ADVERTISEMENT

‘‘ഒരുതുള്ളി അടിച്ചാലോ?’’ എന്നുള്ളത് ഒരു നാടൻ ചോദ്യമാണ്.

 

‘‘സമുദ്രത്തിലെ ഒരു തുള്ളിയല്ല നിങ്ങൾ, ഒരു തുള്ളിക്കുള്ളിൽ അടങ്ങിയിരിക്കുന്ന സമുദ്രമാണു നിങ്ങൾ’’ (You are not a drop in the ocean. You are the entire ocean in a drop), പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവി ജലാലുദ്ദിൻ റൂമി പറഞ്ഞതാണിത്. ‘‘എനിക്ക് ഇനിയും വീഞ്ഞ് തരൂ, ഇല്ലെങ്കിൽ എന്നെ ഉപദ്രവിക്കാതെ കടന്നു പോകൂ’’ എന്ന് പറഞ്ഞതും റൂമിയാണ്. പ്രപഞ്ചസത്യങ്ങളെ ഒരു ചിമിഴിൽ ഒതുക്കാൻ അസാമാന്യ കഴിവായിരുന്നു അദ്ദേഹത്തിന്, അത്‌ ഗൗരവത്തിലായാലും നേരമ്പോക്കിലായാലും. വീഞ്ഞു പോലെ തന്നെയായിരുന്നു അദ്ദേഹവും, പ്രായമേറും തോറും വീര്യമേറി വന്നു, ‘മസ്നാവി’ എന്ന തന്റെ മാസ്റ്റർ പീസ് മരണത്തിനു മുമ്പുള്ള വർഷങ്ങളിലാണ് അദ്ദേഹം എഴുതിയത്. 

 

വീഞ്ഞിനെക്കുറിച്ചു പറയുമ്പോൾ, അതിന്റെ വീര്യത്തെക്കുറിച്ചു പറയുമ്പോൾ, നമ്മുടെ നാട്ടിൽ പരിചയമില്ലാത്ത ഒരു തരം വീഞ്ഞിനെക്കുറിച്ച് ഓർമ വരുന്നു. 2009 ലാണെന്ന് തോന്നുന്നു, കാനഡയിലെ ടൊറോന്റോയിലേക്ക് ഒരു യാത്ര പോയിരുന്നു ഞാൻ. എന്റ‌െ കുടുംബാംഗങ്ങൾ കുറേപ്പേരുണ്ടവിടെ, അവരുടെ കൂടെ കാഴ്ചകൾ കാണാൻ കറങ്ങി നടക്കുന്നതിനിടയിൽ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള മുന്തിരിത്തോട്ടങ്ങളിലും വൈനറികളിലും - അവിടെ അമ്പതിലധികം വൈനറികളുണ്ട്, വൈൻ ടേസ്റ്റിങ് ടൂറുകളുമുണ്ട് - കയറിയിറങ്ങി. അവിടെ വച്ചാണ് ഐസ് വൈൻ (ice vine, ജർമൻകാർ eisweine എന്നെഴുതും, മലയാളത്തിൽ തർജ്ജമയില്ല, അതിന്റെ ആവശ്യവുമില്ല) എന്നൊരു തരം വീഞ്ഞിനെ കുറിച്ച് ഞാൻ കേൾക്കുന്നത്. ചാരായത്തിന്റെ അംശം പൊതുവേ കുറഞ്ഞ്, രൂക്ഷമായ മധുരത്തോടുകൂടിയ ഒരു തരം വീഞ്ഞ്, ഭക്ഷണത്തിനു ശേഷമുള്ള മധുരം എന്ന മട്ടിൽ കഴിക്കുന്ന ഒരു പാനീയം. ഞങ്ങൾ സന്ദർശിച്ച വൈനറികളിൽ ഒന്നിൽനിന്ന് ഇത് പ്രത്യേകം ചോദിച്ചു വാങ്ങി, എനിക്കു രുചിക്കാൻ തന്നിട്ട് എന്റെ അനിയത്തിയുടെ ഭർത്താവ് ഈ വീഞ്ഞിന്റെ കഥ പറഞ്ഞു. 

 

ശൈത്യകാലത്തിന്റെ വരവിനു മുമ്പ് മുന്തിരി പാകമാകും ഒൻടേറിയോയിലെ തോട്ടങ്ങളിൽ, അപ്പോഴത് പറിക്കുകയാണ് അവിടുത്തെ പതിവ് (കാനഡയിലെ ശൈത്യം അതികഠിനമാണ്, മഞ്ഞു വീണ് നരച്ചു പോകും ആ രാജ്യം). എന്നാൽ, ചില പ്രത്യേക ജനുസ്സുകളിൽ പെട്ട മുന്തിരി അവർ പറിക്കാതെ മാറ്റി നിർത്തും, തണുപ്പുകാലത്തിനായി. മഞ്ഞു വീണു തുടങ്ങിയാൽ തോട്ടങ്ങൾ, പഴുത്ത മുന്തിരിക്കുലകളും, ഐസിന്റെ പുതപ്പിനുള്ളിലമരും. മൈനസ് 8-10 ഡിഗ്രിയിൽ താഴെ നിശ്ചിത നാളുകൾ കിടന്നാൽ മുന്തിരിയിലെ ജലാംശമെല്ലാം വാർന്ന്, സത്ത് മാത്രമാകും, അപ്പോൾ അവ പറിച്ച്, തയാറാക്കുന്നതാണ് ഐസ് വൈൻ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് അവിചാരിതമായി കണ്ടെത്തുകയായിരുന്നു ഈ ഇനത്തിന്റെ നിർമാണ രീതി. സാധാരണ വീഞ്ഞിനേക്കാൾ പ്രയാസമാണ് ഇതിന്റെ ഉൽപ്പാദനമെന്നതുകൊണ്ടു തന്നെ ഈ വൈൻ വില പിടിച്ചതുമാണ്, 375 മില്ലി പാനീയത്തിന് 20000 രൂപയിൽ അധികം വിലയുള്ള ബ്രാൻഡുകൾ ലഭ്യമാണ്, െമറിറ്റെജ് (Meritage) എന്ന വൈൻ ഒരുദാഹരണം. 

 

ഹാൻസ് ജോർജ് അംബ്രോസി എന്നൊരാളാണ് ഐസ് വൈനിന്റെ പിതാവ് എന്നാണ് ഒരു കഥ, ടിൽമാൻ ഹെയ്ൻലെ എന്നൊരാൾ അത് കാനഡയിലെത്തിച്ചുവെന്നും. മദ്യത്തിന്റെ കാര്യം വരുമ്പോൾ കഥകൾക്ക് ക്ഷാമം കാണില്ല. കാപ്ടൻ മോർഗൻ എന്ന പ്രശസ്തമായ റമ്മിന്റെ കാര്യമെടുക്കുക. ആ മദ്യത്തിനു പേര് ലഭിക്കുന്നത്, കുടുംബനാമത്തിന്റെ മാമൂൽ പ്രകാരമുള്ള കടമെടുക്കലിലൂടെയല്ല. യഥാർഥത്തിൽ, മോർഗൻ ഒരു കടൽക്കൊള്ളക്കാരനായിരുന്നു. 

 

പൊതുധാരണയനുസരിച്ച്, 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെൻറി മോർഗനായിരുന്നു ചരിത്രം കണ്ട ഏറ്റവും പ്രസിദ്ധനായ കടൽക്കൊള്ളക്കാരൻ. അറ്റ്ലാന്റിക് സമുദ്രത്തിൽ കൊള്ളകളുടെ ഒരു പരമ്പര തന്നെ നടത്തി മോർഗൻ, കണക്കറ്റ് സമ്പാദിക്കുകയും ചെയ്തു. ഈ കൊള്ളകളിൽ പെട്ട് ഏറ്റവും വലഞ്ഞത് ഹാബ്സ്ബർഗ് സ്പെയിനായിരുന്നു (ഈ പേര് 16-17 നൂറ്റാണ്ടുകളിലെ സ്പാനിഷ് ഭരണങ്ങളെ സൂചിപ്പിക്കുന്നു). അവ്വിധത്തിൽ നോക്കിയാൽ സ്പെയിനെതിരെയുള്ള ഇംഗ്ലിഷ് ഉപരോധത്തിന്റെ ഭാഗമായി മാറി ഈ കൊടുംകൊള്ളകളെല്ലാം. അതുകൊണ്ടു തന്നെയാവണം, ചാൾസ് രണ്ടാമൻ രാജാവ് അയാൾക്ക് സർ സ്ഥാനം കൊടുത്ത് ആദരിച്ചത്. അതുകൊണ്ടു തന്നെയാവണം, Pirate എന്ന സംജ്ഞയ്ക്ക് പകരം Privateer എന്ന വാക്ക് അയാളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്നത്.

 

ലോകത്തിലെ അറിയപ്പെടുന്ന മദ്യങ്ങൾ, ഞാനുദ്ദേശിക്കുന്നത് ഹാർഡ് ലിക്വർ എന്ന വിഭാഗത്തിൽപ്പെടുന്നവയാണ്, മിക്കവയും ഓരോരോ കുടുംബപ്പേരുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജോണി വാക്കർ, ഷിവാസ്, ഡേവർസ്, ജാക് ഡാനിയൽ, ഹെന്നസ്സി, ബാലൻ്റൈൻ ഒക്കെ അതിന്റെ സ്ഥാപകന്റെ പേരിൽനിന്നു വന്നവയാണ്, അവരൊക്കെ ഡിസ്റ്റിലറികൾ നടത്തിയിരുന്നവരുമാണ്, ജോണി വാക്കർ ഒഴിച്ച്. ജോണി വാക്കർക്ക്, ശരിയായ പേര് ഉപയോഗിച്ചാൽ ജോൺ വാക്കർക്ക്‌, മദ്യവുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല, അയാളൊരു പലചരക്കു കടക്കാരനായിരുന്നു, അതിനുള്ളിൽ വിവിധയിനം തേയിലകൾ കൂട്ടിക്കലർത്തി വിൽക്കുന്ന ശീലം അയാൾക്കുണ്ടായിരുന്നു. ഈ പരിചയത്തിൽ നിന്നാണ് കടയിൽ വിൽപനയ്ക്കിരിക്കുന്ന സിങ്കിൾ മാൾട്ട് വിസ്കികൾ മിശ്രണം ചെയ്തു വിറ്റാലെന്തെന്ന തോന്നൽ അയാൾക്കുണ്ടാവുന്നത്. അയാൾ കലർത്തിയെടുത്ത മിശ്രിതവിസ്ക്കി വാങ്ങിയുപയോഗിച്ചവർക്ക് അതിഷ്ടമായി. അവിടെയാണ് ജോണി വാക്കർ വിസ്കിയുടെ ഉദയം, ബ്ലെൻഡഡ് വിസ്കി എന്ന മദ്യവിഭാഗം ഉദ്ഘാടനം ചെയ്യപ്പെടുന്നതും അങ്ങനെയാണ്. 

 

മദ്യ ബ്രാൻഡുകൾ പൊതുവേ പുരുഷനാമങ്ങളിലാണ്, അതല്ലെങ്കിൽ അവ ലിംഗപരമായി നിഷ്പക്ഷത പാലിക്കുന്നു. എന്നാൽ ചില മദ്യങ്ങൾ സ്ത്രീകളുടെ പേരിലും ലഭ്യമാണ്. അതിന് നമ്മൾ നന്ദി പറയേണ്ടത് ഒരു സിനിമാക്കാരനോടാണ്, ഹോളിവുഡിലെ ഐതിഹാസിക സംവിധായകരിലൊരാളാണ് അദ്ദേഹം. 1963 ൽ ഇറങ്ങിയ ഡിമെൻഷ്യയിൽ തുടങ്ങി, ഗോഡ്‌ഫാദർ സീരീസ് അടക്കം ഇരുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും രാജ്യാന്തര തലത്തിൽ ഒരു പറ്റം പുരസ്കാരങ്ങൾ നേടുകയും ചെയ്ത ഫ്രാൻസിസ് ഫോർഡ് കപ്പോളയാണ് ആ മനുഷ്യൻ. അതിൽ അദ്ഭുതത്തിന് വകയില്ല, ഫ്രാൻസിസ് ഫോർഡ് കപ്പോള പ്രെസെന്റ്സ് എന്ന പേരിൽ അദ്ദേഹം നടത്തുന്ന പല ബിസിനസ് സംരംഭങ്ങളിലൊന്ന് ഒരു മദ്യക്കച്ചവടമായിരുന്നു. അതിന്റെ കീഴിൽ, അദ്ദേഹം അഞ്ച് വിവിധ തരം മദ്യങ്ങൾ വിപണിയിലിറക്കി, ഓരോന്നും മഹദ് വ്യക്തികളുടെ പേരിൽ, അവരെല്ലാം സ്ത്രീകൾ. അതിൽ ആഡാ ലവ് ലേസ് എന്ന ഗണിത ശാസ്ത്രജ്ഞയുടെ നാമത്തിലുള്ള ജിൻ ഉണ്ട്, നെപ്പോളിയന്റെ കാമുകിയായിരുന്ന മാരീ വലേവ്സ്ക്കയുടെ നാമത്തിൽ വോഡ്കയുണ്ട്, ഹൈപേഷ്യ എന്ന ഗ്രീക്ക് തത്വചിന്തകയുടെ പേരിൽ മധുരമദ്യമുണ്ട്, ഡൊറോത്തി ആർസ്നർ എന്ന ഹോളിവുഡ് സംവിധായികയുടെ ഓർമയിൽ വിസ്കിയുണ്ട്, മരിയ ഗെയ്റ്റാന അഗ്നെസി എന്ന ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞയുടെ സ്മരണയിൽ ഒരു ബ്രാണ്ടിയുമുണ്ട്. 

 

മദ്യത്തിന്റെ ആകർഷണം ചെറുക്കാനാകാത്തവർ പ്രശസ്തരുടെയിടയിൽ ഒരുപാടാണ്. അലക്സാണ്ടർ ചക്രവർത്തിയുടെ പലപ്പോഴും സ്ഥിരതയില്ലാത്ത പെരുമാറ്റത്തിനും 32 വയസ്സിന്റെ ചെറുപ്പത്തിലുള്ള മരണത്തിനും പിന്നിൽ അമിതമായ മദ്യപാനമായിരുന്നു എന്ന് ചില ചരിത്രകാരന്മാരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിൻസെന്റ് വാൻഗോഗിന്റെ കാര്യമെടുക്കുക, അനിയന്ത്രിതമായ മദ്യസേവയ്ക്ക് അദ്ദേഹത്തിന്റെ മാനസികാരോഗ്യം തകർന്നതിൽ ഒരു പ്രധാന പങ്കുണ്ടെന്നത് പൊതുവേ സമ്മതിക്കപ്പെട്ട ഒരു കാര്യമാണ്. ഹെമിങ്‌വേയുടെ മദ്യാസക്തിയെ കുറിച്ചാണെങ്കിൽ, അമേരിക്കയിലെ ഒരു ബാറുടമ തന്റെ ബാറിനു മുൻപിൽ ഇങ്ങനെ ഒരു ബോർഡ് വച്ചുവത്രെ, ‘ഹെമിങ്‌വേ ഇവിടെ കുടിച്ചിട്ടില്ല’. അന്നാട്ടിൽ പ്രചാരത്തിലുള്ള ഒരു കോക്‌ടെയ്‌ലുമുണ്ട്, റമ്മും മുന്തിരി ജൂസും ചെറുനാരങ്ങ നീരും ചേർത്ത ഒന്ന്, അതിന്റെ പേര് ഹെമിങ്‌വേ ഡോബിൾ, അല്ലെങ്കിൽ പാപ്പാ ഡോബിൾ. സാഹിത്യകാരന് ആ പാനീയം വളരെ ഇഷ്ടമായിരുന്നു. ഹെമിങ്‌വേയുടെ ഈയൊരു ഇഷ്ടം പങ്കുവച്ച ചിലർ മലയാളസാഹിത്യത്തിലുമുണ്ടായിരുന്നു, ചങ്ങമ്പുഴയും എ. അയ്യപ്പനും പ്രചോദനം വന്നിരുന്നത് ദ്രാവകരൂപത്തിലായിരുന്നുവെന്നത് പലരും പറഞ്ഞുചിരിച്ചിരുന്ന ഒരു തമാശയാണ്.

 

ജനനേതാക്കളുടെയിടയിലും കുടിയന്മാർ കുറവല്ല. ആ നിര തുടങ്ങുന്നത് ചർച്ചിലിൽനിന്നു തന്നെയായിരിക്കണം, ചുണ്ടിൽ ചുരുട്ടും കയ്യിൽ ഒരു ഗ്ലാസ് മദ്യവുമായി രണ്ടാം ലോകയുദ്ധത്തെ നേരിട്ടയാൾ, ഒരു മാർട്ടീനിയിൽ ദിവസം തുടങ്ങിയിരുന്നയാൾ. എലിസബത്ത് ബ്രാഡൊക് എന്ന ലേബർ പാർട്ടി നേതാവ് കുടിച്ചു മത്തനായ ചർച്ചിലിനോട് ഒരിക്കൽ പറഞ്ഞു, ‘‘സർ, താങ്കൾ കുടിച്ചു ലക്കു കെട്ടിരിക്കുന്നു’’. ചർച്ചിലിന്റെ മറുപടി ഇതായിരുന്നു, ‘‘നിങ്ങൾ വിരൂപയുമായിരിക്കുന്നു. എന്നാൽ ഞാൻ രാവിലെ സാധാരണ നിലയിലാവും, നിങ്ങളോ?’’ കടം വാങ്ങി കുടിച്ച ഈ ഒരു പ്രധാനമന്ത്രിയേ ഒരു പക്ഷേ ലോകത്തുണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ളൂ. അതിനെ കുറിച്ച് ഡേവിഡ് ലോഫ് (David Lough) എന്ന ചരിത്രകാരൻ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു, No More Champagne: Churchill and his Money എന്ന പേരിൽ. 

 

വൈറ്റ് ഹൗസിലും മദ്യപന്മാർ ഉണ്ടായിരുന്നു, യുളീസസ് ഗ്രാന്റിനെ പോലെ, ജെറാൾഡ് ഫോഡിന്റെ ഭാര്യ ബെറ്റി ഫോഡിനെ പോലെ. ചെറുപ്പകാലങ്ങളിൽ, നമ്മുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയും തന്റെ ഗ്ലാസിനോട് പ്രതിപത്തി കാണിച്ചിരുന്നു, 2002 ൽ ടൈം മാഗസിനിൽ വന്ന ഒരു റിപ്പോർട്ട് അങ്ങനെയാണ് പറയുന്നത്. ഇനിയുമുണ്ടൊരുപാട് പേർ, ഫ്രാങ്ക് സിനാട്ര, എലിസബത്ത് ടെയ്‍ലർ, സാമുവൽ എൽ. ജാക്സൺ, എഡ്വിൻ ആൽഡ്രിൻ (ആംസ്ട്രോങ്ങിന് പിന്നിൽ ചന്ദ്രനിൽ കാലുകുത്തിയ അതേ ബസ് ആൽഡ്രിൻ തന്നെ), അങ്ങനെ അങ്ങനെ. 

 

മദ്യത്തിന്റെ മൂല്യം ഉയരത്തിൽ മാത്രം കാണുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങൾ കാണും; അവ മിക്കപ്പോഴും കാൽപനിക ഭാവമുള്ളവയായിരിക്കുമെങ്കിലും. ഡേവിഡ് ഡാവിഡറിനെ അറിയില്ലേ, പെൻഗ്വിൻ കാനഡയുടെ നാഗർകോവിലുകാരനായ മുൻകാല മേധാവി, രൂപ പബ്ലിക്കേഷൻസുമായി അലിഫ് ബുക്ക് കമ്പനി സ്ഥാപിച്ചയാൾ, നീലം മാങ്ങകളുടെ വീട് (House of Blue Mangoes), ചക്രവർത്തിമാരുടെ ഏകാന്തത (The Solitude of the Emperors), ഇത്താക്ക (Ithaca) എന്നീ നോവലുകളുടെ കർത്താവ്? വർഷങ്ങൾക്ക് മുമ്പ്, തൊണ്ണൂറുകളിലാണെന്നാണ് എന്റെ ഓർമ, ദ് ഹിന്ദു പത്രത്തിൽ കോളം എഴുതിയിരുന്ന കാലത്താവണം, സ്കോട്ട്ലൻഡിൽ വിസ്കി ടൂറിന് പോയ കഥ അദ്ദേഹം എഴുതിയിരുന്നു. വിസ്കിക്ക് പേരുകേട്ട സ്കോട്ട്ലൻഡിലെ വിവിധ ഡിസ്റ്റിലറികൾ സന്ദർശിക്കുന്നതിനിടെ പ്രശസ്തമായ മക്കല്ലൻ വിസ്കിയുടെ ഡിസ്റ്റിലറിയിലും അദ്ദേഹം പോയിരുന്നു. വർഷാവർഷം ഏറ്റവും നല്ല പത്ത് മദ്യങ്ങളെ തിരഞ്ഞെടുക്കുമ്പോൾ നിശ്ചയമായും അതിലുൾപ്പെടുന്ന ഒരു ബ്രാൻഡാണ് മക്കല്ലൻ. ആ ഡിസ്റ്റിലറിയിൽ വച്ച് അതിന്റെ ഉടമസ്ഥൻ ഡേവിഡിനെ സ്വന്തം വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. 

 

ഡിന്നറിന്, പ്രതീക്ഷിച്ചതു പോലെ, പഴക്കമുള്ള (aged) വിസ്കി വിളമ്പിയിരുന്നു. എന്നാൽ ആദ്യത്തെ ഗ്ലാസ് ഉയർത്തുന്നതിനു മുമ്പ്, ഒരുൾവിളിയാലെന്ന പോലെ, ആതിഥേയൻ എഴുന്നേറ്റ് അകത്തേക്കു പോയി. തിരിച്ചു വന്നത് കയ്യിൽ പാതി മാത്രം നിറഞ്ഞ ഒരു കുപ്പിയുമായാണ്. അയാൾ ഡേവിഡിന്റെ ഗ്ലാസിൽ ഒരു വിരൽ പൊക്കത്തിൽ മദ്യമൊഴിച്ചു, ഗ്ലാസ് അതിഥിക്കു നേരേ നീട്ടിയ ശേഷം പറഞ്ഞു, “വളരെ പഴക്കം ചെന്ന മദ്യമാണിത്, സാധാരണ ഞാനിത് വിളമ്പാറില്ല”. ഒരിറക്ക് കുടിച്ച ഡേവിഡിന് മനസ്സിലായി, ഇത്ര നല്ല മദ്യം താൻ ഈ ജീവിതത്തിൽ കഴിച്ചിട്ടില്ല. സാവകാശം സമയമെടുത്ത്, തുള്ളി തുള്ളിയായി ദ്രാവകം ഇറക്കിയ ശേഷം ഒരു ചിരിയോടെ അദ്ദേഹം ഗ്ലാസ് മേശമേൽ വച്ചു, വീണ്ടും നിറയ്ക്കുന്നതിനായി. 

 

അത് കാണാതിരുന്നതുകൊണ്ടാണോ, അതോ കാൽപനിക സ്വപ്നങ്ങൾ ഉടയാതിരിക്കാനാണോ, തീർച്ചയില്ല, മദ്യ മുതലാളി അകത്തുനിന്നു കൊണ്ടുവന്ന കുപ്പി നെഞ്ചോടു ചേർത്ത് അകത്തേക്കു തിരിച്ചു പോയി.

 

Content Summary: Varantha column on romanticising alcohol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com