ADVERTISEMENT

കടലിനും പുഴയ്ക്കുമിടയിലാണ് സുഭാഷ് ജീവിതം മെടഞ്ഞത്. വീടിന്റെ പടിഞ്ഞാറ് കടൽ, വടക്ക് കെട്ടുങ്ങൽ അഴിമുഖം, പിന്നെ പുഴ... കടൽക്കാറ്റേറ്റു വളർന്നപ്പോൾ സുഭാഷിന്റെ ജീവിതത്തിലും ആ ഉപ്പുരസം നിറ‍ഞ്ഞു. അതു വാക്കുകളിലേക്ക് പടർന്നപ്പോൾ എഴുത്തിന് കണ്ണീരുപ്പിന്റെ രുചി. താനൂർ ഒട്ടുംപുറം പരമേശ്വരന്റെയും ബേബിയുടെയും മൂത്തമകനായ സുഭാഷ് എഴുത്തുലോകത്തേക്കു വഴിതെറ്റി വന്നതല്ല.

 

അനുഭവങ്ങളുടെ വേലിയേറ്റം മനസ്സിൽ ആഞ്ഞടിച്ചപ്പോൾ എഴുതിത്തുടങ്ങിയതാണ്. ഓലപ്പുരയുടെ ചോർച്ച തീർക്കാൻ അച്ഛൻ വിറ്റ ആ തെങ്ങ് സുഭാഷ് നട്ടുവളർത്തിയതായിരുന്നു. പുഴയോരത്തൂടെ നടക്കുമ്പോൾ സുഭാഷ് കണ്ട ആ തെങ്ങ് കുലച്ചുപൊന്താൻ തുടങ്ങിയിരുന്നു. വീടെത്തുമ്പോഴേക്കും ‘ഓല’ എന്ന കഥ മനസ്സിൽ വിടർന്നുകഴിഞ്ഞു. സുഭാഷ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. കാവോതികൾ നിറ‍ഞ്ഞാടുന്ന നാട്ടനുഭവങ്ങൾ നുരഞ്ഞുവന്നപ്പോൾ സുഭാഷ് കഥാകൃത്തായി മാറി.

 

ആദ്യ കഥയായ ‘ഓല’ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ സുഭാഷ് നന്ദിപറഞ്ഞത് രണ്ടുപേർക്ക്. അമ്മമ്മ ചക്കിക്കും തോലിൽ സുരേഷ് എന്ന ബാബുവേട്ടനും. സ്കൂളിൽ പഠിക്കുന്ന കാലത്ത് അമ്മമ്മ നൽകിയ ചില്ലറത്തുട്ടുകൾ ചേർത്തുവച്ചാണ് സുഭാഷ് ബാലപ്രസിദ്ധീകരണങ്ങൾ വാങ്ങി വായനലോകത്തേക്ക് എത്തിയത്. ആ ചില്ലറകളായിരുന്നു സുഭാഷിന്റെ ഇന്നത്തെ എഴുത്തിന്റെ മൂലധനം. പഠിക്കുന്ന സമയത്ത് എഴുതിയ കഥകൾക്കും കവിതകൾക്കും വെളിച്ചം കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല.

 

പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിലുള്ള പത്രാധിപരുടെ ക്ഷമാപണക്കത്തുകൾ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അതോടെ, കടപ്പുറത്ത് തിരകളെണ്ണി നടന്നാലും എഴുതേണ്ടെന്നു തീരുമാനിച്ചു. വർഷങ്ങൾക്കു ശേഷം, തോലിൽ സുരേഷുമായി സംസാരിച്ചുകൊണ്ടിരിക്കെ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആ നിമിഷം തന്റെയുള്ളിലും ഒരു തിരയിളക്കം സുഭാഷിന് അനുഭവപ്പെട്ടു. സുഭാഷിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ‘ ബാബുവേട്ടനോടു യാത്രപറഞ്ഞ് ഞാൻ പുഴയോരത്തൂടെ നടന്നു.

 

അങ്ങനെ നടക്കുമ്പോൾ ഞാൻ പുഴ കണ്ടില്ല, വഴി കണ്ടില്ല, ഞാനാകെ കണ്ടത് ഒരു തെങ്ങ് മാത്രം. അതാണ് ‘ഓല’ എന്ന കഥയുടെ തന്തു’. ആദ്യമായി അച്ചടിച്ചുവന്ന കഥയുള്ള ആഴ്ചപ്പതിപ്പുമായി നടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. മീൻചൂരുള്ള മൂലധനം തന്ന് വളർത്തിയ അമ്മമ്മയ്ക്കറിയില്ലായിരുന്നു പേരമകൻ മലയാളത്തിലെ കഥാശാഖയിലെ നവമുകുളമായി വിരിയുകയാണെന്ന്. സുഭാഷിന്റെ എല്ലാ കഥകളിലും കടലും പുഴയും ഞണ്ടും മീനുമെല്ലാമുണ്ടാകും.

 

അതിനു സുഭാഷ് പറയുന്ന കാരണം, ഞങ്ങളൊക്കെ കടലിന്റെ മക്കളല്ലേ എന്നാണ്. കടലോരത്തിന്റെ കഥാകാരൻ എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടമെന്ന് സുഭാഷ് പറയും. ‘ഒരേ കടലിലെ കപ്പലുകൾ’ കഥാസമാഹാരം കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചു. പുതിയ നോവൽ ഉടൻ പുറത്തിറങ്ങും. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കടൽ വിളിക്കും. ആ വിളിയിലുണ്ടാകും പുതിയ എഴുത്തിനുള്ള വിഭവം. തിരയിറങ്ങുന്ന പൂഴിപ്പരപ്പിലുണ്ടാകും എഴുതാനുള്ള വാക്കുകൾ. മഞ്ജുവാണ് സുഭാഷിന്റെ ഭാര്യ. സംഘമിത്രയും കന്നിയും മക്കൾ.

English Summary :  Malappuram writer Subhash Ottumpuram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com