ADVERTISEMENT

ഭാഷാപിതാവിന് ആദരമൊരുക്കിയ ഇടമാണ് തിരൂർ തുഞ്ചൻപറമ്പ്. ഇപ്പോൾ തുഞ്ചൻപറമ്പ് എം.ടി.വാസുദേവൻ നായർക്ക് ആദരമോതുകയാണ്. ജന്മദിനം പൊതുവേ ആഘോഷിക്കാത്ത എംടിയുടെ 90–ാം പിറന്നാൾ ഇന്നു മുതൽ ആഘോഷമാകുകയാണ് ഇവിടെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിക്കുന്നതോടെ ആ പ്രൗഢഗംഭീരമായ നവതിയാഘോഷത്തിനു തുടക്കമാകും.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ സജി ചെറിയാൻ, വി.അബ്ദുറഹിമാൻ, നടൻ മമ്മൂട്ടി, എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, പി.നന്ദകുമാർ എംഎൽഎ, കെ.ശ്രീകുമാർ തുടങ്ങിയവർ എംടിക്കൊപ്പം വേദിയിലുണ്ടാകും.

M-T-Vasudevan-Nair-1
എം. ടി. വാസുദേവൻ നായർ

എംടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെയും കഥകളുടെയും ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളുടെയും പ്രദർശനം കാഴ്ച എന്ന പേരിൽ ഇവിടെ നടക്കും. നാളെ എംടിയുടെ നോവൽ ഭൂമിക, എംടിയുടെ കഥാപ്രപഞ്ചം എന്നീ സെമിനാറുകളും ഉച്ചയ്ക്കു ശേഷം എംടിയുടെ ഉറ്റ സുഹൃത്തുക്കൾ പങ്കെടുക്കുന്ന സ്നേഹ സംഗമവും നടക്കും. വൈകിട്ട് എംടിയുടെ മകൾ പ്രശസ്ത നർത്തകി അശ്വതി ശ്രീകാന്ത്‍ അച്ഛനു മുൻപിൽ നൃത്തസന്ധ്യ അവതരിപ്പിക്കും.

18ന് ഹരിഹരൻ, കെ.ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽജോസ് എന്നിവർ പങ്കെടുക്കുന്ന എംടിയുടെ ചലച്ചിത്ര ലോകം എന്ന സെമിനാറും, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പങ്കെടുക്കുന്ന എംടി എന്ന പത്രാധിപർ സെമിനാറും നടക്കും. 19ന് വി.മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വി.കെ.ശ്രീരാമൻ എന്നിവർ പ്രഭാഷണം നടത്തുന്ന അറിയുന്ന എംടി അറിയേണ്ട എംടി എന്ന സെമിനാറുണ്ട്. അന്ന് ഉച്ചയ്ക്ക് എംടിയുടെ സുഹൃത്തുക്കളായിരുന്ന സാഹിത്യ പ്രതിഭകളുടെ മക്കളുമായുള്ള തലമുറകളിലൂടെ എന്ന പരിപാടിയുണ്ട്. അന്ന് വൈകിട്ട് എംടിയുടെ ഏക നാടകമായ ‘ഗോപുരനടയിൽ’ തുഞ്ചൻപറമ്പിൽ കളിക്കും.

20ന് എംടിയും തുഞ്ചൻപറമ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എം.പി.അബ്ദുസ്സമദ് സമദാനി എംപി, എ.വിജയരാഘവൻ, എം.ആർ.വാരിയർ, കെ.പി.രാമനുണ്ണി എന്നിവർ പ്രസംഗിക്കും. തുടർന്ന് നവതിയാഘോഷത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

Content Summary: Malayalam Writer M T Vasudevan Nair 90th Birthday Celebration Started in Thunchan Paramb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com