ADVERTISEMENT

ഈയടുത്ത് വായിച്ചതധികവും കഥകളാണ്. ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചു വന്ന ഒട്ടുമിക്ക കഥകളും തേടിപ്പിടിച്ചു വായിച്ചു. അവ മാറ്റിനിർത്തിയാൽ ആവേശത്തോടെയും ജിജ്ഞാസയോടെയും വായിച്ചു തീർത്തതു രണ്ടു വിവർത്തനകൃതികളാണ്. ഭവർ മെഘ്‌വൻഷിയുടെ ‘എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല’ എന്ന തീക്ഷ്ണാനുഭവസാന്ദ്രമായ ആത്മകഥയും സ്ത്രീകളുടെ നിയമ പോരാട്ടങ്ങളുടെ കഥകൾ പറയുന്ന ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ‘നിൽക്കൂ ശ്രദ്ധിക്കൂ’ എന്ന പുസ്തകവും. 

04

 

∙ സ്ത്രീ ശബ്ദം 

05

തന്റെ ഔദ്യോഗിക കാലയളവിനുള്ളിൽ അൻപത്തിനാലായിരത്തോളം കേസുകൾ കൈകാര്യം ചെയ്യുകയും ചരിത്രത്തിലിടം നേടിയ സുപ്രധാന വിധികൾ പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ് മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു. കീഴാള ജനതയ്ക്കും അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കും വേണ്ടി അദ്ദേഹം നിരന്തരം ശബ്ദിക്കുകയും നിയമവഴികളിലൂടെ ശക്തമായി പോരാടുകയും ചെയ്തു. 2021 ഫെബ്രുവരിയിലാണ് ‘Listen to my Case: When Women Approach the Courts of Tamil Nadu’ പ്രസിദ്ധീകൃതമാകുന്നത്. ചിഞ്ജു പ്രകാശ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത കൃതി 2022 ജനുവരിയിൽ പുറത്തിറങ്ങി. ‘ജയ് ഭീം’ സിനിമയ്ക്ക് ആധാരമായ രാജാക്കണ്ണിന്റെ കേസടക്കം ഇരുപതു കേസുകൾ ‘നിൽക്കൂ ശ്രദ്ധിക്കൂ’ എന്ന പുസ്തകത്തിലൂടെ ചുരുളഴിക്കപ്പെടുന്നു. ഓരോന്നും സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുമായി ബന്ധപ്പെട്ട കേസുകളാണെന്നതാണ് പ്രത്യേകത. നീതിയെ  വിശാലാർത്ഥത്തിൽ പുനഃനിർവചിക്കാൻ കരുത്തുള്ള സ്ത്രീകളെ പറ്റിയാണ് ജസ്റ്റിസ് ചന്ദ്രു പറയുന്നത്. തങ്ങൾ നേരിട്ട അനീതികൾക്കും അതിക്രമങ്ങൾക്കുമെതിരെ നിയമപോരാട്ടങ്ങൾ നടത്തിയ ധൈര്യവും നിശ്ചയദാർഢ്യവുമുള്ള സ്ത്രീകളെ പറ്റി. മുത്തമ്മ, കാളിത്തായി, സുന്ദലൈയമ്മാൾ, അസാൻ ബാനു, മാലതി, അമുദ, കലൈസെൽവി, കർപ്പഗം... എന്നിങ്ങനെ ഉമാദേവി വരെ നീളുന്ന പേരുകൾ നിർഭയത്വത്തെയും ആത്മവിശ്വാസത്തെയും കുറിക്കുന്നു. സാമ്പത്തികവും സാമൂഹികവും ലിംഗപരവുമായി അരികുവൽക്കരിക്കപ്പെട്ട സ്ത്രീകൾ കുടുംബവും ആചാരങ്ങളും കല്പിക്കുന്ന അലിഖിത നിയമങ്ങളെയെമ്പാടും  വെല്ലുവിളിച്ചുകൊണ്ടാണ് നീതിപീഠത്തിൽ  വിശ്വസിച്ച് പോരാടാൻ തുനിയുന്നത്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം കോടതിമുറികൾ കയറിയിറങ്ങി നിരാശയുടേയും അരക്ഷിതാവസ്ഥയുടേയും കൂറ്റൻ കയങ്ങളിലേക്ക് വീണുപോകുന്ന സ്ത്രീകൾക്കിടയിൽ നിന്നുകൊണ്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വിചിത്രവിധികൾ പ്രഖ്യാപിച്ച് അവരുടെ അരക്ഷിതാവസ്ഥക്ക് ആക്കം കൂട്ടുന്ന കോടതി പരിസരങ്ങളിൽ നിന്നുകൊണ്ട് ജസ്റ്റിസ് കെ. ചന്ദ്രുവിനെ വായിക്കേണ്ടത് അനിവാര്യതയായി മാറുന്നു.

 

∙ തീവ്ര ശബ്ദം 

അയോധ്യയിലേക്കു പുറപ്പെട്ട താനടക്കമുള്ള കർസേവകരുടെ മനോവ്യാപാരങ്ങളിലൂടെയും കാഴ്ചകളിലൂടെയുമാണ് ഭവർ മെഘ്‌വൻഷി ‘എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല’ എന്ന ആത്മകഥയാരംഭിക്കുന്നത്. ആർഎസ്എസ് വിട്ട ഒരു ദലിത് കർസേവകന്റെ കഥ 2019ലാണ് ഹിന്ദിയിൽ പ്രസിദ്ധീകരിക്കുന്നത്. 2020ൽ ‘1 could not be Hindu’ എന്ന തലക്കെട്ടിൽ നിവേദിതാ മേനോൻ ഇംഗ്ലിഷിലേക്ക്‌ വിവർത്തനം ചെയ്തു. 2022 മാർച്ചിൽ അനീസ് കമ്പളക്കാട് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തു. മലയാള പതിപ്പിന് സമഗ്രമായ അവതാരികയെഴുതിയിരിക്കുന്നത് ഡോ.ഒ.കെ.സന്തോഷാണ്. രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽ ദലിത് കുടുംബത്തിൽ ജനിച്ച ഭവർ പതിമൂന്നാം വയസ്സിൽ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേരുന്നു. അപര ഹിംസയും തീവ്രദേശീയതയും സവർണ്ണ ഹിന്ദു മേധാവിത്വബോധവും അയാളെ അടക്കിവാണു. എന്നാൽ വായനയുടെയും ജീവിതവീക്ഷണങ്ങളുടെയും തോത് വർധിച്ചതോടെ അടിസ്ഥാനപരമായി താനൊരു അയിത്തജാതിക്കാരൻ മാത്രമായി തുടരുകയാണെന്ന ബോധ്യം അയാളിൽ രൂപം കൊണ്ടു. നേതാക്കന്മാർക്ക് കഴിക്കാനായി ഭവർ വീട്ടിലുണ്ടാക്കി കൊടുത്തു വിട്ട ഭക്ഷണം റോഡരികിൽ വലിച്ചെറിയപ്പെട്ട നിലയിൽ കണ്ടെത്തിയത് അയാളെ ആകമാനം പിടിച്ചുലച്ചു. തന്നെ 'ഹിന്ദു'വായി പരിഗണിക്കാത്ത ആർഎസ്എസ് രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിയ ഭവറിന്റെ അനുഭവപരിസരങ്ങളാണു പുസ്തകം അനാവരണം ചെയ്യുന്നത്.

 

Content Summary: Punya CR on the books that influenced her reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com