ADVERTISEMENT

‘മുതിർന്നപ്പോൾ കറുപ്പിനെ വെളുപ്പിക്കാനായി ഞാൻ യഥേഷ്ടം ക്രീമുകൾ ഉപയോഗിച്ചു. എന്നാലെന്റെ ഉടൽ വെളുക്കാൻ മടിച്ചെന്നെ തോൽപ്പിച്ചു. ഈ സാക്ഷര കേരളത്തിൽ ജാതിയെപ്പോലെ തന്നെ നിറത്തിനും അയിത്തമുണ്ടെന്ന് ​ഞാനെന്റെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു.’– രേഖ തോപ്പിലിന്റെ ഹർത്താൽ എന്ന കഥയിൽ കപിലാ എന്ന നായിക പങ്കുവയ്ക്കുന്ന ചിന്തകളാണിത്. കഥകളിൽ പതിവായി കേൾക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങളെ തകിടം മറിക്കുന്നുമുണ്ട് ഈ കഥ. അവന്റെ ചുവന്ന ചുണ്ടെന്റെ കറുത്ത ചുണ്ടിനെ പ്രണയത്താലൊന്നു ചുവപ്പിച്ചു എന്നു പറയുന്ന നായികയെ നമുക്ക് അത്ര പരിചയമില്ലല്ലോ. ഹർത്താൽ ഉൾപ്പെടെ രേഖയുടെ 15 കഥകളുടെ സമാഹാരമായ ‘ഗെദ്ദ’യിലെ ഓരോ കഥയും ഇതുപോലെ ഓരോ രാഷ്ട്രീയം ചേർത്തു വച്ചിരിക്കുന്നു. 

 

geddha-nature
ഗെദ്ദയുടെ പ്രകൃതി ഭംഗി

ധീരയായ സ്ത്രീകൾ പോലും മതങ്ങൾക്കു മുൻപിൽ എങ്ങനെ നിസ്സഹായരായി പോകുന്നു എന്നാണ് ഫാത്തിമയിലേക്കുള്ള ദൂരം എന്ന കഥ പറഞ്ഞു  തരുന്നത്. എല്ലാ സ്ത്രീകളുടെയും കൺകോണുകളിൽ ഒരേ ഭാവം തന്നെയാണ് അടിഞ്ഞുകൂടിയിരിക്കുന്നത് എന്നാണ് ഈ കഥയിൽ സൂസി തിരിച്ചറിയുന്നത്. ആൺനോട്ടങ്ങളാൽ നഗ്നമാക്കപ്പെടുന്ന തന്റെ ശരീരം മറയ്ക്കാൻ ഇരുമ്പു പർദ കിട്ടിയിരുന്നെങ്കിലെന്നാണ് കഥയിൽ സൂസി ആലോചിക്കുന്നത്. 

മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത, ഊട്ടി നീലഗിരി ജില്ലയിലെ ഗെദ്ദ എന്ന നാടിനെ പരിചയപ്പെടുത്തുന്നുമുണ്ട് ആ നാടിന്റെ പേരിലുള്ള ഈ പുസ്തകം. ‘കൈക്കുടന്ന മഞ്ഞ്’ എന്ന കഥയിൽ ബാലൻ മകൾ ഗംഗയുമായി ബസിൽ യാത്ര പോകുമ്പോൾ വായനക്കാരനും കൂടെ ഗെദ്ദയിലൂടെ പോകാനാവുന്നുണ്ട്. വേഗം നേരമിരുട്ടുന്ന, കനത്ത മഞ്ഞ് പെയ്തിറങ്ങുന്ന ഗെദ്ദയുടെ കാഴ്ചകൾ വായനക്കാരിലേക്ക് ഇറങ്ങിവരികയാണ് ഈ കഥയിൽ. ഒരു ഗെദ്ദ കഥ എന്ന മറ്റൊരു കഥ കൂടിയുണ്ട് സമാഹാരത്തിൽ.

 

നവീനമായ ആസ്വാദന സംസ്കാരം വായനക്കാരിൽ ഉണ്ടാക്കാൻ പര്യാപ്തമായ വിധമാണ് രേഖയുടെ കഥകളെന്ന് അവതാരികയിൽ യു.എ. ഖാദർ പറഞ്ഞിരിക്കുന്നു. ഇതു തന്നെയാണല്ലോ തന്റെ ജീവിതവും എന്ന് വായനക്കാരനെക്കൊണ്ട് തോന്നിപ്പിക്കുന്ന ടൂൾ തന്നെയാണ് രേഖ തോപ്പിലിന്റെയും കൈമുതൽ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 

 

ഗെദ്ദ

(കഥകൾ)

രേഖ തോപ്പിൽ, 

കറന്റ് ബുക്സ്, തൃശൂർ.

 

Content Summary: Gedha book by Rekha Thoppil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com