ADVERTISEMENT

ഞാൻ നിങ്ങളുടെ എതിരാളി അല്ല.  വിധി തന്നെയാണ്. യുക്രെയ്ൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളി പൊറോഷെങ്കോയോട് വൊളോഡിമിർ സെലൻസ്കി പറഞ്ഞത് ഇപ്പോൾ ആരും ഓർക്കുന്നുണ്ടാവില്ല. എന്നാൽ കോമഡി താരത്തിൽ‌ നിന്ന് ഹാസ്യത്തിന് ഒരു പ്രസക്തിയുമില്ലാത്ത യുദ്ധകാലത്ത് രാജ്യത്തെ നയിക്കുക എന്ന നിയോഗത്തിലേക്കാണ് അദ്ദേഹം നടന്നുകയറിയത്. അതും ഏതു കോമഡിയേക്കാളും നാടകീയമായും സരസമായും. 

 

2018 ലെ പുതുവർഷ ദിനത്തിലാണ് സെലൻസ്കി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വാർത്ത പ്രേക്ഷകരെ അറിയിക്കുന്നത്. അതും ഒരു കോമഡി ഷോയ്ക്കിടെ. പല പ്രേക്ഷകരും തമാശ പറയുകയാണ് എന്നാണ് കരുതിയത്. വാർത്തയെ ഗൗരവമായി എടുത്തവർക്കു പോലും അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാകും എന്നു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അതേ സെലൻസ്കി ഇപ്പോൾ, എല്ലാ പ്രതീക്ഷകൾക്കും അപ്പുറം ലോകത്തിലെ വൻശക്തികളിൽ ഒന്നിനോട് എതിരിട്ട് ആത്മാഭിമാനത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു. ലോക നേതാക്കൾക്കടിയിൽ‌ ഏറ്റവും കൂടുതൽ ആദരവും ബഹുമാനവും പിടിച്ചുപറ്റുന്നു. എല്ലാം ഒരു തിരക്കഥ പോലെ. സിനിമ പോലെ. അവിശ്വസനീയമായ കോമഡി ഷോ പോലെ. യുക്രെയ്നിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സെർഹി റുഡെങ്കോയുടെ ഏറ്റവും പുതിയ ജീവചരിത്രം 

Zelensky A biography സെലൻസ്കിയുടെ കഥയാണു പറയുന്നത്. വിപ്ലവ റഷ്യയെ മുൾമുനയിൽ നിർത്തിയ വീരയോദ്ധാവിന്റെ ജീവിതകഥ. 

 

യുദ്ധത്തിൽ സെലൻസിക്ക് പ്രധാന എതിരാളി റഷ്യൻ പ്രസിഡന്റ് പുട്ടിനാണെങ്കിൽ ജീവചരിത്രത്തിലും ഇരുവരും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. ബിബിസി മുൻ ലേഖകൻ ഫിലിപ് ഷോർട്സ് ആണ് പുട്ടിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത്. Putin His Life and Times എന്ന പേരിൽ. ഇപ്പോൾ പുസ്തക വിപണിയിൽ ഏറ്റുമുട്ടൽ ചൂടുപിടിക്കുകയാണ്. പുട്ടിനും സെലൻസ്കിയും തമ്മിൽ.  റുഡെങ്കോയും ഫിലിപ് ഷോർട്സും തമ്മിൽ. പരസ്പരം പൂർണമായും വ്യത്യസ്തരായ രണ്ടു വ്യക്തിത്വങ്ങൾ തമ്മിലും. 

zelensky-a-biography-and-putin-his-life-and-times

 

സെലൻസ്കി കോമഡി ഷോ അവതരിപ്പിച്ച ടെലിവിഷൻ ചാനൽ ഉടമ കൊളോമോയിസ്കിയാണ് കോമഡിയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. തുടക്കത്തിൽ നിയന്ത്രണവും സ്വാധീനവും പ്രകടമായിരുന്നുതാനും. എന്നാൽ, ക്രമേണ സ്വാധീനത്തിൽ നിന്നു പുറത്തുകടക്കാൻ സെലൻസ്കിക്ക് കഴിഞ്ഞു. മറ്റാരുടെയും നിയന്ത്രണത്തിലല്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാനും നിയന്ത്രിക്കാനുമുള്ള കരുത്തുണ്ടെന്നും തെളിയിക്കുന്ന നേതാവിനെയാണ് പിന്നീട് ലോകം കണ്ടത്. 

 

എന്നാൽ സെലൻസ്കിയുടെ തുടക്കം അത്ര പ്രതീക്ഷാനിർഭരമായിരുന്നില്ല. വിവാദങ്ങൾ ഒന്നൊഴിയാതെ വേട്ടയാടിക്കൊണ്ടിരുന്നു. റഷ്യയുടെ പുതിയ ഏകാധിപതി പുട്ടിനുമായുള്ള ബന്ധത്തിൽ തുടങ്ങിയ സ്വരച്ചേർച്ചയില്ലായ്മ സാമ്പത്തിക നയത്തിൽ പ്രതിഫലിച്ചു. പക്ഷപാതിത്വം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നേതാവ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിയമനം നൽകി. സെലൻസ്കി തിരഞ്ഞെടുത്ത എംപിമാരെക്കുറിച്ചും വിവാദങ്ങൾ ഉയർന്നു. രാഷ്ട്രീയ രംഗത്തെ എതിരാളികളുടെ കാറുകൾ ഒന്നൊന്നായി തീപിടിച്ചതിൽ ദുരൂഹത ഉയർന്നു. എങ്ങും നിരാശയും അസ്വസ്ഥതയും പടർന്നു. എന്നാൽ, പുട്ടിൻ ആക്രമണം ആരംഭിച്ചതോടെ മറ്റൊരു സെലൻസ്കിയെ ലോകം കണ്ടു. അവസരത്തിനൊത്ത് ഉയർന്ന, ഏതു വെല്ലുവിളിയും നേരിടുന്ന തന്ത്രജ്ഞനും ബുദ്ധിമാനുമായ ഭരണാധികാരിയെയും. 

 

റഷ്യയും പുട്ടിനും യുക്രെയ്നെ വിലകുറച്ചു കാണുകയായിരുന്നു എന്നു വ്യക്തം. അതിന്റെ വില കൊടുക്കുകയാണ് അവർ ഇപ്പോൾ എന്നതും എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ, ജീവചരിത്രത്തിന്റെ ക്ലൈമാക്സ് വായിച്ചുതന്നെ അറിയേണ്ടതാണ്. 

നിലവിൽ ലോകനേതാക്കളിൽ അനിഷേധ്യ സ്ഥാനം അവകാശപ്പെടാവുന്ന റഷ്യൻ പ്രസിഡന്റ് പുട്ടിന് ചീത്തപ്പേരിന് ഒരു കുറവുമില്ല. ശത്രുക്കളെ ഉടനടി ഇല്ലാതാക്കുന്ന, അടിമുടി ഗൗരവഭാവം പുലർത്തുന്ന വ്യക്തിയായാണ് പൊതുവെ അദ്ദേഹം വിലയിരുത്തപ്പെടുന്നത്. എന്നാൽ പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയാണ് പുട്ടിൻ എന്നു പുതിയ ജീവചരിത്രം പറയുന്നു. 

 

ചടങ്ങുകൾക്ക് താമസിച്ചു വരുന്ന സ്വഭാവം പുട്ടിനുണ്ട്. തന്നെ എല്ലാവരും കാത്തുനിൽക്കണം എന്ന സന്ദേശമാണത്രേ ഇതിലൂടെ അദ്ദേഹം നൽകുന്നത്. മനഃപൂർവമാണ് താമസിച്ചെത്തുന്ന സ്വഭാവം നിലനിർത്തുന്നതും. ജീവിതപങ്കാളിയോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ പുട്ടിൻ തന്നെ കയ്യൊഴിയുകയാണെന്നാണ് ആദ്യം അവർ വിചാരിച്ചതത്രേ. സാഹചര്യത്തിനു ചേരുന്ന സ്വഭാവവും പെരുമാറ്റവും പുലർത്താൻ അദ്ദേഹം ശ്രദ്ധിക്കാറില്ലെന്നതിന് ഇതിൽക്കൂടുതൽ ഉദാഹരണം വേണോ എന്നു ഷോർട് ചോദിക്കുന്നു. ഇന്റലിജൻസ് ഓഫിസറായാണ് കരിയർ തുടങ്ങുന്നത്. എന്നാൽ സെന്റ് പീറ്റേഴ്സ്ബർഗിലെ മേയർ ആയതോടെ രാഷ്ട്രീയത്തിലെ ഉയർച്ചയും തുടങ്ങി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ഉയർന്നു. പല തവണ രാജ്യത്തിന്റെ ഭരണഘടന തന്നെ തിരുത്തിയെഴുതി. നേതാവിനു മാത്രം മാറ്റമുണ്ടായില്ല. മാറ്റമില്ലാത്തതൊന്നുമില്ലെന്ന മാനിഫെസ്റ്റോയുടെ പുതിയ വേഷപ്പകർച്ച. അതിനു വഴിതെളിച്ചത് സോവിയറ്റ് യൂണിയന്റെ തകർച്ചയും. 

റഷ്യയ്ക്ക് ഒട്ടേറെ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. റഷ്യ അപമാനഭാരത്താൽ തലകുനിക്കുന്നു എന്നു പുട്ടിൻ പറഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുക എന്ന രാഷ്ട്രീയക്കാരുടെ സ്ഥിരം വൈകാരിക കാർഡ്  ഇറക്കിയായിരുന്നു രാഷ്ട്രീയക്കളി. കമ്മ്യൂണിസം ഇല്ലാതായ ഒഴിവിലേക്ക് അദ്ദേഹം ഏകാധിപത്യത്തിന്റെ കസേര വലിച്ചിട്ടിരുന്നു. 

 

യുക്രെയ്നെ ഉൾപ്പെടുത്തി നാറ്റോ സഖ്യം വിപുലീകരിക്കുക എന്നതിനെ എതിർ‌ക്കുന്നതിനൊപ്പം കൂടുതൽ വലിയൊരു ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. യുഎസ് ലോകത്ത് എത്രമാത്രം ദുർബലമായിരിക്കുന്നു എന്നു തെളിയിക്കുക. ഈ ലക്ഷ്യമാണത്രേ,  ഇമേജിനെ യുദ്ധം പ്രതികൂലമായി ബാധിക്കും എന്നുപോലും കരുതാതെ, മുന്നിട്ടിറങ്ങാനും നിരപരാധികളെ കൊന്നൊടുക്കിയാലും വിജയം വരെ പോരാടാനും പുട്ടിനെ പ്രേരിപ്പിക്കുന്നത്. 

 

അവസാനം വരെ പോരാടുന്ന വ്യക്തിയാണ് വിജയി എന്നൊരിക്കൽ പുട്ടിൻ പറ‍ഞ്ഞിട്ടുണ്ട്. ഇപ്പോൾ സെലൻസ്കി ആവർത്തിക്കുന്നതും അതുതന്നെയാണ്. ആരാണ് വിജയി എന്നതിനൊപ്പം ലോകം ഇനി കാണാൻ പോകുന്നത് എന്നു ജീവചരിത്രമാണ് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് എന്നുകൂടി ആയിരിക്കും. 

 

Content Summary: Zelensky a biography and Putin his life and times - reviews

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com