കഥകളുറങ്ങിയ മനസ്സ്

HIGHLIGHTS
  • അന്തരിച്ച സാറാ തോമസിനെ എഴുത്തുകാരി ചന്ദ്രമതി ഓർക്കുന്നു
sara-thomas-chandramathi
സാറാ തോമസ്, ചന്ദ്രമതി
SHARE

സാറ തോമസ് ഞങ്ങളുടെ, തിരുവനന്തപുരത്തെ എഴുത്തുകാരികളുടെ ഓമനച്ചേച്ചി ആയിരുന്നു. സ്നേഹവും ശാസനയും ഒരുപോലെ ചൊരിഞ്ഞ നന്മയുടെ വിളനിലമായ ചേച്ചിയെ ഞങ്ങൾ അങ്ങനെയാണു വിളിച്ചിരുന്നത്. വിശേഷാൽ പ്രതികൾ വന്നാൽ ആദ്യം വായിക്കുന്ന എഴുത്തുകാരിലൊരാളായിരുന്നു സാറ തോമസ്. സാറ തോമസിന്റെ കഥകളും നോവലുകളുമൊക്കെ വായിച്ചാണ് എന്നിലെ എഴുത്തുകാരി ഒരളവു വരെ രൂപപ്പെട്ടത്. അവരിൽ നിന്നു ഞാൻ ഉൾക്കൊണ്ട എഴുത്തുപാഠം ആദ്യാവസാനമുള്ള പാരായണക്ഷമതയാണ്. 

തെളിഞ്ഞ ഭാഷയും ശക്തമായ ഇതിവൃത്തങ്ങളും സാമൂഹിക പ്രതിബദ്ധതയും ഉണ്ടായിട്ടു കൂടി സാറ തോമസ് ജനപ്രിയ ലേബലിൽ കുടുങ്ങിപ്പോയി. ഉള്ളിലെ കുടുംബിനിയോടു കൂടുതൽ വിശ്വസ്തത പുലർത്തിയതു കൊണ്ട് ഉള്ളിലെ എഴുത്തുകാരിയോട് അത്രമേൽ വിശ്വസ്തത പുലർത്താനായില്ല എന്നതും സത്യം. പക്ഷേ ‘നാർമടിപ്പുടവ’യിലും ‘ദൈവമക്കളി’ലും എത്തിയപ്പോൾ ആ തൂലിക കരുത്താർജ്ജിച്ചു. ‘ദൈവമക്കൾ’ സമയത്തിനു മുൻപേ ജനിച്ച പുസ്തകമാണ്. എന്നാൽ, ഗൗരവകരമായ വായന അതിനുപോലും മലയാളത്തിൽ കിട്ടിയിട്ടില്ല.

sara-thomas-writer1
സാറാ തോമസ്

ഡോക്ടറായ ഭർത്താവ് പറഞ്ഞുകൊടുക്കുന്നവ ആയിരുന്നു മെഡിക്കൽ പശ്ചാത്തലമുള്ള പല കഥകളുമെന്നു സാറ തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവർ എന്നോടു പറഞ്ഞ അത്തരമൊരു കഥയുണ്ട്. പരസ്ത്രീ ബന്ധം കാരണം ഭർത്താവിന്റെ ലിംഗം വെട്ടിക്കളഞ്ഞ ഒരു ഭാര്യയുടെ കഥ. ആ ഭർത്താവിനെ ഓപ്പറേഷൻ ടേബിളിൽ കൊണ്ടുവന്ന കഥയാണു ഡോക്ടർ പറഞ്ഞു കൊടുത്തത്. ഇതൊരു നോവലാക്കാമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ഉള്ളിലെ ധാർമിക ബോധം വിലക്കിയതു കാരണം സാറ തോമസ് അതെഴുതിയില്ല. അതു  വിഡ്ഢിത്തമായെന്നു ഞാൻ തുറന്നടിച്ചു. കാരണം അക്കാലത്ത് അങ്ങനെയൊരു കഥ ഒരു സ്ത്രീ എഴുതിയിരുന്നെങ്കിൽ അതൊരു വിപ്ലവമായേനെ. ഭർത്താവ് എഴുതിക്കോളാൻ പറഞ്ഞതല്ലേ, പിന്നെന്താ ചേച്ചി എഴുതാത്തതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ സാറ തോമസ് പറഞ്ഞു: ‘അയ്യേ, എന്റെ മക്കൾ വായിച്ചാൽ അമ്മയെക്കുറിച്ച് എന്തു വിചാരിക്കും?’

ഉള്ളിലെ വിലങ്ങുകൾ ഊരിക്കളയുവാൻ പ്രയാസമുള്ളവയാണ്. അതിനു കഴിഞ്ഞിരുന്നുവെങ്കിൽ സാറ തോമസിന് സാഹിത്യരംഗത്ത് പ്രത്യേക അംഗീകാരം കിട്ടുമായിരുന്നു. തിരുവനന്തപുരത്തെ എഴുത്തുകാരി സംഘടനയുടെ നേതൃത്വത്തിൽ സാറ തോമസിന്റെ 80–ാം പിറന്നാൾ ആ വീട്ടിൽ ആഘോഷിച്ചതാണ് നല്ല ഒരോർമ. അന്നു ഞങ്ങളോടൊപ്പം സദ്യ കഴിച്ചപ്പോൾ, ചേച്ചിയുടെ ഫോട്ടോ പതിച്ച കപ്പ് ഞങ്ങൾ സമ്മാനമായി കൊടുത്തപ്പോൾ, ആ മുഖത്ത് തെളിഞ്ഞ ആനന്ദം ഇന്നും ഓർക്കുന്നു. 

അവസാനം ഞാൻ ചേച്ചിയെ കണ്ടത് ബി.എം.സുഹറയുമൊത്ത് അവരുടെ വീട്ടിൽ പോയപ്പോഴാണ്. അന്നു സാറ തോമസ് ക്ഷീണിതയായിരുന്നു. ‘ഒന്നു പുറത്തു പോയി കറങ്ങണമെന്ന് ആഗ്രഹമുണ്ട്, ഡോക്ടർ പോയതോടെ അതെല്ലാം തീർന്നു’ എന്നു സങ്കടത്തോടെ പറഞ്ഞു. ഞങ്ങൾക്കു ചേച്ചിയെ പുറത്തു കൊണ്ടുപോകണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. 

sara-thomas-new
സാറാ തോമസ്

സുഗതകുമാരിയുമായുള്ള സാറ തോമസിന്റെ ആത്മബന്ധം ഞങ്ങളിൽ പലർക്കും അസൂയ ഉണർത്തുന്ന ഒന്നായിരുന്നു. അത്രയേറെ അടുപ്പം. ആത്മസുഹൃത്തുമൊത്ത് കഥയും കവിതയുമൊക്കെയായി സാറ തോമസ് ഇപ്പോൾ പുതിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ടാകണം.

Content Summary: Writer Chandramathi remembering Sara Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA