ADVERTISEMENT

പുസ്തകങ്ങൾ നമ്മളെയാണ് തിരഞ്ഞെടുക്കുക, നമ്മൾ പുസ്തകങ്ങളെയല്ല എന്നൊരു തോന്നൽ വായന വല്ലാതെ കുറഞ്ഞ കഴിഞ്ഞ രണ്ടു വർഷങ്ങൾ എന്നിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഏറെ ഇഷ്ടത്തോടെ വാങ്ങിയിട്ടും പിന്നീടെപ്പോഴെങ്കിലും എന്ന തീരുമാനത്തിൽ കുരുങ്ങി വായിക്കപ്പെടാതെ പോകുന്ന പുസ്തകങ്ങളുടെ എണ്ണം ഉയരുന്നതു വല്ലാത്ത കുറ്റബോധം സമ്മാനിക്കുന്നുമുണ്ട്. ആർത്തിയോടെ വായിച്ചിരുന്ന ഒരു കാലത്തു നിന്നു വായനയെന്നത് സമാധാനം പകരുന്ന ഒന്നാവണമെന്ന ലക്ഷ്യത്തിലേക്ക് പരുവപ്പെട്ടത് മനഃപ്പൂർവമല്ല. പലവിധ അങ്കലാപ്പുകൾക്കിടയിൽ വായനയുടെ ഉൾക്കാഴ്ചയിലെങ്കിലും സ്വാസ്ഥ്യം ഉണ്ടാകണമെന്ന അതിബുദ്ധിയാണ് ഒരർത്ഥത്തിൽ അതിനു കാരണം. അനന്തകാലത്തോളം നീളുന്ന ചാക്രികമായ കുരിശുമരണങ്ങൾ; അതിൽ നിന്നുള്ള രക്ഷതേടലും ആവാം. പക്ഷേ, അതിലൂടെ വായനയുടെ ആകാശങ്ങൾ പരിമിതമാകുന്നു. എങ്കിലും ചില പുസ്തകങ്ങൾ ഉണ്ട്. യാദൃശ്ചികത ഒന്നിനാൽ മാത്രം എന്റെ കൈവശം വന്നുചേർന്നവ. അത്തരം ചില പുസ്തകങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.

 

an-astronaut-s-guide-to-life-on-earth

∙ഓർമക്കുറിപ്പുകൾ

 

elevation

കനേഡിയൻ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്ഫീൽഡിന്റെ An Astronaut's Guide to Life on Earth: What Going to Space Taught Me About Ingenuity, Determination, and Being Prepared for Anything എന്ന ഓർമക്കുറിപ്പുകൾ ആണ് അവസാനമായി വായിച്ചത്. ബ്ലോസം ബുക്സിൽ നിന്ന് ആ പുസ്തകം കയ്യെത്തിച്ചെടുക്കുമ്പോൾ അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സാഹചര്യം ഓർത്തിരുന്നു. ജയിംസ് തർബർ എഴുതിയ 'ദി സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർമിറ്റി' എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരത്തിൽ അയാഥാർത്ഥമായ പകൽസ്വപ്നങ്ങൾ കാണുന്ന നായകനുണ്ട്. അത്തരമൊരു സ്വപ്നത്തിൽ അയാൾക്ക് പ്രചോദനമാകാൻ നായിക പാടുന്നത് 'സ്പേസ് ഓഡിറ്റി' എന്ന ഡേവിഡ് ബോവി ഗാനമാണ്. ചലച്ചിത്രം അവസാനിച്ചാലും സംഗീതം പലപ്പോഴും നമ്മളിൽ ബാക്കിയാവും. ഒരു ചെറുനിമിഷത്തേക്ക് മാത്രം കേട്ട ആ സംഗീതശകലത്തിന്റെ തുടർച്ച അന്വേഷിച്ചുള്ള തിരച്ചിലിലാണ് ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിൽ നിന്നു സ്പേസ് ഓഡിറ്റി എന്ന ഗാനം അവതരിപ്പിക്കുന്ന ക്രിസ് ഹാഡ്ഫീൽഡ് എന്റെ ശ്രദ്ധയിൽപെട്ടത്. അപ്പോളോ 11 ചാന്ദ്രദൗത്യത്തിന് തൊട്ടുമുൻപായി എഴുതപ്പെട്ട ഈ ഗാനം ബഹിരാകാശ പേടകത്തിന്റെ കമാൻഡർ ആയ മേജർ ടോം എന്ന സാങ്കൽപ്പിക കഥാപാത്രത്തെ മുൻനിർത്തിയുള്ളതാണ്. വർഷങ്ങൾക്കുശേഷം അനന്തമായ ആകാശത്തിലെവിടെയോയിരുന്ന് ആ സാങ്കൽപ്പികകഥാപാത്രത്തെപ്പോലെത്തന്നെ സ്പേസ് ഓഡിറ്റി എന്ന ഗാനം അവതരിപ്പിക്കുന്ന ക്രിസ് ഒരത്ഭുതകാഴ്ചയായിരുന്നു. ഒരു ഗാനത്തിലൂടെ മാത്രമുള്ള പരിചയം അയാൾ എഴുതിയ പുസ്തകം വായിക്കാൻ മാത്രം മതിയായ കാരണമാണോ എന്ന് ചോദിച്ചാൽ, ഇതിലും വിചിത്രമായ ചോദനകളാൽ വാങ്ങിയതും വായിച്ചതുമായ പുസ്തകങ്ങൾ മാത്രമാണ് എനിക്ക് പറയാനുള്ള ഉത്തരം. പക്ഷേ, ശാസ്ത്രകാര്യങ്ങളിൽ കൗതുകമുള്ള, ജീവിതത്തിൽ കൃത്യമായ ലക്ഷ്യബോധം വേണമെന്നുള്ള, അല്ലെങ്കിൽ ചിട്ടയോടെ മുന്നേറാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ആസ്വാദ്യകരമാകും എന്നാണു തോന്നിയത്. ബഹിരാകാശയാത്രകൾ ഭൂരിഭാഗം ജനതയ്ക്കും സ്വപ്നം മാത്രമാണ് എന്നിരിക്കെ ബാല്യം മുതൽ അതിനായി പരിശ്രമിച്ച ഒരു സ്ഥിരോൽസാഹിയെ ഇവിടെ കാണാം. ജീവിത വിജയത്തിനുള്ള കുറുക്കുവഴികൾ എന്ന പേരിൽപുറത്തുവരുന്ന സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ ആവും ഈ വാചകങ്ങൾ വായിക്കുമ്പോൾ നിങ്ങൾ ഓർമിക്കുക. എന്നാൽ അതിനു കടകവിരുദ്ധമാണ് യഥാർത്ഥത്തിൽ അയാൾ എഴുതുന്ന വാചകങ്ങൾ. തീർത്തും മൗലികമായ ഒരു ഉൾക്കാഴ്ച നൽകാൻ ക്രിസിന് കഴിയുന്നുണ്ട്. ലളിതമായ ഭാഷയിൽ അതീവസരസമായി അയാൾ പ്രപഞ്ച രഹസ്യങ്ങളും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലെ തമാശകളും പങ്കുവയ്ക്കുന്നു. ബഹിരാകാശ യാത്രയ്ക്കായി സ്പേസ്ഷിപ്പിലേക്ക് പോകുന്നതിനു മുമ്പ് അവിടേക്ക് എത്തിക്കുന്ന ബസിന്റെ പിൻടയറിൽ മൂത്രമൊഴിക്കുക എന്ന വിചിത്ര ആചാരത്തെക്കുറിച്ച് അയാൾ എഴുതുമ്പോൾ നമ്മൾ ഊറിച്ചിരിച്ചുപോകും. പക്ഷേ, ബഹിരാകാശ യാത്രാപ്രക്രിയയുടെ സങ്കീർണമായ നടപടിക്രമങ്ങളും അതിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വ്യക്തിപരിണാമങ്ങളും വളരെ ആധികാരികമായി ക്രിസ് വിവരിക്കുന്നുണ്ട്. I missed my children, but no more than I do on the ground, where I don’t see enough of them either. And I missed Helene, though we actually spoke quite a bit more than we normally do when I’m on the road. But I wasn’t lonely. Loneliness, I think, has very little to do with location. It’s a state of mind. In the center of every big, bustling city are some of the loneliest people in the world. I’ve never felt that way in space. If anything, because our whole planet was on display just outside the window, I felt even more aware of and connected to the seven billion other people who call it home. എന്നാണ് അയാൾ എഴുതുന്നത്.

 

∙പുനർവായന

 

രണ്ടാമത്തെ പുസ്തകമായി ഇവിടെ പറയുന്നത് സ്റ്റീഫൻ കിങ് എഴുതിയ 'എലിവേഷൻ' എന്ന നോവല്ലയാണ്. 2018ൽ പുറത്തിറങ്ങിയ ആ പുസ്തകം കഴിഞ്ഞവർഷങ്ങളിൽ ഞാൻ ഏറ്റവുമധികം തവണ പുനർവായനയ്ക്ക് എടുത്ത പുസ്തകമാണ്. ഇതൊരിക്കലും മഹത്തായ ഒരു കൃതിയെന്നോ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയെന്നോ ഉള്ള അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, ഈ കഴിഞ്ഞ വർഷങ്ങളിലത്രയും ഒട്ടേറെ സുഹൃത്തുക്കളോട് സംസാരിച്ചിട്ടുള്ളത് ഈ പുസ്തകത്തെക്കുറിച്ചാണ്. പലവിധ പ്രശ്നങ്ങളിൽ ഉഴലുമ്പോൾ ഞാൻ ഇടക്കിടെ ഈ പുസ്തകത്തിലേക്ക് മടങ്ങിപ്പോകാറുണ്ട്. സ്റ്റീഫൻ കിങ്ങിന്റെ സ്ഥിരം പട്ടണമായ കാസിൽ റോക്കിലാണ് ഈ കഥയും നടക്കുന്നത്. സ്കോട്ട് കാരി എന്ന എൻജിനീയറും അയാളുടെ ഒരുപറ്റം സുഹൃത്തുക്കളുമാണ് ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ. ചില സംഭവങ്ങൾ ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാടിനെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നതാണ് ഇതിന്റെ കഥാതന്തു. വളരെയധികം അസ്വസ്ഥതകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അപ്പോഴെല്ലാം വളരെ സമാധാനം അനുഭവിപ്പിക്കുന്ന ഒന്നായിരുന്നു എലിവേഷന്റെ വായന. ജീവിതത്തെ സ്നേഹപൂർവ്വം സ്പർശിക്കാനാവുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും പരമമായ കർത്തവ്യം എന്ന് ആവർത്തിച്ചുറപ്പിക്കാൻ ഈ ചെറുപുസ്തകം സഹായിച്ചിരുന്നു. ഇപ്പോൾ ഈ എഴുത്തിലും അതിന്റെ കഥാസാരത്തെക്കുറിച്ച് അതിലെ സംഭവങ്ങളെക്കുറിച്ച് വിശദമാക്കാത്തത് ഈ കുറിപ്പ് വായിക്കുന്നതിലൂടെ ആരെങ്കിലും എലിവേഷൻ എന്ന പുസ്തകം വായിക്കാൻ എടുക്കുന്നെങ്കിൽ അവരുടെ ആസ്വാദനത്തിന് ഭംഗം വരരുത് എന്ന നിർബന്ധത്താലാണ്. സ്റ്റീഫൻകിങ്ങിന്റെ മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് കാസിൽ റോക്ക് എന്ന ഭൂമികയിൽ സംഭവിക്കുന്ന പുസ്തകങ്ങൾ കുറെ കൂടി ഹൃദയത്തെ തൊട്ടറിഞ്ഞവയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ലോകത്തിലേക്ക് നമ്മൾ ആഴ്ന്നിറങ്ങികഴിയുമ്പോൾ കിട്ടുന്ന ഒരു സമാധാനമുണ്ട്. അത് ഈ പുസ്തകത്തിൽ നമുക്ക് കൃത്യമായി അനുഭവിച്ചറിയാൻ കഴിയും.

 

(സിവിക് ജോണിന്റെ പുസ്തകങ്ങൾ: അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ, ഛായ, ഷാങ്ഹായ്)

 

Content Summary: Civic John on the books that influenced his reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com