സ്നേഹം എന്ന വഞ്ചന: കള്ളം പറഞ്ഞത് ഓഷോയോ അനുയായിയോ ?

lily-dunn
ലിലി ഡൺ ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ
SHARE

ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയിൽനിന്ന് അടർത്തിയെടുക്കരുത്. അതോടെ പൂവ് ഇല്ലാതാകും. പൂവ് ചെടിയിൽത്തന്നെ നിന്നോട്ടെ. സ്വന്തമാക്കുന്നതല്ല; ആസ്വദിക്കലാണ് സ്നേഹം– ഓഷോ 

ലിലി ഡൺ എന്ന ഇംഗ്ലിഷുകാരി പെൺകുട്ടിയുടെ ജീവിതത്തിൽ എന്നും ഒരു വീരപുരുഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ– അച്ഛൻ. എന്നാൽ അദ്ദേഹത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൽ അവർ പിതാവിന്റെ പേര് പറയുന്നില്ല. അച്ഛൻ എന്ന് എഴുതുന്നുണ്ട്. ഡാഡി എന്നുണ്ട്. ഇനിഷ്യലുകളുണ്ട്. എന്നാൽ പേര് മാത്രമില്ല. മുഖം നഷ്ടപ്പെട്ട മനുഷ്യനല്ല ലിലിയുടെ അച്ഛൻ. എന്നാൽ, മനസ്സിന്റെ സ്വാസ്ഥ്യം തേടി അദ്ദേഹം നടത്തിയ യാത്ര പലരുടെയും മുഖം നഷ്ടപ്പെടുത്തി. അവരിൽ ഒരാളാണു ലിലിയും. ജീവിതകാലം മുഴുവൻ നെഞ്ചിലെ നീറ്റലായും നീറിപ്പിടിക്കുന്ന കനലായും കൊണ്ടുനടക്കുകയും ഒടുവിൽ അച്ഛന്റെ പാപങ്ങൾ (Sins of my Father) എന്ന പുസ്തകത്തിൽ തുറന്നെഴുതുകയും ചെയ്ത കുമ്പസാരം, കുറ്റപ്പെടുത്തൽ, എല്ലാറ്റിലും ഉപരി ഹൃദയഭാരം.

പ്രതീക്ഷകൾ അവസാനിക്കുന്നിടത്തുനിന്നാണ് സ്നേഹം തുടങ്ങുന്നത്. പൂർണമായും അംഗീകരിക്കുകയും ആരും ആരെയും മാറ്റാൻ ശ്രമിക്കാതിരിക്കുമ്പോഴും മാത്രമാണു സ്നേഹം നിലനിൽക്കുന്നത്– ഓഷോ 

അന്ന് ലിലിക്ക് ആറു വയസ്സ് മാത്രം. ഇളയ സഹോദരനുമുണ്ട്. പറക്കാൻ ചിറക് മുളച്ചിട്ടില്ലാത്ത രണ്ടു കുട്ടികൾ അമ്മയ്ക്കൊപ്പം അച്ഛനെ കാത്തിരുന്നു. അന്ന് അദ്ദേഹം തിരിച്ചെത്തിയില്ല; പിന്നീടുള്ള ദിവസങ്ങളിലും. മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കാതെ അച്ഛൻ നേരേ പോയത് ഇന്ത്യയിലേക്ക്. നഗ്നനൃത്തം നടക്കുന്ന ഹോട്ടലിൽ അന്നു മാത്രം പരിചയപ്പെട്ട യുവതിക്കൊപ്പം. ഓഷോ എന്ന പേരിൽ ലോക പ്രശസ്തനായ ഭഗവാൻ രജനീഷിന്റെ പുണെയിലെ ആശ്രമത്തിലേക്ക്. സ്വാതന്ത്ര്യത്തിലേക്കെന്ന വ്യാമോഹത്തിൽ അച്ഛൻ യാത്ര പോലും പറയാതെ പോയതോടെ അനാഥരായ രണ്ടു കുട്ടികളുടെ ജീവിതം തുടങ്ങുകയായിരുന്നു; ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെയും. അച്ഛന്റെ പാപങ്ങൾ എന്നല്ലാതെ എന്തു വിളിക്കും ആ ജീവിതത്തെ എന്നു ചോദിക്കുന്നു ലിലി. അച്ഛന്റെ പാപങ്ങൾ ആത്മകഥയാണ്. അച്ഛൻ ഉപേക്ഷിച്ച കുട്ടി ജീവിതത്തിലുടനീളം വേദനയുമായി പൊരുത്തപ്പെടാൻ നടത്തിയ ശ്രമം. ആശ്രമ മതിൽക്കെട്ടുകൾക്കുള്ളിൽനിന്ന് പുറത്തേക്കു പടർന്നൊഴുകിയ കണ്ണീരിന്റെയും അവഗണനയുടെയും പിഡനങ്ങളുടെയും അന്തമില്ലാത്ത കാത്തിരിപ്പിന്റെയും കഥ. വഴി തെറ്റിപ്പോയ പിതാവിന്റെ കുമ്പസാരിക്കാത്ത പാപങ്ങളുടെ പരിണത ഫലവും. 

osho-literature

ഒരുകാലത്ത് ഓഷോ ലോകമെങ്ങും ചെലുത്തിയ സ്വാധീനത്തെ ലിലി കുറച്ചുകാണുന്നില്ല. അമേരിക്കയിലും ഇറ്റലിയിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ ആശ്രമങ്ങൾ. നഗ്നത പാപമല്ലാതാകുകയും ആഘോഷിക്കപ്പെടുകയും ചെയ്ത ആശ്രമങ്ങളെക്കുറിച്ചു വ്യാപിച്ച നിറം പിടിപ്പിച്ച കഥകൾ. ഗുരു മന്ത്രം ചൊല്ലും പോലെ പറഞ്ഞ വിമത ആദർശങ്ങളും തത്ത്വങ്ങളും. എവിടെനിന്നെല്ലാം എത്രയോ പേർ ഓഷോയെ തേടി ഒഴുകി. അറിവിലും പാണ്ഡിത്യത്തിലും അഗ്രഗണ്യനായ മഹർഷി. ഗുരുവര്യൻ. കണ്ണുകളുടെ ചലനം കൊണ്ട് ശിഷ്യഗണങ്ങളെ മാസ്മരിക വിദ്യയാലെന്നവണ്ണം തഴുകിയുണർത്തിയ മന്ത്രവാദി. ശരീരത്തിന്റെ രസതന്ത്രവും ആത്മാവിന്റെ മൂലമന്ത്രവും സംയോജിപ്പിച്ച ആത്മീയാചാര്യൻ. കണക്കില്ലാത്ത സ്വത്തിന്റെയും സമ്പത്തിന്റെയും അധിപതി. ആജ്ഞ കേട്ടാലുടൻ നടപ്പിലാക്കാൻ കാത്തുനിന്ന അനുയായികൾ. സമാന്തര ഭരണകൂടമായി ഓഷോ തഴച്ചുവളർന്നപ്പോൾ ആകർഷിക്കപ്പെട്ടത് സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ. അവരിൽ ഒരാളായിരുന്നു ലിലിയുടെ പിതാവും. 

 

സ്നേഹം അന്ധമാണെന്ന് എല്ലാവരും പറയും; കാരണം അവർക്കറിയില്ല എന്താണു സ്നേഹമെന്ന്. ഞാൻ നിങ്ങളോടു പറയുന്നു; സ്നേഹത്തിനു കണ്ണുകളുണ്ടെന്ന്. സ്നേഹമൊഴികെ എല്ലാം അന്ധമാണെന്ന്– ഓഷോ 

2018 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററി ‘വൈൽഡ് വൈൽ‌ഡ് കൺട്രി’ ഓഷോയുടെ ആശ്രമ ജീവിതത്തിന്റെ പരിച്ഛേദമായിരുന്നു. അവ്നി ദോഷിയുടെ, ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലെത്തിയ നോവൽ ‘ദ് ഗേൾ ഇൻ വൈറ്റ് കോട്ടൺ’ പറഞ്ഞതും ഓഷോയുടെ സ്വാധീനവലയത്തിൽ അമ്മ അനാഥയാക്കിയ മകളുടെ ജീവിതമാണ്. ലിലി ഡണിന്റെ പുസ്തകം ഇവയേക്കാൾ ഒരുപടി മുകളിലാണ്; സത്യസന്ധതയിലും ആത്മാർഥതയിലും എല്ലാറ്റിലുമുപരി തുറന്നെഴുത്തിലും. 

ലോകമെങ്ങും ഇന്നും വിൽക്കുന്നുണ്ട്  ഓഷോയുടെ പുസ്തകങ്ങൾ; ചൂടപ്പം പോലെ. പ്രഭാഷണങ്ങളിൽ അദ്ദേഹം പറഞ്ഞ കഥകൾ ആവർത്തിക്കപ്പെടുന്നു. എന്നാൽ അതുകൊണ്ടൊന്നും ലിലിയുടെ കണ്ണീരിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല; അവർ ഉയർത്തുന്ന ആരോപണങ്ങളുടെയും.

എഴുത്തുകാരനും പ്രസാധകനുമായിരുന്നു ലിലിയുടെ പിതാവ്. എന്നാൽ അദ്ദേഹത്തിനൊപ്പം പിന്നീട് ആശ്രമങ്ങളിൽ കഴിച്ചുകൂട്ടിയ ദിവസങ്ങളിൽ പരിധിയില്ലാത്ത സ്വതന്ത്ര സ്നേഹത്തിന്റെ ആഴമല്ല ലിലി കണ്ടത്. അവഗണനയും അപമാനവും പീഡനങ്ങളും മാത്രം. പരാതിപ്പെട്ടാൽപ്പോലും പരിഹാരമില്ലാത്ത പീഡനങ്ങൾ. 13–ാം വയസ്സിൽ ഇറ്റലിയിലെ ഒരു ആശ്രമത്തിൽ അച്ഛനൊപ്പം കഴിച്ചുകൂട്ടിയ ദിവസങ്ങൾ ലിലി വ്യക്തമായി ഓർമിക്കുന്നുണ്ട്. പ്രായം കൂടിയ ഒരു വ്യക്തി സ്നേഹമെന്ന വ്യാജേന ലിലിയെ ചൂഷണം ചെയ്യാൻ തുടങ്ങി. പിതാവിനോട് പരാതിപ്പെട്ടപ്പോൾ, പുതിയ കാര്യങ്ങൾ പഠിക്കൂ എന്നായിരുന്നു ഉപദേശം. എന്നാൽ പഠിപ്പിക്കാൻ ശ്രമിച്ച വ്യക്തിക്ക് ഗുരുതര ലൈംഗിക രോഗമുണ്ടെന്നു കണ്ടെത്തിയപ്പോൾ നടുങ്ങിയത് ലിലിയാണ്. ഇന്നുമുണ്ട് ആ നടുക്കം. 

സ്നേഹം യഥാർഥമാണെങ്കിൽ സ്നേഹിക്കുന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടില്ല. കാമുകിയുടെ ആന്തരിക ജീവിതത്തിന്റെ അതിർത്തി ഭേദിക്കാൻ കാമുകൻ തയാറാകില്ല; തിരിച്ചും – ഓഷോ 

എനിക്ക് അച്ഛനെ അത്രയേറെ ഇഷ്ടമായിരുന്നു. എഴുതാതിരിക്കാനാവില്ല അദ്ദേഹത്തെക്കുറിച്ച്. എനിക്കു നൽകിയ ആഘാതത്തെക്കുറിച്ചും– ലിലി ആവർത്തിക്കുന്നു. കാൽപനിക പരിവേഷത്തിൽനിന്നു മാറ്റി അച്ഛനെ വിചാരണ ചെയ്യാൻ മുതിരുന്ന മകളെ പുസ്തകത്തിൽ കാണാം. 

കുട്ടിക്കാലത്തെ സംഭവങ്ങൾ ഓർമയിൽ നിന്നല്ല അവർ എഴുതുന്നത്. അച്ഛൻ ഉൾപ്പെടെയുള്ളവരുടെ കത്തുകൾ. കുടുംബാംഗങ്ങളോട് മണിക്കൂറുകളോളം സംസാരിച്ചു നേടിയ വിവരങ്ങൾ. കുറ്റാന്വേഷകയെപ്പോലെ വർഷങ്ങൾ പിന്നിലേക്കു സഞ്ചരിക്കുകയാണവർ. നേരറിയാൻ, തങ്ങളെ ദുരന്തത്തിലേക്കു തള്ളിയിട്ട അച്ഛന്റെ പ്രവൃത്തിയുടെ പൊരുളറിയാൻ; ഓഷോ ചെലുത്തിയ സ്വാധീനത്തിന്റെ ആഴവും ആ മാസ്മരിക വലയത്തിൽ പെട്ടുപോയവരിൽ ചിലർ നടത്തിയ കുറ്റകൃത്യങ്ങൾ വിവരിക്കാനും. 

അച്ഛന്റെ കുട്ടിക്കാലം വേദന നിറഞ്ഞതായിരുന്നുവെന്ന് ലിലി മനസ്സിലാക്കുന്നു. ആശ്വാസവും സ്നേഹവും എന്നും അദ്ദേഹം തേടിക്കൊണ്ടിരുന്നെന്നും. എന്നാൽ, ആശ്രമജീവിതം പോലും അദ്ദേഹത്തിന്റെ വേദന ശമിപ്പിച്ചില്ല. ഒടുവിൽ മദ്യത്തിൽ അഭയം തേടി. വർഷങ്ങളോളം നീണ്ട അമിത മദ്യപാനത്തെത്തുടർന്നാണ് മരിക്കുന്നത്. മദ്യത്തിന് അടിമയായ വ്യക്തിയുടെ ജീവിതദുരന്തം സമാനതകളില്ലാതെയാണ് ലിലി ആവിഷ്കരിക്കുന്നത്. 

ലിലി അച്ഛനൊപ്പം ഉറച്ചുനിന്നെങ്കിലും സഹോദരൻ എല്ലാ ബന്ധവും വിച്ഛേദിച്ചു. അച്ഛനിൽനിന്ന് അനുജൻ അകന്നുപോയി. ഒരു ബന്ധവും ഇല്ലാത്ത അപരിചിതരെപ്പോലെയാണവർ ജീവിച്ചത്. എന്നാൽ ലിലി, അച്ഛനെ പിന്തുടർന്നു. ആശ്രമത്തിലും പുറത്തും മദ്യത്തിന്റെ അടിമയായപ്പോഴുമൊക്കെ. 

വഴിപിഴച്ച വീരപുരുഷനാണ് ലിലിക്ക് അച്ഛൻ. എന്നാൽ സന്തോഷത്തോടെയാണ് അവർ ആത്മകഥ അവസാനിപ്പിക്കുന്നത്. അച്ഛൻ തേടിയിട്ടും ലഭിക്കാതിരുന്ന സ്വാതന്ത്ര്യം താൻ നേടി എന്നു പറയുമ്പോൾ. ഓഷോയുടെ വചനങ്ങളുടെ നിഴൽ പറ്റിയല്ല അത്. ഒരു ഗുരുവിനെയും പിന്തുടർന്നുമല്ല. സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ച്. അക്ഷരങ്ങളിൽ ആത്മാവിനെ കുടഞ്ഞിട്ട്. 

സ്ത്രീയെ സ്നേഹിക്കുകയാണു വേണ്ടത്. മനസ്സിലാക്കുകയല്ല. അതാണ് ആദ്യം മനസ്സിലാക്കേണ്ട പാഠങ്ങളിൽ ഒന്ന്– ഓഷോ  

Content Summary: Sins of My Father: A Daughter, a Cult, a Wild Unravelling Book by Lily Dunn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;