ജ്ഞാനവും അജ്ഞാനവും അഭിമുഖമാവുമ്പോൾ

kl-paul
കെ.എൽ. പോൾ
SHARE

മനുഷ്യരുടെ സങ്കടങ്ങൾക്ക് ഭൗതികതലത്തിലുള്ള പരിഹാരങ്ങൾ പറഞ്ഞുതരാൻ പലരുണ്ടാവും. പക്ഷേ, ആ പരിഹാരങ്ങളിലെത്രയെണ്ണം സ്ഥായിയാണ്. വിശപ്പിന് ആഹാരം, രോഗത്തിനു മരുന്ന്, ദാരിദ്ര്യത്തിന് പണം, നാണം മറയ്ക്കാൻ തുണി, കയറിക്കിടക്കാൻ വീട്..... അങ്ങനങ്ങനെ നീണ്ടുപോകുന്നു ഭൗതിക പരിഹാരങ്ങൾ. പക്ഷേ, ഭൗതികമായ പരിഹാരങ്ങളൊന്നും സ്ഥായിയല്ലെന്നതാണ് സത്യം. കയ്യിൽ വന്നവ തീർന്നു കഴിയുമ്പോൾ വീണ്ടും ആരംഭിക്കുകയായി, തീർന്നുവെന്നു കരുതിയ അതേ ദുഃഖം. ഭൗതിക തലത്തിലെ ദുഃഖങ്ങൾക്ക് സ്ഥായിയായ പരിഹാരമില്ലെന്നും ഉണ്ടെങ്കിൽ തന്നെ അത് സ്ഥായിയെന്ന തോന്നലുളവാക്കുന്ന മരണം മാത്രമാണെന്നും മനുഷ്യൻ തിരിച്ചറിയുമ്പോഴേക്ക് വല്ലാതെ വൈകിപ്പോയിരിക്കും. 

അങ്ങനെ വിചാരിക്കുമ്പോഴാണ് മനുഷ്യ സങ്കടങ്ങൾ ഭൗതികമെന്നതിനേക്കാളുപരി മാനസികമാണെന്നും മാനസിക സങ്കടങ്ങൾക്ക് പരിഹാരം മാനസികം തന്നെയാണെന്നും നമ്മൾ തിരിച്ചറിയുന്നത്. ഇല്ല എന്ന തോന്നൽ മാനസികമാണ്. ഉണ്ട് എന്ന തോന്നലും മാനസികമാണ്. ഇല്ല എന്നു തോന്നുന്നതിനു പകരം ഉണ്ട് എന്നു തോന്നിയാൽ സന്തോഷം വരുമെങ്കിൽ ആ തോന്നലിനെ നമുക്കു മനസ്സിലേക്കു സ്വീകരിച്ചുകൂടേ. ചോദ്യം ന്യായം. പക്ഷേ, ചുമ്മാതങ്ങു വിചാരിച്ചാൽ സന്തോഷം മനസ്സിലേക്കു വരുകയില്ല. അപ്പോൾ, നമ്മുടെ മുന്നിലുള്ള വെല്ലുവിളി, ഉണ്ട് എന്ന തോന്നൽ  ഉണ്ടാകാനുള്ള തടസ്സം എന്താണെന്നു കണ്ടെത്തുകയാണ്. ആ കണ്ടെത്തലിനു വേണ്ടി നടത്തുന്ന അന്വേഷണമാണ് യഥാർഥ ആത്മീയത. 

യഥാർഥ ആത്മീയത എന്ന പ്രയോഗം പോലും തർക്കവിധേയമാണ്. എങ്കിലും അന്വേഷണ വഴിയിലെ ദിശാഫലകങ്ങളിലൊന്ന് എന്ന നിലയിൽ ആ പ്രയോഗം തൽക്കാലം അവിടെയിരിക്കട്ടെ. യഥാർഥ ആത്മീയതയെ അന്വേഷിക്കുന്ന ഒരു പാട് ആളുകൾ ലോകത്തുണ്ട്. അവരിൽ ലൗകികരും അലൗകികരും ഒക്കെയുണ്ട്. ലൗകികരുടെ അന്വേഷണത്തിനു പരിമിതിയുണ്ട്. എങ്കിലും ആ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അവർ നടത്തുന്ന അന്വേഷണത്തിന് ഒരു സവിശേഷമുഖവുമുണ്ട്. ആ സുഖം അനുഭവിക്കാൻ കഴിയുന്ന നോവലാണ് ഇരുമുടിക്കെട്ട്. കെ.എൽ. പോളിന്റെ കന്നി നോവൽ. പത്ത് സമാഹാരങ്ങളിലായി നൂറിലേറെ കഥകൾ എഴുതിയിട്ടുള്ള പോൾ നോവലെഴുത്തിലേക്കു കടന്നത് ആത്മീയതയുടെ വിശാല അന്വേഷണത്തിന് ആ ചട്ടക്കൂട് ആവശ്യമാണെന്നു തോന്നിയതുകൊണ്ടാവണം. എന്തായാലും അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചു എന്നു തന്നെ പറയാം. പേര് സൂചിപ്പിക്കും പോലെ തന്നെ ശബരിമലയും അയ്യപ്പനും ആണ് മുഖ്യപ്രതിപാദ്യവിഷയം. പക്ഷേ, ഭക്തിപ്പാട്ടു പുസ്തകം പോലെ അമ്പലപരിസരത്തിരുന്നു തന്നെ വായിക്കേണ്ട ഒന്നല്ല ഇത്. കാരണം, ഇത് നോവലാണ്. തീർത്തും ഭൗതികമായ ജീവിതങ്ങളിലെ സർവസാധാരണമായ സംഭവങ്ങളെല്ലാം ഇതിലും കടന്നു വരുന്നുണ്ട്. പ്രണയം, വാൽസല്യം, ചതി, പക, നിരാശ, രോഗം, മരണം തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ അനുഭവങ്ങളിലൂടെ ഇതിലെ കഥാപാത്രങ്ങൾ കടന്നുപോകുന്നു.

kl-paul-writer

ശബരിമല പ്രമേയമാകുന്നതുകൊണ്ടാകാം അധ്യായങ്ങൾക്ക് പടി എന്നാണ് പേരിട്ടിരിക്കുന്നത്. പതിനെട്ടുപടികളാണ് നോവലിനാകെ. പതിനെട്ടാംപടി തീരുമ്പോൾ നോവലും തീരുന്നു. 

ശബരിമലയ്ക്കു പോകാൻ മാലയിട്ട് വ്രതം ആരംഭിച്ച സച്ചിദാനന്ദനാണ് നായകൻ. മുമ്പൊരിക്കൽ മലയ്ക്കു പോയപ്പോൾ ഇരട്ടമക്കളിലൊരാളെ ആൾക്കൂട്ടത്തിനിടയിൽ കാണാതെ പോയതിന്റെ ദുഃഖവും മറ്റനേകം പ്രശ്‌നങ്ങളും അലട്ടുന്ന സച്ചിദാനന്ദന് വ്രതനാളുകളിൽ ഉണ്ടാകുന്ന വിവിധ അനുഭവങ്ങളാണ് നോവലിന്റെ ശരീരം. 

മനുഷ്യനും ദൈവവും ഒന്നെന്ന ദർശനവും അതെക്കുറിച്ചുള്ള സംവാദവുമൊക്കെ നോവലിൽ കടന്നു വരുന്നുണ്ട്. സരസ്വതി, ഭാനുമതി, ലീല എന്നിങ്ങനെ ഒന്നിലധികം ആളുകളെ ഓരോരോ കാലത്തു പ്രണയിച്ച സച്ചിദാനന്ദൻ സ്വയം അലക്‌സ് കൂടിയാണ്. അലക്‌സെന്ന സച്ചിദാനന്ദൻ, ഭാര്യ ലീല, അലക്‌സിന്റെ സഹോദരൻ ഋഷിതുല്യനായ പ്രാഞ്ചി, പ്രാഞ്ചിയുടെ കൂട്ടുകാരൻ അബ്ദുല്ല, ഗുരുസ്വാമി തുടങ്ങി കഥാപാത്രങ്ങളിൽ ഭൂരിപക്ഷം പേരും ഒരേ സമയം ലൗകികരും ആത്മീയാന്വേഷകരുമാണ്. രണ്ടിനെയും കൂട്ടിയിണക്കിക്കൊണ്ടു പോകാൻ അവർ നടത്തുന്ന ശ്രമമാണ് നോവലിന്റെ വായനാവേളയിൽ നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. വായനാനന്തരം കൂടുതൽ വിചാരിക്കാൻ വിഷയമാകുന്നതും. 

നോവലെഴുതാനുണ്ടായ പശ്ചാത്തലവും എഴുത്തനുഭവവും കെ.എൽ. പോൾ വിവരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ- 

ആകസ്മികം എന്നു പറയാനാവില്ല. ഒക്കെയും പൂർവ നിശ്ചിതം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം. എഴുത്ത് തുടങ്ങും മുൻപേ ശീർഷകം പിറന്നു. ഇരുമുടിക്കെട്ട്. അധ്യായങ്ങൾ പതിനെട്ടു പടികളായി മുന്നിൽ തെളിഞ്ഞു. എന്റെ നൂറോളം കഥകളും ഏഴായിരത്തോളം ഹൈക്കു കവിതകളും ഏതാനും ലേഖനങ്ങളും നൽകിയ പിൻബലം നോവലെഴുത്തിനെ സഹായിച്ചിരിക്കാം. എങ്കിലും ആ ആത്മവിശ്വാസത്തിനുമപ്പുറം അദൃശ്യമായ ഗുരുത്വത്തിന്റെ വിരൽ സ്പർശമുണ്ടായിരുന്നു, എപ്പോഴും.

പ്രഥമ നോവലിനായി മാറിമാറി പരിഗണിച്ച വിഷയങ്ങളെയെല്ലാം മാറ്റിവച്ച് ഇരുമുടിക്കെട്ട് തലയിലേന്തുമ്പോൾ അത് മണ്ഡലകാലത്തുതന്നെ തികഞ്ഞ വ്രതശുദ്ധിയോടെ എഴുതി തീർക്കാനാവുമെന്ന് കരുതിയില്ല. അത് ഒരു അത്ഭുതമായി ഇപ്പോഴും നിലനിൽക്കുന്നു. മലകൾ എക്കാലത്തും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. കൗമാര കൗതുകവും ചോരത്തിളപ്പും സമം ചേർന്ന മലകയറ്റങ്ങളിൽ ഒരിക്കൽപോലും കാലിടറുകയോ മുറിവേൽക്കുകയോ ചെയ്തിട്ടില്ല. അക്കാലമൊക്കെ കടന്ന് ജീവിത യാഥാർഥ്യത്തിന്റെ കല്ലും മുള്ളുമേറ്റ് ഭക്തിജ്ഞാനങ്ങളുടെ ഇരുമുടി തലയിലേറ്റാൻ തുടങ്ങിയപ്പോൾ പലപ്പോഴും കാലിടറി, മുറിവേറ്റു. കുടജാദ്രിയും അഗസ്ത്യാർകുടവും തിരുവണ്ണാമലയും മരുത്വാമലയും ചതുരഗിരിയും കഴിഞ്ഞ് ശബരിമലയിലെത്തുമ്പോൾ അകത്തും പുറത്തും ശരണം വിളിയുണ്ടായി. സ്വാമിയേ ശരണമയ്യപ്പാ...

Pusthaka-kazhcha04

ഒടുവിൽ ഹിമാലയവും കടന്ന് ശബരിമലയിലേക്കു തന്നെ മടങ്ങേണ്ടിവന്നു. വെറുതേ മടങ്ങിയതല്ല. അയ്യപ്പസ്വാമി വിളിച്ചതാണ്. ആ വിളി ഉപനിഷത്തിൽ നിന്നാണെന്ന് ക്രമേണ അറിഞ്ഞു. പിന്നെ തത്വമസി എന്ന മഹാവാക്യം ഉൾക്കണ്ണിൽ തിളങ്ങാൻ തുടങ്ങി. ഭാരതമെന്ന പുണ്യഭൂമിയിൽ പിറക്കാനായതിലുള്ള അഭിമാനം. വേദേതിഹാസങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും സവിശേഷശ്രദ്ധ പതിയാനിടയായതിലുള്ള ആഹ്ലാദം. അഹംബോധത്തിൽ നിന്ന് ആത്മബോധത്തിലേക്ക് ഉയരാനുള്ള അഭിവാഞ്ഛ. മുന്നിൽ ഗുരുത്വം കൊണ്ട് അനുഗൃഹീതമായ ആത്മീയപാത. 

എഴുതാനുള്ള വിഷയം തേടിപ്പോയില്ല. എല്ലാം ഉള്ളിലുണ്ടായിരുന്നു. കഥാപാത്രങ്ങളെല്ലാം പതിനെട്ട് പടികളിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഞാൻ പേർ ചൊല്ലി വിളിക്കേണ്ട താമസം. അവർ ഓരോരുത്തരായി വിളികേട്ടു. അയ്യപ്പൻ നീലകണ്ഠൻ, കുഞ്ഞന്നാമ്മ, അലക്‌സ്, ഫ്രാൻസിസ്, സച്ചിദാനന്ദൻ, ലീല, നന്ദു, ശംഭു, ഗുരുസ്വാമി, പാട്ടസോളമൻ, കാവടിസ്വാമി. തീർത്തും അനായാസമായിരുന്നു എഴുത്ത്. മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊന്നും എഴുത്തിന് കാര്യമായി ഗുണപ്പെട്ടില്ല. പല അധ്യായങ്ങളും ഒറ്റയിരിപ്പിൽ എഴുതിയതാണ്. പക്ഷേ എഴുത്തിന് മുൻപുള്ള ജപവും ധ്യാനവും ഒരിക്കലും മുടക്കിയില്ല. ഗഹനമായതിനെ ലളിതമാക്കാൻ ആവുന്നത്ര പരിശ്രമിച്ചു എന്ന് പറയുന്നത് അഹന്തയാണ്. ഞാൻ ഒരു ഉപകരണം മാത്രമാണ്. എഴുത്ത് ഒരു നിയോഗം മാത്രമാണെന്ന് അയ്യപ്പസ്വാമി കൂടെക്കൂടെ ഓർമിപ്പിക്കുമായിരുന്നു.

ഓരോ അധ്യായവും ശരണം വിളിയോടെ അവസാനിപ്പിക്കുമ്പോഴുണ്ടാകുന്ന വികാരത്തിന് ആനന്ദം എന്നു പറയുന്നത് അവിവേകമാണെന്നറിയാം. എങ്കിലും അങ്ങനെ പറയാതെ വയ്യ. ഇപ്പോൾ ജീവിച്ചിരിക്കുന്ന പലരെയും അവരുടെ യഥാർഥ പേരിൽ തന്നെ ഇതിൽ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അവരുടെ അനുമതിയോടെ തന്നെ.

writer-kl-paul

ഒന്നാം പടിയിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആശങ്കകൾ പതിനെട്ടാം പടിയിൽ ഉണ്ടായിരുന്നു. അഞ്ച് ഇന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് ഉടുക്കുന്ന കറുപ്പല്ലെന്നും വിളിക്കുന്ന ശരണമല്ലെന്നും , എടുക്കുന്ന വ്രതമാണെന്നുമുള്ള ഉത്തമബോധ്യത്തിൽ നിന്നാണ് ഇഹപരങ്ങളുടെ ഈ ഇരുമുടിക്കെട്ട് എന്നിലെ ഗുരുസ്വാമി യഥാവിധി നിറച്ചത്. ഞാനിപ്പോൾ അയ്യപ്പസന്നിധിയിൽ എത്തി ദർശനപുണ്യം നേടുകയാണ്. ഓരോ വായനക്കാർക്കും ആ പുണ്യം ലഭിക്കട്ടെയെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

Content Summary: Pusthakakkazhcha column by Ravivarma Thampuran on KL Paul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA
;