ADVERTISEMENT

അപ്രതീക്ഷിത ആക്രമണത്തെ അതിജീവിച്ച സൽമാൻ റുഷ്ദി പുതിയ നോവലിന്റെ പ്രചാരണ പരിപാടികളിൽ നേരിട്ടു പങ്കെടുക്കുന്നത് ഒഴിവാക്കി. അഞ്ചു മാസം മുമ്പു നടന്ന ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട എഴുത്തുകാരന് കൈകളിലൊന്നിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടു. മാരകമായ പരുക്കുകളിൽ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ആക്രമണത്തിനു മുമ്പ് രചിച്ച നോവൽ പ്രകാശനത്തിനു തയാറാകുന്നത്. ഓൺലൈൻ ചടങ്ങുകളിൽ പങ്കെടുക്കുമെങ്കിലും നേരിട്ടുള്ള ചടങ്ങുകളിൽ പങ്കെടുക്കാനില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റാണ് സ്ഥിരീകരിച്ചത്. ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് 75 വയസ്സുകാരനായ റുഷ്ദിയെ ഹാദി മതാർ എന്ന യുവാവ് കുത്തിപ്പരുക്കേൽപിച്ചത്. 

9–ാം തീയതി പ്രകാശനം നടത്തുന്ന നോവലിന് ‘വിക്ടറി സിറ്റി’ എന്നാണ് പേരിട്ടിരിക്കുന്നത്. പശ്ചാത്തലം ഇന്ത്യ തന്നെയാണ്. ഓൺലൈനായി നടത്തുന്ന നോവലിന്റെ പ്രകാശനച്ചടങ്ങിൽ റുഷ്ദി പങ്കെടുക്കുന്നില്ലെങ്കിലും മാർഗരറ്റ് അറ്റ്‌വുഡ്, നീൽ ഗെയ്മാൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. 21 ന് ബ്രിസ്റ്റളിൽ ഐഡിയ ഫെസ്റ്റിവലിൽ പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്തിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. 

14–ാം നൂറ്റാണ്ടിൽ തുടങ്ങുന്ന നോവൽ 250 വർഷത്തിന്റെ കാലദൈർഘ്യം പിന്നിടുന്നുണ്ട്. മണ്ണിനടിയിൽ ഒരു കുടത്തിൽ കുഴിച്ചിട്ട സംസ്കൃത ശ്ലോകം കണ്ടെടുക്കുന്നതാണ് നോവലിന്റെ തുടക്കം. പമ്പ എന്ന അനാഥ പെൺകുട്ടിയാണ് ഈ ശ്ലോകം രചിച്ചത്. പാർവതി ദേവിയാൽ അനുഗ്രഹിക്കപ്പെട്ട കുട്ടി ഒരു സാങ്കൽപിക നഗരം സ്ഥാപിക്കുന്നുമുണ്ട്. കുറച്ചുകാലം മാത്രം അധികാരത്തിൽ തുടരുന്ന പമ്പയ്ക്ക് മടങ്ങിവരവിൽ വധഭീഷണിയും ആക്രമണവും ഉൾപ്പെടെ നേരിടേണ്ടിവരുന്നുണ്ട്. കവിയും പ്രവാചകയും അദ്ഭുത പ്രവർത്തകയുമായ നായിക സ്ത്രീകൾക്കു പൂർണ സ്വാതന്ത്ര്യമുള്ള ഒരു രാജ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. സ്ത്രീകൾക്ക് ഒളിവിൽ താമസിക്കേണ്ടതില്ലാത്ത ലോകമാണ് സ്വപ്നം. സാഹസികതയും കോമഡിയും ഇഴചേരുന്ന നോവൽ, മാജിക്കൽ റിയലിസം തന്നെയാണ് ആഖ്യാന തന്ത്രമായി സ്വീകരിക്കുന്നത്. സാഹിത്യത്തിന്റെ അനശ്വരതയും അക്ഷരങ്ങളുടെ അദ്ഭുത ശക്തിയും നോവൽ വിളംബരം ചെയ്യുന്നു. 

salman-rushdie
സൽമാൻ റുഷ്ദി

പ്രചാരണ പരിപാടികളിൽ നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും പുസ്തകത്തെക്കുറിച്ച് റുഷ്ദി ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധീകരിക്കുന്ന വ്യത്യസ്ത കവറുകൾ കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നേരത്തേ ആക്രമണത്തിനു പിന്നാലെ കുറച്ചുനാൾ ട്വിറ്റർ അക്കൗണ്ട് സജീവമായിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം പതിവുപോലെ സമൂഹ മാധ്യമങ്ങളിൽ സജീവമായി. 

വീഴ്ചയുടെ ആഘാതത്തിൽ നിന്നു കരകയറുന്ന സഹ എഴുത്തുകാരൻ ഹനിഫ് ഖുറൈഷിക്ക് വേണ്ടിയും റുഷ്ദി ശബ്ദമുയർത്തിയിരുന്നു. താൻ കണ്ട ഏറ്റവും ധീരനായ മനുഷ്യൻ എന്നാണ് ഖുറൈഷി, റുഷ്ദിയെ വിശേഷിപ്പിച്ചത്. റുഷ്ദി തനിക്ക് എല്ലാ ദിവസവും എഴുതാറുണ്ടെന്ന് വെളിപ്പെടുത്തിയ ഖുറൈഷി, തനിക്ക് പതിവായി ധൈര്യം പകരുന്നു എന്നും വെളിപ്പെടുത്തി. 

റുഷ്ദിയെ വീട്ടിൽ സന്ദർശിച്ച എഴുത്തുകാരൻ ഹാരി കുസ്റു പറഞ്ഞത്, ആക്രമണം അദ്ദേഹത്തെ ഒട്ടും തളർത്തിയിട്ടില്ല എന്നാണ്. നേരത്തേ എങ്ങനെയായിരുന്നോ അതേ സൽമാൻ തന്നെയാണ് ഇപ്പോഴും അദ്ദേഹം എന്നും സാക്ഷ്യപ്പെടുത്തി. ആക്രമണം കൊണ്ട് റുഷ്ദിയെ നിശ്ശബ്ദമാക്കാനാവില്ലെന്നും കുറിച്ചു. 

വിക്ടറി സിറ്റി(വിജയ നഗരം) സാഹിത്യ ചരിത്രത്തിലെ വൻ സംഭവം ആകുമെന്നാണ് പ്രസാധകരുടെ പ്രതീക്ഷ. ക്ലാസിക് എന്നാണ് അവർ കൃതിയെ വിശേഷിപ്പിക്കുന്നതും. 

Content Summary: Salman Rushdie New Book Victory City 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com