ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സമൂഹ മാധ്യമത്തില്‍ തന്‍റെ സമോരോത്സുകമായ കമ്യൂണിസ്റ്റ് ആഭിമുഖ്യം വെളിപ്പെടുത്താന്‍ ഒരു മലയാള കവി, മാര്‍ക്സ്‌, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, എന്ന പരമ്പരാഗത മുഖച്ഛായാ- ആരാധനയിലേക്ക് പുട്ടിന്‍റെ ചിത്രം കൂടി ചേര്‍ത്തായിരുന്നു. അയാള്‍ റഷ്യയുടെ അജയ്യമായ യുക്രെയ്ൻ അധിനിവേശത്തില്‍ തന്‍റെ ആഹ്ളാദം പങ്ക് വയ്ക്കുകയായിരുന്നു.  മറ്റൊരു മലയാള കഥാകൃത്ത്, സി പി എം ഇരുപത്തിമൂന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സിനു തൊട്ടുമുമ്പ് പാര്‍ട്ടിക്കൂറ് വെളിപ്പെടുത്തിയത് കേരളത്തിന്‍റെ വികസനം സി പി എമ്മിലൂടെ മാത്രം സംഭവിച്ചതായിരുന്നു എന്ന് പാര്‍ട്ടി പത്രത്തില്‍ എഴുതിക്കൊണ്ടായിരുന്നു. അപ്പോഴും പഴയ സോവിയറ്റ് പ്രേതം നമ്മുടെ വര്‍ത്തമാനത്തിലുണ്ടായിരുന്നു. 

 

ആദ്യത്തെ ആളെ, കവിയെ, അയാളുടെ ചെങ്ങാതികള്‍ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു, നോക്ക്, നിന്‍റെ ഈ പുട്ടിന്‍ കമ്മ്യൂണിസ്റ്റ് അല്ല എന്ന്. പക്ഷേ കവിക്ക് എന്ത് ചേതം, തന്‍റെ രാഷ്ട്രീയ നിരക്ഷരത അയാള്‍ക്ക് പ്രശ്നമേ ആയില്ല, പകരം തന്‍റെ ജന്മ പാരമ്പര്യത്തിലേക്കോ കാവ്യ പാരമ്പര്യത്തിലേക്കോ വേരിറക്കിയ ഒരിക്കല്‍ ‘സോവിയറ്റ് എന്ന രാജ്യത്ത് നിലനിന്നിരുന്ന’ ലോകത്തെ ആചാരപരമായി ഓര്‍ക്കുന്നതിലെ സന്തോഷം മാത്രമായിരുന്നു ആവശ്യം. അയാള്‍ക്കത് ഒരു വലിയ ഇന്ധനമായിരുന്നു, മറ്റ് പല മലയാളി മാര്‍ക്സിസ്റ്റുകള്‍ക്കും എന്നപോലെ. ഓണത്തിന് കോടിയുടുത്ത് തെരുവിലേക്ക്  ഇറങ്ങുന്ന വീട്ട് കാരണവരുടെ  ഉത്സാഹംപോലെ ഒന്ന് ഈ അധിനിവേശ ഉത്സവത്തിലും അയാള്‍ കാണുകയായിരുന്നു. രണ്ടാമത്തെ ആള്‍, കഥാകൃത്ത്, അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെ അനവധി ഭൈമീകാമുകരില്‍ നിന്ന് തന്‍റെ ബൗദ്ധിക സാന്നിധ്യം ഭൈമി/പാര്‍ട്ടി ശ്രദ്ധിക്കുമോ എന്ന് ഇരിപ്പിടത്തില്‍ ഇളക്കത്തോടെ ഉപവിഷ്ടനായ  രാജകുമാരനെയും ഓര്‍മിപ്പിക്കുന്നു. പാചകപ്പുരയിലെ ബാഹുകനും രാജകുമാരനുമാകുന്ന ഒരാള്‍ അയാളുടെ കഥയിലും ഉണ്ടായിരുന്നിരിക്കണം. അങ്ങനെ രണ്ട് മലയാളി മാര്‍ക്സിസ്റ്റുകള്‍! 

 

വാസ്തവത്തില്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ഒരാശയം എന്ന നിലയ്ക്കും ഒരു ഭരണകൂട സങ്കല്‍പ്പം എന്ന നിലയ്ക്കും ‘കമ്യൂണിസം’ അഭിമുഖീകരിച്ച ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികപരവുമായ പരിണാമങ്ങളില്‍ നിന്നെല്ലാം മാറി, പരുക്കുകള്‍ ഒന്നുമേല്‍ക്കാതെ, ‘ഓമനത്തമുള്ള  കമ്യൂണിസം’ കേരളത്തില്‍ വാഴുന്നു എന്ന് വിശ്വസിക്കുക ബുദ്ധിപരമായ വഞ്ചനയാണ്. ആ അര്‍ഥത്തില്‍, 1989 –ലെ ‘ടിയാനെന്‍മെന്‍ കൂട്ടക്കുരുതി’യില്‍ ഒരു നിമിഷം ‘ആശയപരമായി  ഉലഞ്ഞുപോയ’ മലയാളി മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ളയ്ക്ക് തങ്ങളുടെ ഉള്ളിലെങ്കിലും ഒരു സംശയത്തിന്‍റെ ആനുകൂല്യം നല്‍കാത്ത വിധം  ഈ  ആത്മവഞ്ചന ഇത്രയും വര്‍ഷങ്ങളില്‍  മലയാളി മാര്‍ക്സിസ്റ്റുകളില്‍ പാകമാവുകയും സാധൂകരിക്കുകയും ചെയ്യുന്നവിധം സ്വീകാര്യവുമാവുകയായിരുന്നു. 

 

മാര്‍ക്സ് ജനാധിപത്യത്തെ സംശയിച്ചിരുന്നില്ല, കൈ വിട്ടതുമില്ല. മാത്രമല്ല, ഒരു വര്‍ഗ്ഗ സമൂഹത്തില്‍ ഒരധികാര രൂപം എന്ന നിലയ്ക്ക് അതിന്‍റെ കൂറ് എങ്ങനെയെല്ലാം മാറി മറിയും എന്നും മാറ്റി മറിക്കാം എന്നും  ആലോചച്ചു. ‘പാരീസ് കമ്മ്യൂണ്’ മുതല്‍ അതിന്‍റെ ഭരണകൂട രൂപങ്ങള്‍ സങ്കല്‍പ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ലെനിനും സ്റ്റാലിനും മാവോയ്ക്കും വളരെ മുമ്പേ ‘മാര്‍ക്സ്‌’ മരിക്കുകയും ചെയ്തു. എന്നാല്‍, ബൂര്‍ഷ്വാ ജനാധിപത്യത്തിലും പാർലമെന്ററി ജനാധിപത്യത്തിലും ‘പാകമാവാതെ കിടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി’യെ തലമുറകളായി കൈമാറി കിട്ടിയ മലയാളി മാര്‍ക്സിസ്റ്റിന് ‘മാര്‍ക്സിസ’ത്തിന് ഒന്നുംതന്നെ സംഭാവന ചെയ്യാന്‍ ഉണ്ടായിരുന്നില്ല എന്ന് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. നമ്പൂതിരിപ്പാട് മുതല്‍ അവസാനത്തെ മാര്‍ക്സിസ്റ്റ് പ്രഭാഷകന്‍  വരെ നീളുന്ന മലയാളിയുടെ മാര്‍ക്സിസ്റ്റ് ബൗദ്ധിക പാരമ്പര്യത്തിലെ ഉദാരമായ ക്ഷീണം ഒരേസമയം ഭരണകൂടദാസ്യമായും ബൗദ്ധിക ശോഷണമായും തിരിച്ചറിയുമ്പോള്‍ ഒന്നുകൂടി അത്ഭുതം തോന്നും. പക്ഷേ ഇത് നമ്മെ ഭയപ്പെടുത്തണം. എന്തെന്നാല്‍, ഭരണനിര്‍വഹണമെന്ന നിലയ്ക്ക് പാര്‍ലിമെന്ററി ജനാധിപത്യം പരീക്ഷിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ രാഷ്ട്രീയ ജീവിതത്തെ ധീരമായി നേരിടാന്‍ അപ്രാപ്തമാക്കുന്ന ഒരു ഘടകമായി മാര്‍ക്സിസ്റ്റ് – ലെനിനിനിസ്റ്റ് സങ്കല്‍പ്പത്തിലെ ഏക പാര്‍ട്ടി സ്വേച്ഛാധിപത്യം ആശയപരമായി തന്നെ എന്നും ഉണ്ടാവുന്നു എന്നതിനാല്‍.  

 

അല്ലെങ്കില്‍ നോക്കുക:  കേരളത്തിന്‍റെ  വികാസ പരിണാമത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്ക് ബൂര്‍ഷ്വാ ജനാധിപത്യം സാധ്യമാക്കുന്ന ഒന്നായിരുന്നു എന്ന് മറച്ചുവെയ്ക്കുന്ന “കഥാകൃത്ത്” പക്ഷേ അയാളുടെ തന്നെ നാവികനെ കേള്‍ക്കുന്നത് എങ്ങനെയായിരിക്കും? വ്യവസായത്തിന്‍റെ വരവിനെ എതിര്‍ക്കുന്ന ആരും ജയിലിലെ ഊണ് കഴിക്കേണ്ടിവരും എന്നായിരുന്നു, കെ റെയില്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കേരളത്തിന്‍റെ വികസനത്തിന് സി പി എം നല്‍കിയ സംഭാവനകളെ കഥാകൃത്ത് സ്മരിച്ചത്. 

 

കേരളത്തിലെ രാഷ്ട്രീയ കൊലകളില്‍കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനുള്ള പങ്കില്‍ എവിടെയോ ആണ് ഇപ്പോള്‍ യുക്രെയ്ന്‍ അധിനിവേശത്തില്‍ പുട്ടിന്റെ ഫോട്ടോക്ക് ഒപ്പം പോസ് ചെയ്യുന്ന മലയാള കവിയും നില്‍ക്കുക – ജനാധിപത്യത്തിന്‍റെ  പരിണാമങ്ങളിലൂടെ  വീണും എഴുന്നേറ്റും  കടന്നുപോകുന്ന ലോകത്തെ വിവിധ ദേശ സമൂഹങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന രാഷ്ട്രീയാസ്തിത്വം മനസ്സിലാക്കാന്‍ വിസമതിക്കുന്ന അയാളും മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയകൊലയുടെ ഇരയും ആകുന്നു. മറ്റൊരർഥത്തില്‍, യാഥാസ്ഥിതിക മാര്‍ക്സിസത്തിന്‍റെ “യയാതി വേഷ”മുള്ള ഒരു മലയാളി മാര്‍ക്സിസ്റ്റ് കേരളത്തിന്റെ ഓരോ രാഷ്ട്രീയ തലമുറയിലും കാണുന്നു. പലപ്പോഴും അവര്‍ രാഷ്ട്രീയാധികാരികള്‍ ആവുന്നു. മറ്റുചിലപ്പോള്‍ എഴുത്തുകാരും. 

 

Content Summary: Karunakaran writes on ‘Kerala Marxism’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com