന്റെയും ഓർമകളുടെയും അവ്യാഖ്യേയമായ അവസ്ഥാവിശേഷങ്ങൾ കോടയായി കഥയിൽ നിറയുന്നു. ഈ കഥയ്ക്ക് കിട്ടിയ നിരവധി വായനക്കാരുടെ പ്രതികരണങ്ങൾ, കഥയിലെ നിയതമല്ലാത്ത അവസ്ഥപോലെ തന്നെ പല തരത്തിൽ വ്യതിരിക്തമായിരുന്നു. ഞാൻ എഴുതിയ കഥയ്ക്കപ്പുറം ഓരോ ആസ്വാദനത്തിലും വ്യത്യസ്ത പൂരണങ്ങളാണ് ലഭിച്ചത് എന്ന വസ്തുതതയും കോടയെ എന്റെ പ്രിയകഥകളിലൊന്നാക്കി തീർക്കുന്നു. ഒപ്പം എന്റെ കഥകളിൽ നിരവധിയായുള്ള തോറ്റ മനുഷ്യരുടെ നിരയിലെ പ്രിയപ്പെട്ടവനായി കൊച്ചുമോനെയും ഞാൻ ചേർത്തുപിടിക്കുന്നു.

 

Content Summary: Kadhayude vazhi, column by Ravivarma Thampuran on writer Vinu Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com