ADVERTISEMENT

ഈ നോവൽ എഴുതാതിരിക്കാനാകുമായിരുന്നില്ല മഞ്ജു ജയപ്രകാശിന്. അതിനായി 63–ാം വയസ്സു വരെ കാത്തിരിക്കേണ്ടി വന്നുവെങ്കിലും. തുണയായതു കൗമാരകാലം മുതൽ മുടങ്ങാതെ തുടരുന്ന ഡയറിയെഴുത്തെന്ന ശീലം. ചുറ്റിലും കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം കുറിച്ചിട്ട അസംഖ്യം ഡയറിത്താളുകൾ. അവയിലെ ചില അക്ഷരങ്ങൾക്ക് ഒരു നോവലിന്റെ ഛായ തോന്നിത്തുടങ്ങിയത് അറുപത്തിമൂന്നാം വയസ്സിൽ. ഓഹരി വിപണിയിൽ സംരംഭകയും നീന്തൽ വിദഗ്ധയുമായ മഞ്ജുവിന് തന്റെ ആദ്യ നോവൽ എഴുതുന്നതിനു പ്രായമോ കരിയറോ മറ്റു സാഹചര്യങ്ങളോ ഒന്നും തടസ്സമായില്ല. ‘എണ്ണഛായം’ എന്ന നോവൽ പുറത്തിറങ്ങിയതു കഴിഞ്ഞ ഡിസംബറിൽ. മീര, പാട്രിക്, നന്ദഗോപാൽ, ലിൻഡ എന്നീ നാലു ചെറുപ്പക്കാരുടെ ജീവിതങ്ങൾ വിവിധ വർണങ്ങൾ ചാലിച്ച് മഞ്ജു വരച്ചിടുമ്പോൾ അതിൽ പാരമ്പര്യവും ആധുനികതയും തമ്മിലും പഴമയും പുതുമയും തമ്മിലും എക്കാലവുമുണ്ടാകുന്ന സംഘർഷങ്ങൾ ഒരു മനോഹര നോവൽചിത്രമായി വിരിയുന്നു. അപൂർവവും വിചിത്രവുമായ സംഭവഗതികളിലൂടെ കടന്നുപോകേണ്ടി വരുന്ന കഥാപാത്രങ്ങൾ വായനക്കാരെ വിസ്മയിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യും. 

∙എഴുതണം എന്ന തീരുമാനം 

വർഷങ്ങളായി ഞാനെഴുതുന്ന ഡയറിക്കുറിപ്പുകളിൽ നിന്നു ചെറുകഥകളും നോവലും ആയി ഞാൻ ചിലത് എഴുതിയിട്ടിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. ഇതെല്ലാം ഒരിക്കൽ എന്റെ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുകയും അവ വായിച്ച് ഇഷ്ടപ്പെട്ട അദ്ദേഹം എനിക്ക് ധൈര്യം തരികയുമായിരുന്നു. അങ്ങനെ നോവൽ പ്രസിദ്ധീകരിക്കാം എന്ന തീരുമാനത്തിലെത്തി. 

∙എണ്ണഛായത്തിലെ ഇഷ്ടഭാഗം

‘‘ചില സമയങ്ങളിൽ എതിർപ്പുകൾ വ്യർഥമാണ്. അച്ഛനെ എതിർത്ത് നിൽക്കുക അസാധ്യം. സാഹചര്യങ്ങളെ അതിജീവിച്ചേ മതിയാകൂ. ഇതൊരു വീണുകിട്ടിയ ഭാഗ്യമായാണു ഞാൻ കാണുന്നത്. ഭാഗ്യം ആർക്കുവേണ്ടിയും കാത്തുനിൽക്കുകയില്ലല്ലോ. ജീവിതത്തിൽ ഇങ്ങനെയുള്ള സമയങ്ങൾ കടന്നുപോകുമ്പോൾ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കണം. ശുഭസ്യ ശീഘ്രം. അല്ലെങ്കിൽ കാലം എന്നെ മറന്നു കളയും. മതിയായ ധൈര്യമുള്ളവർക്കേ ശരിയായ സമയം പ്രയോജനപ്പെടുത്താനാകൂ’’. 

Content Summary: Love Letter Column on Manju Jayaprakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com