ADVERTISEMENT

കുമാരസംഭവത്തിൽ കാളിദാസൻ ഹിമവാനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. 

' अस्त्युत्तरस्यां दिशि देवतात्मा हिमालयो नाम नगाधिराजः।

पूर्वापरौ तोयनिधी विगाह्य स्थितः पृथिव्या इव मानदण्डः॥ १-१ ' 

(ദേവാനുഭാവധരൻ ഉത്തരദിക്കിലുണ്ട്. മേവുന്നു മാമല ഹിമാലയ നാമധേയൻ. ആഴിക്ക് രണ്ടിനുമിടയ്ക്ക് കിടക്കയാൽ ഈ ഊഴിക്കരയ്ക്ക് അളവ് ചങ്ങല എന്ന പോലെ)

ഹിമാലയത്തിലെ വൃക്ഷങ്ങളുടെ സുഖകരമായ പശ്ചാത്തലത്തിൽ ഇരിക്കുമ്പോൾ ആരുടെയും കാവ്യഭാവനകൾ യാഥാർഥ്യമായി ഉത്തേജിക്കപ്പെടും. എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിൽ ഷേക്സ്പിയർ എഴുതിയപോലെ 

' Doth glance from heaven to earth, from earth to heaven.

And as imagination bodies forth

The forms of things unknown, the poet’s pen

Turns them to shapes, and gives to airy nothing

A local habitation and a name ' 

മോ ബ്ലാ പർവതത്തെക്കുറിച്ചുള്ള ഷെല്ലിയുടെ വിഖ്യാതമായ കവിത വായിക്കുമ്പോൾ ഹിമാലയത്തിന്റെ ഉദാത്ത സൗന്ദര്യത്തിലേക്കും നമുക്കു മനസ്സോടിക്കാം. 

‘In the calm darkness of the moonless nights,

In the lone glare of day, the snows descend

Upon that Mountain; none beholds them there’

കാൽപനികതകളിലൂടെ നടന്നു നീങ്ങുമ്പോൾത്തന്നെ കർമഭൂമിയെക്കുറിച്ച് ഓർമപ്പെടുത്തുന്നുണ്ട് റോബർട്ട് ഫ്രോസ്റ്റ്. 'The woods are lovely, dark and deep...' എന്നു പറയുന്ന ഫ്രോസ്റ്റ് ഒരു കാര്യം വ്യക്തമാക്കുന്നു. കർമം ചെയ്യുക നമ്മുടെ ലക്ഷ്യം. കർമഫലം തരുന്നത് ഈശ്വരനല്ലോ എന്ന്.

Darjeeling

'The woods are lovely dark and deep

but I have promises to keep and miles to go before I sleep' 

ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഡാർജിലിങ് പ്രതീക്ഷയുടെയും കർമത്തിന്റെയും സംഗമഭൂമിയാണ്. കടൽ കടന്നെത്തിയ അധിനിവേശശക്തികൾ ഒരു കാര്യം മനസ്സിലാക്കി– ഭാരതത്തെ കവർന്നെടുക്കുന്ന തിരക്കിനിടയിൽ അൽപം വിശ്രമത്തിനായി എത്താൻ പറ്റുന്ന ഒരു ദൈവിക ഭൂമിയാണ് മാമലകൾക്കപ്പുറത്ത് മരതകപ്പട്ടു വിരിച്ച ഡാർജിലിങ്. ഭാരതത്തെ കവർന്നെടുക്കുന്ന വ്യഗ്രതയിൽനിന്നും അതു നൽകിയ ആയാസത്തിൽനിന്നും താൽക്കാലികമായി രക്ഷ നേടാൻ വേണ്ടി ബ്രിട്ടിഷുകാർ തിരഞ്ഞെടുത്ത മനോഹരമായ കുന്നാണ് ഡാർജിലിങ്. ഹിമവാന്റെ മടിത്തട്ടിലേ ശാന്തികേന്ദ്രം.

ഡാർജിലിങ്ങിലെ മൊട്ടക്കുന്നുകൾ തേയിലത്തോട്ടങ്ങളായി മാറ്റിയെടുത്തത് സായിപ്പാണ്‌ എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഈ

ഹരിത സുന്ദര തേയിലക്കാടുകൾ മനുഷ്യന്റെ ചൂഷണത്തിന്റെ പ്രതീകങ്ങളായി മാറി എന്നതും മറക്കുന്നില്ല. മുൽക് രാജ് ആനന്ദിന്റെ ‘രണ്ടിലകളും ഒരു മൊട്ടും’ എന്ന മനോഹരമായ കഥ ഇത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ഡാർജിലിങ് തേയില ലോകത്ത് മേന്മയുടെ പ്രതീകമായി മാറി. ഇന്ന് ഡാർജിലിങ് ചായ ജിയോ ടാഗ് നേടിക്കഴിഞ്ഞു. 

സാന്ദർഭികമായി പറയുകയാണ്, ഷാംപെയ്ൻ എന്നു നമ്മൾ കേൾക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മുന്തിയ തരം വീഞ്ഞ്. ഇത് ഉൽപാദിപ്പിക്കുന്നത് പാരിസിൽനിന്ന് ഏതാണ്ട് ഒരു മണിക്കൂർ യാത്ര ചെയ്‌താൽ എത്തുന്ന റീംസ് എന്ന നഗരത്തിലാണ്. അവിടെ പോകാനുള്ള അവസരം ഈ ലേഖകന് ഉണ്ടായിട്ടുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന പാനീയത്തിനു മാത്രമേ ഷാംപെയ്ൻ എന്ന് പറയു. ഇത് ആരും പെട്ടെന്ന് തീരുമാനിച്ചതല്ല. മറ്റു സ്ഥലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന വീഞ്ഞിനും ഷാംപെയ്ൻ എന്ന പേരു കൊടുത്ത് വിൽക്കുന്ന ഒരു പ്രവണതയുണ്ട്. ഒരിക്കൽ ഷാംപെയ്ൻ എന്ന പ്രദേശത്തെ യുവാക്കൾ കുറുവടിയും ആയുധങ്ങളുമായി ഈ ഷാംപെയ്ൻ സൂക്ഷിച്ചിരുന്ന നിലവറകളിൽ പോയി വീഞ്ഞുചാറകൾ തല്ലിത്തകർത്തു. ഷാം പെയ്ൻ റയറ്റ്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നീട്, ഒരു പ്രത്യേക പ്രദേശത്തു മാത്രം ഉണ്ടാകുന്ന മുന്തിരിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന പാനീയത്തിനു മാത്രമേ ഷാംപെയ്ൻ എന്ന് പറയൂവെന്നു നിയമം പാസാക്കി. ജിയോ ടാഗ് എന്ന സങ്കൽപം വ്യാപകമാകുന്നതിനു എത്രയോ മുൻപു തന്നെ ഈ ഷാംപെയ്ൻ സംരക്ഷണ നിയമം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ നാം മനസ്സിലാക്കേണ്ടത്, ഡാർജിലിങ് എന്ന സ്ഥലത്ത് ഉൽപാദിപ്പിക്കുന്ന തേയിലയ്ക്കു മാത്രമേ ഡാർജിലിങ് ചായ എന്ന് പറയാവൂ. 

ഇന്നു ലോകത്തു ലഭിക്കുന്ന, ജിയോ ടാഗുണ്ട് എന്ന് അവകാശപ്പെടുന്ന ഡാർജിലിങ് ചായയുടെ മൂന്നിലൊന്നു മാത്രമേ ഡാർജിലിങ്ങിൽ ഉൽപാദിപ്പിക്കുന്നുള്ളു. മറ്റെല്ലാം വെളിയിൽ എവിടേയോ ഉണ്ടാക്കുന്നതാണെന്ന് ഡാർജിലിങ്ങുകാർ മനസ്സിലാക്കി വന്നപ്പോൾ വൈകിപ്പോയി.

പലപ്പോഴും ലോകകമ്പോളത്തിൽ ലഭിക്കുന്ന ഡാർജിലിങ് ചായ കാണുമ്പോൾ പലർക്കും കാര്യം മനസ്സിലാകും. ഏബ്രഹാം ലിങ്കൺ പറഞ്ഞത് പോലെ നിങ്ങൾക്ക് ചിലരെ എക്കാലത്തേക്കും, ചിലരെ ചില കാലത്തേക്കും പറ്റിക്കാൻ പറ്റും. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാനാവില്ല. അതുപോലെയാണ് ബസുമതി അരി. ഡെറാഡൂണിൽ ഉണ്ടാക്കുന്ന അരിക്ക് മാത്രമേ ആ ജിയോ ടാഗുള്ളൂ. പക്ഷേ മറ്റു പലയിടത്തും ഉൽപാദിപ്പിക്കപ്പെടുന്ന അരിയും ബസ്മതി റൈസ്' എന്ന പേരിൽ എത്തുന്നുണ്ട്. ഇതൊക്കെ കർഷക ചൂഷണമാണ്. ഇത് ഡാർജിലിങ്ങിലെ കർഷകർ മനസ്സിലാക്കി വരുന്നു. അപ്പോഴേക്കും അൽപം വൈകി. പക്ഷേ ഒരു തിരിച്ചറിവ് ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ഡാർജിലിങ് ടീ ക്കു പകരം വയ്ക്കാൻ ഡാർജിലിങ് ടീ മാത്രമേ ഉള്ളു. ഇന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരൻ എന്നു പറയും പോലെ.

മനോഹരമായ ഡാർജിലിങ് കുന്നുകൾ ഇന്ന് മൊട്ടക്കുന്നുകളായി മാറുന്നു. മഹാ നഗരങ്ങളായി മാറ്റാനുള്ള ശ്രമം തുടരുന്നു. ഒരിക്കൽ ഗാന്ധിജിയോട് ചരിത്രകാരൻ എഡ്വിൻ തോംപ്സൺ ചോദിച്ചു, എന്തേ കാടുകളിൽ മൃഗങ്ങളുടെ എണ്ണം കുറയുന്നു എന്ന്. ഗാന്ധിജി പറഞ്ഞു, കാടുകളിൽ മൃഗങ്ങളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പട്ടണങ്ങളിൽ കൂടുന്നുണ്ട് എന്ന്. നഗരങ്ങൾ നരകങ്ങളായി മാറി. പ്രകൃതിരമണീയമായ ഡാർജിലിങ് നമ്മുടെ മുൻപിൽ ഒരു വലിയ ചോദ്യ ചിഹ്നമായി മാറുന്നു. ഡാർജിലിങ്ങിലൂടെ ആൽബർട്ട് ശ്വേയ്റസർ നമ്മളോടു പറയുന്നു, മുൻകൂട്ടി കാണാനും മുൻകരുതൽ എടുക്കാനുമുള്ള കഴിവ് മനുഷ്യർക്ക് നഷ്ടമായെന്ന്.  ഈ ലോകത്തെ തകർത്തേ അവൻ അടങ്ങൂ എന്ന്. ഡാർജിലിങ് മനുഷ്യന്റെ അഹങ്കാരത്തിനും അത്യാഗ്രഹത്തിനും മൂകസാക്ഷിയായി നിൽക്കുന്നു.

darjeeling-memoir

മലരണി കാടുകൾ തിങ്ങിവിങ്ങി മരതക കാന്തി പൊഴിഞ്ഞു നിൽക്കുന്ന ഡാർജിലിങ് കുന്നുകൾ ഒരു പുതുജീവനുവേണ്ടി കാത്തു നിൽക്കുന്നു. ലോകം മുഴുവനും ഡാർജിലിങ്ങിലേക്ക് ഒഴുകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്രത്വത്തിൽ ഭാരതം ജി-20 യുടെ അധ്യക്ഷത ഏറ്റെടുത്തു. വിനോദസഞ്ചാരം വികസിപ്പിക്കുക എന്നത് ജി-20 യുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള ഹൈക്കമ്മിഷണർമാരും അംബാസഡർമാരും യു എൻ വിദഗ്ധരും ടുറിസം രംഗത്തെ പ്രഗത്ഭരും ഒക്കെ ഡാർജിലിങ്ങിലെ രാജ്ഭവനിൽ എത്തിയപ്പോൾ അവരുടെ വാക്കുകളിൽനിന്നും അത്യോഷ്മളമായ പ്രതികരണങ്ങളിൽനിന്നും ഒരു കാര്യം വ്യക്തമായി, ഡാർജിലിങ് ഒരു ഡാർലിങ് ആയി മാറുകയാണ്.

ഒരു കാര്യം മാത്രം നാം ശ്രദ്ധിക്കണം, മരത്തിനെതിരെ കോടാലി വീഴുമ്പോഴും നമ്മുടെ മനസ്സിൽ ആദി കവിയുടെ വചനങ്ങൾ ഉണ്ടാവട്ടെ– മാ നിഷാദാ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com