ADVERTISEMENT

ഇന്ത്യയെ നിർണായക മത്സരത്തിൽ തോൽപിച്ച്, പാക്കിസ്ഥാനെ ഒരു ടൂർണമെന്റിൽത്തന്നെ രണ്ടു വട്ടം തോൽപിച്ച്, ശ്രീലങ്ക നേടിയ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം എഴുത്തുകാരൻ ഷെഹാൻ കരുണതിലകയുടെ വിജയം കൂടിയാണ്. ആഗോളതലത്തിൽ ശ്രീലങ്കൻ സാഹിത്യത്തിന്റെ മേൽവിലാസമായ ഈ എഴുത്തുകാരന്റെ ആദ്യ നോവൽ ശ്രീലങ്കയുടെ ലോകകപ്പ് ക്രിക്കറ്റ് കിരീട വിജയത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്– ‘ചൈനാമാൻ: ദ് ലെജൻഡ് ഓഫ് പ്രദീപ് മാത്യു’. 1996 ൽ അർജുന രണതുംഗ, അരവിന്ദ ഡിസിൽവ, സനത് ജയസൂര്യ എന്നിവരുടെ നേതൃത്വത്തിൽ, ക്രിക്കറ്റിലെ വൻശക്തികളായ ഓസ്‌ട്രേലിയയെ തോൽപിച്ച് കുഞ്ഞൻ രാജ്യം നേടിയ അട്ടിമറി വിജയം ആഘോഷിക്കുന്ന പുസ്തകം. ക്രിക്കറ്റിനെ ഒരു സങ്കേതം തന്നെയായി സ്വീകരിച്ച് എഴുതിയ ഏറ്റവും മികച്ച രണ്ടു പുസ്തകങ്ങളിൽ ഒന്നായി പ്രകീർത്തിക്കപ്പെട്ടിരുന്നു ചൈനാമാൻ. 

 

96 ലെ ഐതിഹാസികമായ വിജയത്തിനു കാൽനൂറ്റാണ്ട് പൂർത്തിയാക്കി, മറ്റൊരു വിജയം നേടി ശ്രീലങ്ക ലോകക്രിക്കറ്റിൽ ഉയിർത്തെഴുന്നേറ്റപ്പോൾത്തന്നെയാണ് കരുണതിലകയുടെ മൂന്നാമത്തെ നോവൽ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്, ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ’ എന്ന നോവലിലൂടെ. 1990 കളാണ് നോവലിന്റെ പശ്ചാത്തലം. ആഭ്യന്തര യുദ്ധത്തിന്റെ ചിത്രങ്ങൾ എടുക്കുന്ന ഫൊട്ടോഗ്രഫറാണ് നായകൻ. ആരാണ് അദ്ദേഹത്തെ കൊന്നതെന്ന് ആർക്കുമറിയില്ല;  കൊല്ലപ്പെട്ടയാൾക്കു പോലും. എന്നാലും അന്വേഷണത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ഈ അന്വേഷണമാണ് നോവലിന്റെ പ്രമേയം. മുൻ നോവലുകളെപ്പോലെ ആഭ്യന്തര യുദ്ധം ഈ കൃതിയുടെയും പശ്ചാത്തലം മാത്രമല്ല, പ്രമേയം തന്നെയാണ്. ഒപ്പം സൗഹൃദം, സന്തോഷം, മരണാനന്തര ജീവിതം എന്നിവയും സജീവ ചർച്ചയാകുന്നു. ആദ്യ നോവലിന് ശേഷം കരുണതിലക എഴുതിയ ‘മരിച്ചവരുമായുള്ള സംഭാഷണം’ എന്ന നോവലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികൾക്കു വേണ്ടി എഴുതിയ ‘പ്ലീസ് ഡോണ്ട് പുട്ട് ദാറ്റ് ഇൻ യുവർ മൗത്ത്’ ആണ് മറ്റൊരു കൃതി. 

 

ഇത്തവണ ബുക്കർ സമ്മാനം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നതും കരുണതിലകയുടെ നോവലിനു തന്നെയാണ്. അങ്ങനെ സംഭവിച്ചാൽ ദാരിദ്ര്യവും ആഭ്യന്തര സംഘർഷവും മൂർച്ഛിച്ച, പട്ടിണിയിൽ നട്ടം തിരിയുന്ന രാജ്യത്തിന് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ ലഭിക്കുന്ന മറ്റൊരു അവസരം കൂടിയായിരിക്കും ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.

 

ബുക്കർ സമ്മാനത്തിന് ഇതുവരെ പരിഗണിക്കപ്പെട്ടതിൽ ഏറ്റവും കുഞ്ഞൻ നോവലും ഇത്തവണ ചുരുക്കപ്പെട്ടികയിലുണ്ട്. 116 പേജ് മാത്രമുള്ള ‘സ്മോൾ തിങ്സ് ലൈക് ദീസ്’. ക്ലെയർ കീഗന്റെ, അയർലൻഡിന്റെ പശ്ചാത്തലത്തിലുള്ള നോവൽ.

 

അവസാന പരിഗണനയ്ക്കു വന്ന ആറ് എഴുത്തുകാരിൽ മൂന്നു പേർ സ്ത്രീകളും മൂന്നു പേർ പുരുഷൻമാരുമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുവരെ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതിൽ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരനാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. എൺപത്തിയെട്ടുകാരനായ അലൻ ഗാർനർ. ‘ട്രിയാക്കിൾ വോക്കർ’ എന്ന നോവലാണ് അദ്ദേഹത്തിന്റെ കൃതി. 

നേരത്തേ ബുക്കർ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടിട്ടുള്ള, സിംബാബ്‌വെയിൽ നിന്നുള്ള നോ വയലറ്റ് ബുലവായോയുടെ ‘ഗ്ലോറി’, പെഴ്‌സിവൽ എവറെറ്റിന്റെ ‘ദ് ട്രീസ്’, എലിസബത്ത് സ്ട്രൗട്ടിന്റെ ‘ഓ വില്യം’ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടം കണ്ട മറ്റു പുസ്തകങ്ങൾ.

 

അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരിയായ സ്ട്രൗട്ടിന്റെ നോവൽ ഇതിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ലൂസി ബാർട്ടൻ എന്ന എഴുത്തുകാരിയാണ് നോവലിലെ നായിക. രണ്ടു പെൺമക്കൾക്കൊപ്പം വിധവയുടെ വാർധക്യകാല ജീവിതം നയിക്കുകയാണ് അവർ. എന്നാൽ അപ്രതീക്ഷിതമായി ആദ്യ ഭർത്താവും ഏറ്റവും നല്ല സുഹൃത്തുമായ വില്യമിനെ കണ്ടുമുട്ടുന്നതോടെ ജീവിതം കീഴ്‌മേൽ മറിയുന്നു. പ്രണയത്തെക്കുറിച്ചും ആദ്യ വിവാഹത്തെക്കുറിച്ചും ഏറ്റവും വേദനാപൂർണായ വേർപിരിയലിനെക്കുറിച്ചും ഒരിക്കൽക്കൂടി ചിന്തിക്കാനും ആ ഓർമകളിൽ ജീവിക്കാനും അവർ നിർബന്ധിതരാകുകയാണ്. പ്രണയത്തെക്കുറിച്ചും അനിവാര്യമായ വേർപാടിനെക്കുറിച്ചുമുള്ള നോവലായി ‘ഓ വില്യം’ മാറുന്നു.

 

അമേരിക്കയിൽ ഇന്നും രൂക്ഷമായി തുടരുന്ന വംശീയതയും അതിനെത്തുടർന്നുള്ള ആക്രമണങ്ങളും കൊലപാതകവുമാണ് എവറെട്ടിന്റെ ‘ദ് ട്രീസ്’ എന്ന നോവലിന്റെ പ്രമേയം. 65 വർഷം മുൻപ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് ഒരു കുട്ടി മരിച്ച ടൗണിൽ അടിക്കടിയുണ്ടാകുന്ന പുതിയ മരണങ്ങളെയും അവ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കുറ്റാന്വേഷകരെയും പിന്തുടരുന്ന നോവൽ മർഡർ മിസ്റ്ററി എന്ന സങ്കേതം ഉപയോഗിച്ച്, ഒരു രാജ്യത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഇരുട്ട് കണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

 

അടുത്തമാസം 17 ന് ലണ്ടനിലാണ് ബുക്കർ പുരസ്‌കാരച്ചടങ്ങ്.

 

Content Summary: Booker Prize 2022, Six Novels Shortlisted including The Seven Moons of Maali Almeida, Shehan Karunatilaka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com