ADVERTISEMENT

എല്ലാ വർഷവും ഓണം വരുന്നുവെങ്കിലും എന്റെ ഓണം ബാല്യകാലത്തെ ഏതോ സ്മൃതികളിൽ തളഞ്ഞു കിടക്കുന്നു. ഞങ്ങൾ, നിങ്ങൾ എന്നില്ലാതിരുന്ന ആ കാലത്ത് ഓണം ഏറ്റവും നിഷ്കളങ്കമായിരുന്നു. പൂക്കളമോ ഓണക്കോടിയോ ഓണസദ്യയോ ഒന്നുമില്ലാതിരുന്നെങ്കിലും ഓണമുണ്ടായിരുന്നു. അയൽവീടുകളിൽ നിന്നെല്ലാം ഓണവിഭവങ്ങൾ എത്തും; സാമ്പാറും അച്ചാറുകളും എരിശ്ശേരി, പുളിശ്ശേരി, അവിയൽ, പപ്പടം എല്ലാമായി. പെരുന്നാളിനു പത്തിരിയും ഇറച്ചിയുമായി ആ അയൽവീടുകളെയും ഉത്സവഭരിതമാക്കുക എന്റെ ഉമ്മയുടെ ഉത്തരവാദിത്തമായി. നല്ല ഒരു കാലമായിരുന്നു അത്.

മൂന്നുനാലു ലളിതഗാനങ്ങൾ ഓണവുമായി ബന്ധപ്പെട്ട് ആകാശവാണിക്ക് എഴുതിയതായി ഓർക്കുന്നു. അതുപോലെ സിനിമകളിൽ ഓണം, വിഷു തുടങ്ങിയ സീസണുമായി ബന്ധപ്പെട്ട പാട്ടുകൾ പണ്ടുണ്ടാകുമായിരുന്നു. ഇപ്പോൾ അങ്ങനത്തെ പാട്ടുകൾ ഇല്ല. ‘ബോംബെ മാർച്ച് 12’ എന്ന സിനിമയിൽ ഞാനെഴുതിയൊരു പാട്ടുണ്ട്: ‘ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം...’ പഴയ കാലത്ത് ഋതുക്കളെല്ലാം യഥാസമയം കടന്നുവന്നിരുന്ന കാലത്ത് മഴക്കാലത്തിന്റെ വലിയൊരു തിമർപ്പു കഴിഞ്ഞിട്ട് ഓണക്കാലമാവുമ്പോഴേക്കുണ്ടാകുന്ന ഒരു പുതിയ വെളിച്ചവും പുതിയ വെയിലുമൊക്കെ നല്ല ഭംഗിയാണ്. പുതിയ പൂക്കളുണ്ടാകുന്നു. ഓണവെയിലിനും ഓണനിലാവിനുമൊക്കെ പ്രത്യേക ഭംഗിയുണ്ട്. അവ പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ തരുന്നു. പഴയ കാലത്ത് ഓണത്തിനോ വിവാഹങ്ങൾക്കോ മാത്രമേ ഇത്രയധികം വിഭവങ്ങളോടെയുള്ള സദ്യ കിട്ടിയിരുന്നുള്ളൂ. ഇന്ന് എല്ലാകാലത്തും സദ്യ കിട്ടാൻ ഒരു പ്രയാസവുമില്ല.

മലയാളിക്കുണ്ടാവുന്ന ഒരുമയുടെയും സ്വത്വബോധത്തിന്റെയും സന്ദേശം, ഓണത്തിനു പിന്നിലെ കഥ മുന്നോട്ടുവയ്ക്കുന്ന സമത്വസങ്കൽപം, എല്ലാ മനുഷ്യരും ഒന്നായിരുന്ന തെറ്റും ചതിയുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സങ്കൽപം, ഇതൊക്കെ വളരെ വ്യത്യസ്തവും മറ്റു ഉത്സവങ്ങളിലൊന്നും നമുക്കു കാണാനാവാത്തതുമായ ചില കാര്യങ്ങളാണ്. രസകരമായ ഒരു ഐതിഹ്യം ഓണത്തിനകത്തുണ്ട്. ധർമിഷ്ഠനായൊരു രാജാവും സമത്വസുന്ദരമായ ഒരു ലോകവും ഓണത്തിലടങ്ങുന്നു. മലയാളിയെ മലയാളിയാക്കി നിലനിർത്തുന്നതു രണ്ടു കാര്യങ്ങളാണ് - മലയാള ഭാഷയും ഓണവും.

 

തയാറാക്കിയത്: ഡോ. എം.പി.പവിത്ര 

 

Content Summary: Ormapookkalam, Onam Memoir written by Rafeeq Ahammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com