ADVERTISEMENT

ഒരാൾ ഒരു ദിവസം എത്ര സ്വപ്നം കാണും. ഉറക്കത്തിൽ മാത്രമല്ല ഉണർവിലും. യഥാർഥ സ്വപ്നങ്ങൾ ഉണർന്നിരിക്കെ കാണുന്നതുതന്നെ ആവണം. ഉപബോധ മനസ്സിൽ നിന്നല്ല, ബോധത്തിൽ നിന്നു ജനിക്കുന്ന ആഗ്രഹങ്ങളുടെ സ്വപ്നപ്പകർച്ച. ബോധമാം നിറനിലാവ് ഒരു തുള്ളിയെങ്കിലും ചേതനയിൽ ശേഷിക്കുവോളം കാണുന്നവ. നിന്നിൽ നിന്നുരുവായി, നിന്നിൽ നിന്നിയുരാർന്നൊരെന്നിൽ നിന്നോർമകൾ മാത്രം....(ഒഎൻവി). നിലവിലുള്ളതിൽ നിന്നു വ്യത്യസ്തമായ മറ്റൊരു ജീവിതമാണ് സ്വപ്നങ്ങളിൽ ഉയിർക്കൊള്ളന്നത്. കന്നിവെയിലിൽ മകരക്കുളിരിനെ. കർക്കടകക്കരിവാവിൽ തെളിവുറ്റ ചിങ്ങപ്പുലരിയെ. കാളും വയറിലും നല്ലോണമുണ്ണുന്ന നാളുകളെ. തീവ്രമായി അഭിലഷിച്ച പ്രണയത്തെ. എഴുതിയിരുന്നെങ്കിൽ എന്നു കൊതിച്ച വരികളെ. കടുത്ത വേനലിൽ നിന്നുകൊണ്ട് മഞ്ഞു പൊഴിയുന്ന പുലരികളെ സ്വപ്നം കാണുകയാണ്. മരുഭൂവിൽ നിന്ന് ഇഴമുറിയാതെ പെയ്യുന്ന മഴയെ ഉള്ളിലേക്ക് ആവാഹിക്കുകയാണ്. ഇറയത്തിരിക്കെ തൂവാനത്തുമ്പികളുടെ തലോടലേറ്റ് കണ്ണിൽ മുത്തും പവിഴവും വിരിയുന്നതുപോലെ. സദാസമയവും ചിരിക്കുന്നവരും ഒരു ചിരി മാറ്റിവച്ചിട്ടുണ്ടാകും. വർഷങ്ങളുടെ വിരഹതാപത്തിനുശേഷം കാണുമ്പോൾ സമ്മാനിക്കാൻ കാത്തുവച്ച ചിരി. വിണ്ടുപിളർന്ന മണ്ണിലേക്ക് ആദ്യത്തെ വർഷബിന്ദു പതിക്കുമ്പോൾ ആദ്യം പുകയുടെ ഒരു വലയം ഉയരും. പിന്നെ ഓരോ തുള്ളിയെയും ഏറ്റുവാങ്ങും. മതിയാകാതെ, മതിയാകാതെ....ദൈവങ്ങൾ പോലും നിസ്സഹായരാണ് മനുഷ്യരുടെ സ്വപ്നങ്ങൾക്കു മുന്നിൽ എന്നെഴുതിയത് ടി.പി.രാജീവനാണ്. മരണത്തിനു തലേന്ന്. ജീവിതത്തിൽ മനുഷ്യർ നിസ്സഹായരായിരിക്കാം. അതു സമ്മതിക്കാൻ മടിക്കേണ്ടതില്ല. എന്നാൽ, സ്വപ്നങ്ങളിൽ, കവിതകളിൽ...മനുഷ്യർ മരണമില്ലാത്തവർ. ഒരാൾ ഒരു ദിവസം നാലും അഞ്ചും സ്വപ്നം കണ്ടാണു തുടങ്ങുക. പ്രായം കൂടുന്തോറും സ്വപ്നങ്ങളും കൂടും. എന്നാൽ..വളർച്ച. അതെങ്ങോട്ടാണ്. സമ്മതിക്കാനും ഉൾക്കൊള്ളാനും മടിയാണ്. മാറ്റിവയ്ക്കുന്ന ആ സത്യത്തെ ഒരിക്കൽ നേരിടേണ്ടിവരും. കഴിഞ്ഞ നവംബർ ഒന്നിന് രാജീവൻ ആ സത്യത്തെ മുഖാമുഖം കണ്ടു. തളർന്നുപോകുന്ന വിരലുകളിൽ ഊർജം നിറച്ച് അദ്ദേഹം അവസാനമായി കുറിച്ചു: 

പെട്ടെന്നൊരു ദിവസം 

സ്വപ്നങ്ങളുടെ എണ്ണം പൂജ്യമാകും. 

പിന്നെ അയാൾ ഒന്നും സംസാരിക്കില്ല. 

ശൂന്യതയിലേക്ക് നോക്കി 

ഇരുന്നിരുന്നു സമയം കളയുന്ന അയാളെ 

ഒരു ദിവസം പെട്ടെന്നു കാണാതാകും. 

അത്രമാത്രം. 

ഇതെഴുതി പിന്നീട് കുറച്ചു നിമിഷങ്ങൾ കൂടി മാത്രമാണ് രാജീവൻ ഉണർന്നിരുന്നത്. ശൂന്യതയിലേക്കു നോക്കി സമയം കളഞ്ഞത്. പിറ്റേന്ന് ആയാളെ കാണാതായി. അയാൾ എഴുതിയ കവിതകൾ ഇന്നും സ്വപ്നം കാണുന്നു. നാലും അഞ്ചും അല്ല. എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര സ്വപ്നങ്ങൾ. 

ആരോ പാടിക്കോട്ടെ

എങ്ങോ പാടിക്കോട്ടെ

എന്തോ പാടിക്കോട്ടെ

കണ്ണു നിറഞ്ഞാൽ പോരേ

മനസ്സു കുളിർത്താൽ പോരേ

വാക്കു തളിർത്താൽ പോരേ

ശിലകളുണർന്നാൽ പോരേ

ദൈവത്തിൻ ചിരി ചുറ്റും

പാട്ടിലലിഞ്ഞാൽ പോരേ..... 

ഞങ്ങൾ കവികൾ യൗവ്വനത്തിൽ ആഹ്ലാദത്തോടെ തുടങ്ങുന്നു; 

എന്നാൽ പിന്നീട് നൈരാശ്യവും ഭ്രാന്തും ബാധിച്ചൊടുങ്ങുന്നു. 

ചതുപ്പു നിലത്തിൽ ഏകനായി അലയുന്ന വയോധികൻ. അയാളെ പിന്തുടരുന്ന കവി. ലക്ഷ്യം മറന്ന കവി, ഏകാഗ്രതയും ലക്ഷ്യബോധവും നഷ്ടപ്പെട്ട മനുഷ്യൻ മരണത്തെ പരിഹസിച്ച് ജീവിതം തുടരുന്ന വൃദ്ധനിൽ ജീവിതത്തിന്റെ നിറവ് കണ്ടെത്തുകയാണ്. 

വില്യം വേഡ്സ്‌വർത്ത് വാക്കുകൾ(കൈകൾ അല്ല) കൂപ്പി പ്രാർഥിക്കുന്നു....

ദൈവമേ...നീ എന്റെ സഹായിയും വഴികാട്ടിയുമാവുക, 

അവനെ ഞാൻ മറക്കുകയില്ലെന്ന് അങ്ങേക്ക് ഉറപ്പ് നൽകുന്നു. 

ഓരോ പ്രണയവും ഓരോ വാഗ്ദാനമാണ്. മറക്കുകയില്ലെന്ന ഉറപ്പ്. എന്നിൽ നീ ജീവിച്ചിരിക്കുമെന്ന വാക്ക്. മറക്കുന്ന മനുഷ്യാ,,,അവളെ കൊന്ന പാപത്തിൽ നിന്ന് നിനക്ക് മുക്തിയില്ലെന്ന അശരീരി കേൾക്കുന്നില്ലേ. അതു നിന്റെ ആത്മാവ് തന്നെയാണു പറയുന്നത്. അനുഗ്രഹിക്കുന്നതും ശപിക്കുന്നതും. മനസ്സേ...മറക്കരുതേ... 

13 വർഷം മുമ്പാണ് ഷിഫാന ഷെറി എന്ന 9–ാം ക്ലാസ്സുകാരി കാൻസർ ബാധിച്ചു മരിച്ചത്. സഹിക്കാനാവാത്ത വേദന പിടിമുറുക്കിയ ഒരു ദിസവമാണ് സ്വന്തം ലോകമായ കിടക്കയിൽ ചാരിയിരുന്ന് കള്ളം പറയണം എന്ന കവിത ആ കുട്ടി രചിച്ചത്. 

കൊതിയോടെ കഴിക്കാൻ വച്ച മധുരം 

കൂടപ്പിറപ്പ് ചോദിച്ചാൽ 

എനിക്കു വേണ്ടാ എന്നു കള്ളം പറയണം. 

സ്നേഹമുള്ളവർ വേദനിപ്പിക്കുംവിധം സംസാരിച്ച് 

പിന്നീട് വിഷമമായോ എന്നു ചോദിക്കുമ്പോൾ 

ഇല്ല എന്നു കള്ളം പറയണം. 

13 വയസ്സുകാരി പറയുന്ന ജീവിതസത്യങ്ങൾ. ആരാണ് ആ കുട്ടിയുടെ കാതിൽ സത്യങ്ങൾ ഓതിയത്. കവിതയല്ലാതെ മറ്റാര്. 

എല്ലാം കഴിഞ്ഞ് ആ ദിവസത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ ഒരു സത്യം പറയാൻ മറക്കരുത് 

എന്റെ വേദനകളെ ഞാൻ അതിജീവിച്ചു.... എന്നു കൂടി ഷിഫാന എഴുതി. എല്ലാ വേനകളും അതിജീവിക്കാൻ കവിതയുണ്ട്. ലോക കവിതാദിനമായ ഇന്നു മാത്രമല്ല, എന്നും. 

കവിതയിൽ സ്വപ്നം കണ്ടാണ് രാജീവൻ ജീവിച്ചത്. വേദനകളെ അതിജീവിച്ചതും. ഷിഫാന സത്യം പറയാൻ തിരഞ്ഞെടുത്തതും കവിത തന്നെയാണ്. ആ സ്വപ്നങ്ങൾ അനാഥമാകില്ല. കവിതയുടെ കൈ പിടിക്കാൻ മറ്റൊരു കൈ അവശേഷിക്കുവോളം. 

നാവൊന്നു നീട്ടൂ, 

കൂലം കുത്തി ഒഴുകാനല്ല, 

സ്നേഹത്തോടെ ഒന്നു തലോടാൻ. 

Content Summary: World Poetry Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com