ADVERTISEMENT

1934 ലെ ഒരു രാത്രിയിൽ സുഹൃത്തിനൊപ്പം റോയൽ തിയറ്ററിലേക്കു പോകുമ്പോൾ ജീവിതത്തിലെ മറ്റൊരു ദിവസം എന്നേ വിവിയൻ ലേ എന്ന പ്രശസ്ത ബ്രിട്ടിഷ് നടി കരുതിയിരുന്നുള്ളൂ. എന്നാൽ സംവിധായകനും നടനുമായി പിന്നീട് പേരെടുത്ത ലോറൻസ് ഒലിവിയറുടെ ഗംഭീര പ്രകടനം കണ്ടുകഴിഞ്ഞപ്പോൾ വിവിയൻ പറഞ്ഞ വാക്കുകൾ കേട്ട് സുഹൃത്ത് നടുങ്ങി. ഇതാ ഇദ്ദേഹത്തെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്. നേരത്തേതന്നെ വിവാഹിതയായ വിവിയനാണതു പറഞ്ഞത്. വിവാഹം കഴിഞ്ഞു കുടുംബവുമായി ജീവിക്കുന്ന ഒലിവിയറിനെക്കുറിച്ച്. പെട്ടെന്നുള്ള തോന്നൽ എന്നേ സുഹൃത്ത് കരുതിയുള്ളൂ. എന്നാൽ പിന്നീട് ലോകം കണ്ടത് ഈ നൂറ്റാണ്ടിലെ ഏറ്റവും ഗാഡമായ പ്രണയ ബന്ധം പൂത്തുലയുന്നതും പിന്നീട് വാടിക്കൊഴിയുന്നതും ദുരന്തമായി അതിജീവിക്കുന്നതുമാണ്.

 

വിവിയനും ഒലിവിയറും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്നാൽ, അവരുടെ പ്രണയം കാലം കടന്നും ദുരൂഹതകളും നിഗൂഡതകളും അവശേഷിപ്പിക്കുന്നു. ഇരുവരെയും കരിയറിന്റെ ഉന്നതിയിലേക്ക് നയിച്ചത് അവിഹിതമായി തുടങ്ങിയ ആത്മാർഥ പ്രണയമാണ്. അവരുടെ ജീവിതത്തെ നിർവചിച്ചതും പുനർനിർവചിച്ചതും പ്രണയം തന്നെ. എന്നാൽ സംഹാര ശേഷിയുമുണ്ടായിരുന്നു ആ പ്രണയത്തിന്. വിവിയൻ കടന്നുപോയ രോഗത്തിന്റെയും നിരാശയുടെയും മാനസിക തകർച്ചയുടെയും ഇരുണ്ട കാലഘട്ടം തന്നെ തെളിവ്. അവർ അയച്ച കത്തുകളിലൂടെയും അവരുടെ കൂടിക്കാഴ്ചകളെക്കുറിച്ചും അറിയുമ്പോൾ ആരും അദ്ഭുതപ്പെടാം... ഇങ്ങനെയും പ്രണയിക്കാമോ എന്ന്. ഇത്ര വേദനിപ്പിക്കുമോ അകൽച്ച എന്ന്. അക്ഷരാർഥത്തിൽ ഭ്രാന്ത് പിടിപ്പിക്കുമോ പ്രണയം എന്ന്. 

 

truly-madly-book

ലോകം ഏറ്റെടുത്ത, നൂറ്റാണ്ടിന്റെ പ്രണയം എന്നു വാഴ്ത്തപ്പെട്ട ഒലിവിയർ– വിവിയൻ ബന്ധം എല്ലാ നാടകീയതകളോടും കൂടി ഇതാദ്യമായി അനാവരണം ചെയ്യപ്പെടുകയാണ്. ഹോളിവുഡിൽ പത്രപ്രവർത്തകനായിരുന്ന സ്റ്റീഫൻ ഗലൊവെയുടെ ‘ട്രൂലി, മാഡ്‌ലി’ എന്ന കൃതിയിലൂടെ. താരപ്രണയത്തിലെ ഇതുവരെ ലോകം അറിയാതിരുന്ന അന്തർനാടകങ്ങളും ഭ്രാന്തും വെളിപ്പെടുത്തിക്കൊണ്ട്.

വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ജീവചരിത്രങ്ങൾ വായിച്ചവർക്ക് പുതുമ ആയിരിക്കും ഈ പുസ്തകം. ഇത് വിവിയൻ എന്ന നടിയുടെ ജീവിതം പറയുന്ന പുസ്തകമല്ല. കരിയർ രേഖപ്പെടുത്തുന്ന വിവരണവുമല്ല. ഒലിവിയറുടെ സംഭവ ബഹുലമായ ജീവിതവും ഇവിടെ വിഷയമല്ല. പ്രണയത്തിന്റെയും വിവാഹത്തിന്റെയും വേർ‌പാടിന്റെയും ഉള്ളുരുക്കുന്ന കഥ മാത്രമാണ്. ഒരുമിച്ചു ജീവിക്കേണ്ടവർ എന്ന് ശത്രുക്കൾ പോലും വിധിയെഴുതിയിട്ടും പിരിയേണ്ടിവന്ന താരങ്ങളുടെ ആവേശവും ആഘോഷവും വിരഹവും സൂക്ഷ്മമായ വിശദാംശങ്ങൾ പോലും വിടാതെ ചിത്രീകരിക്കുന്ന പുസ്തകം. 

 

1955 ൽ സ്ട്രാറ്റ്ഫഡിൽ നിറഞ്ഞ സദസ്സിനു മുന്നിൽ ഷേക്‌സ്പിയറുടെ നാടകത്തിൽ നിന്നുള്ള ഭാഗം അരങ്ങേറുന്നു. റോമൻ ജനറലിന്റെ വേഷമാണ് ഒലിവിയറിന്. മകൾ ലവിനിയുടെ വേഷത്തിൽ വിവിയനും. അപ്പോഴേക്കും ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ നടൻ എന്ന പദവിയിൽ എത്തിയിരുന്നു ഒലിവിയർ. രണ്ടാമത്തെ ഓസ്‌കർ പുരസ്‌കാരവും നേടിയ പ്രഭയിലായിരുന്നു വിവിയൻ. എന്നാൽ, മാനസിക രോഗ ആശുപത്രിയിലിലെ ചികിത്സ കഴിഞ്ഞിട്ട് കുറച്ചു നാളുകളേ ആയിരുന്നുള്ളൂ. ബൈപോളാർ രോഗത്തെത്തുടർന്നു മാസങ്ങളോളം അവർ ഇലക്ട്രിക് ഷോക് ഉൾപ്പെടെയുള്ള ചികിത്സയിലൂടെ കടന്നുപോയിരുന്നു. മൂന്നാഴ്ച തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ അബോധാവസ്ഥയിലും ആയിരുന്നു. ജനറലിന്റെ വേഷത്തിലെത്തിയ ഒലിവിയർ മകളായി അഭിനയിക്കുന്ന വിവിയനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രംഗത്തിനു പ്രേക്ഷകർ കയ്യടിച്ചു. 

 

എന്നാൽ നാടക സംഭാഷണങ്ങൾക്കു പകരം വിവിയൻ ശാപവാക്കുകൾ ഉരുവിടുകയായിരുന്നു; ഒലിവിയറിനു നേരേ. കാണികൾ ഒന്നും കേട്ടില്ലെങ്കിലും ഒലിവിയറും സഹ അഭിനേതാക്കളും കേട്ടു. വിവിയന്റെ ആരോപണങ്ങൾക്കു മറുപടി പറയാനാവാതെ ഒലിവിയർ തളരുന്നത് കൂടെ അഭിനയിച്ചവർ അറിഞ്ഞു. അതൊന്നും കൂസാതെയായിരുന്നു വിവിയന്റെ രോഷപ്രകടനം. അഭിനയിക്കുമ്പോഴും അനുഭവിക്കേണ്ടിവന്ന താരജോഡികൾ. അവർ അരങ്ങിലും അണിയറയിലും കടന്നുപോയ ജീവിതനാടകങ്ങൾക്കും സമാനതകളില്ല. 

 

മാനസിക രോഗത്തിനു പുറമേ, അമിത മദ്യപാനവും ഇടയ്ക്കു വിവിയനെ തളർത്തിയിരുന്നു. അനിയന്ത്രിതമായ ലഹരിയിൽ അവർ നഗ്നയായി പൂന്തോട്ടത്തിലൂടെ നടന്നു. അതിഥികളുടെ മുറികളിൽ രാത്രികാലത്ത് മുന്നറിയിപ്പില്ലാതെ കടന്നുചെന്നു. നീന്തൽക്കുളം കണ്ടാൽ ചാടി മരിക്കാനുള്ള അദമ്യമായ ആസക്തി വിടാതെ പിന്തുടർന്നു. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ജീവിക്കുകയായിരുന്നു വിവിയൻ. ഒലിവിയർ അടുത്തില്ലാത്ത നിമിഷങ്ങളെ വെറുത്തു. ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞു. അടുത്തുള്ളപ്പോൾ അയാൾ മറ്റു സ്ത്രീകളുമായി പ്രണയം പങ്കുവച്ചതോർത്ത് കോപാകുലയായി. കഴുത്ത് ഞെരിക്കാൻ കൈകൾ തരിച്ചു. അവർ പ്രണയത്തിൽ അകപ്പെടുകയായിരുന്നില്ല. പ്രണയം അവരെ നിയന്ത്രിക്കുകയായിരുന്നു. അവരുടെ ജീവിതത്തിന്റെ അച്ചുതണ്ട് തന്നെ പ്രണയമായിരുന്നു. ആ ചക്രവാതച്ചുഴിയിൽ അവർ ദിക്കുതെറ്റി അലയുന്ന മേഘങ്ങളായി. മഴയായി ചൊരിഞ്ഞു. കാറ്റായി വീശിയടിച്ചു നാശനഷ്ടങ്ങളുണ്ടാക്കി. കഷ്ടനഷ്ടങ്ങളിൽ തളർന്നിട്ടും  അപകടത്തിൽപ്പെട്ട നാവികർ ചെറുബോട്ട് നെഞ്ചോടടുക്കി തുഴയും പോലെ പ്രണയത്തെത്തന്നെ ആശ്രയിച്ചു.

 

ഒരിക്കൽ വഴക്കിനിടെ ഒലിവിയർ ടേബിളിലെ മാർബിൾക്കഷണം വിവിയനു നേരേ വലിച്ചെറിഞ്ഞു. നടിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായി. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ പരസ്പരം കൊലപാതകികളാകാം എന്നവർ അന്നാണു തിരിച്ചറിഞ്ഞത്. 

 

ആദ്യകാലത്തെ അവിഹിത സമാഗമങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. അടുത്തുനിന്നു കണ്ട വ്യക്തിയെപ്പോലെയാണ് ഗലൊവെ രംഗങ്ങൾ ചിത്രീകരിക്കുന്നത്. കൈകളും ചുണ്ടുകളും പേശികളും പരസ്പരം തേടിയ നിഗൂഡ വേളകളെക്കുറിച്ച്. ആദ്യമായി കണ്ട സ്ത്രീപുരുഷൻമാരെപ്പോലെയായിരുന്നു അവർ അപ്പോൾ. അവർക്കു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല; ആഗ്രഹങ്ങളും ആസക്തികളും. 

ഷേക്‌സ്പിയർ നാടകങ്ങളായിരുന്നു ഇരുവരുടെയും പ്രണയത്തെ ഊതിക്കത്തിച്ചതും ആളിപ്പടർത്തിയതും. റോമിയോ ആൻഡ് ജൂലിയറ്റ്. ആന്റണി ആൻഡ് ക്ലിയോപാട്ര. മാക്ബത്ത്. എന്നാൽ, ഗോൺ വിത്ത് ദ് വിൻഡിൽ അഭിനയിക്കുമ്പോൾ സഹനടൻ വിവിയനെ ഭയപ്പെട്ടിരുന്നു. ഒലിവിയറിനു മാത്രമേ അവർക്കൊപ്പം അഭിനിയിക്കാനാവൂ എന്നു പോലും ഭയന്നു. എന്നിട്ടും ടെന്നസ്സി വില്യംസിന്റെ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ സിനിമയായപ്പോൾ അതുല്യ പ്രകടനത്തിലൂടെ വിവിയൻ രണ്ടാമത്തെ ഓസ്‌കർ പുരസ്‌കാരവും അനായാസം നേടി. 

വിവിയൻ മയക്കുമരുന്ന് അമിത അളവിൽ കഴിച്ച് ദിവസങ്ങളോളം കിടപ്പിലായപ്പോൾ ഒലിവിയർ കത്തെഴുതി, നടിയുടെ അടിയുടുപ്പുകൾ അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. അവ ധരിച്ചുകൊണ്ടാണ് വിവിയന്റെ അസാന്നിധ്യം നടൻ മറികടന്നത് !

 

കാഴ്ചയും കേൾവിയും പോലും അവരെ പലപ്പോഴും വഞ്ചിച്ചു. വിമാനയാത്രയ്ക്കിടെ വിവിയൻ പല തവണ ബഹളമുണ്ടാക്കി. വിമാനത്തിൽ സഞ്ചരിക്കുകയാണ് എന്ന ധാരണ പോലും അവർക്ക് ഉണ്ടായിരുന്നില്ല. സഹ യാത്രികരോട് അസഭ്യം പറഞ്ഞു. കയ്യിൽ കിട്ടിയതെന്തും ആർക്കും നേരേ വലിച്ചെറിയുന്ന അവസ്ഥയായി. 

 

വർഷങ്ങളോളം വിവിയന്റെ രോഗ കാരണം ഏറ്റവുമടുപ്പമുള്ളവർ പോലും തിരിച്ചറിഞ്ഞില്ല. നടി മോശമായി പെരുമാറുന്നു എന്ന ധാരണയിലായിരുന്നു അവർ. ഒലിവിയർ വിവിയന്റെ ജീവിതം തകർത്തെന്നും പലരും വിധിയെഴുതി. എന്നാൽ, രോഗം മൂർഛിച്ചപ്പോൾ മാത്രമാണ് ബൈ പോളാറാണ് വിവിയന്റെ സ്വഭാവ മാറ്റത്തിനു കാരണമെന്ന് കുടുംബാംഗങ്ങൾ  തിരിച്ചറിയുന്നത്. രോഗം സ്വാഭാവികമാണെങ്കിലും പിന്നിൽ പ്രണയത്തകർച്ച എന്ന കാരണത്തെ എഴുതിത്തള്ളാൻ കഴിയുകയുമില്ല. വിവിയനും ഒലിവിയറും പ്രണയിക്കുക മാത്രമായായിരുന്നില്ല. ശരീരവും മനസ്സും പൂർണമായും ഉൾക്കൊണ്ട് ജീവിക്കുകയായിരുന്നു. ഒരുപക്ഷേ, മറ്റാർക്കും കഴിയാത്തത്ര തീവ്രതയോടെ. 

 

ലോകത്ത് ഏറ്റവും അധികം ആരാധിക്കപ്പെട്ടവരാണ് ഇരു താരങ്ങളും. ഹോളിവുഡ് താരങ്ങൾക്കു ലഭിക്കാവുന്ന എല്ലാ പ്രധാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. അവരുടെ വാക്കിനും നോട്ടത്തിനും വേണ്ടി കാത്തിരുന്നു ഒട്ടേറെപ്പേർ. ഒന്നിലധികം വിവാഹങ്ങളിലൂടെയും അവർ കടന്നുപോയി. എന്നാൽ, എന്നും അസന്തുഷ്ടരായിരുന്നു ഇരുവരും. ആദ്യമായി കാണുമ്പോൾ തന്നെ അവർ വിവാഹിതരായിരുന്നു. പങ്കാളികളെപ്പോലും ഉപേക്ഷിച്ച് ഒന്നായപ്പോഴും അസന്തുഷ്ടരായിരുന്നു. 2 പതിറ്റാണ്ടിനു ശേഷം വേർപിരിഞ്ഞപ്പോഴും അവർ പ്രണയിച്ചുകൊണ്ടിരുന്നു, സങ്കടപ്പെട്ടുകൊണ്ടുമിരുന്നു. വിചിത്രമായിരുന്നു അവരുടെ ജീവിതം. ഭ്രാന്തമായിരുന്നു. എന്നാൽ അങ്ങേയറ്റം അഗാധവും സത്യസന്ധവും. 

 

ഡോക്ടർമാർക്ക് നിയന്ത്രിക്കാനാവാത്ത മനസിക പ്രശ്‌നങ്ങളും ഇടയ്ക്കു വിവിയനെ ബാധിച്ചു. മന്ത്രവാദത്തിന്റെ സഹായവും തേടി അക്കാലത്ത്. എന്നാൽ, കീർത്തികേട്ട മന്ത്രവാദികൾക്കു പോലും അവരെ ആവേശിച്ച ബാധയിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞില്ല. പ്രണയമായിരുന്നു അത്. എന്നാൽ അവർ പോലും അതു തിരിച്ചറിഞ്ഞോ എന്ന സംശയം ഗാലൊവെ പങ്കുവയ്ക്കുന്നുണ്ട്. വിവാഹം വേർപെടുത്തി ഒരുമിച്ചാകാൻ ആഗ്രഹിച്ചത് അവർ തന്നെയാണ്. ഒരുമിച്ചായതിനുശേഷം അകലാൻ തീരുമാനിച്ചതും അവർ തന്നെ. അതിനുശേഷവും പരസ്പരം കണ്ടു സ്‌നേഹം പങ്കുവയ്ക്കുമ്പോൾ അവർ അവരെപ്പോലും മറന്നു. ചുറ്റുപാടുകൾ മറന്നു. മറ്റു മനുഷ്യരെയെല്ലാം മറന്നു. ലോകത്തെപ്പോലും മറന്നു. ജീവിതവും മരണവും മറന്നു. അവരുടെ ലോകത്ത് അവർ തനിച്ചായിരുന്നു. അവർ മാത്രമായിരുന്നു. അവർ മാത്രമുള്ളപ്പോൾ നിറയുകയും പൂർണമാകുകയും ചെയ്ത ലോകം. പ്രണയമില്ലാത്തപ്പോൾ നിശ്ചലവും നിശ്ശബ്ദവുമായ ലോകം. 

 

1934 ൽ ആദ്യമായി കണ്ട അവർ 1940 ൽ വിവാഹിതരായി. 1960 ൽ വേർപിരിഞ്ഞു. 7 വർഷം മറ്റൊരാൾക്കൊപ്പം വീണ്ടും ജീവിതം പങ്കുവച്ച് 53–ാം വയസ്സിൽ വിവിയൻ വേദനയുടെയും അസ്വസ്ഥതകളുടെയും ക്ഷീണകാലത്തോട് വിടചൊല്ലി. 

 

അവസാന 22 വർഷങ്ങൾ രോഗബാധിതനായിരുന്നു ഒലിവിയറും. എന്നാൽ മാനസികമായിരുന്നില്ല, ശാരീരികമായിരുന്നു അസ്വസ്ഥതകൾ. 1989 ൽ വൃക്കകളുടെ പ്രവർത്തനം നിലച്ച് 82–ാം വയസ്സിൽ ഒലിവറുടെ ജീവിതത്തിനു തിരശ്ശീല വീണു. വിവിയനും ഒലിവിയറും ഒഴിഞ്ഞുപോയ പ്രണയത്തിന്റെ കൂട് അനാവരണം ചെയ്യുകയാണ് ഗാലൊവെ പുസ്തകത്തിൽ. ഇരുവരും എഴുതിയ കത്തുകളിലൂടെ. ഇന്നും ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളൂടെ വാക്കുകളിലൂടെ. കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച്. നൂറ്റാണ്ടിന്റെ പ്രണയ താരങ്ങൾ ഇന്നു ഭൂമിയിലില്ല. എവിടെയോ ഏതോ ലോകത്തിരുന്ന് അവർ ഈ പുസ്തകം വായിക്കുമോ. ഉറപ്പാണ്, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് അവർ വീണ്ടും പ്രണയിച്ചേക്കും. 

 

ആ നിമിഷം വർണിക്കാൻ ഒരുപക്ഷേ ഗാലൊവെയ്ക്കുപോലും കഴിയില്ല. ആർക്കും. വാക്കുകളും വരികളും അപ്പോൾ അപ്രസക്തമാകും. സാമൂഹിക ദുർന്നിയമങ്ങൾ കണ്ണുപൊത്തും. ഒന്നാകുന്ന രണ്ടു ശരീരങ്ങളിലേക്കും ഒറ്റ മനസ്സിലേക്കും ചുരുങ്ങും ലോകം. ആ നിമിഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നൂറ്റാണ്ടിന്റെ പ്രണയജോഡികൾ. എല്ലാ പ്രണയികളും. 

 

Content Summary: Truly Madly: Vivien Leigh, Laurence Olivier and the Romance of the Century Book by Stephen Galloway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com