ADVERTISEMENT

സമയമാകുന്നു, സ്വിറ്റ്സർലണ്ടിലെ സൂറിക്കിലേക്കുള്ള യാത്രയ്ക്ക്. ഇരുവരും തയാറായിക്കഴിഞ്ഞു. അപ്പോഴാണ് ആംചെ അത് ചോദിച്ചത്. നിനക്കു പോകേണ്ട വിമാനം എപ്പോഴാണു പുറപ്പെടുന്നത് ? നമുക്കെന്നല്ല നിനക്കെന്ന്. 

 

ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു. അവർ ഒരുമിച്ചാണു പോകുന്നത്. ദിവസങ്ങൾക്കു മുമ്പേ ഒരുക്കം തുടങ്ങിയതാണ്. അടുത്ത വിവാഹ വാർഷികം ഒരുമിച്ചുണ്ടാകില്ലെന്ന ഉറപ്പോടു കൂടി. തിരിച്ച് അമേരിക്കയിലേക്ക് മടങ്ങുന്നത് ആമി ബ്ലൂം മാത്രമായിരിക്കും. ഒരുമിച്ചുള്ള അവസാനത്തെ യാത്രയാണിത്. ജീവിത പങ്കാളിക്ക് സുഖമരണം നൽകാനുള്ള യാത്ര. ദയാവധത്തിനുള്ള തയാറെടുപ്പ്. മറവിരോഗം കീഴടക്കിത്തുടങ്ങിയ മനസ്സിൽ നിന്നായിരുന്നില്ല ആ ചോദ്യം. എല്ലാ ഓർമകളെയും അടുക്കിപ്പിടിച്ചും ഭാവിയെക്കുറിച്ചുള്ള പൂർണ ബോധത്തോടെയും. എന്നത്തെയും പോലെ കൃത്യമായിരുന്നു ആംചെയുടെ ചോദ്യം. സൂക്ഷ്മം. മനസ്സിൽ കൊള്ളുന്നത്. ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും അറിയാതെപോകുന്ന സത്യം കൂടിയാണത്. ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരിക്കും ഏറ്റവും മുനയുള്ള വാക്കുകൾ, ക്രൂരതയുടെ വിഷം പുരട്ടിയ അമ്പുകളെപ്പോലെ എയ്തുവിടുന്നത്. ഇല്ല, ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. സ്വയം ആശ്വസിക്കാനാണു ശ്രമിക്കുന്നത്. അതുകൊണ്ടല്ലേ വാക്കുകൾക്കു മുറിവേൽപിക്കാൻ കഴിയുന്നത്. ജീവനുള്ള നെഞ്ചിൽ കത്തി കുത്തിയിറക്കും പോലെ ചോദ്യങ്ങൾ തൊടുത്തുവിടുന്നത്. സ്വാർഥതയാണു സത്യം. നിതാന്തമായ സത്യം. ഒരുമിച്ചുചേരാൻ ശ്രമിക്കുമ്പോൾ അകലുന്നതും അകറ്റുന്നതും അതുകൊണ്ടായിരിക്കാം.

 

നിനക്കു പോകേണ്ട വിമാനം എപ്പോഴാണു പുറപ്പെടുന്നത്.?

 

ആമി ആംചെയുടെ അടുത്തു ചെന്നു. കൈകൾ സ്വന്തം കയ്യിലെടുത്തു. ക്ഷീണിച്ച, വിവർണമായ മുഖത്ത് അന്ത്യചുംബനം അർപ്പിച്ചു.

 

ഒരുമിച്ചുള്ള യാത്ര അവസാനിക്കുകയാണെന്ന തിരിച്ചറിവോടെ. ഇനി ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടിവരും എന്ന ഉറപ്പോടെ. എല്ലാവരും ഒറ്റയ്ക്കാണെന്ന വിചാരത്തോടെ. വാക്കുകൾ കൈവിട്ടപ്പോൾ ബാക്കിയായത് മൗനം. എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് ആമിക്കു തോന്നിയില്ല. ആംചെയ്ക്കും.

 

നോവലിസ്റ്റ് കൂടിയായ ആമി ബ്ലൂമിന്റെ 10-ാമത്തെ പുസ്തകമാണിത്. സ്‌നേഹത്തിൽ. പ്രണയത്തിന്റെയും നഷ്ടത്തിന്റെയും ഓർമക്കുറിപ്പ്. In Love. A memoir of love and loss. ഏറ്റവും ബുദ്ധിമുട്ടി എഴുതിയ പുസ്തകവും ഇതുതന്നെ. ഇതാദ്യമായാണ് സ്വന്തം കഥ എഴുതുന്നത്. മറ്റുള്ളവരുടെ വേദനകൾ സ്വന്തമാക്കിയപ്പോഴൊന്നും അനുഭവിക്കാതിരുന്ന വേദനയിൽ പിടഞ്ഞ്. ജീവിതപങ്കാളിയുടെ വേർപാടിനെക്കുറിച്ച്. മരിക്കാൻ അദ്ദേഹത്തെ സഹായിച്ചതിനെക്കുറിച്ച്. അവസാന ചുംബനവും നൽകി ഒറ്റയ്ക്കു മടങ്ങിയതിനെക്കുറിച്ച്. ഓർമകൾ ഒരു നിമിഷം പോലും ബാക്കിവയ്ക്കാതെ എല്ലാ ദിക്കിൽ നിന്നും സർവശക്തിയോടെയും ആക്രമിച്ചപ്പോൾ എഴുതിയ ഓർമക്കുറിപ്പ്. പ്രണയവും നഷ്ടവും. നഷ്ടപ്പെടാത്ത പ്രണയത്തെ ഇനിയും ആരെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. അതുവരെ അതംഗീകരിച്ചേ പറ്റൂ. നഷ്ടമല്ലെങ്കിൽ മറ്റെന്താണ് പ്രണയത്തെ പ്രലോഭനീയമാക്കുന്നത് എന്ന് ആമി ചോദിക്കും പോലെ. പ്രണയിച്ച എല്ലാവരും ചോദിച്ചതുപോലെ. ഇന്നും എന്നും അറിയുന്നതുപോലെ.

 

വേദനയുടെ വിരുന്നാണെങ്കിലും ആമിയുടെ ഓർമക്കുറിപ്പ് ധീരമാണ്. സാഹസികവും. (പ്രണയം ധീരമാണ് സാഹസികവും എന്നെഴുതിയിട്ടുണ്ട് കാറ്റേ നീ വീശരുതിപ്പോൾ എന്നെഴുതിയ കവി).

 

അമേരിക്കയിലെ കണക്ടിക്കട്ടിൽ സമാധാനത്തോടെയായിരുന്നു ആമി ബ്ലൂമിന്റെയും ബ്രയാൻ ആചെയുടെയും ജീവിതം, ആ പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ. ആംചെയെ മറവിരോഗം കീഴടക്കുന്നു. ഒരുനിമിഷം പോലും വൈകിയില്ല തീരുമാനിക്കാൻ. ആർക്കും ബാധ്യതയാകാതെ മരിക്കണം. കഴിവതും ഓർമ പൂർണമായും വിട്ടുപോകുന്നതിനു മുൻപ്. എന്നത്തെയും പോലെ ആമി ആംചെയ്‌ക്കൊപ്പം നിന്നു. തീരുമാനത്തെ അംഗീകരിച്ചും ഉൾക്കൊണ്ടും.

 

പിന്നീടുള്ള ദിവസങ്ങൾ അന്വേഷണത്തിന്റെതായിരുന്നു. ആംചെയ്ക്ക് ശാന്തമായി മരിക്കാനുള്ള സ്ഥലം തേടി. സ്വിറ്റസർലണ്ടിൽ സൂറിക്കിലെ അഭയകേന്ദ്രം കണ്ടെത്തി. ഡിഗ്നിറ്റാസ് ക്ലിനിക്ക്. അന്തസ്സോടെ ഇഷ്ടമരണം ഉറപ്പുവരുത്തുന്ന വിശ്രമകേന്ദ്രം. ദയാവധം അനുവദിക്കുന്ന ഏറ്റവും ശാന്തസുന്ദരമായ ഇടം.

 

ആംചെയ്ക്ക് പൂർണമായും ഓർമ നഷ്ടപ്പെടും മുമ്പ് അവിടെയെത്തണം. എല്ലാ പേപ്പറുകളും പൂർണബോധത്തോടെ ഒപ്പിട്ടുകൊടുക്കണം. ഒട്ടേറെ തടസ്സങ്ങളുണ്ടായി. രോഗം കീഴടക്കുന്നതറിഞ്ഞ് ആംചെ പിൻവലിഞ്ഞപ്പോൾ എല്ലാറ്റിനും നേതൃത്വം ഏറ്റെടുത്തത് ആമിയാണ്. കരയാൻ വെമ്പുന്ന കണ്ണുകളെ അമർത്തിത്തുടച്ച്. മിടിപ്പ് കൂടുന്ന ഹൃദയത്തെ ശാസിച്ച്. പ്രിയപ്പെട്ടവനുവേണ്ടി അവസാനത്തെ ആത്താഴം തയാറാക്കും പോലെ.

 

പ്രണയത്തിന്റെയും നഷ്ടത്തിന്റെയും പുസ്തകം നിറയെ മരണത്തെ ധീരമായി നേരിടാൻ ശ്രമിച്ച ദമ്പതികളുടെ സാഹസികതയാണു നിറഞ്ഞു നിൽക്കുന്നത്. ഓരോ വാക്കിലും നിറഞ്ഞുനിൽക്കുന്നുണ്ട് വേദനയുടെ നേരിപ്പോടുകൾ. ഓരോ മൗനവും പറയുന്നുണ്ട് പറയാൻ കൊതിച്ചിട്ടും കഴിയാതിരുന്ന വാക്കുകൾ. സ്‌നേഹം അനാഥമാകുന്നുവെന്ന മുന്നറിയിപ്പ്. തനിച്ചുതന്നെയെന്ന ദീർഘദർശനം. ലോകത്തിൽ മാത്രമല്ല നമ്മിൽ തമ്മിലും ഒറ്റപ്പെട്ടോർ എന്നെഴുതിയ കവിതയ്ക്ക് കവി കൊടുത്തത് കണ്ണീർപ്പാടം എന്ന പേരാണ്.

 

ദയാവധത്തിനു സുസജ്ജനായി പോകുമ്പോൾ 66 വയസ്സായിരുന്നു ആംചെയ്ക്ക്. അവസാനത്തെ വാതിലും വലിച്ചടച്ച് തിരിഞ്ഞുനോക്കാതെ മടങ്ങുമ്പോൾ ആമി ആവർത്തിക്കുന്നുണ്ട്, ഞാൻ അദ്ദേഹത്തെ കൈവിട്ടു. പ്രണയം എനിക്കു നഷ്ടമായി. അതോ നഷ്ടത്തിന്റെ പേരാണോ പ്രണയം.

 

2020 ജനുവരി 20 നാണ് അവർ അമേരിക്കയിൽ നിന്ന് സൂറിക്കിലേക്കു തിരിക്കുന്നത്. സോഡിയം പെന്റാ ബാർബിറ്റാൾ എന്ന മരണൗഷധത്തിന്റെ അവസാനത്തെ ഡോസ് സ്വീകരിക്കാൻ. വിമാനത്തിൽ ബിസിനസ് ക്ലാസ്സിലായിരുന്നു യാത്ര. സഹോദരിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിഗ്നിറ്റാസ് ക്ലിനിക്കിൽ എത്തിയിട്ടും ഒട്ടേറെ ജോലികൾ പൂർത്തിയാക്കാനുണ്ടായിരുന്നു. ഒപ്പിടാനുള്ള എണ്ണമറ്റ പേപ്പറുകൾ. അനുമതിപത്രങ്ങൾ. ആമിക്ക് പലപ്പോഴും ദേഷ്യം തോന്നി. വേഗം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ. എല്ലാവരും കൂടി തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ.

 

മൂന്നു വർഷമായി ആംചെ മറവിരോഗത്തിന്റെ പിടിയിലാണ്. നിസ്സാരകാര്യങ്ങൾ പോലും ഓർമിക്കാൻ കഴിയാതിരുന്നതിലായിരുന്നു തുടക്കം. ആവേശത്തോടെ ചെയ്തുകൊണ്ടിരുന്ന ജോലികളിൽ താൽപര്യം നഷ്ടപ്പെട്ടു. സ്വഭാവത്തിൽ മാറ്റങ്ങൾ. പേന കയ്യിൽ പിടിച്ച് എഴുതാൻ ബുദ്ധിമുട്ടി. മനോഹരമായ കൈയ്യക്ഷരം വികൃതമായിക്കൊണ്ടിരുന്നു.

 

ആർക്കിടെക്ട് ആയിരുന്നു ആംചെ. ഒരോ ചെറിയ വരയിൽ പോലും സൂക്ഷ്മത പുലർത്തിയ വ്യക്തി. നേരെ ഒരു വര പോലും വരയ്ക്കാനാവാതെ വന്നപ്പോൾ കാത്തിരിക്കാതെ മരിക്കാനായിരുന്നു തീരുമാനം. പിന്തുണച്ച് ആമിയും. രോഗത്തിന്റെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ ആമി കഴിവതും ശ്രമിച്ചിട്ടുണ്ട്. കൊച്ചുകുട്ടിയെപ്പോലെ അടുത്തിരുന്നു. ഓർമിക്കാൻ പ്രേരിപ്പിച്ചു. നല്ല ദിനങ്ങളെക്കുറിച്ച്. എന്നാൽ എല്ലാം നഷ്ടപ്പെടുകയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം തന്നെയാണ് ദയാവധം തിരഞ്ഞെടുക്കുന്നത്.

 

സൂറിച്ചിലേക്കുള്ള യാത്രയ്ക്കിടെ ഒരിടത്തു വിശ്രമിച്ചപ്പോൾ ആംചെ ഒറ്റയ്ക്കു നടക്കുന്നത് ഭീതിയോടെ ആമി കണ്ടു. ന്യൂസ് സ്റ്റാന്റിലേക്കാണ് അദ്ദേഹം പോയത്. തിരിച്ചുവരുന്നതുവരെ നെഞ്ചിടിപ്പുമായി ആമി നിന്നു. വഴി തെറ്റാതെ അദ്ദേഹം മടങ്ങിവന്നു. വിമാനത്തിൽ തൊട്ടുതൊട്ട് ഇരിക്കുമ്പോൾ ആംചെ പറയുന്നത് ആമി കേട്ടു.

നമുക്ക് 100 വർഷം കൂടി ലഭിച്ചിരുന്നെങ്കിൽ...

 

2019 ൽ രോഗം തിരിച്ചറിഞ്ഞ് ഒരാഴ്ചയ്ക്കകമാണ് ആംചെ ദയാവധത്തിനു തയാറാകാൻ തുടങ്ങിയത്. ഒട്ടും താമസിപ്പിക്കാതെ, അന്തസ്സോടെ എടുത്ത തീരുമാനം. സ്വന്തം കാലിൽ നിന്നു മരിക്കണം... ആംചെ പറഞ്ഞു. ആരുടെയും മടിയിൽ കിടന്നായിരിക്കരുത് അത്.

 

അന്നുമുതലാണ് ആമി ഏറ്റവും അനുയോജ്യമായ മാർഗത്തിനുവേണ്ടി തിരയുന്നത്. ഒടുവിൽ ഡിഗ്നിറ്റാസ് കണ്ടുപിടിക്കുന്നതും.

 

എഴുത്തുകാരിയായ ആമി സൈക്കോതെറാപിസ്റ്റ് കൂടിയാണ്. ഒരുപക്ഷേ മറ്റൊരാളായിരുന്നു തന്റെ സ്ഥാനത്തെങ്കിൽ ആംചെയെ ദയാവധത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചേനേ എന്നും അവർ പറയുന്നുണ്ട്. നല്ല ഭാര്യ ആയിരുന്നില്ലേ എന്ന ചോദ്യം അലട്ടുന്നുമുണ്ട്. നിസ്സാരമായിരുന്നില്ല ഒന്നും. അത്യധികമായ വിഷാദം. കടുത്ത നിരാശ, ഭയം. ഒട്ടേറെ രോഗികളെ ഉപദേശിച്ച വ്യക്തി ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും മറ്റൊരാളെ തേടിപ്പോകേണ്ടിവരുമോ എന്നുപോലും തോന്നിപ്പിച്ച ദിവസങ്ങൾ. വേരുകൾ ഒന്നൊന്നായി മുറിഞ്ഞ് വീണുപോകും പോലെ. ഓർക്കും തോറും അസഹനീയമായപ്പോഴാണ് അവർ വാക്കുകളെ കൂട്ടുവിളിക്കുന്നതും ഓർമക്കുറിപ്പിലേക്കു കടക്കുന്നതും.

 

മുറിയിൽ നിന്ന് ആംചെ അവസാനമായി ഇറങ്ങുമ്പോൾ, ആമി ചായ തയാറാക്കിയിരുന്നു. കപ്പ് കയ്യിലെടുത്ത് അദ്ദേഹത്തിനു കൊടുക്കും മുമ്പ് ഒന്നു നിന്നു. ഒരു സ്പൂൺ തേൻ ചായയിൽ പകർന്നു. ആംചെയ്ക്കു നേരെ നീട്ടി. കണ്ണുകൾ ഒന്നും പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹം അറിഞ്ഞിരുന്നോ തേനിന്റെ രുചി. സ്‌നേഹത്തിന്റെ സ്വാദ്. ചിരിയായിരുന്നില്ല ആ മുഖത്ത്. നിരാശയോ വേദനയോ ആയിരുന്നില്ല. തനിച്ചാണ്, തനിച്ചാണ് എന്ന് ആവർത്തിക്കുകയായിരുന്നോ.

മുറിയിൽ നിന്നുള്ള സാധനങ്ങൾ നിറച്ചുവച്ച ബാഗ് ഒറ്റയ്ക്കുള്ള മടക്കയാത്രയ്ക്കുശേഷം അമേരിക്കയിലെ മുറിയിൽ എത്തി തുറന്നപ്പോൾ ഒരു പേപ്പേറിൽ ആംചെ എഴുതിയ രണ്ടു വാക്കുകൾ ആമി കണ്ടു. ക്ഷീണം... വേദന...

ഒറ്റയ്‌ക്കൊരു മുറിയിൽ ഇരുന്നു പുറത്തേക്കു നോക്കുമ്പോൾ, കൂടണയാൻ പറക്കുന്ന ഒരു കിളി പോലും ഇല്ലാത്ത ആകാശത്ത് ആമിയും എഴുതുന്നു... ക്ഷീണം, വേദന.

 

Content Summary: In Love: A Memoir of Love and Loss Book by Amy Bloom 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com