ADVERTISEMENT

ആരാണ് എഴുത്തുകാർ? ആർക്കൊക്കെ എഴുതാം? ആർക്കൊക്കെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം? സോഷ്യൽ മീഡിയയിൽ എഴുതുന്നവരെല്ലാം ശരിക്കുള്ള എഴുത്തുകാരല്ലേ? സ്വന്തമായി പൈസ മുടക്കി പുസ്തകം പ്രസിദ്ധീകരിക്കുന്നതെല്ലാം മഹാ മോശം കാര്യമാണോ? പുതിയ തലമുറ എഴുതുന്നതൊന്നും വായിക്കപ്പെടുന്നില്ലേ? ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലരുടേതായി സാഹിത്യ മേഖലയിൽ പുറത്തു വന്നു കഴിഞ്ഞ ചില സംശയങ്ങളാണ് മുകളിൽ ഉന്നയിച്ചിരിക്കുന്നത്. എല്ലാവർക്കും എല്ലാവരുടേതുമായ അഭിപ്രായം പറയാമെങ്കിലും ചെറുപ്പക്കാർ മുൻപ് എന്നത്തേക്കാളും എഴുതുകയും പുസ്തകങ്ങൾ നിർലോഭം പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇതെന്ന് നിസ്സംശയം പറയാൻ കഴിയും. സമൂഹമാധ്യമങ്ങളാകട്ടെ യുവതയുടെ ആത്മപ്രകാശനത്തിൻ്റെ വലിയൊരു വേദിയായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. അവസരങ്ങളിൽ കൊണ്ടുവന്ന സമത്വത്തിലും ജനാധിപത്യത്തിലും മാത്രമല്ല, ശക്തവും വ്യക്തവുമായ എഴുത്തുകളുടെ സൃഷ്ടിയിലൂടെയും ആ മേഖല വേറിട്ടു നിൽക്കുന്നു. സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും ഓരോ അധ്യായങ്ങളായി പോസ്റ്റ് ചെയ്ത ഒന്നാണ് ആർ.രാജശ്രീയുടെ പിന്നീട് നോവലായിത്തീരുകയും ഈ വർഷം കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത കൃതി കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്നതും മറന്നു കൂടാത്തതാണ്. വിവിധ മേഖലകളിലുള്ള, അതിൽ വൈദ്യവും ഐടിയും ഡ്രൈവിങ്ങും കൽപ്പണിയും പെയിൻ്റിങ്ങും നഴ്സിങ്ങും അധ്യാപനവും ലിഫ്റ്റ് ഓപ്പറേഷനും കോഡിങ്ങും ഒക്കെ ഉൾപ്പെടും, ഉത്സാഹശാലികളായ ഒരുപറ്റം ചെറുപ്പക്കാർ ആത്മാഭിമാനത്തോടെയും ഇച്ഛാശക്തിയോടെയും എഴുത്തിൻ്റെ പൂമുഖത്തേക്കു വന്ന് കസേരയിൽ കാലും കയറ്റി വച്ചിരിക്കുന്ന കാഴ്ച എത്ര മനോഹരമാണ്, ജനായത്ത പരമാണ്. ആരെയാണത് അസ്വസ്ഥപ്പെടുത്തുന്നത്? പൈസ കൊടുത്ത് 'നീലച്ചടയൻ' എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുകയും അത് ഇപ്പോൾ ഏഴാം പതിപ്പിൽ എത്തി നിൽക്കുകയും പിന്നീട് സിംഹത്തിൻ്റെ കഥ എന്ന, പല എഡിഷനുകളായ നോവൽ പുറത്തിറക്കുകയും ചെയ്ത അഖിൽ കെ. സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു:

book-01
അവരുടെ മുന്നിലേക്ക് നമ്മുടെ പുസ്തകം എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ

' കയ്യിലെ പണം മുടക്കി 150 കോപ്പി അടിച്ചിറക്കുന്നവരും പ്രിന്റ് ഓൺ ഡിമാൻഡിൽ പുസ്തകങ്ങൾ ഇറക്കുന്നവരും മണിപ്പാൽ പ്രസ്സിൽ പുസ്തകങ്ങൾ അടിക്കുന്നവരും ആണ് മലയാള സാഹിത്യത്തിന്റെ ശാപം എന്നുള്ള കമന്റുകൾ ഇപ്പോൾ എഫ്ബിയിൽ വ്യാപകമായി കാണുന്നുണ്ട്. എംടി സാറിന്റെയും ബഹുമാനപ്പെട്ട പ്രിയ എ. എസിൻ്റെയും ഒക്കെ അഭിപ്രായങ്ങളുടെ ചുവട് പിടിച്ചുള്ള ചർച്ചകളിൽ മൂന്നിൽ രണ്ട് എന്ന കണക്കിന് ഈ അഭിപ്രായം കാണാം. എഫ്ബിയിലെ അഭിപ്രായങ്ങളും മറ്റും കണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുടക്കി, അതിലും വിലയുള്ള സമയം ചെലവഴിച്ച് വാങ്ങി വായിക്കുന്ന പുസ്തകങ്ങൾ നിലവാരം ഇല്ലാത്തതാണെങ്കിൽ ആ അഭിപ്രായം വായനക്കാർ എവിടെയും പറയും. അത് സ്വാഭാവികമാണ്. അത് പറയേണ്ടതും ആണ്.

പക്ഷേ, പുസ്തകം പുറത്തിറക്കാൻ ആഗ്രഹിച്ചും സ്വപ്നം കണ്ടും അതിനായി  പബ്ലിഷർ ചോദിക്കുന്ന പണം ശേഖരിച്ചു കൊണ്ടും പതുക്കെ ആ സ്വപ്നത്തിലേക്ക് നടക്കുന്ന പലരുടെയും ആത്മവിശ്വാസത്തിന് മുകളിൽ ഇത്തരം അഭിപ്രായങ്ങൾ കനത്ത പ്രഹരമാണ് ഏൽപ്പിക്കുക. അവരുടെ പദ്ധതികൾ എല്ലാം തകർന്ന് ഛിന്നഭിന്നമാകാൻ കയ്യിൽ നിന്നും പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങൾ ചവറാണ് എന്ന അഭിപ്രായം ധാരാളം മതി. പൊതുവെ ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ലെങ്കിലും ഇതിന്റെ പശ്ചാത്തലത്തിൽ എന്റെ അനുഭവം മാത്രം പറയാം.

neelachadayan
നീലച്ചടയൻ

പലർക്കും അറിയാമായിരിക്കും, നീലച്ചടയൻ എന്റെ കയ്യിൽ നിന്ന് പണം മുടക്കി പുറത്തിറക്കിയ പുസ്തകമാണ്. കയ്യിൽ പണം ഉള്ള ആർക്കു വേണമെങ്കിലും പുസ്തകം എഴുതാം എന്നൊരു സാഹചര്യം ഉണ്ടായത് കൊണ്ട് മാത്രമാണ് അത് അന്ന് പുറത്ത് വന്നത്. അന്ന് 19,000 രൂപയായിരുന്നു അതിന്റെ ചെലവ് (കവർ കൂടാതെ). ഈ രണ്ടര വർഷത്തിനുള്ളിൽ ഏതാണ്ട് രണ്ട് ലക്ഷം രൂപ ആ പുസ്തകത്തിൽ നിന്നു റോയൽറ്റി ആയി എനിക്ക് ലഭിച്ചിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയ തുകയാണ് (വലിയ എഴുത്തുകാർ ഇന്റർവ്യൂ നൽകുമ്പോൾ എഴുത്തിൽ നിന്ന് വരുമാനമില്ല എന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ല). ഏത് അളവുകോലിൽ പിടിച്ച് അളന്നാലും പണം മുടക്കിയ ആളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ലാഭമാണ്. എന്നാൽ ധാരാളം വിറ്റഴിയുന്നു എന്നതുകൊണ്ട് പുസ്തകം മികച്ചതാണ് എന്നൊരു ധാരണയും എനിക്കില്ല. മികച്ചതെല്ലാം ധാരാളമായി വിറ്റഴിയുമെങ്കിൽ അരുൺ ആർഷയുടെ ദാമിയന്റെ അതിഥികൾ ഒക്കെ ഇവിടെ ബെസ്റ്റ് സെല്ലർ ആയിരുന്നേനെ (ആ വിഭാഗത്തിൽ). എന്നെ സംബന്ധിച്ച് ഇത് ലാഭമായിരുന്നു എന്ന് മാത്രമാണ് പറഞ്ഞത്. രണ്ടാമത്തെ വിഷയം നിലവാരത്തിന്റെ ആണ്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (യുവ പുരസ്കാർ), കേരള സാഹിത്യ അക്കാദമി അവാർഡ് (ഗീതാഹിരണ്യൻ) എന്നിവയുടെ ചുരുക്കപ്പട്ടികയിൽ  കയ്യിൽ നിന്ന് പണം മുടക്കി 300 കോപ്പിയോളം അടിച്ച് അതിൽ 55 കോപ്പി ഞാൻ തന്നെ വാങ്ങിക്കേണ്ടി വന്ന ഈ പുസ്തകം ഉൾപ്പെട്ടിട്ടുണ്ട്. ഇത് ക്വാളിറ്റിയെ നിർണ്ണയിക്കുന്ന ഒരു ഘടകം ആണോ എന്ന് ചോദിച്ചാൽ എന്റെ വ്യക്തിപരമായ അനുഭവത്തിലും അഭിപ്രായത്തിലും അല്ല എന്ന് മാത്രമേ പറയാനാകൂ. എങ്കിലും എവിടെയും അവസരങ്ങൾ ലഭിക്കാത്ത ഒരു ഭാഗ്യാന്വേഷിയായ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണ്. നീലച്ചടയൻ അതിന്റെ ഏഴാം പതിപ്പിൽ ഇന്നും മാർക്കറ്റിൽ ഉണ്ട്. അതേ കാലത്ത് സ്വന്തം പണം മുടക്കി തന്നെ പുറത്തിറക്കിയ വേറെയും ചില ടൈറ്റിലുകൾ ഇന്നും ധാരാളമായി വിറ്റഴിയുന്നുണ്ട് (അവരുടെ സ്വകാര്യതയെ മുൻ നിർത്തി അതിന്റെ പേരുകൾ പറയാതിരിക്കാൻ എല്ലാ നിലയിലും ഞാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അതിന്റെ പേരുകൾ പറയാത്തത്). എന്നാൽ അതേകാലത്ത് പ്രസാധകർ പരമ്പാരഗത രീതിയിൽ തിരഞ്ഞെടുത്ത് സ്വന്തം പണം മുടക്കി, കൊട്ടിഘോഷിച്ച് ഇറക്കിയ പല പുസ്തകങ്ങളും ഇന്ന് വിൽപ്പനയിലോ വായനയിലോ ഇല്ല. പ്രസാധകർ തിരഞ്ഞെടുക്കുന്നത് മുന്തിയത്, സ്വയം പണം മുടക്കി ഇറക്കുന്നത് 'ചവർ' എന്നൊരു പട്ടിക തിരിക്കുന്നതിൽ അർത്ഥം ഉണ്ടെന്ന് തോന്നുന്നില്ല. വലിയ വായന ഉള്ളവരാണു പുസ്തകങ്ങൾ എഴുതേണ്ടത് എന്നൊരു പൊതുബോധവും സാധാരണ നിലയിൽ സമൂഹത്തിൽ പ്രവർത്തിച്ചു കാണാറുണ്ട്. എനിക്ക് വലിയ വായന ഇല്ലെന്ന് ഒരാഴ്ച മുൻപ് പോലും ഏതോ ഒരാൾ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം ബാലിശമായ അഭിപ്രായങ്ങൾ മറുപടി അർഹിക്കുന്നില്ലെങ്കിലും വായന ഇല്ലെങ്കിൽ അത് ഇല്ല എന്ന് പറയാൻ ആരേയും ഭയക്കേണ്ടതില്ല. വായിക്കുന്നവർ മാത്രമാണ് എഴുതുവാൻ  യോഗ്യരായവർ, പ്രസാധകർ തിരഞ്ഞെടുക്കുന്നവർ മാത്രമാണ് മികച്ച എഴുത്തുകാർ എന്നൊക്കെയുള്ള ധാരണകൾക്ക് കാലാകാലങ്ങളിൽ വെള്ളവും വളവും കൊടുത്ത് തന്നെയാണ് എഴുത്ത് എല്ലാ കാലത്തും ചിലരുടെ കുത്തകയാക്കി നിലനിർത്താൻ തൽപ്പരകക്ഷികൾ ശ്രമിച്ചു കൊണ്ടിരുന്നത്.

neelachadayan-book
നീലച്ചടയൻ അതിന്റെ ഏഴാം പതിപ്പിൽ ഇന്നും മാർക്കറ്റിൽ ഉണ്ട്

മലയാളത്തിലെ ഏറ്റവും വലിയ പബ്ലിഷറുടെ താക്കോൽ സ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ കൂടെ മറ്റെന്തോ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മാസം ഏതാണ്ട് അഞ്ഞൂറിന് മുകളിൽ പുസ്തകങ്ങൾ (അതിന്റെ മാനു സ്ക്രിപ്റ്റ്)  അവരുടെ സ്ഥാപനത്തിൽ അയച്ചു കിട്ടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പോസ്റ്റ് എഴുതുന്നതിന് മുൻപ് വെറുതേ ഒന്ന് പരിശോധിച്ചപ്പോൾ ഇന്നലെ ഒരു ദിവസം മാത്രം പുതിയ അഞ്ച് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. പ്രമുഖർ ഒന്നോ രണ്ടോ പുസ്തകങ്ങൾ ഒരുവർഷം എഴുതുന്നുണ്ട്. ക്യുവിൽ ഉള്ള മറ്റു പുസ്തകങ്ങൾ ബ്ലോക്ക് ചെയ്താണ് ഇവരുടെ പുസ്തകങ്ങൾ പ്രസാധകർ എഴുതി ചൂടാറും മുൻപ് വിൽപ്പനയക്ക് എത്തിക്കുന്നത്. ഇതിന് അപൂർവ്വം അപവാദങ്ങൾ ഉണ്ടെങ്കിൽ പോലും മലയാളത്തിലെ പേരെടുത്ത മിക്കവാറും പ്രസാധകരുടെ ഗേറ്റുകൾ എല്ലാം പുതിയ എഴുത്തുകാർക്ക് മുന്നിൽ അടഞ്ഞ് കിടക്കുകയാണ്. മുൻപ് ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാൽ അടുത്ത പുസ്തകം പ്രസാധകർ സ്വീകരിക്കും എന്നത് പരസ്യമായ ഒരു രഹസ്യമാണ്, അതാണ് സാധാരണ അനുഭവം. പക്ഷേ, ആദ്യ പുസ്തകം നമ്മൾ എങ്ങനെയാണ് പുറത്തിറക്കുക?

simhathinte-kadha
സിംഹത്തിന്റെ കഥ

ഒരു ഗേറ്റ് പല തവണ ചെന്നാലും അടഞ്ഞ് കിടക്കുകയാണെങ്കിൽ അത് തള്ളിയിട്ടും തുറക്കുന്നില്ലെങ്കിൽ അകത്ത് കടക്കണമെന്ന് നിർബന്ധം ഉള്ളവരുടെ അടുത്ത പരിപാടി മതില് ചാടി കടക്കുക എന്നതാണ്. ഞാൻ അങ്ങനെ മതില് ചാടി കടന്നപ്പോൾ ആ ഗേറ്റ് എനിക്ക് പിൽക്കാലത്ത് ഉള്ളിൽ നിന്ന് തുറക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ മതിലിന് ഏറ്റവും ഉയരം കുറഞ്ഞ ഭാഗം 'പണം നൽകി, പേജ് എണ്ണി പുസ്തകം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു'. അപ്പുറം കടന്നുചെന്നാൽ നമ്മുടെ പേരിനു നേരെ പിന്നീട് മായാത്ത മുദ്രയടിക്കുന്നത്  വായനക്കാരാണ്. ആ മുദ്ര നന്നായിരിക്കാൻ നമ്മൾ പണി വേറെ എടുക്കണം, അത് മറ്റൊരു വിഷയം. അവരുടെ മുന്നിലേക്ക് നമ്മുടെ പുസ്തകം എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഇതിൽ നടക്കുന്ന ചർച്ചകളെ ഞാൻ എതിർക്കുകയോ അനുകൂലിക്കകയോ ചെയ്യുന്നില്ല. അങ്ങനെ ചെയ്യണമെങ്കിൽ നമുക്ക് ധാരാളം അറിവും ആത്മവിശ്വാസവും ആവശ്യം ആണ്.  ആദ്യത്തെ സിനിമ, ആദ്യത്തെ പുസ്തകം ഒക്കെ ചെയ്യുക ഈ കാലത്ത് ഒരു ബുദ്ധിമുട്ടേ അല്ല. ആരെങ്കിലും ഒക്കെ വന്ന് നിങ്ങൾക്ക് തല വയ്ക്കും. പക്ഷേ, ചെയ്ത് കഴിഞ്ഞാൽ അത് പിന്നീട് നിങ്ങളുടെ പേരിന്റെ ഭാഗമാണ്. അനേകം അവസരങ്ങൾ നിങ്ങൾക്ക് നഷ്ടമാകാൻ ഈ ഒരു വർക്ക് മതി. അതുകാരണം ആദ്യത്തെ വർക്ക് വളരെ ശ്രദ്ധിച്ച് ചെയ്യുക. ഇതു സംവിധായകൻ ലാൽ പറഞ്ഞതാണ്. എല്ലാവരും എഴുത്തുകാരാകുന്ന, എല്ലാവരും പാട്ടുപാടുന്ന ഒരു കാലത്തെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഒരിക്കൽ ജാസി ഗിഫ്റ്റ് ചോദിച്ചിട്ടുണ്ട്. സ്വന്തമായി പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങൾ രണ്ടാം തരം അല്ല, ക്വാളിറ്റി ഇല്ലാത്ത പുസ്തകങ്ങൾ ആണു രണ്ടാം തരം പുസ്തകങ്ങൾ. കൂടുതൽ പേർ എഴുത്തിലേക്ക് വരട്ടെ എന്നാണ് വ്യക്തിപരമായി ഏറ്റവും വലിയ ആഗ്രഹം. വായനക്കാരെ ഇതു ദോഷകരമായി ബാധിക്കുമോ എന്ന് അറിയില്ല. പക്ഷേ, ഒരു എഴുത്തുകാരൻ\ എഴുത്തുകാരി എന്ന നിലയിൽ കനത്ത മൽസരം ഉണ്ടാകുന്നത് വ്യക്തിപരമായി നമുക്ക് ഗുണം ചെയ്യും. ഞാൻ പറയുന്നതിനെല്ലാം ഈ പുസ്തകം കടന്നുവന്ന വഴികൾ വാചാലമായി സാക്ഷ്യം വഹിക്കുന്നത് കൊണ്ടാണ് പുസ്തകത്തിന്റെ പേര് ഈ എഴുത്തിൽ പല തവണ ഉപയോഗിക്കേണ്ടി വന്നത്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ വരിക, ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് കടന്നു വരാൻ ആരും നമുക്ക് ക്ഷണക്കത്ത് അയക്കേണ്ടതില്ല! ' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com