ADVERTISEMENT

പ്രണയത്തിനു സമർപ്പിച്ച 100 കവിതകൾ. ചങ്ങമ്പുഴ മുതൽ ചുള്ളിക്കാട് വരെ പ്രണയം പാടിപ്പുകഴ്ത്തിയ കവികളെയും കലാകാരൻമാരെയും ഒറ്റയടിക്ക് അപ്രസക്തരാക്കി ഒരൊറ്റ സമാഹാരം കൊണ്ട് അദ്ദേഹം. എടുത്തെഴുതിയാൽ ആ 100 കവിതകളും ഇവിടെ പകർത്തേണ്ടിവരും. ഒന്നൊന്നായി. ഏതാണു കൂടുതൽ ഇഷ്ടപ്പെട്ടത് എന്നു തിരിച്ചറിയാൻ കഴിയാത്ത നൂറിതൾ പൂവ്. ഓരോ ഇതളിലും പ്രണയപരാഗങ്ങൾ. കാൽപനിതകയും ആധുനികതയും ഉത്തരാധുനികതയും സമഞ്ജസമായി സമ്മേളിച്ച ഹൃദയകാണ്ഡം.                       

 

നാടോടി ഗായക സംഘത്തിലെ കാൽപനികനായ യുവാവിനെ ഓർമ വരുന്നു. അവനെത്തന്നെ നോക്കി, അവനെക്കുറിച്ചു മാത്രം ചിന്തിച്ച്, അവനുവേണ്ടി മാത്രം ജീവിക്കുന്ന ഗായക സംഘത്തിൽത്തന്നെയുള്ള പെൺകുട്ടിയെ അവൻ നന്നായൊന്നു നോക്കാറു പോലുമില്ല. അവഗണന അതിരുവിട്ടപ്പോൾ അവൾ തന്നെ അവനോടു ചോദിച്ചു ആരാണു മനസ്സിലെന്ന്. നീലക്കണ്ണുകളും മഞ്ഞത്തലമുടിയുമുള്ള സുന്ദരിയെ അവൻ വർണിച്ചു. അഴകളവുകളെക്കുറിച്ചു വാചാലനായി. ഒരിക്കൽ എന്റെ പാട്ടു കേൾക്കുന്ന ആൾക്കൂട്ടത്തിൽ ഞാനവളെ കാണും എന്ന് ഉറപ്പിച്ചുപറഞ്ഞു. ആ നിമിഷത്തിനുവേണ്ടിയാണു ജീവിക്കുന്നതെന്നും. അന്നുമുതൽ അവനൊപ്പം പാടുമ്പോൾ അവളും തിരയാൻ തുടങ്ങി. തന്റെ എല്ലാമെല്ലാമായ, എന്നാൽ തന്നെ വേണ്ടാത്ത കാമുകൻ തേടുന്ന പെണ്ണിനെ. ഋതുഭേദങ്ങൾ ആവർത്തിച്ചു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അവരുടെ യാത്രകൾ തുടർന്നു. പാട്ടുകളും. എന്നാൽ, അവന്റെ തിരച്ചിൽ ലക്ഷ്യം കണ്ടില്ല, അവളുടെയും. നിലാവുള്ള ഒരു രാത്രിയിൽ അവൻ കുടിലിനു പുറത്തിരിക്കുകയായിരുന്നു. കൊടുംതണുപ്പിൽ തീ കാഞ്ഞുകൊണ്ട്. എന്നും എപ്പോഴുും എവിടേക്കോ അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്ന അവൻ അന്ന് പെട്ടെന്നുണ്ടായ പ്രേരണയിൽ തിരിഞ്ഞുനോക്കി. കുടിലിന്റെ വാതിലിൽ തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന പെൺകുട്ടി. അവൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. നീലക്കണ്ണുകൾ. മഞ്ഞത്തലമുടി. മനസ്സിൽ തിരഞ്ഞ അതേരൂപം. ലോകമാകെ കാമുകിയെ തിരഞ്ഞുനടന്ന താൻ തന്റെ കൂടെ എപ്പോഴുമുള്ള യഥാർഥ കാമുകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന ചിന്തയിൽ അവൻ ഉരുകി. തളർന്നു. അവളുടെ അടുത്തേക്കു നടന്നു. ഓടുകയായിരുന്നു. അവളോ, ഒന്നും മിണ്ടാനാവാതെ, എന്നത്തെയുംപ്പോലെ, അവനെത്തന്നെ നോക്കി അവിടെത്തന്നെ നിൽക്കുകയും.

 

കവിയും നോവലിസ്റ്റും ചിന്തകനുമായ ടി.പി.രാജീവന് മലയാളത്തിൽ നിന്ന് കിട്ടിയതും ഇത്തരമൊരു അവഗണനയാണ്. ലക്ഷണമൊത്ത ആധുനിക കവിയായിരുന്നു. സ്വന്തം മണ്ണിൽ നിന്നും മനസ്സിൽ നിന്നും കിളിർപ്പിച്ചെടുത്ത ഉത്തരാധുനികനായിരിക്കെത്തന്നെ പിടിച്ചിരുത്തി വായിപ്പിക്കുന്ന നോവലിസ്റ്റായിരുന്നു. നിശിതമായ നിരീക്ഷണങ്ങളും സുവ്യക്തമായ അഭിപ്രായങ്ങളും ആശയദാർഢ്യവുമുള്ള ചിന്തകനുമായിരുന്നു. എന്നാൽ, രാജീവന്റെ വരികൾ ഇടയ്ക്കിടെ ഉദ്ധരിച്ചവർപോലും അദ്ദേഹത്തിന് വേണ്ടത്ര പരിഗണനയോ ആദരവോ അംഗീകാരമോ നൽകിയില്ല.

രാജീവനെ ആദ്യം കണ്ട അവസരത്തെക്കുറിച്ച് ജയമോഹൻ പറയുന്നുണ്ട്. എറണാകുളത്ത് ഒരു പുസ്തക പ്രകാശനം. സുന്ദര രാമസ്വാമി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങ്. കവിയരങ്ങ്. പത്തോളം കവികൾ പാടി. രാജീവനും ഒരു കവിത വായിച്ചു. പല കവികളും കയ്യടി വാങ്ങി. രാജീവനെ ഒരാളും ശ്രദ്ധിച്ചില്ല. രാജീവൻ അതു ശ്രദ്ധിച്ചുമില്ല. ജയമോഹൻ അദ്ദേഹത്തോടു പറഞ്ഞു: താങ്കൾ വായിച്ചതാണ് ആധുനിക കവിത. ആധുനിക കവിത അരങ്ങിനുള്ളതല്ല.  ആളുകളെ ആവേശം കൊള്ളിക്കുന്നതോ കണ്ണു നനയിക്കുന്നതോ അല്ല. അത് നിശ്ശബ്ദവായനയ്ക്കുള്ളതാണ്.

ഒപ്പം, ഇന്ത്യയിൽ ആധുനിക കവിതകൾ ആദ്യം പിറന്നത് തമിഴ്മണ്ണിലാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒന്നുകൂടി പറഞ്ഞു

താങ്കൾ ഒരു തമിഴ് കവിയാണ്!

 

വായിൽ മുറുക്കാൻ ഇട്ടിരുന്നതുകൊണ്ട് രാജീവൻ പതിവുപോലെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.

അവഗണനയ്ക്കും തിരസ്‌കാരത്തിനും നേരെ എന്നും രാജീവൻ പുഞ്ചിരിച്ചിട്ടേയുള്ളൂ. കാലുഷ്യമില്ലാത്ത, കളങ്കമില്ലാത്ത അതേ ചിരി. കേരളത്തിലൂടെ നടക്കുന്ന അതേ അനായാസതയിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ലോക കവി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തതുപോലെ. ഒറ്റയ്ക്കായിരുന്നു സഞ്ചാരം പലപ്പോഴും. സുഹൃത്തുക്കളുള്ളപ്പോൾ അവരെ കൂട്ടാതിരുന്നിട്ടില്ല. എന്നാൽ, ആരും വന്നില്ലെങ്കിലും താൻ നടക്കുമെന്ന് ആ കാലുകൾ നിശ്ശബ്ദം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കണ്ണുകൾ പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴിതാ, സുഹൃത്തുക്കളെ വിളിക്കാതെ, അവരോട് ഒരു വാക്കുപോലും പറയാതെ, എല്ലാവരെയും ഒന്നുകൂടി കാണാനാവാ ത്ത അസ്വസ്ഥതയുടെ കയ്പ് കടിച്ചിറക്കി, രാജീവൻ ഒറ്റയ്ക്ക് പടിയിറങ്ങിയിരിക്കുന്നു.

 

മരിച്ചവർ തിരിച്ചുവരില്ല

എന്നു കരുതിയാൽ

നിങ്ങൾക്കു തെറ്റി.

മരിച്ചതുപോലെ തന്നെ

അവർ തിരിച്ചുവരും.

എപ്പോഴാണ് എന്നുമാത്രം

മുൻകൂട്ടി പറയാൻ കഴിയില്ല,

മരണം പോലെ തന്നെ.

 

മരണാനന്തരം എന്ന കവിത ആരുടെ ചരമക്കുറിപ്പായിരുന്നു. അറിയപ്പെടുന്ന ആരുമല്ലെങ്കിലും കടന്നുപോയ ഏതോ സുഹൃത്തിനുവേണ്ടി, കരച്ചിൽ പുറത്തുകാണിക്കാതെ, ഓർമകൾ എരിയുന്ന കണ്ണുകളുടെ വെളിച്ചത്തിൽ എഴുതിയതാണെന്നുറപ്പ്. വൈകാരികത മുടിയഴിച്ചാടുന്നില്ല. സ്വന്തബന്ധങ്ങൾ എണ്ണിയെണ്ണിപ്പറയുന്നില്ല. തർച്ചയുടെയും നിരാശയുടെയും ആഴം തൊട്ടുകാണിക്കുന്നില്ല. എന്നാൽ, ഗാഢമായ സൗഹൃദം അനുഭവിപ്പിക്കുന്നുണ്ടുതാനും.

 

പരിചിതമായ കാൽവയ്പുകൾ

അടുത്തടുത്തുവരുന്നതായി ഒരു തോന്നൽ.

മുറ്റത്തൊരു കാർക്കിച്ചുതുപ്പലോ

വാതിലിൽ ഒരു മുട്ടോ

കോളിങ് ബെല്ലിന്റെ ചിരിയോ

നിലവിളിയോ!                              

ചരമോപചാര കവിതയിൽ കാർക്കിച്ചുതുപ്പൽ ഉൾക്കൊള്ളിക്കാൻ മലയാളത്തിൽ ഒരു രാജീവൻ മാത്രമേയുള്ളൂ. എന്നാൽ, അതെത്രമാത്രം യാഥാർഥ്യവും അതേസമയം കാൽപനികവുമാണ്.

 

ശപിച്ചോ അദ്ഭുതപ്പെട്ടോ നിങ്ങൾ

വാതിൽ തുറക്കും.

അപ്പോൾ മുന്നിൽ നിൽക്കുന്നുണ്ടാവും

വയസ്സായോ അപകടത്തിൽപ്പെട്ടോ

ഹൃദയമോ തലച്ചോറോ നിലച്ചോ

എന്നോ മരിച്ചു

എന്നു നിങ്ങൾ കരുതിയ

.......................................

 

2011 ലാണ് രാജീവൻ പ്രണയശതകം എഴുതുന്നത്. പ്രണയത്തിനു സമർപ്പിച്ച 100 കവിതകൾ. ചങ്ങമ്പുഴ മുതൽ ചുള്ളിക്കാട് വരെ പ്രണയം പാടിപ്പുകഴ്ത്തിയ കവികളെയും കലാകാരൻമാരെയും ഒറ്റയടിക്ക് അപ്രസക്തരാക്കി ഒരൊറ്റ സമാഹാരം കൊണ്ട് അദ്ദേഹം. എടുത്തെഴുതിയാൽ ആ 100 കവിതകളും ഇവിടെ പകർത്തേണ്ടിവരും. ഒന്നൊന്നായി. ഏതാണു കൂടുതൽ ഇഷ്ടപ്പെട്ടത് എന്നു തിരിച്ചറിയാൻ കഴിയാത്ത നൂറിതൾ പൂവ്. ഓരോ ഇതളിലും പ്രണയപരാഗങ്ങൾ. കാൽപനിതകയും ആധുനികതയും ഉത്തരാധുനികതയും സമഞ്ജസമായി സമ്മേളിച്ച ഹൃദയകാണ്ഡം.

 

ഞാൻ സഞ്ചരിക്കുന്ന കുതിരവണ്ടി

കാർ ബസ് തീവണ്ടി

വിമാനം മേഘം സ്വപ്നം

നീയുള്ളിടത്ത്

ഒരിക്കലും എത്തരുതേ എന്നാണ്

എന്റെ പ്രാർഥന,

നിന്നെ കാണുന്നതിനേക്കാൾ

എനിക്കിഷ്ടം

നിന്നെ കാണാൻ വരുന്ന

ഈ യാത്ര....

എന്നു പറഞ്ഞാണ് രാജീവൻ പ്രണയിച്ചുതുടങ്ങുന്നത്.

 

പേരറിയാത്ത ഈ നഗരത്തിൽ

ഒരിക്കലുമണയാത്ത

തെരുവുവിളക്കിനരികെ

ഇടത്തോട്ടോ വലത്തോട്ടോ

തിരിയുന്നിടത്ത്

വഴികളില്ലാത്ത ഒരു വീടും

അതിൽ ഇന്നോളം തുറക്കാത്ത

ഒരു മുറിയും ഉണ്ടൈന്ന്

എനിക്കറിയില്ല.

ആ മുറിയിൽ

നീയും.

 

97 -മത്തെ കവിതയിൽ ആ പ്രണയം നമുക്ക് നിർത്താം. നൂറാമത്തെ കവിതയിലെ ദൈവത്തിൽ എത്തുന്നതിനുമുന്നേ രാജീവൻ നീലിച്ചു. എന്നിട്ടും ആ ചുണ്ടുകൾ മന്ത്രിക്കുന്നതു കേൾക്കു...

 

നീലയായിക്കഴിഞ്ഞ

എന്റെ ഉടലിൽ

നീ തിരയുന്ന

ചിരിക്കുന്ന ശലഭമുണ്ടോ

എന്നു നോക്കൂ.....

 

ഇനിയുമെഴുതാനുണ്ടായിരുന്നു രാജീവന് പ്രണയത്തെക്കുറിച്ച്. വിരഹത്തെയും വിലാപത്തെയും കുറിച്ച്. എന്നെയും നിന്നെയും കുറിച്ച്. ഇനിയും നാം അറിയാനിരിക്കുന്ന പ്രണയം എഴുതാൻ രാജീവനില്ലല്ലോ എന്ന ചിന്തയിൽ ഒറ്റമരമായി ഞാൻ കത്തുന്നു. മഴയായി നീ പെയ്യില്ലെന്നറിയാമെങ്കിലും...

 

ഒന്നു തിരിഞ്ഞുനോക്കൂ,

ഇല്ലെങ്കിൽ നീ അറിയില്ല

ഈ മൺപാതയിൽ

നിന്റെ കാലൊച്ചകളുയർത്തുന്ന

പൊടിക്കാറ്റ് ശ്വസിച്ച്

ഞാനാണ്

പിന്നിലെന്ന് ! 

 

Content Summary: T P Rajeevan Book Pranayashathakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com