ADVERTISEMENT

പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ അമ്മ തിണക്കൽ അമ്മുക്കുട്ടിയമ്മ‌‌യെ ഓർക്കുന്നു...

‘‘ നിനക്കു ഭക്ഷണത്തിന്റെ കാര്യം മാത്രമേ പറയാനുള്ളൂ’’. കളിയാക്കിക്കൊണ്ട് ചേട്ടൻ ചോദിക്കും. അന്നേരം ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കും. അമ്മയൊന്നും പറയില്ല. പക്ഷേ, ചേട്ടന്റെ കളിയാക്കൽ ഞാൻ കാര്യമാക്കില്ല.

 

‘‘അമ്മേ, ഇന്നത്തെ കറിക്ക് എന്തൊരു രുചിയാണ്. രാത്രിയിലും എനിക്കിതു തന്നെമതി. കുറച്ച് എടുത്തുവച്ചേക്കണേ’’.

അമ്മയുടെ കൈപ്പുണ്യമൊന്നു വേറെ തന്നെയായിരുന്നു. അത് എത്ര പറഞ്ഞാലും മതിയാകില്ല. ഇപ്പോൾ എനിക്കു ഭക്ഷണത്തിന്റെ രുചിയൊന്നും അത്രയ്ക്കു പിടിക്കുന്നില്ല. ഇന്നു കഴിച്ച ഭക്ഷണം നാളെ വേണ്ടി വരില്ല. ചിലപ്പോൾ കഞ്ഞിയും ചെറുപയറുമാണെങ്കിൽ നാളെ ചോറും മോരുകറിയും. അത്ര മതി. അതുതന്നെ കുറച്ചുമാത്രം. മുൻപ് അങ്ങനെയായിരുന്നില്ല.

 

ഭക്ഷണത്തിനു നല്ല രുചി വേണമെന്നത് എന്റെ നിർബന്ധമായിരുന്നു. എന്നാൽ ചേട്ടൻ അങ്ങനെയായിരുന്നില്ല. കൊടുക്കുന്ന ഭക്ഷണം എന്തും കഴിക്കും. ചേട്ടനു രാവിലെത്തന്നെ ചോറുവേണം. അതുണ്ട ശേഷമേ ജോലിക്കു പോകൂ. അത് എന്തുണ്ടാക്കികൊടുത്താലും ഒരക്ഷരം മിണ്ടാതെ കഴിച്ച് എഴുന്നേറ്റുപോകും. ചേട്ടൻ ഭക്ഷണം കഴി‍ച്ചെഴുന്നേറ്റ ശേഷമായിരിക്കും ചേച്ചിമാർ കറിയിലെ ഉപ്പുപോലും നോക്കുന്നുണ്ടാകുക.

 

‘‘ അമ്മേ കറിയിൽ ഉപ്പിട്ടിട്ടില്ലല്ലോ’’.

 

ചേച്ചി പറയുമ്പോഴായിരിക്കും അമ്മ ഉപ്പുനോക്കുക. ചിലപ്പോൾ ഉപ്പ് തീരെ ഇടാൻ പോലും മറന്നുപോകും. പക്ഷേ, ചേട്ടൻ ഒന്നും പറയാതെ കഴിച്ചെഴുന്നേൽക്കും. അതായിരുന്നു ചേട്ടന്റെ പ്രകൃതം. ഞങ്ങളെ ഒലിച്ചുപോകാതെ ചേർത്തുനിർത്തിയത് ചേട്ടനൊരാൾ മാത്രമാണ്. 

പക്ഷേ, ഞാൻ അങ്ങനെയായിരുന്നില്ല രുചിയില്ലെങ്കിൽ ഞാൻ ഭക്ഷണത്തിനു മുന്നിലിരുന്ന് ഒച്ചവയ്ക്കും. അന്നേരം ചേട്ടൻ എന്നെയൊന്നു നോക്കും. ‘മിണ്ടാതെയിരുന്ന് കഴിച്ചെഴുന്നേറ്റു പോടാ’ എന്ന ഭാവത്തിൽ. 

 

അമ്മയെക്കുറിച്ചോർക്കാൻ‍ എന്തൊക്കെ കാര്യങ്ങളുണ്ട്. എനിക്ക്, ഓർമ വയ്ക്കുന്നതിനു മുൻപേ അച്ഛൻ മരിച്ചുപോയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അമ്മ, തിണക്കൽ അമ്മുക്കുട്ടിയമ്മ ഞങ്ങൾ നാലുപേരെ വളർത്തിയത്. അമ്മാവൻ സഹായത്തിനുണ്ടായിരുന്നെങ്കിലും പഴയ നായർ തറവാട്ടിലെ എല്ലാ പ്രയാസങ്ങളുമുണ്ടായിരുന്നു. അച്ഛൻ മരിച്ചതോടെ, മൂത്ത മകനായ വേലായുധൻനായർ പഠനം നിർത്തി ജോലിക്കു പോകാൻ തുടങ്ങി. അതോടെയാണ് അമ്മയ്ക്കൊരു കൈത്താങ്ങായത്. ക്ഷേത്രത്തിലെ കാര്യസ്ഥനായിരുന്നു ചേട്ടൻ. സഹോദരിമാരായ കല്യാണിക്കുട്ടിയെയും കമലാക്ഷിയെയും വിവാഹം കഴിപ്പിച്ചയച്ചതും എനിക്കു നല്ല വിദ്യാഭ്യാസം നൽകിയതുമെല്ലാം ചേട്ടന്റെ അധ്വാനം കൊണ്ടായിരുന്നു. അമ്മയെ സഹായിക്കാൻ വേണ്ടിയായിരുന്നു ചേട്ടൻ പഠനം നിർത്തിയത്. അത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ചേട്ടൻ ആ കാര്യമൊന്നും ഒരിക്കലും പുറത്തെടുത്തിരുന്നില്ല. 

വീട്ടിലെ കാര്യങ്ങൾ നടത്താൻ അമ്മ പശുക്കളെ വളർത്തുമായിരുന്നു. ‘കത്തുന്ന ഒരു രഥചക്രം’ എന്ന കഥയിൽ പശുക്കളെ വളർത്തുന്ന അമ്മയെന്ന കഥാപാത്രം ശരിക്കും എന്റെ അമ്മതന്നെയാണ്. അമ്മയുടെ മൃഗസ്നേഹം എടുത്തുപറയേണ്ടതാണ്. കറവ വറ്റിയാൽ എല്ലാവരും പശുക്കളെ വിൽക്കും. എന്നാൽ എന്റെ വീട്ടിലെ പശുക്കളെ അമ്മ വിൽക്കില്ലായിരുന്നു. 

 

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂവെങ്കിലും ഇംഗ്ലിഷൊക്കെ അത്യാവശ്യത്തിന് അറിയാമായിരുന്നു. അന്നത്തെ കാലത്തെ മിക്കവർക്കും ജാതി ചിന്തയൊക്കെയുണ്ടാകും. എന്നാൽ അമ്മയ്ക്ക് അതൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരിനൊപ്പവും ഒരു ജാതിപ്പേരു കാണാത്തത്. അന്നത്തെ നായർ തറവാടുകളിൽ ജോലിക്ക് ഒട്ടേറെ കീഴ്ജാതിക്കാരുണ്ടാകും. അവരോടൊക്കെ അമ്മ സമഭാവനയോടെ മാത്രമേ പെറുമാറുമായിരുന്നുള്ളൂ. ആരോടും വേർതിരിവു കാണിച്ചിരുന്നില്ല. മിക്ക സ്ത്രീകളും അമ്മയുടെ കൂടെ പഠിച്ചവരായിരുന്നു. ഈ കൂട്ടുകാരികളെയൊക്കെ വീട്ടിൽ വിളിച്ചുവരുത്തി ഭക്ഷണം നൽകി സൽക്കരിക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്.

 

ഒന്നിലും അമ്മയ്ക്ക് കാപട്യം ഉണ്ടായിരുന്നില്ല. ഭക്തയായിരുന്നെങ്കിലും ക്ഷേത്രത്തിലൊന്നും പോകുന്നതു കണ്ടിട്ടില്ല. വൈകിട്ട് ഉമ്മറത്തെ ഭസ്മക്കുട്ടയിൽ നിന്നു ഭസ്മമെടുത്തു തൊടുന്നതു കാണാമായിരുന്നു. അന്നത്തെ രീതിയനുസരിച്ച് നായർ സ്ത്രീകളൊക്കെ അതിരാവിലെ കുളത്തിൽ പോയി കുളിച്ച് ദൈവനാമമുരുവിട്ട് ക്ഷേത്രത്തിൽ പോകണമായിരുന്നു. അമ്മയ്ക്ക് അതിലൊന്നും താൽപര്യമില്ലായിരുന്നു. 

അമ്മ ധാരാളം വായിക്കുമായിരുന്നു. വീട്ടിൽ കുറേ പുസ്തകമുണ്ടായിരുന്നു. അമ്മയുടെ ഈ താൽപര്യമായിരിക്കും എന്നെയും അക്ഷരങ്ങളുടെ കൂട്ടുകാരനാക്കിയത്. 

 

ഞാൻ എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയത്താണ് അമ്മ മരിക്കുന്നത്. അമ്പലമേട്ടിലെ എന്റെ വീട്ടിലേക്കു ഞാൻ പലതവണ അമ്മയെ വിളിച്ചിരുന്നെങ്കിലും പള്ളിക്കുന്ന് വിട്ട് എവിടെയും പോകാൻ അമ്മ തയാറായിരുന്നില്ല.

 

Content Summary: T. Padmanabhan writes on his mother Thinakkal Ammukuttiyamma 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com