ചില മരണങ്ങൾ ജീവിതങ്ങളെക്കാൾ വലുതായി കാണപ്പെടുന്നു

HIGHLIGHTS
  • മരണത്തിന് പത്ത് ദിവസങ്ങൾക്ക് മുമ്പാണ് റിച്മണ്ടിൽ നിന്ന് ഫിലാഡെൽഫിയയിലേക്ക് പോ യാത്ര തിരിച്ചത്, ശേഷമുള്ള ദിവസങ്ങൾ ഇരുട്ടിലാണ്
  • ചില മരണങ്ങൾ ജീവിതങ്ങളേക്കാൾ വലുതാവുന്നു, അവയുടേത് മാത്രമായ ജീവിതം ജീവിക്കുന്നു.
leo-tolstoy
ലിയോ ടോൾസ്റ്റോയിയുടെ ഛായാചിത്രം. തെക്കൻ സ്വിറ്റ്‌സർലൻഡിൽ താമസമാക്കിയ അദ്ദേഹത്തിന്റെ പിന്മുറക്കാരിലൊരാളുടെ വീട്ടിൽനിന്നുള്ള ദൃശ്യം. (Photo by Fabrice COFFRINI / AFP)
SHARE

'എന്റെ പ്രായത്തിലുള്ള വൃദ്ധർ സാധാരണ ചെയ്യുന്നതെന്തോ അത് തന്നെയാണ് ഞാനും ചെയ്യുന്നത്: അവർ ലൗകീക ജീവിതം മതിയാക്കി, അവസാന നിമിഷങ്ങൾ ഏകാന്തതയുടെ ശാന്തിയിൽ ചെലവഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു...' (.... I am doing what most old men of my age generally do: they give up the world to spend their last moments in solitude and peace....) 

1910 ഒക്ടോബറിലെ ഒരു രാത്രി. കൂടെ കഴിഞ്ഞ നാൽപ്പത്തിയെട്ട് വർഷങ്ങളിൽ, കിട്ടുന്ന ഓരോ അവസരങ്ങളിലും, പരാതികളും കുത്തുവാക്കുകളും കൊണ്ട് ജീവിതം നരകമാക്കിയ ഭാര്യയ്ക്ക് -  സോഫിയ എന്നാണവരുടെ പേര് - കത്തെഴുതി വച്ച്, എൺപത്തിരണ്ട് വയസ്സുള്ള ആ വൃദ്ധൻ വീടുവിട്ടിറങ്ങി. എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നോ എന്ന് തീർച്ചയില്ല, എന്നാൽ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്, തെക്കോട്ട് പോകുന്ന - അത്, മറ്റൊരു വിധത്തിൽ, തെക്കോട്ടെടുക്കൽ തന്നെയായിരുന്നു - ഒരു ട്രെയിനിൽ ആ മനുഷ്യൻ കയറി, തീവണ്ടിയിലെ മറ്റ് യാത്രക്കാരോട് സ്നേഹത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് കുറെ ദൂരം അങ്ങനെ. 

ആസ്ട്രപോവ് എന്ന സ്റ്റേഷനടുക്കും മുമ്പ് വൃദ്ധന് വയ്യാതെയായി. ആ സ്റ്റേഷനിലിറങ്ങിയ അദ്ദേഹത്തെ സ്റ്റേഷൻ മാസ്റ്റർ തിരിച്ചറിഞ്ഞു, സ്വന്തം വീട്ടിൽ വിശ്രമിക്കാൻ അനുവദിച്ചു, ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിച്ചു, ചികിത്സയുമായി പിന്നെയും കുറച്ചു നാൾ. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ ആ വീടിന് ചുറ്റും വന്നു കൂടി. വയസ്സന്റെ ആരോഗ്യനിലയെ കുറിച്ച് വാർത്തകൾ പത്രങ്ങളിൽ വന്നു കൊണ്ടിരുന്നു. ഒടുവിൽ, നവംബർ ഇരുപതാം തിയതി, അവസാനത്തെ വാർത്തയ്ക്ക് വഴിയൊരുക്കാനെന്നോണം വൃദ്ധൻ മരിച്ചു. മുതദേഹം അദ്ദേഹത്തിന്റെ വസതിയായ യസ്നായ പോളിയാനയിൽ - ഇന്നത് ഒരു മ്യൂസിയമാണ് - അടക്കം ചെയ്തു. 

ഇവാൻ ഇല്ലിച്ചിന്റെ മരണം, അന്ന കരീനിന, യുദ്ധവും സമാധാനവും തുടങ്ങി ലോകം കണ്ട ഏറ്റവും മികച്ച നോവലുകൾ എഴുതിയ, സ്വന്തം ജീവിതത്തിന്റെ സാക്ഷ്യം, "ഓരോ സന്തുഷ്ഠ കുടുംബവും ഒരേ പോലെയാണ്, അസന്തുഷ്ട കുടുംബങ്ങളോ, അവയോരോന്നും അവരവരുടെ സങ്കടങ്ങളിൽ വ്യത്യസ്തവും" (All happy families are alike; each unhappy family is unhappy in its own way) എന്നീ വാക്കുകളിൽ ചുരുക്കിയെഴുതിവച്ച അദ്ദേഹത്തിന്, പക്ഷെ, അവസാനത്തെ കുറിപ്പെഴുതിയപ്പോൾ തെറ്റു പറ്റി. ഭാര്യയുടെ കുത്തുവാക്കുകളൊഴിഞ്ഞ ഏതോ ഒരു ലോകത്ത് "ഏകാന്തതയുടെ ശാന്തി" ലഭിച്ചെങ്കിലും "അവസാന നിമിഷങ്ങൾ" എന്നെഴുതിയത് വൃഥാവിലായി, കാരണം ആ നിമിഷങ്ങൾ അവസാനിക്കുന്നേയില്ലല്ലോ, ലിയോ നിക്കാളയേവിച് ടോൾസ്റ്റോയിക്ക് മരണമേയില്ലല്ലോ. 

1849 ഒക്ടോബർ 7 പുലർകാലം. ബാൾട്ടിമോറിലെ ചർച്ച് ഹോം ആന്റ് ഹോസ്പിറ്റലിലെ (അന്നതിന്റെ പേർ വാഷിംഗ്ടൺ കോളേജ് ആശുപത്രി എന്നായിരുന്നു) വാർഡിൽ കിടക്കുന്ന മദ്ധ്യവയസ്ക്കൻ, നാൽപ്പതു വയസ്സു കഴിഞ്ഞേതേയുള്ളൂ ആ മനുഷ്യന്, അബോധാവസ്ഥയിൽ നിന്ന് ഒരു നൊടിയെങ്കിലും പുറത്തു വന്നപ്പോൾ അടുത്തു നിൽക്കുന്ന സുഹൃത്ത്, ജോസഫ് സ്നോഡ്ഗ്രാസിനു മാത്രം കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു. "ഈശ്വരാ... എന്റെ എളിയ ആത്മാവിന് നീ തുണയായിരിക്കേണമേ... " (Lord help my poor soul). തന്റെ സ്വതേയുള്ള പ്രകൃതത്തിന് വിരുദ്ധമായി അയാളുടെ വേഷം വൃത്തികെട്ടതും കീറിപ്പറിഞ്ഞതുമായിരുന്നു. ശരത്ക്കാലമായതിനാൽ പുറത്ത് തണുപ്പാണ്, ആ തണുപ്പിലേക്ക് അവസാനശ്വാസവും വലിച്ചുവിട്ട് എഡ്ഗാർ അലൻ പോ, കുറ്റാന്വേഷണ സാഹിത്യത്തിന്റെ ആദ്യകാല നായകരിൽ ഒരാളായിരുന്ന പോ, അകാലത്തിൽ ഇല്ലാതെയായി. 

edgar-allan-poe1

എഡ്ഗാർ അലൻ പോയുടെ അവസാന നാളുകളെ കുറിച്ച് നമ്മൾ കൂടുതൽ അറിയുന്നത് വാഷിംഗ്ടൺ കോളേജ് ആശുപത്രിയിൽ അക്കാലങ്ങളിൽ ജോലി ചെയ്തിരുന്ന ജോൺ മൊറാൻ എന്നൊരു ഡോക്ടറുടെ വാക്കുകളിൽ നിന്നാണ്. പോയുടെ മരണത്തിന് രണ്ടു വർഷത്തിനുള്ളിൽ മൊറാൻ പ്രാക്ടീസ് നിർത്തി, കുറച്ചു കാലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു, പിന്നെ അതും ഉപേക്ഷിച്ച് പ്രഭാഷണങ്ങൾ നടത്തി ജീവിച്ചു, 1888 ൽ മരിക്കുവോളം. പ്രഭാഷണങ്ങളുടെ വിഷയം അതു തന്നെ, എഡ്ഗാർ അലൻ പോയുടെ അന്ത്യദിനങ്ങൾ. ഓരോ പ്രഭാഷണങ്ങൾക്കൊപ്പവും കഥ വളർന്നു കൊണ്ടേയിരുന്നു, പോ എഴുതിയ കഥകളേക്കാളും വളർന്ന്, ഒടുവിൽ അവ നുണകളുടെ കൂമ്പാരമായി മാറി. അക്കഥകൾക്കിടയിൽ, പോ പറഞ്ഞു എന്ന മട്ടിൽ, റെയ്നോൾഡ്സ് എന്ന ഒരു പേരും കടന്നു വരുന്നുണ്ട്, അയാളെ ഒരിക്കലും തിരിച്ചറിഞ്ഞില്ല, മറ്റു നുണകൾക്കിടയിലെ ഒരു നുണയായി അതും ആളുകൾ മറന്നു. 

ആ മരണത്തിൽ ചോദ്യങ്ങളായിരുന്നു അധികവും, ഉത്തരങ്ങൾ വളരെ കുറച്ച് മാത്രം. മരണത്തിന് പത്ത് ദിവസങ്ങൾക്ക് മുമ്പാണ് റിച്മണ്ടിൽ നിന്ന് ഫിലാഡെൽഫിയയിലേക്ക് പോ യാത്ര തിരിച്ചത്, സെൻ്റ് ലിയോൺ ലൗഡ് എന്ന അപ്രശസ്തയായൊരു കവയിത്രിയുടെ കവിതാ സമാഹാരം എഡിറ്റ് ചെയ്തു കൊടുക്കുന്നതിനായി. ശേഷമുള്ള ദിവസങ്ങൾ ഇരുട്ടിലാണ്, ഒക്ടോബർ മൂന്നിന് - അന്ന് പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് - പോളിങ്ങ് സ്റ്റേഷനുകളിലൊന്നായ ഗണ്ണേർസ് ഹാളിന്റെ അടുത്തായി, ഒരു കാനയിൽ വീണ്, മഴയിൽ കുതിർന്ന്, പകുതിബോധത്തിൽ, കിടക്കുന്ന അലൻ പോയെ ജോസഫ് വാക്കർ എന്നൊരു വഴിയാത്രികൻ കണ്ടെത്തും വരെ എന്താണ് നടന്നതെന്ന് നമുക്കറിയില്ല. വാക്കറാണ് സ്നോഡ്ഗ്രാസിനെ വിവരമറിയിക്കുന്നത്, അങ്ങനെയാണ് പോ ആശുപത്രിയിലെത്തുന്നത്. സ്വതവേ, ഭേദപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കുന്ന എഴുത്തുകാരൻ എന്തേ വൃത്തിയില്ലാത്ത വേഷത്തിൽ? പൊതുവിടങ്ങളിൽ മാന്യമായി മാത്രം കാണപ്പെടുന്ന അദ്ദേഹം എങ്ങനെ കുടിച്ച് മദോന്മത്തനായി കാണപ്പെട്ടു? ഒന്നിനും കൃത്യമായ ഉത്തരമില്ല. പലവിധം രോഗങ്ങൾ, ആത്മഹത്യ, കൊലപാതകം, അങ്ങനെ ഊഹങ്ങൾ പലതുണ്ടായി, ഒന്നും ഉത്തരത്തിലെത്തിയില്ല. കൂപ്പിങ്ങ് (Cooping) - ആളുകളെ തട്ടിക്കൊണ്ടുപോയി പല വേഷങ്ങളിൽ പല രേഖകളിൽ പലവട്ടം വോട്ട് ചെയ്യിപ്പിക്കുന്നതിനെ അങ്ങനെയാണ് പറയുക - ആയിരിക്കാം കാരണം എന്നൊരു വാദവുമുണ്ടായിരുന്നു, തെരഞ്ഞെടുപ്പു ദിവസമാണ് സംഭവം എന്നതും പോയുടെ വൃത്തികെട്ടതും പാകമല്ലാത്തതുമായ വേഷവും അതിലേക്ക് വിരൽ ചൂണ്ടിയെങ്കിലും, അതും ഊഹം മാത്രമായി. 

എഡ്ഗാർ അലൻ പോയുടെ മരണത്തിൽ നിന്ന് ഒരു നോവലും പുറത്തുവന്നു. മാത്യു പേളിന്റെ "പോയുടെ നിഴൽ" (The Poe Shadow). മസ്തിഷ്കാർബുദം ആയിരുന്നു മരണകാരണം എന്നൊരു വാദമാണ് അതിൽ നമ്മൾ കാണുക. ആദ്യം അടക്കം ചെയ്ത ബാൾട്ടിമോർ ശ്മശാനത്തിൽ നിന്ന് കുടുംബക്കല്ലറയിലേക്ക് മാറ്റുമ്പോൾ തലയോട്ടിക്കുള്ളിൽ കണ്ട ഒരു പിണ്ഡമാണ് ആ ചിന്തയ്ക്ക് കാരണം. പല വാദങ്ങളിൽ ഒന്ന് എന്നതിനപ്പുറം അതും കണക്കിലെടുക്കപ്പെട്ടില്ല. 

പസിഫിക് സമുദ്രത്തിന്റെ അങ്ങേ കരയിൽ ജപ്പാൻ, കിഴക്കൻ ഏഷ്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും തികച്ചും മാറി നിൽക്കുന്ന ഒരു സംസ്കാരമാണവിടെ, അതിൽ പലതും കൗതുകകരമാണ്, ചിലതൊക്കെ ഭയാനകവും. അവിടെയുള്ളവർ വീട്ടിനുള്ളിൽ ചെരിപ്പിടില്ല, എന്നാൽ കുളിമുറിയിൽ ചെരിപ്പില്ലാതെ കയറില്ല. പരസ്പരം കാണുമ്പോൾ തല കുനിച്ച് വന്ദിക്കുവാൻ അവർ മറക്കാറില്ല, എന്നാൽ ഭക്ഷണം കഴിച്ചാൽ പരസ്യമായി ഏമ്പക്കം വിടുവാൻ മടിക്കാറുമില്ല. "ഞാൻ" എന്നു് സൂചിപ്പിക്കുവാൻ അവർ സ്വന്തം നെഞ്ചിൽ തൊട്ടു കാണിക്കില്ല, പകരം മൂക്കിലേക്ക് വിരൽ ചൂണ്ടും. അപമാനം സഹിക്കാനവർക്കാവില്ല, അതിൽ നിന്നാണ് 'സെപ്പുക്കു' എന്ന സമ്പ്രദായം ജനിക്കുന്നത്, നമ്മൾ അധികവും കേട്ടിട്ടുള്ളത് 'ഹരാകിരി' എന്ന പേരിലാണ് എന്ന് മാത്രം. ആത്മഹത്യ അത്യപൂർവ്വമായ കാര്യമൊന്നുമല്ല ഉദയസൂര്യന്റെ നാട്ടിൽ, തന്റെ അവസാനത്തെ കവിത, 'അഗാധഗർത്തത്തിൽ നിന്നുള്ള ചിന്തകൾ' (Thoughts at the precipice) എന്ന കവിത, ഒരു മരത്തിൽ കൊത്തി വച്ച ശേഷം കെഗോൺ വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി അന്ത്യത്തിലേക്ക് നീന്തിപ്പോയ മിസാവോ ഫ്യൂജിമുറയുടേയും ടോക്യോയിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് മരണത്തിലേക്ക് ചാടുന്നതിന് മുമ്പ് താൻ വരച്ച ഒരു കാർട്ടൂണിൽ ആ ചാട്ടം വരച്ചു ചേർത്ത ഗ്രാഫിക് നോവലെഴുത്തുകാരി, യമാഡ ഹനാക്കോവിന്റെയും നാടാണല്ലോ അത്. 

yukio-mishima
യൂക്കിയോ മിഷിമയുടെ 40–ാം ചരമവാർഷികദിനത്തോടനുബന്ധിച്ചുള്ള ചടങ്ങു നടക്കുന്ന വേദിയിൽ അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു (Photo by TOSHIFUMI KITAMURA / AFP)

1967 ലാണ് യൂക്കിയോ മിഷിമ, 'വിലക്കപ്പെട്ട വർണ്ണങ്ങൾ', 'ഒരു മുഖംമൂടിയുടെ കുറ്റസമ്മതം' തുടങ്ങിയ കൃതികളിലൂടെ ആ നാട്ടിൽ നിന്നു വന്ന ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി മാറിയ മിഷിമ, ജപ്പാൻ നാഷണൽ ഗാർഡ് എന്ന പേരിൽ അനൗദ്യോഗിക സേന - ടാറ്റനോക്കായ് (Shield Society) എന്നും പേർ പറയും - രൂപികരിക്കുവാൻ തുനിയുന്നത്. മിഷിമയുടെ കാര്യത്തിൽ ഇതൊട്ടും അശ്ചര്യപ്പെടുത്തിയിട്ടുണ്ടാവില്ല ആരേയും, അത്രമാത്രം തീവ്രമായ വലതുപക്ഷ ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. നോവലിസ്റ്റ്, ഗദ്യസാഹിത്യകാരൻ, കവി, സ്വവർഗ്ഗസ്നേഹി, അഭിനേതാവ്, നാടകകൃത്ത്, സംവിധായകൻ, മോഡൽ, വിപ്ലവകാരി, ദേശീയവാദി, എന്തെല്ലാമായിരുന്നില്ല അദ്ദേഹം! ചതുരപ്പെട്ടികളിൽ ഒതുക്കി വയ്ക്കാനാവാത്ത ഈ ചിന്താരീതിയാണ് 1970 നവംബർ 25ാം തിയതി, നാല് സുഹൃത്തുക്കളുമൊത്ത്, ടോക്യോയിലെ ഇച്ചിഗയ പട്ടാളക്കമാൻ്റ് പിടിച്ചടക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നു കൊണ്ട് അവസാനത്തെ പ്രസംഗം നട്തിയ മിഷിമ - നാൽപ്പത്താറ് വയസ്സ് തികഞ്ഞിരുന്നില്ല അപ്പോൾ - താഴെ കേട്ടു നിന്നിരുന്ന പട്ടാളക്കാരുടെ സഹായമുണ്ടാകില്ല എന്ന് ഉറപ്പായതോടെ, മുറിയ്ക്കകത്തേക്ക് കടന്നു. അവിടെ കൂട്ടാളികൾ തടഞ്ഞുവച്ചിരുന്ന പട്ടാളമേധാവിയോട് ക്ഷമ പറഞ്ഞു, ടെറസ്സിൽ നിന്ന് സംസാരിക്കുമ്പോൾ താഴെ കൂവി വിളിച്ച പട്ടാളക്കാരെ ഓർത്തുകൊണ്ട് ഇതു കൂടി പറഞ്ഞു: "ഞാൻ പറഞ്ഞത് അവർ ശരിക്ക് കേട്ടിട്ടുണ്ടാവില്ല" (I don't think they heard me very well). പിന്നെ, മറ്റൊന്നിനും കാത്തു നിൽക്കാതെ, സെപ്പുക്കു സമ്പ്രദായത്തിൽ, സ്വന്തം വയർ കത്തി കൊണ്ട് പിളർന്ന്, ആത്മഹത്യ ചെയ്തു. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു എന്ന പോലെ, കൂട്ടാളികളിലൊരാൾ അദ്ദേഹത്തിന്റെ തലയറുത്തു. പങ്കാളിയായ മസക്കാറ്റ്സു മൊറീറ്റ, മിഷിമയെ തനിച്ചാക്കിയില്ല, മരണത്തിലും അയാൾ മിഷിമയുടെ കൂടെ ചേർന്നു. 

The Conversation എന്ന മാധ്യമത്തിൽ വന്ന ഒരു ലേഖനത്തിൽ മിഷിമയെ കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: 1970 ഓഗസ്റ്റ് മാസത്തെ ന്യൂയോർക്ക് ടൈംസ് പത്രത്തിൽ, മിഷിമ, ഒരു കത്താന വാളുമായി നിൽക്കുന്ന ചിത്രം അച്ചടിച്ചു വന്നിരുന്നു. മൂന്ന് മാസത്തിന് ശേഷം അതേ പത്രത്തിൽ മിഷിമയുടെ ചിത്രം വീണ്ടും വന്നു, മുറിഞ്ഞുവീണ തലയുടെ ചിത്രമായിരുന്നു അത്, തൊട്ടരികെ മൊറീറ്റയുടെ ശിരസ്സും ഉണ്ടായിരുന്നു. 

ചില മരണങ്ങൾ ജീവിതങ്ങളേക്കാൾ വലുതാവുന്നു, അവയുടേത് മാത്രമായ ജീവിതം ജീവിക്കുന്നു. എങ്കിൽപ്പോലും സർഗ്ഗാത്മക ജീവിതം ജീവിച്ച ഒരാളെ ഇല്ലായ്മ ചെയ്യുവാൻ ഈ മരണങ്ങൾക്കാവില്ലല്ലോ. പിയർ പാവ് ലോ പാസൊലീനി, നിയോറിയലിസ്റ്റ് സിനിമയുടെ ഗുരുക്കളിൽ ഒരാൾ, 1975 നവംബർ ഒന്നാം തിയതിയുടെ രാത്രിയ്ക്കപ്പുറവും ജീവിക്കുന്നത് അതുകൊണ്ടാണ്. അടുത്ത ദിവസം രാവിലെ, ഓസ്റ്റിയ കടപ്പുറത്ത് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടുകിട്ടുമ്പോൾ, സ്വന്തം ആൽഫ റോമിയോ കാർ പലവട്ടം കയറിയിറങ്ങിയിരുന്നതിനാൽ, എല്ലുകളൊടിഞ്ഞു പോയിരുന്നു, ഒരു ഇരുമ്പുകമ്പി കൊണ്ടുള്ള അടികളേറ്റ്, വൃഷണങ്ങൾ ചതഞ്ഞു പോയിരുന്നു, പെട്രോളൊഴിച്ച് കത്തിച്ചിരുന്നതിനാൽ പല ശരീരഭാഗങ്ങളും കരിഞ്ഞു പോയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞ് പീനോ പെലോസി എന്ന പതിനേഴുകാരൻ ശിക്ഷിയ്ക്കപ്പെട്ടെങ്കിലും അതൊന്നും ഒരു തീരുമാനത്തിലെത്തിച്ചില്ല, കഥകളൊരുപാട് ഇന്നും ബാക്കിയാണ്. ആ കഥകൾക്കൊക്കെ മേലെ "മത്തായിയുടെ സുവിശേഷം", "ഡെക്കാമെറോൺ", "ഈഡിപ്പസ് റെക്സ്", "സാലോ അല്ലെങ്കിൽ സോഡോമിലെ 120 ദിവസങ്ങൾ" പോലുള്ള ചലച്ചിത്രങ്ങളും ആ ചിത്രങ്ങളുടെ സ്രഷ്ടാവും ജീവിക്കുന്നു.

Content Summary: Varantha Column by Jojo Antony about the Miserable Deaths of Famous Literary Personalities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS