ADVERTISEMENT

സിനിമാ ഗാനങ്ങളിൽ പൂത്തുലഞ്ഞ് ഒരു കാലഘട്ടത്തിന്റെ മധുചന്ദ്രികയായും തലമുറകളുടെ ഹരമാകുകയും ചെയ്തപ്പോൾ കവി എന്ന നിലയിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയത് വയലാറിന്റെ ദുര്യോഗമാണ്. ഗാനങ്ങൾ എഴുതുന്നതേക്കാൾ എത്രയോ കഷ്ടപ്പെട്ടും മനസ്സ് ഉരുക്കിയൊഴിച്ചും എഴുതിയിട്ടും ആ കവിതകൾ പാഠപുസ്തകങ്ങളിലും യുവജനോത്സവ വേദികളിലും മാത്രം ചൊല്ലപ്പെടുകയും കാവ്യാഞ്ജലികളിൽ രാഗതാളങ്ങൾക്കൊപ്പം രൂപം മാറുകയും ചെയ്ത് മറവിയിലേക്കു മായുന്നു. ഗാനങ്ങളിൽ സജീവമാകുകയും ആ മേഖലയിൽ അദ്വിതീയനായി നിലകൊള്ളുകയും ചെയ്തപ്പോഴും കവിതയിലൂടെ അനശ്വരത വയലാർ ആഗ്രഹിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്നാൽ ആഗ്രഹം ആ കവിതകളുടെ മുദ്രാവാക്യ സമാനതക കൊണ്ടോ, മറ്റൊലി പ്രവണത കൊണ്ടോ നടക്കാതെപോയി. എന്നാലും രണ്ടാമതും മൂന്നാമതും വായിക്കാവുന്ന കവിതകൾ വയലാർ എഴുതിയിട്ടുണ്ട്. നിർഭയനായി ചരിത്രത്തെയും പുരാണ കഥകളെയും ഉഴുതുമറിച്ച് പുതിയ മിത്തുകളും ആഖ്യാനങ്ങളും വ്യത്യസ്ത ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കുകയും ചെയ്തു. പുരാണ കഥകളെ മണ്ണിന്റെ മണമുള്ള കഥകളായി പരിവർത്തിപ്പിക്കാനും സമകാലിക സന്ദർഭങ്ങളിലേക്ക് സംയോജിപ്പിക്കുന്നതിലും ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. അതേ വയലാറിന്റെ പേരിലുള്ള മലയാളത്തിലെ തലയെടുപ്പുള്ള പുരസ്‌കാരം എസ്. ഹരീഷിന്റെ മീശയ്ക്ക് ലഭിക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയല്ല, തിരുത്തുകയാണ്. പുതുചരിത്രത്തിനു നാന്ദിയുമാണ്.

 

കഥയും കെട്ടുകഥയും ചരിത്രവും വർത്തമാനവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് മീശയെ സവിശേഷമാക്കുന്നത്. ഏതെല്ലാം ഭാഗങ്ങൾ ചരിത്രമാണെന്നും, എവിടെയൊക്കെയാണ് എഴുത്തുകാരൻ ഭാവന ഉപയോഗിച്ചിട്ടുള്ളതെന്നും വേർതിരിക്കാനാവാത്ത ശൈലി മീശയെ മലയാളത്തിലെ മറ്റു നോവലുകളിൽ നിന്ന് ഒരുപടി ഉയരത്തിൽ നിർത്തുന്നുമുണ്ട്. എന്നാൽ നാട്ടിലെ മീശ വളർത്തിയ ഒരു മനുഷ്യനും മീശയില്ലാതെയുള്ള അയാളുടെ അവസാന കിടപ്പും ഒഴിച്ചാൽ ബാക്കിയൊക്കെ ഭാവനയാണെന്ന് ഹരീഷ് ആവർത്തിച്ചിട്ടുണ്ട്. ഭാവനയുടെ ആ ലോകത്ത് എഴുത്തുകാരൻ എന്ന നിലയിൽ ഇടപെടാൻ താൻ തയാറല്ലെന്നും. അതുകൊണ്ടാണ് സ്ത്രീ വിരുദ്ധവും രാഷ്ട്രീയമായി ശരിയല്ലാത്തതുമായ കഥകളും വാക്കുകളും സന്ദർഭങ്ങളും കടന്നുവന്നതെന്നും അദ്ദേഹം പറയുന്നു. മീശയിലെ കഥാപാത്രങ്ങളെ എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിനുശേഷമാണ് എനിക്കിത് എഴുതാൻ ധൈര്യം പോലും വന്നത്. അല്ലെങ്കിൽ മൂപ്പർ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ടു പൊട്ടിച്ചേനേം. പിന്നെ സ്‌നേഹിച്ചേനേം... എന്നാണ് ഹരീഷ് പറയുന്നത്.

 

ഫാന്റസിയാണെങ്കിൽ, വിചിത്ര ഭാവനയാണെങ്കിൽ എന്തുകൊണ്ടാണ് മീശയ്ക്ക് ചരിത്രത്തോടും വർത്തമാനത്തോടും സാമ്യം തോന്നുന്നതും വായനക്കാർ ആശയക്കുഴപ്പത്തിൽ അകപ്പെടുന്നതും. ഒന്നുമില്ലായ്മയിൽ നിന്നല്ല ഫാന്റസി സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ കൃത്യമായ എന്തിൽ നിന്നെങ്കിലുമാണ് എന്നു പറയാനും സാധിക്കില്ല. ചരിത്രമാണെങ്കിൽ തന്നെ അത് എഴുതിവച്ചതുമാത്രം ആകണമെന്നില്ല. ക്ലാസ്സ് മുറിയിലെയും അക്കാദമിക ചർച്ചകളിലെയും വിരസത മാത്രമാകണമെന്നില്ല. വാമൊഴി ചരിത്രം. പറഞ്ഞു പറഞ്ഞു പകർന്നതും തലമുറകൾ ഏറ്റെടുത്തതും ഇന്നിപ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു ജീവിതശൈലി സ്വീകരിച്ചതോടെ കേരളത്തിൽ നിന്നുതന്നെ അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ അതേ വാമൊഴി. അവയിൽ പലതും മീശയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു വാക്കോ വരിയോ പോലും മാറ്റാതെ, പുതിയ കാലം എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുമില്ലാതെ. ഇവിടെയാണ് ഹരീഷ് എന്ന എഴുത്തുകാരന്റെ പ്രസക്തി മലയാളം തിരിച്ചറിയുന്നതും മീശ സാഹിത്യ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതും.

 

കാടും കടലും പോലെ പാടവും ചിറകിനടിയിൽ മരണം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വരാൽ വിഴുങ്ങിച്ചത്തവരും വിഷം തീണ്ടിച്ചത്തവരുമെല്ലാം പല വേഷത്തിൽ പല ഭാവത്തിൽ ഉയിരുവിടാതെ അവിടെയൊക്കെത്തന്നെയുണ്ടെന്ന് നാം കണ്ടു. പന്തം കത്തിച്ച് പാടത്തുകൂടി വെളിച്ചവുമായി പോകുന്നതൊക്കെ നിരുപദ്രവികളായ പരേതരാണ്. അവർ മനുഷ്യരുടെ സാന്നിധ്യം അറിയുന്നതുപോലുമുണ്ടാകില്ല. ചിലർ അക്കരെയിക്കരെ നിന്ന് കൂക്കും മറുകൂക്കും കൂകും.

 

മീശ വച്ചു നടക്കാൻ അധികാരമുള്ളവരുണ്ട്. അവർക്ക് മീശ അലങ്കാരമാണ്. എന്നാൽ, മീശ നീട്ടിവളർത്താൻ അധികാരമില്ലെന്ന അലിഖിത നിയമം നിലനിൽക്കുന്ന സമൂഹത്തിൽ മീശ വയ്ക്കുന്നവൻ, നീട്ടിവളർത്തുന്നവൻ സ്വാഭാവികമായും ഭീഷണിയാണ്. അങ്ങനെയേ, ആ കാലത്തിന്റെ മുഖ്യധാരാ മനസ്സ് കാണൂ. നിമയം ലിഖിതമായാലും അലിഖിതമായാലും ചോദ്യം ചെയ്യുന്നവർ എന്നുമുണ്ടായിരുന്നു. അവരിൽക്കൂടിയാണ് കാലം സഞ്ചരിച്ചതും പുതുചരിത്രങ്ങൾ എഴുതപ്പെട്ടതും. അതുകൂടിയാണ് ചരിത്രമെന്ന് അംഗീകരിക്കപ്പെടണം എന്ന ആഗ്രഹവും മീശയ്ക്കു പിന്നിൽ ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഏതെങ്കിലും പക്ഷം പിടിച്ച് ഒരു വിഭാഗത്തെ ആ കാലത്തിന്റെ തനതുസാഹചര്യങ്ങളിൽ നിന്നു മാറ്റി അവതരിപ്പിക്കാൻ ഹരീഷ് ശ്രമിച്ചിട്ടില്ല. പകരം, എഴുതിവച്ച ചരിത്രത്തേക്കാൾ വിശ്വാസയോഗ്യവും ആധികാരികവുമായ വാമൊഴി ചരിത്രത്തെ ആശ്രയിച്ച് മീശ എന്ന പ്രതീകത്തിലൂടെ പോരാട്ടവും വീര്യവും ആവിഷ്‌കരിച്ചിട്ടുമുണ്ട്.

 

മീശയുടെ അവസാനത്തെ കിടപ്പ് നോക്കുക. ഏങ്ങലടിയും പതംപറച്ചിലുമില്ലാത്ത മുറി. തലയ്ക്കൽ നിലവിളക്ക് കത്തിച്ച് പരേതനെ ഒരു കട്ടിലിലിൽ കിടത്തിയിട്ടുണ്ട്. കണ്ണുകൾ സത്യം പറയില്ലെന്നുറപ്പുള്ളതുകൊണ്ട് ഞാൻ രണ്ടാമതും മൂന്നാമതും നോക്കി. ചുറ്റുമിരിക്കുന്ന മൂന്നു സ്ത്രീകളെ ശ്രദ്ധിച്ചശേഷം ഒരിക്കൽക്കൂടി ശ്രദ്ധിച്ചുനോക്കി. മുഖത്ത് മീശയില്ലാത്ത ആ അപരിചിത ശരീരം ഇന്നേവരെ ധരിക്കാത്ത ഒരു വെളുത്ത ഷർട്ടും മരണവസ്ത്രമായി അണിഞ്ഞ് കട്ടിലിൽ ധാരാളം സ്ഥലം അവശേഷിപ്പിക്കുന്ന തരത്തിൽ മെലിഞ്ഞുകിടന്നു. കൈകൾ നീട്ടി അരഭാഗത്തു കോർത്തുവച്ചിട്ടുണ്ട്. ലോകം നടന്നുതീർന്ന കാൽവെള്ളകൾ നിലത്തുചവിട്ടാത്തതുപോലെ വെളുത്തിരുന്നു.

ഇന്നേവരെ ധരിക്കാത്ത വെളുത്ത ഷർട്ട് എന്ന ഒറ്റ പ്രയോഗത്തിലൂടെ തെളിഞ്ഞുവരുന്നത് ചരിത്രത്തിലെ കറുപ്പും ആ നിറത്തിന്റെ അടയാളപ്പെടുത്തലും കൂടിയാണ്. ഒരിക്കൽ നടക്കാൻ ഏറെസ്ഥലം വേണ്ടിയിരുന്ന  വ്യക്തിയാണ് കട്ടിലിൽ ധാരാളം സ്ഥലം അവശേഷിപ്പിച്ച് മെലിഞ്ഞുകിടക്കുന്നത്. ലോകം നടന്നുതീർത്ത കാൽവെള്ളകൾ അവസാനം വെളുത്തിരിക്കുന്നു. മരണത്തിൽ മാത്രം ലഭിച്ച സൗഭാഗ്യങ്ങൾ, മീശയുടേതുമാത്രമല്ല, എണ്ണമറ്റ തലമുറകളുടെ യാഥാർഥ ചരിത്രം തന്നെയാണ്. അവിടെ ഫാന്റസി ഇല്ല. വിചിത്ര ഭാവന ഇല്ല. എഴുത്തുകാരനല്ല, ആരൊക്കെ അവകാശപ്പെട്ടാലും ശരി യാഥാർഥ്യം തന്നെയാണ് തെളിയുന്നത്. നിറയുന്നത്. മീശയിൽ നിറഞ്ഞുനിൽക്കുന്നതും. അതുകൊണ്ടുതന്നെ അസ്വസ്ഥതപ്പെടുത്തുന്ന ജീവിതമാണ് മീശയുടേത്. ചരിത്രവും.

 

തുക കൂടുതലുള്ള പുരസ്‌കാരങ്ങൾ ഏറെ വന്നിട്ടും വയലാർ അവാർഡിന് ഇന്നും അപൂർവമായ തിളക്കമുണ്ട്. ജനാധിപത്യ സ്വഭാവവും. അനർഹമായ കൃതികൾക്ക് ലഭിച്ചപ്പോൾ നഷ്ടപ്പെട്ട തിളക്കം , അർഹിച്ച പുരസ്‌കാരം നേടിയെടുത്ത് മീശ തിരുത്തിയെഴുതുകയാണ്.

മനുഷ്യമസ്തിഷ്‌കത്തോടല്ല, മാംസത്തോടല്ല

മനസ്സിനോടേ കാവ്യഹൃദയം സംസാരിക്കൂ.

പടവാളിനെക്കാളും വീണയ്‌ക്കേ വൈകാരികം

പരിവർത്തനങ്ങളെ മനസ്സിൽ തീർക്കാനാവൂ.... !

മനസ്സിനോടു സംസാരിക്കുന്ന കാവ്യഹൃദയം കൊണ്ട് എഴുതപ്പെട്ട മീശയ്ക്ക് പുരസ്‌കാരം ലഭിക്കുമ്പോൾ അർഥവത്താകുന്നത് വയലാറിന്റെ കാവ്യാ ദർശം കൂടീയാണ്.

 

Content Summary : Vayalar award and Meesha by S Hareesh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com