ADVERTISEMENT

കഥാകൃത്ത് കെ.എസ്. രതീഷിന്റെ പുസ്തകപ്രകാശനങ്ങൾ ശക്തമായ രാഷ്ട്രീയമാണു പറയുന്നത്. എഴുത്തുസമൂഹത്തോടും വായനക്കാരോടും ചിലതു സൂചിപ്പിക്കാൻ കൂടിയാണ് അദ്ദേഹം പുസ്തകപ്രകാശനച്ചടങ്ങുകൾ ഉപയോഗിക്കുന്നത്. ചിലപ്പോഴതൊരു കലഹവും എതിർപ്പും കൂടിയാണ്. സാമ്പ്രദായിക പ്രകാശനരീതികളോടു തനിക്കൊരു എതിർപ്പുമില്ലെന്നു പറയുമ്പോൾ തന്നെ തന്റെ രീതി വ്യത്യസ്തമാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു അധ്യാപകൻ കൂടിയായ ഈ കഥാകൃത്ത്. രതീഷിന്റെ എട്ടാമത്തെ കഥാസമാഹാരം ‘തന്തക്കിണർ’ പ്രകാശനം ചെയ്തതു നാട്ടിലെ കിണർ മേസ്തിരിയായ മോഹനണ്ണനാണ്. രതീഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു ബീഡിനേരത്തിൽ കിണറുകളുടെ കാമുകനായ മോഹനണ്ണൻ ആ പ്രകാശനമങ്ങ് നിർവഹിച്ചു’.

thanthakinar-book
‘തന്തക്കിണർ’ എന്ന പുസ്തകത്തിന്റെ പുറംചട്ട

 

‘തന്തക്കിണർ’ എന്ന കഥ കൂടി ഉൾപ്പെടുന്ന പുസ്തകത്തിന് ഏറ്റവും യോജിച്ചയാളാണു പ്രകാശനം ചെയ്ത മോഹനണ്ണനെന്നും പറയാം. കാരണം, കിണറും കിണർ നിർമാണവുമൊക്കെയായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചില നേരങ്ങളിൽ ഒരാളുടെ കുടുംബജീവിതത്തിലും മാനസികവ്യാപാരങ്ങളിലും സൃഷ്ടിക്കുന്ന ആഘാതങ്ങളാണ് ആ കഥയിലൂടെ രതീഷ് മനോഹരമായി പറഞ്ഞത്.

ks-ratheesh
കെ.എസ്. രതീഷ്

രതീഷിന്റെ നാടായ പന്തയിലെ പ്രധാന കിണർ മേസ്തിരിയാണു മോഹനണ്ണൻ. മുൻപു പണിതു നിർത്തിയ ഒരു കിണറിനുള്ളിലെ പാറ പൊട്ടിച്ചു മാറ്റി കുറച്ചുകൂടി വെള്ളം കാണാനുള്ള ജോലിക്കിടയിലാണു പുസ്തകവുമായി രതീഷ് ചെല്ലുന്നത്. എടാ, ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമുണ്ടോയെന്നായിരുന്നു മോഹനണ്ണന്റെ ചോദ്യം.

ks-ratheesh-book-release-in-jail
ജയിൽ ലൈബ്രറിയിൽ വെച്ച് പ്രകാശനം ചെയ്ത ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന പുസ്തകം

 

ks-ratheesh-book-release-in-jail-1
രതീഷിന്റെ പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിലേയ്ക്ക് നൽകിയപ്പോൾ

ഇതാണു തന്റെ പുസ്തകപ്രകാശനമെന്നു പറഞ്ഞപ്പോൾ രണ്ടു ബീഡിപ്പുകയുടെ ഇടവേളയിൽ മോഹനണ്ണൻ ആ പ്രകാശനമങ്ങു നടത്തി, തന്റെ കരസ്പർശത്തിൽ വിരിഞ്ഞ കിണറിനെ സാക്ഷിയാക്കി. ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ ചിലയനുഭവങ്ങളാണു പിന്നീടു രതീഷിനെ വേറിട്ട വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. തിരുവനന്തപുരം നെയ്യാർഡാം ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്റ്റി മലയാളം സീനിയർ അധ്യാപകനാണു രതീഷ്. എസ്പിസിഎസ് പുറത്തിറക്കിയ തന്തക്കിണർ എന്ന കഥാസമാഹാരത്തിൽ സായകം, എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കുറുമൂരിലെ മിച്ചഭൂമികൾ, തന്തക്കിണർ, നിർഭാഗ്യക്കുറികൾ, പെൺപടം അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ, ബ്രണ്ടൻ മക്കൾസ്, ഭയമ്പുരാണം, പട്ടിപ്പങ്ക്, ഒറ്റാൾത്തെയ്യം എന്നീ 10 കഥകളാണുള്ളത്. 

ks-ratheesh-book-release
പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.എസ്. രതീഷിന്റെ ഭാര്യ നിർവഹിക്കുന്നു

 

ks-ratheesh-book-release-2
രതീഷിന്റെ വ്യത്യസ്തങ്ങളായ പുസ്തകപ്രകാശനങ്ങൾ.

രതീഷിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിറ്റ്ലറും തോറ്റ കുട്ടിയും ഇന്നു രാവിലെ പ്രകാശനം ചെയ്തത് തുറന്ന ജയിലിൽ. തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ വായന ഇഷ്ടമുള്ള ഒരു തടവുകാരൻ ആണ് ഹിറ്റ്ലറും തോറ്റ കുട്ടിയും ജയിൽ ലൈബ്രറിയിൽ വച്ച് പ്രകാശനം ചെയ്തത്. രതീഷിൻ്റെ എല്ലാ പുസ്തകങ്ങളും ആ മനുഷ്യന് സമ്മാനിക്കുകയും ചെയ്തു.

ks-ratheesh-book-release-1
രതീഷിന്റെ വ്യത്യസ്തങ്ങളായ പുസ്തകപ്രകാശനങ്ങൾ.

 

ks-ratheesh-book-release-3
രതീഷിന്റെ വ്യത്യസ്തങ്ങളായ പുസ്തകപ്രകാശനങ്ങൾ.

വ്യത്യസ്ത പ്രകാശനങ്ങൾക്ക് പിന്നിൽ?

 

സാഹിത്യത്തിലെ പല പ്രശസ്തരും എനിക്കു കൂട്ടല്ല, ചിലർക്കൊക്കെ എന്നെ കാണുന്നതു തന്നെ എന്തോ പോലാണ്. എനിക്ക് അവരെയും ഇഷ്ടമല്ല. വലിയ ഹാളെടുക്കാനും ഫ്ലെക്‌സും നോട്ടിസും അടിക്കാനും എന്റെയടുത്തു പൈസയും ഇല്ല. പിന്നെ എന്റെ കഥയിൽ എനിക്ക് നല്ല വിശ്വാസമുണ്ടല്ലോ. 

 

കഴിഞ്ഞ എന്റെ എല്ലാ പുസ്തകങ്ങളും പ്രകാശനം ഇങ്ങനെ തന്നെയാണു ചെയ്തത്. പാറ്റേൺലോക്ക് (ആദിവാസി മൂപ്പൻ ചീരൻ, നിലമ്പൂർ), ഞാവൽ ത്വലാഖ് (അഗതി മന്ദിരത്തിലെ ഒരു അമ്മ, നിലമ്പൂർ), ബർശല് (ഒരു മത്സ്യത്തൊഴിലാളി, ആലപ്പുഴ), കബ്രാളും കാശിനെട്ടും (ഒരു കശുവണ്ടി തൊഴിലാളി സ്ത്രീ, കൊല്ലം), കേരളോൽപത്തി (അമ്മ), പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം (ഭാര്യ), തന്തക്കിണർ (നമ്മുടെ മോഹനയണ്ണൻ). 

 

പൊള്ളയായ പ്രഭാഷണങ്ങൾ, അനാവശ്യ ചെലവുകൾ, നാട്യങ്ങൾ തുടങ്ങിയവയിൽ ഒന്നും എനിക്കു താൽപര്യമില്ല. സാധാരണ മനുഷ്യരിലേക്ക് സാഹിത്യം ചെന്നു നിൽക്കണം. ലൈംഗിക തൊഴിലാളി ഒരു പുസ്തകം പ്രകാശനം ചെയ്യുന്നതാണ് എന്റെ സ്വപ്നം. നമ്മുടെ സമൂഹം അതിനുള്ള മാനസിക വളർച്ച എന്നു നേടും?

 

Content Summary: Book release, Thanthakinar by KS Ratheesh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com