ADVERTISEMENT

ബ്രിട്ടനിലെ ആസ്ഥാന കവി റോബർട്ട് സൗതിക്ക് ആദ്യത്തെ കവിതകൾ അയച്ചുകൊടുക്കുമ്പോൾ ഷാർലറ്റ് ബ്രോണ്ടിക്ക് 13 വയസ്സ് മാത്രം. കവിയിൽ നിന്ന് ആ കുട്ടി മറുപടി പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. എന്നാൽ വൈകി വന്ന മറുപടി ഞെട്ടിക്കുന്നതായിരുന്നു. കവിതകളെക്കുറിച്ച് ഒരഭിപ്രായവും ഉണ്ടായിരുന്നില്ല കത്തിൽ. സാഹിത്യം സ്ത്രീകളുടെ മേഖലയല്ലെന്ന ഉഗ്രശാസന ഉണ്ടായിരുന്നു താനും. പിന്നീട് കവിതകൾ എഴുതിയില്ലെങ്കിലും 1829 ൽ എഴുതിയ ആദ്യ കവിതകൾ ഇന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ കയ്യെഴുത്തുപ്രതിയാണ്. ഒരു ചീട്ടിന്റെ അത്ര പോലും വലുപ്പമില്ലാത്ത പേപ്പറിൽ കുത്തിക്കുറിച്ച് 10 കവിതകളുടെ വില 10 കോടി രൂപ. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ മോഹവില കൊടുത്തു വാങ്ങിയ കവിതകൾ ഷാർലറ്റ് കവിതയെഴുതിയ അതേ വീട്ടിലേക്കു മടങ്ങിവന്നിരിക്കുന്നു. ബ്രോണ്ടി പാഴ്‌സനേജിന്റെ പ്രധാന സൂക്ഷിപ്പുകാരി ആൻ ഡിൻസ്‌ഡേൽ ദിവസങ്ങളായി കണ്ണടയ്ക്കാതെ ആ കവിതകളിലേക്കു തന്നെ നോക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ടു എന്നു കരുതുകയും ഇനിയൊരിക്കലും തിരിച്ചുകിട്ടുകയില്ലെന്നു പേടിക്കുകയും ചെയ്ത കവിതകൾ. റോബർട്ട് സൗതി തിരിച്ചയച്ചെങ്കിലും കൗമാര ഭാവനയുടെ നിണമണിഞ്ഞ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന രചനകൾ. ദുരിതവും കഷ്ടപ്പാടുകളും മാത്രം ലഭിച്ചിട്ടും ആശിച്ച വിവാഹം ഒരു വർഷം പോലും നീണ്ടുനിൽക്കാതെ മരണത്തിന്റെ കൈ പിടിച്ച ഷാർലറ്റ് ബ്രോണ്ടിയുടെ അനശ്വര രചനകൾ. കയ്യെഴുത്തുപ്രതി തിരിച്ചുകിട്ടിയത് ഇപ്പോഴും അവർക്ക് വിശ്വസിക്കാനായിട്ടില്ല. ബ്രോണ്ടി പാഴ്‌സനേജിലെ പലരുടെയും അവസ്ഥ അതുതന്നെയാണ്. ബ്രോണ്ടി സഹോദരിമാരുടെ ആരാധകരും അപ്രതീക്ഷിത ആഹ്ലാദത്തിലാണ്. 

 

അയർലണ്ടിൽ നിന്ന് ബ്രിട്ടനിലെ ഹാവത് എന്ന ഗ്രാമത്തിൽ എത്തുമ്പോൾ ദൈവവേലയും സമാധാനം നിറഞ്ഞ കടുംബജീവിതവുമായിരുന്നു പ്രാട്രിക് ബ്രോണ്ടിയുടെ മനസ്സിൽ. കേംബ്രിഡ്ജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയാണ് അദ്ദേഹം എത്തിയത്. എന്നാൽ പുതിയ സ്ഥലത്തെത്തി ആറു മാസത്തിനകം ഇളയകുട്ടിക്ക് ആറു വയസ്സ് മാത്രമുള്ളപ്പോൾ ഭാര്യ മരിച്ചു. ഭാര്യയുടെ സഹോദരിക്കായിരുന്നു പിന്നീട് കുടുംബത്തിന്റെ ചുമതല. വീണ്ടും ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി പാട്രിക്കിന്റെ ജീവിതത്തിൽ. 11-ാം വയസ്സിൽ മൂത്ത കുട്ടി മരിച്ചു. ആഴ്ചകൾക്കുശേഷം രണ്ടാമത്തെ കുട്ടിയും. ഭാര്യയുടെയും ആറു മക്കളുടെയും മരണത്തിന് മൂകസാക്ഷിയാകേണ്ടിവന്ന വൈദികൻ. അവശേഷിച്ച മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുകകൂടി ചെയ്തതോടെ ഷാർലറ്റ്, എമിലി, ആൻ സഹോദരിമാരുടെ ജീവിതം വാളിൻമേൽക്കൂടിയുള്ള യാത്രയായി. 

 

എന്നിട്ടും അക്ഷരങ്ങളോടുള്ള അനുഭാവവും അഭിനിവേശവും അവർ കൈവിട്ടില്ല. സ്വന്തം പേരുകൾ ഉപേക്ഷിച്ച് പുരുഷ നാമങ്ങൾ സ്വീകരിച്ച് അവരെഴുതിയ നോവലുകൾ ഇന്ന് ഷേക്‌സ്പിയർ കൃതികൾ പോലെതന്നെ ജനപ്രീതിയാർജിച്ചിരിക്കുന്നു. ജയിനയർ, വതെറിങ് ഹൈറ്റ്‌സ്, ആഗ്നസ് ഗ്രേ.. ലോക സാഹിത്യത്തിലെ ക്ലാസ്സിക്കുകൾ എന്ന നിസ്സംശയം പറയാവുന്ന കൃതികൾ. തീർച്ചയായും വായിച്ചിരിക്കേണ്ട കൃതികൾ. വിശ്വമഹാകവിയുടെ ജൻമസ്ഥലമായ സ്ട്രാറ്റ്ഫഡ് പോലെ ഹാവത് ഗ്രാമത്തിലെ ബ്രോണ്ടി പാഴ്‌സനേജ് മ്യൂസിയവും ഇന്ന് സാഹിത്യ പ്രണിയികളുടെ ഏറ്റവും പ്രിയപ്പെട്ട തീർഥാടന കേന്ദ്രമാണ്. 

 

ജീവിച്ചിരുന്ന സഹോദരിമാരിൽ മൂത്തവളായ ഷാർലറ്റിന്റെ മുറിയിൽ ഇപ്പോഴുമുണ്ട് അവരുടെ വസ്ത്രങ്ങളും തൊപ്പിയും കയ്യുറയും ചായപ്പെട്ടിയും തുന്നൽസൂചിയും നൂലും പോലും. അവയൊക്കെ ആരിൽ നിന്ന് എങ്ങനെ ശേഖരിച്ചു എന്ന കുറിപ്പുകളുമുണ്ട്. ഇതേ മുറിയിൽ വച്ചാണ് നാലു മാസം ഗർഭിണിയായിരിക്കെ ഷാർലറ്റ് വീണു മരിച്ചത്. 38–ാം വയസ്സിൽ. ഭർത്താവ് പ്രാർഥിച്ചുകൊണ്ടുനിൽക്കുമ്പോൾ. അതേ മുറിയിലേക്കാണ് 13-ാം വയസ്സിൽ എഴുതിയ കൊച്ചു വലിയ കവിതകളും എത്തുന്നത്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, പുറത്താരും കണ്ടിട്ടില്ലാത്ത, ആരും ചിത്രങ്ങൾ പോലും എടുത്തിട്ടില്ലാത്ത കവിതകളുടെ വില കോടികൾ.

 

13-ാം വയസ്സിൽ സഹോദരന്റെ കളിപ്പാവകളെ കഥാപാത്രങ്ങളാക്കി സങ്കൽപിച്ച് അവർക്കുവേണ്ടി എഴുതിയതാണെങ്കിലും ഭാവനയുടെ അപരിമേയമായ ശക്തിയും സൗന്ദര്യവുമുണ്ട് ഓരോ കവിതയ്ക്കും. ബാബേൽ ഗോപുരത്തിന്റെ അവശിഷ്ടങ്ങൾ കാണുമ്പോൾ എന്നാണ് ഒരു കവിതയുടെ പേര്. അഭയാർഥിയുടെ ഗാനങ്ങൾ എന്ന് മറ്റൊരു കവിത. കനേഡിയൻ കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ... ഓരോ കവിതയും കാലത്തിന്റെ കല്ലിൽ കൊത്തിവച്ച് ശിൽപങ്ങൾ പോലെ അവശേഷിക്കുന്നു. തിരഞ്ഞെടുത്ത വാക്കുകൾ. ആന്തര സംഗീതത്തിന്റെ നിലയ്ക്കാത്ത ശ്രുതി. വിസ്‌ഫോടനങ്ങളാകുന്ന അർഥം. എങ്ങനെ കണ്ണു മാറ്റും ഈ കവിതകളിൽ നിന്ന് എന്ന മ്യൂസിയത്തിന്റെ സൂക്ഷിപ്പുകാർ ചോദിക്കുന്നതിൽ അദ്ഭുതമില്ലെന്ന് ആരും തല കുലുക്കി സമ്മതിക്കും. 

ആദ്യ കാല കവിതകൾ എങ്ങുമെത്തിയില്ലെങ്കിലും യൗവ്വനത്തിൽ ഷാർലറ്റ് ആദ്യമെഴുതിയത് പ്രഫസർ എന്ന നോവലാണ്. അതു പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുത്തെങ്കിലും മറ്റു നോവലുകളുണ്ടെങ്കിൽ അയയ്ക്കാനാണു മറുപടി കിട്ടിയത്. അക്കാലത്ത് തിമിര ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു പാട്രിക് ബ്രോണ്ടി. വെളിച്ചം കണ്ണുകളെ വേദനിപ്പിക്കുമെന്നതിനാൽ മുറിയിൽ അരണ്ട വെളിച്ചം മാത്രമാണുണ്ടായിരുന്നത്. ആ മുറിയിൽ പിതാവിന് കൂട്ടിരിക്കുമ്പോഴാണ് ജയിനയർ എന്ന ഇതിഹാസ നോവൽ ഷാർലറ്റ് എഴുതുന്നത്. ലോകം കീഴടക്കിയ സൃഷ്ടി. വന്യ പ്രണയത്തിന്റെ ചോരയിലെഴുതിയ വതെറിങ് ഹൈറ്റ്‌സ് പോലെ. ഏകാന്ത വിഷാദത്തിന്റെ നെരിപ്പോടിൽ ചുട്ടെടുത്ത ആഗ്നസ് ഗ്രേ പോലെ. ലോകത്തിലെ ഏറ്റവും മഹത്തായ സൃഷ്ടികളിൽ ഇടം കിട്ടിയ മൂന്നു നോവലുകൾ. അവസാന നോവൽ എമ്മ പൂർത്തിയാക്കാൻ കഴിഞ്ഞില്ല ഷാർലറ്റിന്. പിന്നീട് മറ്റ് എഴുത്തുകാരാണ് അത് പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത്. 

 

കഴിവുകൾ ഉണ്ടായിരുന്നെങ്കിലും സഹോദരൻ ബ്രാൻവെൽ ധൂർത്തടിച്ച ജീവിതത്തിനൊടുവിൽ ക്ഷയത്തെത്തുടർന്ന് മരിച്ചു. സഹോദരന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചെത്തിയ എമിലി പിന്നീട് സോഫയിൽ നിന്ന് എഴുന്നേറ്റിട്ടേയില്ല. ചുമയും ശ്വാസതടസ്സവും കൂടിയിട്ടും മരുന്നു സ്വീകരിക്കാൻ വിസമ്മതിച്ച് സോഫയിൽ തന്നെ കിടന്നായിരുന്നു വതെറിങ് ഹൈറ്റ്‌സ് എഴുതിയ എമിലിയുടെ അന്ത്യം. സഹോദരിയുടെ നിഴൽ തന്നെയായിരുന്ന ആൻ രോഗഗ്രസ്തയായപ്പോൾ ഷാർലറ്റ് സംരക്ഷണം ഏറ്റെടുത്തു. എന്നാൽ, ‘ധീരയാകൂ’ എന്നു മന്ത്രിച്ച് ആനും യാത്രയായപ്പോൾ ഷാർലറ്റ് തനിച്ചായി. ഒറ്റപ്പെടലിൽ നിന്നുള്ള മോചനമായിട്ടായിരുന്നു പിതാവിന്റെ സഹായിയായി എത്തിയ ആളുമായി വിവാഹം. അതു നീണ്ടുനിന്നത് 9 മാസം മാത്രം. പാട്രിക് ബ്രോണ്ടിക്ക് വീണ്ടും ഒരു മരണം കൂടി കാണേണ്ടിവന്നു. ആരും കണ്ണീരൊഴുക്കാൻ ഇല്ലാതെ, സെമിത്തേരിയിലേക്ക് അനുഗമിക്കാൻ ആരുമില്ലാതെ, മൂകരായ പടയാളികളെപ്പോലെ നിന്ന വൻമരങ്ങളെ സാക്ഷിയാക്കി ഷാർലറ്റും യാത്രയായി. അവിടെ നിന്നാണ് ഏതാനും വരികൾ മാത്രമുള്ള ചെറു കവിതയ്ക്ക് ഒരു കോടി വില പറയുന്ന പുതിയ കാലത്തേക്ക് എഴുത്തുകാരി ആനയിക്കപ്പെടുന്നത്. കൊട്ടും കുരവയുമായി. ആഘോഷധൂർത്തോടെ. ഈണങ്ങളുടെ പുസ്തകം എന്ന കോടികളുടെ കൃതിയുമായി. 

 

ബ്രോണ്ടി സൊസൈറ്റിക്കാണ് പാഴ്‌സനേജ് മ്യൂസിയത്തിന്റെ നടത്തിപ്പു ചുമതല. ലോകത്തിന്റെ പല ഭാഗത്തും അവർക്കും ശാഖകളുമുണ്ട്. എങ്കിലും ഇത്ര വലിയ വില കൊടുത്ത് ഷാർലറ്റിന്റെ കവിത വാങ്ങാൻ അവർക്ക് കഴിയുമായിരുന്നില്ല. ടി.എസ്. എലിയറ്റിന്റെയും മറ്റും പേരിലുള്ള മ്യൂസിയങ്ങളും ബ്രോണ്ടി ആരാധരും ചേർന്നു പണം സംഭരിച്ചാണ് ന്യൂയോർക്കിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കവിതകൾ എത്തിച്ചത്. 

 

ഗ്ലാസ്സ് ടൗൺ എന്ന പേരിൽ ഒരു സാങ്കൽപിക നഗരം ചിത്രീകരിച്ചായിരുന്നു ഷാർലറ്റ്, എമിലി, ആൻ സോഹദരിമാരും സഹോദരൻ ബ്രാൻവെല്ലും കുട്ടിക്കാലത്ത് ദിവസങ്ങൾ ചെലവഴിച്ചിരുന്നത്. ആ ലോകത്തെ മനുഷ്യരായിരുന്നു അവരുടെ കൂട്ടുകാർ. വീടിനു പിന്നിൽ കണ്ണെത്താദൂരത്തോളും പരന്നുകിടക്കുന്ന ചതുപ്പിനെക്കുറിച്ച് വന്യമായ സ്വപ്‌നങ്ങൾ നെയ്യുകയും കഴിയുന്നത്ര ദൂരം ആ ചതുപ്പിലൂടെ സഞ്ചരിക്കുന്നതും അവരുടെ വിനോദങ്ങളായിരുന്നു. ഇതേ ചതുപ്പ് വതെറിങ് ഹൈറ്റ്‌സിലെ പ്രധാന കഥാപാത്രം പോലുമാണ്. ഇവിടെവച്ചാണ് കാമുകി കാതറിനെ മരണശേഷവും ഹീത്ത്ക്ലിഫ് കാണുന്നത്. കാതറിന്റെ കല്ലറ പൊളിച്ച്, തന്നെയും സ്വീകരിക്കൂ എന്ന ഹീത്ത് ക്‌ളിഫ് വിലപിക്കുന്നത്. കാമുകിക്കൊപ്പമാകാൻവേണ്ടി ഭക്ഷണം ഉപേക്ഷിച്ച് മരിക്കുന്നതും. 

 

ഇപ്പോഴിതാ, അതേ ചതുപ്പിനു സമീപമുള്ള ബ്രോണ്ടി പാഴ്‌സനേജ് മ്യൂസിയത്തിൽ ഷാർലറ്റിന്റെ കവിതകളിലൂടെ ഉത്സവകാലം തിരിച്ചെത്തിയിരിക്കുന്നു. 190 ൽ പരം വർഷങ്ങൾക്കുശേഷം. സാഹിത്യം സ്ത്രീയുടെ മേഖലയല്ലെന്നു പറഞ്ഞു ഷാർലറ്റിന്റെ കവിതകൾ തിരിച്ചയച്ച റോബർട്ട് സൗതിയെ ഇന്ന് ആരും ഓർമിക്കുന്നില്ല. അദ്ദേഹത്തിന്റെ നാട്ടിൽപ്പോലും. എന്നാൽ, അദ്ദേഹം പേടിച്ചതെന്താണോ അതു സംഭവിച്ചു. സാഹിത്യത്തിൽ സ്ത്രീകൾ വിജയക്കൊടി നാട്ടി. അവർ നടത്തിയ അശ്വമേധത്തിനൊടുവിൽ പിടിച്ചുകെട്ടിയ യാഗാശ്വമാകുകയാണ് ഷാർലറ്റിന്റെ 10 കോടിയുടെ കവിതകൾ. പ്രതികാരം ചെയ്യുന്നെങ്കിൽ ഇങ്ങനെ വേണം. ഇത്ര ഗംഭീരമായി. പ്രതികാരം ചെയ്യാൻ മോഹിപ്പിച്ചും പ്രേരിപ്പിച്ചും. 

 

Content Summary: Rare Charlotte Bronte book coming home after museum's auction success

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com