ADVERTISEMENT

സ്വന്തം സിനിമയുടെ ലൊക്കേഷനിൽ മലയാളത്തിന്റെ ഇതിഹാസം എം.ടി.വാസുദേവൻ നായർ ഇന്നു 90–ാം വയസ്സിലേക്കു പ്രവേശിക്കുന്നു. 1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ഓളവും തീരവും’ സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിക്കുന്ന തൊടുപുഴയ്ക്കടുത്തുള്ള ലൊക്കേഷനിലാണ് 89–ാം പിറന്നാളാഘോഷം. രാവിലെ 11 മണിയോടെ കുടയത്തൂരിലെ സെറ്റിലെത്തുന്ന എംടി ഉച്ചയ്ക്കു ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാൾ സദ്യയുണ്ണും. 

 

എംടിയുടെ നവതി വർഷം മലയാള സിനിമയ്ക്കാകെ ആഘോഷമാകും. അദ്ദേഹത്തിന്റെ 10 കഥകളാണ് ഒരുമിച്ചു സിനിമയാകുന്നത്. പത്തു തിരക്കഥയും എംടിയുടേതു തന്നെ. ഒടിടി പ്ലാറ്റ്ഫോമിലാണ് ഈ സിനിമാസമാഹാരത്തിന്റെ റിലീസ്. 

 

സമാഹാരത്തിലെ എട്ടാം ചിത്രമായ പുതിയ ഓളവും തീരവും സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. ആദ്യത്തേതിൽ മധുവായിരുന്നു നായകനെങ്കിൽ ഇപ്പോൾ മോഹൻലാൽ. അരനൂറ്റാണ്ടു മുൻപ് കവിഞ്ഞൊഴുകുന്ന കല്ലായിപ്പുഴയിലെ തെന്നിയാടുന്ന വള്ളത്തിലിരുന്ന് ഛായാഗ്രാഹകൻ മങ്കട രവിവർമ പകർത്തിയ ഓളവും തീരത്തിലെ ഷോട്ടുകൾ ഇന്നും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. സ്‌റ്റുഡിയോ ഫ്ലോറുകളിൽ ശ്വാസംമുട്ടിക്കിടന്ന മലയാള സിനിമയെ കേരളത്തിന്റെ പ്രകൃതിയിലേക്കു കൂട്ടിക്കൊണ്ടുപോയി ആ ചിത്രം. നമ്മുടെ സിനിമ കേരളത്തിന്റെ മണ്ണിനെയും മനുഷ്യരെയും നോക്കി പുഞ്ചിരിച്ചു തുടങ്ങിയത് അങ്ങനെയാണ്. അന്ന് 4 സംസ്ഥാന അവാർഡുകൾ നേടി ഓളവും തീരവും. ബിജു മേനോൻ നായകനാകുന്ന ‘ശിലാലിഖിതം’ എന്ന ചിത്രവും പ്രിയദർശനാണു സംവിധാനം ചെയ്യുന്നത്. 

 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ–ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു; മഹേഷ് നാരായണന്റെ ‘ഷെർലക്കി’ൽ ഫഹദ് ഫാസിലും. എംടിയുടെ മകൾ അശ്വതി വി.നായർ സംവിധാനം ചെയ്യുന്ന ‘വിൽപന’യിൽ ആസിഫലിയും മധുബാലയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്റെ ‘അഭയം തേടി വീണ്ടും’ എന്ന ചിത്രത്തിൽ നായകൻ സിദ്ദീഖ്. ശ്യാമപ്രസാദിന്റെ ‘കാഴ്ച’യിൽ പാർവതിയും നരേയ്നും. ജയരാജിന്റെ ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ നെടുമുടി വേണുവും ഇന്ദ്രൻസും സുരഭിയുമാണ് പ്രധാനവേഷങ്ങളിൽ; രതീഷ് അമ്പാട്ടിന്റെ ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരും. 

 

അറുപതോളം തിരക്കഥകൾ രചിച്ച, 7 സിനിമകൾ സംവിധാനം ചെയ്ത എംടിയുടെ നവതി വർഷം അങ്ങനെ പ്രേക്ഷകർക്കു ദൃശ്യവിരുന്നാകും. പിറന്നാൾ ആഘോഷം പതിവില്ലാത്ത എംടി മലയാളത്തിനു തരുന്നത്, അനന്യമായൊരു കാഴ്ചയുത്സവം! 

 

Content Summary: MT Vasudevan Nair celebrates 89th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com