ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ നാളെ പുറത്തിറങ്ങാനിരിക്കെ പുസ്തകത്തിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ ബ്രിട്ടിഷ് രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നു. സഹോദരൻ വില്യം രാജകുമാരനുമായും മറ്റു രാജകുടുംബാംഗങ്ങളുമായുള്ള ബന്ധത്തെപ്പറ്റി തുറന്നെഴുതിയിരിക്കുന്ന പുസ്തകത്തിൽ അമ്മ ഡയാന രാജകുമാരിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുസ്തക വിപണന തന്ത്രത്തിന്റെ ഭാഗമായാണ് ഹാരിയുടെ ആത്മകഥയിൽ നിന്നുള്ള വിവാദഭാഗങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പും ചില മാധ്യമങ്ങൾക്ക് ലഭിച്ചു. ഇവയിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ യുകെയിൽ വിവാദമാവുകയും ചെയ്തു. 416 പേജുകളുള്ള പുസ്തകം 16 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

വിവാദ വെളിപ്പെടുത്തലുകൾ
∙ 10 വർഷത്തെ സൈനികസേവനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലായിരുന്നപ്പോൾ 25 താലിബാൻ പോരാളികളെ വധിച്ചു. ചെസ് കളത്തിൽ നിന്ന് കരുക്കളെ വെട്ടിനീക്കുന്നതുപോലെയായിരുന്നു അത്. അതിൽ സംതൃപ്തിയുമില്ല, ലജ്ജയുമില്ല.
∙ 17–ാം വയസ്സിൽ ലഹരിമരുന്ന് ഉപയോഗിച്ചു. ലഹരിക്കടിമയല്ല.
∙ ഡയാനയുടെ കാമുകന്മാരിലാരോ ആണ് തന്റെ യഥാർഥ പിതാവെന്ന് സംശയമുണ്ടെന്ന രീതിയിൽ ചാൾസ് രാജാവ് (ഹാരിയുടെ പിതാവ്) സംസാരിച്ചിരുന്നു.
∙ 2005ലെ ഹാലോവീൻ പാർട്ടിക്ക് സഹോദരൻ വില്യവും ഭാര്യ കെയ്റ്റും ചേർന്ന് നാസി യൂണിഫോം ധരിക്കാൻ തന്നെ പ്രേരിപ്പിച്ചു.
Content Summary: Controversies regarding ' Spare ', book of Prince Harry,