ഒരടി മു‍ൻപെയായിരുന്നു എന്നും അനൂപിന്റെ യാത്ര

anoop-ramakrishnan-claps-column
അനൂപ് രാമകൃഷ്ണൻ
SHARE

സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ഒരു നിമിഷം നെ‍‍ഞ്ചിടിപ്പു നിന്നുപോയി. മികച്ച പുസ്തകം അനൂപ് രാമകൃഷ്ണൻ. അനൂപ് ഈ ലോകത്തോടു യാത്ര പറഞ്ഞിട്ടു മാസങ്ങളായിരുന്നു. എന്റെ മേശപ്പുറത്ത് ഇപ്പോഴും ആ പുസ്തകമുണ്ട്.

അനൂപ് വിളിക്കാത്ത ദിവസങ്ങൾ കുറവാണ്. ഇൻഫോസിസിലേയും മനോരമയിലേയും ജോലി വിട്ട് അനൂപ് ഡിസൈനിങ്ങിന്റെ സ്വന്തം ലോകത്തേക്ക് ഇറങ്ങുമ്പോൾ അനൂപ് ജീവിതത്തേക്കുറിച്ച് ആകാംഷപെട്ടതേയില്ല. സന്തോഷമായി ജീവിക്കുകയാണു വേണ്ടതെന്ന് അനൂപ് ആവർത്തിച്ച് ഓർമിപ്പിച്ചു. കുട്ടികൾക്കു മഹാഭാരതം കഥ പറഞ്ഞു കൊടുക്കുന്ന അനിമേഷൻ പരമ്പരയെന്ന സ്വപ്നവുമായാണ് അനൂപ് ജീവിച്ചത്. ആദ്യ എപ്പിസോഡുൾ കണ്ട പ്രിയദർശൻ പറഞ്ഞു, ഇതു ലോകത്തിലെ ഏറ്റവും മികച്ച പരമ്പരകളിലേക്ക് എത്തിയേക്കാം. അതുകണ്ട മോഹൻലാൽ ഒരു പൈസപോലും വാങ്ങാതെ അതിനു ശബ്ദം നൽകി. അസാമാന്യ വർക്കാണെന്നാണു ലാൽ പറഞ്ഞത്. ഇടവേളയിൽ മറ്റു പല കാരണങ്ങൾകൊണ്ട് അതില്ലാതായിപ്പോയി.

അപ്പോഴും അനൂപ് പുതിയ സ്വപ്നങ്ങളേക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ആ ഇടവേളയിലാണ് എംടി അനുഭവങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ ജോലി തീർത്തത്. ഇതുവരെ മലയാളി കണ്ടിട്ടില്ലാത്ത വേറിട്ടൊരു പുസ്തകം. അനൂപ് പുസ്തക മേളകളിൽനിന്നു പുസ്തക മേളകളിലേക്കു യാത്ര ചെയ്തു. അവിടെനിന്നെല്ലാം വിളിച്ചു. മഹാഭാരതംപോലുള്ളൊരു വലിയ കഥയുടെ സാധ്യത അവിടെയെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് പറഞ്ഞു. പുതിയ സാധ്യതകളുമായി നമുക്കതിലേക്കു യാത്ര ചെയ്യണം എന്നു പറഞ്ഞു.

anoop-ramakrishnan-book.jpg.image.845.440

അനൂപിന്റെ ജീവിതം ഓരോ നിമിഷവും സ്വപ്നമായിരുന്നു. മലയാളി സ്വപ്നം കാണുന്നതിന് ഏറെ മു‍ൻപുള്ള സ്വപ്നം. നാലുകെട്ട് എന്ന ഡിജിറ്റൽ നോവൽ വായിക്കുമ്പോൾ നാലുകെട്ട് എന്ന വാക്കിൽ തൊട്ടാൽ എന്താണു നാലുകെട്ട് എന്ന ചെറിയ വിവരം നൽകുന്ന ബോക്സ് പോപ്പ് അപ്പ് ചെയ്തു വരുന്ന ഡിജിറ്റൽ ബുക്ക് 15 വർഷം മുൻപു അനൂപ് സ്വപ്നം കണ്ടു. മലയാളത്തെ അതിലൂടെ മാത്രമേ ലോക സാഹിത്യത്തിനു മുന്നിലെത്തിക്കാനാകൂ എന്ന് അനൂപ് പറഞ്ഞു.

എംടിയും നമ്പൂതിരിയും ഫ്രാ‍ൻസിലാണു ജനിച്ചിരുന്നതെങ്കിൽ അവരുടെ ദേശീയ സ്വത്തായേനെ എന്ന് അനുപ് പറയുമായിരുന്നു. ഇരുവരുമായും ചേർന്ന് അനൂപ് ഏറെക്കാലം നടന്നു. ഡിജിറ്റൽ, ഡിസൈൻ ലോകത്ത് അനൂപ് നടന്നത് ഏറെ മുന്നിലാണ്. തിരുവനന്തപുരത്തെ ഫ്ലാറ്റിലും എത്രയോ ഹോട്ടൽ മുറികളിലും അനൂപ് പങ്കുവച്ച സ്വപ്നങ്ങൾ എന്റെ ചെറിയ ആകാശത്തിലും എത്രയോ വലുതാണ്. എന്നിട്ടും അനൂപ് എന്നെ കൂട്ടിനു വിളിച്ചുകൊണ്ടിരുന്നു. ഒരടി മു‍ൻപെ നടന്നാണ് എന്നും അനൂപ് യാത്ര ചെയ്തത്.

Content Summary: Unni K Warrier remembers Annop Ramakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}