ADVERTISEMENT

നിഘണ്ടുവിലുള്ളത് വാക്കുകൾ മാത്രം, അത് നല്ലൊരു എഴുത്തുകാരന്റെ കൈയിലെത്തുമ്പോൾ ജീവൻ വയ്ക്കുന്നു. എഴുത്തുകാരന്റെ രചനാ കൗശലത്തെപ്പറ്റി ഏതാനും വാക്കുകളിൽ അഖിലൻ വരച്ചിട്ടത് ഇങ്ങനെയാണ്. തമിഴ് സാഹിത്യത്തിന്റെ മഹിമയും ഗരിമയും എല്ലാ ഭാഷകളിലും എത്തിച്ച അഖിലന്റെ ജന്മശതാബ്ദി വർഷമാണ് കടന്നുപോകുന്നത്. 

ഉജ്വലമായ സാഹിത്യവും വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുകളും– അതായിരുന്നു അഖിലൻ (1922–1988). മനുഷ്യത്വം എന്ന മനോഹരമായ ഭാവമാണ് അഖിലന്റെ സാഹിത്യത്തെ തിളക്കമുള്ളതാക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ‘ചിത്തിരപ്പാവെ’ അഖിലനെ ചിരപ്രതിഷ്ഠനാക്കി. സാഹിത്യത്തിൽ ഏറ്റവും ഉയർന്ന ബഹുമതിയായ ജ്ഞാനപീഠം തമിഴ് ഭാഷയിൽ ആദ്യം നേടിയത് ‘ചിത്തിരപ്പാവെ’ (1975) ആയിരുന്നു. 20 നോവലുകൾ, ഇരുന്നൂറിലേറെ കഥകൾ, നാടകങ്ങൾ എന്നിവ അഖിലന്റെ സംഭാവനയാണ്. 

∙ സ്വാതന്ത്ര്യത്തിനു വേണ്ടി

സ്കൂളിൽ പഠിക്കവെ അവൻ ഏഴൈ (അവൻ ദരിദ്രനാണ്) എന്ന കഥയാണ് അഖിലൻ ആദ്യമായി എഴുതിയത്. 1939ലായിരുന്നു അത്. ഒരു കുട്ടിയാണ് അത് എഴുതിയതെന്ന് വിശ്വസിക്കാൻ അധ്യാപകന് കഴിഞ്ഞില്ല. ദാരിദ്ര്യം മൂലം ജീവനൊടുക്കാൻ ആഗ്രഹിക്കുന്ന യുവാവായിരുന്നു കഥാപാത്രം. എഴുത്തുകാരൻ എന്ന നിലയിൽ താൻ ഏതുപക്ഷത്താണ് നിൽക്കുന്നതെന്ന് ആദ്യകഥയിലൂടെ തന്നെ അഖിലൻ വ്യക്തമാക്കി. അധ:സ്ഥിതരോടുള്ള അനുഭാവവും ദേശീയ പ്രസ്ഥാനത്തോടുള്ള കൂറും നിറഞ്ഞുനിൽക്കുന്നതായിരുന്നു അഖിലന്റെ പിന്നീടുണ്ടായ രചനകളും. 

ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഉന്നതശീർഷരായ രാഷ്ട്രീയ നേതാക്കൾക്കൊപ്പമായിരുന്നു ഇതിഹാസമാനമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും നിന്നത്. തമിഴ് ഭാഷയിൽ എഴുതിയ അഖിലൻ ഈ രീതിയിൽ ബഹുമുഖ മാനങ്ങളുള്ള വ്യക്തിയായിരുന്നു. അക്കാലത്തെ സർഗധനരായ പല എഴുത്തുകാരെയും പോലെ ഗാന്ധിജിയുടെ സ്വാധീനം അദ്ദേഹത്തെയും സ്വാതന്ത്ര്യസമര സേനാനിയാക്കി മാറ്റി. 

∙ പൊള്ളിയ ബാല്യം

പുതുക്കോട്ടയിലെ പെരുങ്കളൂരിലാണ് 1922 ജൂൺ 27ന് ബി. വി. അഖിലാണ്ഡം ജനിച്ചത്. പിതാവ് നേരത്തെ മരിച്ചതോടെ ദരിദ്രമായ ചുറ്റുപാടായിരുന്നു അവന് കിട്ടിയത്.  സ്വാതന്ത്ര്യസമര സേനാനി കൂടിയായ തിരു വി. കല്യാണസുന്ദരത്തിന്റെ രചനകളിലാണ് ആദ്യം കണ്ണുടക്കിയത്. മനുഷ്യപക്ഷത്തുനിന്നുള്ള രചനകളായിരുന്നു കല്യാണസുന്ദരം നടത്തിയിരുന്നത്. സ്വാഭാവികമായും ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ആന്റേൺ ചെക്കോവ് തുടങ്ങിയവരുടെ വായനയിലേക്ക് മുന്നേറി. 

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാന്ധിജിയുടെ അഹ്വാനം സ്വീകരിച്ച് വിദേശവസ്ത്ര ബഹിഷ്കരണവും കള്ളുഷാപ്പ് പിക്കറ്റിങ്ങും നടത്തി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ വേണ്ടി കോളജ് വിദ്യാഭ്യാസം വേണ്ടെന്നുവച്ചു. 

തിരുച്ചിറപ്പള്ളിയിൽ റയിൽവേയിൽ ചെറിയ ജോലിയാണ് ആദ്യകാലത്ത് ലഭിച്ചത്. ഓൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസർ എന്ന നിലയിൽ മദ്രാസിലേക്ക് പോയതോടെ വിശാലമായ ലോകം തുറന്നുകിട്ടി. ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ റേഡിയോയിലൂടെ ശ്രോതാക്കൾ കേട്ടത് അഖിലന്റെ കാലത്താണ്.  എല്ലാ ആഴ്ചയും അതു തുടർന്നു. മഹാത്മാ ഗാന്ധിയുടെ വധം നടന്ന സമയത്ത് തിരുച്ചിറപ്പള്ളിയിലെ ഒരുവിഭാഗം ആളുകൾ അത് ആഘോഷിക്കുന്ന ഹൃദയഭേദകമായ രംഗത്തിനും അദ്ദേഹത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. 

ഗാന്ധിയനായി ജീവിതം തുടങ്ങിയെങ്കിലും രാജ്യത്ത് അപ്രായോഗിക നിലപാടുകൾ ഗാന്ധിശിഷ്യൻമാർ പിന്തുടർന്നപ്പോൾ അവരുടെയും കനത്ത വിമർശകനായി. ഡിഎംകെ പോലുള്ള ശക്തമായ പാർട്ടികളെയും വിമർശിക്കാൻ മടിയുണ്ടായില്ല. സോവിയറ്റ് യൂണിയൻ സന്ദർശിച്ച വേളയിൽ അവിടെ കണ്ട പുരോഗതിയെ അഭിനന്ദിച്ചെങ്കിലും കമ്യൂണിസ്റ്റ് ആശയഗതിയെ എന്നും സന്ദേഹത്തോടെ മാത്രമാണ് വീക്ഷിച്ചത്. 

മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയിൽ നിന്നും ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങുന്ന അഖിലൻ (ഫയൽ ചിത്രം)
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയിൽ നിന്നും ജ്ഞാനപീഠം പുരസ്കാരം ഏറ്റുവാങ്ങുന്ന അഖിലൻ (ഫയൽ ചിത്രം)

∙ എഴുത്ത്

പൂർണസമയ എഴുത്തുകാരനാകാൻ വേണ്ടി ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും രാജിവച്ചു. ‘മങ്ങിയ നിലാവ്’ (1944) ആയിരുന്നു ആദ്യനോവൽ. തുടർന്നുള്ള നോവലുകളിൽ ഏറിയപങ്കും ചരിത്രത്തെ അധിഷ്ഠിതമാക്കിയുള്ള രചനകളായിരുന്നു. ചരിത്രനോവലുകൾക്ക് വലിയ വായനക്കാരുണ്ടായി. 25 നൂറ്റാണ്ടിന്റെ ചരിത്രമുള്ള തമിഴിന് കനപ്പെട്ട സാഹിത്യ പാരമ്പര്യവുമുണ്ട്. 

പതിനൊന്നാം നൂറ്റാണ്ടിലെ ചേര സാമ്രാജ്യത്തെ പശ്‌ചാത്തലമാക്കിയെഴുതിയ ‘വേങ്കൈയിൻ മൈന്തൻ’, പാണ്ഡ്യഭരണത്തെക്കുറിച്ചുളള ‘കയൽ വിഴി’, വിജയനഗര ഭരണത്തെ ആസ്‌പദിച്ചുളള ‘വെറ്റിത്തിരുനഗർ’ എന്നിവ ഇങ്ങനെ പിറന്നതാണ്. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തെ ആസ്‌പദമാക്കിയുള്ളതാണ് ‘നെഞ്ചിൽ അലൈകൾ’ എന്ന നോവൽ. മനുഷ്യഭാവത്തിലെ മാറ്റങ്ങളും എഴുത്തുകാരുടെ പോരാട്ടവും ‘പാവൈ വിളക്ക്’ എന്ന നോവലിന്റെ ഇതിവൃത്തമാണ്. ഇണക്കിചേർക്കാനാകാത്ത ദാമ്പത്യബന്ധത്തിലകപ്പെട്ട വനിതയുടെ ആത്മസംഘർഷങ്ങൾ ആണ് ‘സ്‌നേഹിതി’യിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 45 കൃതികൾ രചിച്ചു. 

∙ സിനിമകൾ

നിരവധി രചനകൾ സിനിമകളായി. എംജിആർ, ശിവാജി ഗണേശൻ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ വന്നത്. 

അഖിലൻ എഴുതിയ വേങ്കൈൻ മിണ്ടൻ എന്ന നോവൽ ചോള സാമ്രാജ്യത്തിന്റെ ചരിത്രമാണ് പറയുന്നത്. ഈ നോവൽ നാടകമായി അവതരിപ്പിച്ചാണ് ശിവാജി ഗണേശൻ പ്രശസ്തനായത്. തമിഴ് സംസ്കാരം അതിന്റെ ഉച്ചകോടിയിൽ എത്തിയത് രാജേന്ദ്ര ചോളന്റെ കാലഘട്ടത്തിലാണ്. അക്കാലത്താണ് വാസ്തുവിദ്യയുടെ വിസ്മയങ്ങൾ പോലെ നിലകൊള്ളുന്ന നിരവധി വലിയ ക്ഷേത്രങ്ങൾ രൂപംകൊണ്ടത്. കൽക്കി (ആർ. കൃഷ്ണമൂർത്തി) എഴുതിയ പൊന്നിയിൽ ശെൽവൻ നോവലിന്റെ തുടർച്ചയായാണ് ഈ ചരിത്രാഖ്യായികയെ വായനാലോകം കാണുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിന് ലഭിച്ചു. 

‘കയൽവിഴി’ എന്ന നോവൽ മധുരൈ മീട്ടെ സുന്ദരപാണ്ഡ്യൻ എന്ന പേരിൽ സിനിമയായപ്പോൾ (1978) എംജിആർ ആണ് നായകനായത്. സംവിധാനവും എംജിആർ നിർവഹിച്ചു. അദ്ദേഹം അവസാനമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ്. തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. 

akilan-speech
പ്രസംഗവേദിയിൽ അഖിലൻ

∙ എഴുത്തിന്റെ രഹസ്യം

ജീവിതാനുഭവങ്ങളും പ്രതിഭയും ലോകവീക്ഷണവും ആണ് നല്ലൊരു എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്ന് അഖിലൻ വിശ്വസിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ വേണ്ടുവോളമുണ്ടായിരുന്നു. ലോകത്ത് ഓരോ ദിവസവും നടക്കുന്ന സംഭവവികാസങ്ങൾ ഒരു നല്ല എഴുത്തുകാരന് അക്ഷയഖനിയാണ് എന്നും അദ്ദേഹം ചുറ്റുമുള്ള എഴുത്തുകാരോട് പറഞ്ഞു. നിലപാടുകൾ സ്വീകരിക്കുന്നതിനൊപ്പം അതു നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം വിശ്വസിച്ചു. ‘ജാതി ഇല്ലാതാകണമെന്ന് പറഞ്ഞുനടക്കുന്നയാളല്ല, അതിനുവേണ്ടി പരിശ്രമിക്കുന്നയാളാണ് ഞാൻ’ എന്ന് അഭിമാനത്തോടെ പറഞ്ഞു. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നത് ബിസിനസ് ആയി അധ:പതിച്ചതിൽ രോഷം കൊണ്ടു. മറ്റുള്ളവരുടെ ജീവിതവും വ്യക്തിത്വവും നശിപ്പിച്ചശേഷം ജീവിക്കുന്നത് വ്യഭിചാരമാണെന്നും ഓർമിപ്പിച്ചു. വായനക്കാർ എന്താഗ്രഹിക്കുന്നുവെന്നുളളതിനേക്കാൾ എന്താണ് ആഗ്രഹിക്കേണ്ടതെന്നു എഴുത്തുകാരൻ നിശ്ചയിക്കണം. എങ്കിൽ മാത്രമേ ഇന്നത്തെ സഹിത്യം നാളത്തെ മാർഗ്ഗദർശിയായിത്തീരുകയുള്ളൂ എന്ന് അഖിലൻ വിശ്വസിച്ചു. 

1988 ജനുവരി 31ന് ആണ് അഖിലൻ അന്തരിച്ചത്. ഇന്ത്യയിൽ മാത്രമല്ല വിദേശ ഭാഷകളിലും അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു. മറ്റ് പുരസ്‌കാരങ്ങൾ: കലൈമകൾ അവാർഡ് (1946), തമിഴ് അക്കാദമി അവാർഡ് (1955), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1963), സർ അണ്ണാമലൈ ചെട്ടിയാർ മെമ്മോറിയൽ പ്രൈസ് (1975).

പ്രധാനകൃതികൾ: ശക്‌തിവേൽ, പെൺ, നീലവാനിലേ, നെഞ്ചിൻ അലൈകൾ, വാഴ്‌വിൽ ഇമ്പം, വേങ്കൈയിൻ മൈന്തൻ, ചിത്തിരപ്പാവൈ, പുയൽ, വെറ്റിത്തിരുനഗർ, പാവൈവിളക്ക്, കയൽവിഴി, പൊൻമലർ, സ്‌നേഹിതി, എങ്കൈപോകിറോൻ.

Content Summary: Indian Author Akilan Birth Centenary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com