ADVERTISEMENT

ശ്രീലങ്കയിൽ ഇന്ന് പുസ്തകം അവശ്യവസ്തുവല്ല. പുസ്തകങ്ങൾ വായിക്കാൻ താൽപര്യമുള്ള വളരെക്കുറച്ചു പേരേയുള്ളൂ. പുസ്തകക്കടകൾ തുറക്കുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയാതാലും ലഭിക്കാൻ കാലതാമസമെടുക്കും. ദാരിദ്ര്യവും പട്ടിണിയും നടമാടുന്ന രാജ്യത്ത്, പെട്രോളിനു വേണ്ടി ക്യു നിൽക്കേണ്ടിവരുന്ന കാലത്ത്, ആർക്കാണു പുസ്തകം വായിക്കാൻ നേരം. ചർച്ച ചെയ്യാൻ താൽപര്യം. എങ്കിലും പുസ്തകത്തെ സ്‌നേഹിക്കുന്ന, അക്ഷരങ്ങൾ കൊണ്ടു ജീവിക്കുന്ന ന്യൂനപക്ഷത്തിൽ പ്രമുഖനാണ് ഷെഹാൻ കരുണതിലകെ. ഈ വർഷത്തെ ബുക്കർ ചുരുക്കപ്പട്ടികയിലെത്തിയ പുസ്തകങ്ങൾക്ക് അദ്ദേഹം ഓൺലൈനിൽ ഓർഡർ കൊടുത്തിരുന്നു. പുരസ്‌കാര പ്രഖ്യാപനം വരുന്നതുവരെയും ആ പുസ്തകങ്ങൾ ലഭിച്ചില്ലെന്നത് അദ്ദേഹത്തിന്റെ സങ്കടമായിരുന്നു. എന്നാൽ, അപ്പോഴും ഇത്തവണത്തെ പുരസ്‌കാരം തനിക്കായിരിക്കും എന്നദ്ദേഹം കരുതിയിട്ടില്ല. പല തവണ വഴുതിമാറിയ പുരസ്‌കാരം ഇത്തവണ തന്നെ തേടിവരുമെന്നു പ്രതീക്ഷിക്കാൻ തക്ക ആത്മവിശ്വാസവും ഇല്ലായിരുന്നു. എന്നാൽ, പ്രമുഖരും പ്രശസ്തരും നിറഞ്ഞ ബുക്കർ ചുരുക്കപ്പട്ടികയിൽനിന്ന് ഷെഹാനെത്തന്നെ തിരഞ്ഞെടുക്കാനായിരുന്നു ബുക്കർ സമിതിയുടെ തീരുമാനം. ചരിത്രം തിരുത്തുകയാണ് ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ.’

Booker Prize 2022
Britain's Camilla, Queen Consort, presents winner Shehan Karunatilaka with the trophee for "The Seven Moons of Maali Almeida" during the Booker Prize. Image Credits: AFP

 

Booker Prize 2022
Britain's Camilla, Queen Consort, presents winner Shehan Karunatilaka with the trophee for "The Seven Moons of Maali Almeida" during the Booker Prize. Image Credits: AFP

2011 ലാണ് ഷെഹാന്റെ ആദ്യ നോവൽ ‘ചൈനാമാൻ, ദ് ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ പുറത്തുവരുന്നത്. 10 വർഷമെടുത്തു രണ്ടാമത്തെ നോവൽ പുറത്തുവരാൻ. ഇക്കാലമത്രയും മറ്റു ജോലികൾക്കിടെ തന്റെ മാസ്റ്റർപീസ് എഴുതുകയും തിരുത്തിയെഴുതുകയുമായിരുന്നു ഷെഹാൻ. ശ്രീലങ്കയുടെ മനസ്സമാധാനം കെടുത്തിയ ആഭ്യന്തര യുദ്ധമാണ് പ്രമേയം. എന്നാൽ, നിരന്തര സംഘർഷത്തിന് ആരാണു കുറ്റക്കാർ എന്നത് ഇന്നും ദുരൂഹതയാണ്. ഓരോരുത്തരും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ലോകത്തിനു മുഴുവനും ശാന്തി പകരാൻ സ്വന്തം ജീവിതം സമർപ്പിച്ച ബുദ്ധനെ ആരാധിക്കുന്ന നാട് അശാന്തിയിലായിട്ട് എത്രയോ വർഷങ്ങളായി. എവിടെയും ഏതു സമയത്തും ബോംബ് സ്‌ഫോടനം നടക്കാം. തെരുവിലോ വീട്ടിലോ എപ്പോഴാണ്  മൃതദേഹങ്ങൾ കാണുന്നതെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ പോലും ജീവിക്കുന്നത്. യാത്രകൾ ലക്ഷ്യത്തിലെത്തുമെന്ന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥ. 1989 കാലത്താണ് ഏറ്റവും കൂടുതൽ അനാഥ മൃതദേഹങ്ങൾ കാണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ആ വർഷത്തെ നോവലിന്റെ കാലമാക്കാൻ ഷെഹാൻ തീരുമാനിച്ചത്. അക്കാലത്ത് തെരുവിൽ കാണപ്പെട്ട ഒരു മൃതദേഹമാണ് മാലി അൽമെയ്ഡ. സംഘർഷം നാശം വിതച്ച രാജ്യത്തെ ആയിരക്കണക്കിന് ഇരകളിൽ ഒരാൾ. തന്നെ കൊലപ്പെടുത്തിയത് ആരെന്ന് മാലിക്കും അറിയില്ല. എന്നാൽ അതു കണ്ടുപിടിക്കണമെന്ന് ചൂതാട്ടക്കാരനും സ്വവർഗരതിയിൽ താൽപര്യമുള്ളവനുമായ മാലിക്ക് ആഗ്രഹമുണ്ട്. അയാൾ കണ്ടെത്തുന്ന കൊലപാതകിയിൽ ഒരുപക്ഷേ രാജ്യത്തിന്റെ ശത്രുവിനെ കണ്ടെത്താം; സംഘർഷത്തിന്റെ കാരണക്കാരെയും.

 

Shehan Karunatilaka
Shehan Karunatilaka. Image Credits: AFP

മരിച്ചവരുമായുള്ള സംഭാഷണങ്ങൾ എന്ന രീതിയിലാണ് ഷെഹാൻ നോവൽ എഴുതിയത്. എന്നാൽ അവസാനത്തെ രൂപത്തിലെത്താൻ കുറെയധികം കഷ്ടപ്പെടേണ്ടിവന്നു. എഴുതിയതൊന്നും ശരിയാകുന്നില്ലെന്ന തോന്നലിൽ പലതും ഉപേക്ഷിച്ചും തിരുത്തിയെഴുതിയും ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അതിനിടെ കോപ്പിറൈറ്ററുടെ ജോലിയും. കുട്ടികൾക്കുള്ള ഏതാനും പുസ്തകങ്ങളും ഇക്കാലത്ത് അദ്ദേഹം എഴുതി. എന്നാൽ മാലി അൽമെയ്ഡയുടെ പ്രേതം മനസ്സിൽത്തന്നെയുണ്ടായിരുന്നു; തന്നെക്കുറിച്ച് എഴുതൂ എന്നു ഷെഹാനെ ഓർമിപ്പിച്ചും പ്രേരിപ്പിച്ചും അസ്വസ്ഥനാക്കിയും.

Shehan Karunatilaka
Shehan Karunatilaka. Image Credits: thebookerprizes.com

 

ഒരു കൊലപാതകത്തിൽനിന്നാണ് നോവൽ തുടങ്ങുന്നത്. എന്നാൽ പ്രണയവും രതിയും ഇവിടെ അന്യമല്ല. മാലിയെപ്പോലെ ഒട്ടേറെ പ്രേതങ്ങൾ വേറെയുമുണ്ട് നോവലിൽ. അവരൊക്കെ മരിച്ചെങ്കിലും മോക്ഷം കിട്ടാതെ അലയുന്നവരാണ്. സ്വർഗത്തിനും നരകത്തിനുമിടെ, ഏതോ ഒരു ലോകത്ത് അശാന്തരായി അലയുന്നവർ. അവർക്ക് അറിയണം അവർ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. ആര് എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന്. എന്തുകൊണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന്. ആ അന്വേഷണമാണ് മാലിയെ ശ്രീലങ്കയുടെ കത്തുന്ന വർത്തമാനത്തിന്റെ ജ്വലിക്കുന്ന ഏടാക്കുന്നത്.

 

രാജ്യചരിത്രത്തിലെ ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഹൊറർ സ്റ്റോറിയാണെങ്കിലും തമാശയും ആക്ഷേപഹാസ്യവും കലർത്തിയാണ് ഷെഹാൻ കഥ പറയുന്നത്. ദുരന്തത്തിനു മുന്നിലും ചിരിക്കാൻ മറക്കാത്ത ശ്രീലങ്കൻ മനസ്സ് തന്നെയാണ് അതിന്റെ കാരണം. ഓരോ ദിവസവും പുലരുന്നത് ദുരന്തത്തിന്റെ വർത്തമാനങ്ങളുമായാണെങ്കിലും ചിരി മുഖങ്ങളിൽനിന്നു മാഞ്ഞുപോയിട്ടില്ല. അവശേഷിച്ചവർ ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നില്ല. ലഭ്യമായ സന്തോഷങ്ങളിൽ മുഴുകാതിരിക്കുന്നില്ല. മൃതദേഹങ്ങൾ കത്തുന്ന ദുർഗന്ധത്തിനിടയിലും അവർ നല്ല നാളെയെ സ്വപ്‌നം കാണുന്നു. ചിതയിലും വിരിയുന്ന പൂക്കൾക്കു വേണ്ടി പരതുന്നു. പൊട്ടിച്ചിരിക്കുന്നില്ലെങ്കിലും തമാശകൾ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നു.

 

പാട്ടുകാരൻ കൂടിയാണ് ലണ്ടനിലും ന്യൂസീലൻഡിലും ജീവിച്ചിട്ടുള്ള ഷെഹാൻ. ബാസ്, പിയാനോ, ഹാർമോണിയം, ഗിറ്റാർ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സംഗീത താൽപര്യം. റോക്ക്, ഇൻഡി ഗിറ്റാർ ടൈപ് പാട്ടുകൾ എഴുതാറുമുണ്ട്. മിഡ് ലൈഫ് ക്രൈസിസ് ബാൻഡ് തുടങ്ങണമെന്നാണ് ആഗ്രഹം. എഴുത്തിന്റെ വഴിയിൽ സംഗീതവും അദ്ദേഹത്തിനു കൂട്ടാണ്, പരസ്പര പൂരകമാണ്.

 

Booker Prize 2022: Shehan Karunatilaka, Sri-Lankan author, bagged the Booker Prize 2022 for his second novel, The Seven Moons of Maali Almeida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com